ഗോത്രപാരമ്പര്യം
വളരെ പ്രാചീനമായ ഗോത്രവംശ പാരമ്പര്യം അവകാശപ്പെടുന്നവരാണ് കുട്ടനാട്ടിലെ വേല സമുദായം. കേരളത്തിന്‍റെ പലഭാഗങ്ങളിലും വേല സമുദായക്കാര്‍ ഉണ്ടെങ്കിലും തൊഴില്‍പരമായും ജാതിപരമായും ഇവര്‍ വ്യത്യസ്ത വിഭാഗം തന്നെയാണ്. ഭാരതമലയന്‍റെ വംശത്തില്‍ പിറന്ന കുറവവേലന്മാര്‍ ആണ് തങ്ങള്‍ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വേലപ്പണിക്കന്‍ എന്നാണ് പണ്ട് രേഖകളില്‍ ചേര്‍ത്തിരുന്നത്. ഇവരെ പണ്ട് പിന്നോക്ക വംശജര്‍ ആയി കരുതപ്പെട്ടിരുന്നില്ല. തീണ്ടലും തൊടീലും ഉള്ള കാലത്ത് ഇവര്‍ക്ക് ക്ഷേത്രപ്രവേശനവും നമ്പൂതിരി, നായര്‍ ഭവനങ്ങളിലൊക്കെ വേലന്‍ പ്രവൃത്തി ചെയ്യുന്നതിനും ഓണം തുള്ളല്‍ അവതരിപ്പിക്കുന്നതിനും വിലക്കും ഉണ്ടായിരുന്നില്ല.
ഓണംതുള്ളല്‍, നോക്കുവിദ്യ, പള്ളിപ്പാന എന്നീ അനുഷ്ഠാന ബന്ധമുള്ള കലാരൂപങ്ങളും വേലന്‍പ്രവൃത്തിയും, മന്ത്രവാദം, ആഭിചാരക്രിയകള്‍, വൈദ്യം തുടങ്ങിയവ ഒക്കെ ഇവരുടെ പാരമ്പര്യ വിജ്ഞാനത്തിന്‍റെ ഭാഗമാണ്. വേലന്മാര്‍ പുരോഹിതന്മാരും വൈദ്യന്മാരും ആയിരുന്നെന്നും അവരുടെ വേലന്‍ വെറിയാട്ട് പ്രസിദ്ധമായിരുന്നെന്നും തൊല്‍ക്കാപ്പിയത്തിലും കുറുന്തൊകൈയിലും പരാമര്‍ശമുണ്ട്. ഈ വിദ്യകള്‍ ചെയ്താണ് ഇവര്‍ ഉപജീവനം നടത്തിയിരുന്നത്. മറ്റു പിന്നോക്ക സമുദായങ്ങളെപ്പോലെ കൃഷിപ്പണികള്‍ക്കോ വീട്ടു വേലയ്ക്കോ ഇവര്‍ പോയിരുന്നില്ല. ക്ഷേത്രങ്ങളും തറവാടുകളുമൊക്കെയായി ബന്ധപ്പെട്ട് ജീവിച്ചു പോന്ന ഇവര്‍ പില്ക്കാലത്ത് സാമ്പത്തികമായും സാമൂഹികമായും അധഃസ്ഥിതവിഭാഗമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തു.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് ഇവരുടെ ജീവിത മെങ്കിലും നല്ല വൃത്തിയും വെടിപ്പും നിത്യവും ഈശ്വര പൂജയും ഉള്ളവരാണ് ഇക്കൂട്ടര്‍. പൊതുവേ ഉറച്ച ശരീരവും കറുത്ത നിറവും (പഴയ തലമുറയ്ക്ക്) സിവശേഷമായ മുഖശ്രീയും ഇവരുടെ പ്രത്യേകതയാണ്. പാരമ്പര്യ വിദ്യകൊണ്ട് ജീവിക്കാന്‍ പ്രയാസമാണെന്ന തിരിച്ചറിവ് കുലത്തൊഴിലില്‍ നിന്ന് പുതിയ തലമുറയെ മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ആദിമ സംസ്ക്കാരത്തിന്‍റെ വേരുകളാണ് അതോടെ നഷ്ടപ്പെട്ടുപോകുന്നതെന്ന് പറയാം.
കലാപാരമ്പര്യം
“വടമലനോക്കി നടന്നകുറത്തി
വടിവോടോടവനത്തിലുചെന്നേ
ഇനുമയമാകിയ തനുമകള്‍പേശി
അവളുടെ പിമ്പുനടന്നിതുമലയന്‍...”
എന്ന് ഇവര്‍ പാടുന്ന നാവേറുപാട്ടിന്‍റെ വരികളില്‍ നിന്ന് മലയനും കുറത്തിയുമൊക്കെ ഇവരുടെ പൂര്‍വികരായിരുന്നു എന്നും ആ വിഭാഗത്തില്‍പ്പെട്ടവരാണെന്ന ഇവരുടെ വിശ്വാസത്തെ ഉറപ്പിക്കുന്ന വരികളാണിതെന്നും മനസ്സിലാക്കാം. രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള പാരമ്പര്യമാണ് ഇവര്‍ അവകാശപ്പെടുന്നത്. പാട്ടുകളിലെ ഭാഷ ഒരു പക്ഷേ പരിണമിച്ചതു കൊണ്ടാകാം അല്ലെങ്കില്‍ പില്ക്കാലത്ത് തിരുത്തപ്പെട്ടതുകൊണ്ടുമാകാം ആധുനിക ഭാഷയോടടുത്ത ഭാഷാരീതിയാണ് പ്രകടമാകുന്നത്. പാട്ടുകളില്‍ നിന്നു ലഭിക്കുന്ന സൂചനയനുസരിച്ച് തെക്കുംകൂര്‍ രാജാവിന്‍റെ കാലത്ത് ഇവര്‍ ഈ കലയും പാട്ടുമൊക്കെ അവതരിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ആഭിചാരക്രിയകള്‍, മന്ത്രവാദം, നാവേറ്, വൈദ്യം തുടങ്ങിയവ ആളുകളുടെ ആവശ്യപ്രകാരം വീടുകളില്‍ ചെന്നു ചെയ്തു കൊടുത്തിരുന്നു. കലാവിദ്യകള്‍ പ്രധാനമായി ഓണക്കാലത്താണ് അവതരിപ്പിച്ചിരുന്നത്. ഇതിന് ‘വാമനനൃത്തം’ എന്നാണ് പറഞ്ഞിരുന്നത്. ഓണക്കാലത്ത് മഹാബലിയെ വാമനന്‍ എതിരേല്ക്കുന്നതായിട്ടാണ് ഇതിലെ സങ്കല്പം.
വാമന നൃത്തത്തിന് മൂന്നു ഭാഗങ്ങളാണ് പ്രധാനമായുള്ളത്; ഓണം തുള്ളല്‍, അമ്മാനയാട്ടം, നോക്കുവിദ്യ.
ഓണംതുള്ളല്‍
പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തപ്പെട്ട മഹാബലി നാടുകാണാന്‍ വരുമ്പോള്‍ വാമനന്‍ അദ്ദേഹത്തെ എതിരേല്ക്കുന്നതായിട്ടാണ് ഈ അവതരണത്തിന്‍റെ സങ്കല്പം. അതുകൊണ്ട് ഓണക്കാലത്താണ് ഈ തുള്ളല്‍കല അവതരിപ്പിക്കുന്നത്. ഓണത്തിനു നടത്തുന്നതായതു കൊണ്ടാണ് ഓണം തുള്ളല്‍ എന്നു കൂടി ഇതിന് പേരുള്ളത്. പലതരം കലാരൂപങ്ങളുള്ളതിനാല്‍ ഒരു സംഘമായാണ് ഇവര്‍ വീടുകള്‍തോറും പോകുന്നത്. സമൂഹത്തിലെ ഏറ്റവും സമ്പന്നവും വരേണ്യവുമായ ഗൃഹത്തിലാണ് കലാവതരണത്തിന് തുടക്കം കുറിക്കുന്നത്. ആദ്യം അവിടെ അവതരിപ്പിക്കണമെന്നാണ് ആചാരം. ഇല്ലെങ്കില്‍ ജന്മിയുടെ അനിഷ്ടമുണ്ടാകും എന്നതാവും കാരണം.
കളിസംഘത്തിലെ പെണ്‍കുട്ടികളാണ് ഓണംതുള്ളല്‍ അവതരിപ്പിക്കുന്നത്. ഞൊറിഞ്ഞുടുത്ത സെറ്റ് സാരിയും ബ്ലൗസുമാണ് വേഷം. മനോഹരമായ പാട്ടിനൊത്ത് ലളിതമായി ചുവടുവച്ച് കുരുത്തോല കൊണ്ടുള്ള കൈത്താമരവീശി നടത്തുന്നതാണ് തുള്ളല്‍. തിരുവാതിര ചുവടുകളോട് സാദൃശ്യമുള്ള വളരെ പതിഞ്ഞ ചുവടുകളാണ.് തലയില്‍ ഓട്ടന്‍തുള്ളലിന്‍റേതു പോലെയുള്ള മുടി (കിരീടവും) (പില്‍ക്കാല ത്താകണം) അണിയാറുണ്ട്.
ഓണംതുള്ളലിന്‍റെ ആദ്യത്തെപാട്ട് ഓണം ഒരുക്കുന്നതിനെ കുറിച്ചാണ്:
മഹാബലിവരും വഴിക്കേ
എന്തെല്ലാം അടയാളം
ചെത്തിപ്പറിച്ചിടുകല്ലോ
ചെങ്കതളിപ്പൂവിടുക
അടിച്ചുതളിച്ചിടുകല്ലോ
ആചാരം ചെയ്തിടുക
കുളിച്ചുകുറിയിടുകല്ലോ
കുമ്പളന്‍ പൂവിടുക
മക്കളെന്നുള്ളവരെല്ലാം
മനംകുളിരെ ഭിക്ഷകൊടുക്കാം
ഭര്‍ത്താവെന്നുള്ളവരെല്ലാം
കുളിച്ചോണം കൈതൊഴുതേ
ഈയോണം കൊണ്ടവരെല്ലാം
പലയോണം പൂണ്ടിടുക
ഇക്കോടിയുത്തവരെല്ലാം
പലകാലം വാണിടുക
ചിറ്റമ്പേ ചെറുവില്ലേ
ആമ്പിള്ളേരുടെയോണം
ചിറ്റാടചെറുപുടവാ
പെമ്പിള്ളേരോണമിതേ...
പഴയകാല ഓണത്തിന്‍റെ ആചാരങ്ങളെക്കൂടി സൂചിപ്പിക്കുന്നതാണ് ഈ പാട്ട്. വീട്ടില്‍ ഓണം കൊളളാന്‍ വരുന്ന മക്കളൊക്കെ തുള്ളല്‍ക്കാര്‍ക്ക് ദക്ഷിണകൊടുക്കുന്നതും ആണ്‍കുട്ടികള്‍ അമ്പും വില്ലും കൊണ്ട് നേദിച്ച അട എയ്ത് പൂമാറ്റുന്ന ചടങ്ങും, കോടിയുടുക്കലും എല്ലാം ഇതില്‍ സൂചിതമാകുന്നുണ്ട്. തുടര്‍ന്ന് ഗണപതി, സരസ്വതി സ്തുതികളോടെയാണ് പാട്ടും തുള്ളലും അവതരിപ്പിക്കുക.
അരുള്‍തരിക ഗണപതിയേ
ഉരുപാദം തൊഴുപെണ്ണേ
ഹൃദയം വിളങ്ങുന്നോരു സരസ്വതിയേ
സരസ്വതി നല്ലതോരെ
ധര്‍മ്മ ദൈവം പെണ്ണേ
തായേനിന്‍ മക്കളെഞാന്‍
അടിമവച്ചേന്‍
അടിമയും വച്ചുകൊണ്ട്
മനസ്സാലേ പോകുമ്പോള്‍
മാര്‍വഞ്ചും നിറഞ്ഞതാം
കല്ലപൂണ്ടേ
കല്ലാ കളപെണ്ണേ
കതിര്‍മുടി കുഴലുംചായല്‍
മെല്ലെക്കൈത്താമരത്തന്നില്‍
വീശുപെണ്ണേ
വീശാമോ പെണ്ണേനീയ്
ഓര്‍ക്കൊടിത്തയ്യലാളേ
പൊന്നുകൊണ്ടണിയിപ്പിക്കാം
നിന്‍മുടിമേലേ
മിന്നുന്നൊരുപൊന്നുമണിഞ്ഞ്
വെയിലുള്ളൊരു കുന്നുകരേറി
മന്നവനാരുടെ മുടിയുംവെച്ചേ
മുടിയുമേ വെച്ചുകൊണ്ട്
മനസ്സാലേപോകുമ്പോള്‍
മദകരിയെന്നതോരെ
ആനമേലേ
ആനപോല്‍ മുഖമുള്ളോര്‍
അറുമുഖപ്പെരുമാളിന്ന്
ആവോളം തൊഴുതുഞാന്‍
അഭയമുറ്റ്
കിളിക്കത്തി മുനമേലേ
കളിക്കുന്ന പെണ്ണേനീയ്
കിഴക്കിന്‍ കൂരത്തിന്‍റെ
വഴിചൊല്ലുണ്ണി.
വൈപ്പിന്‍മഠമുണ്ട്
വലിയപൊന്‍മാളികയുണ്ട്
ഇരിപ്പാനിട്ടേടം ചൊല്ലേ
തയ്യലാളേ
ഇല്ലിക്കൊടിതന്മേലല്ലോ
ഇതകുന്നാപകരില
ചൊല്ലി നീ വാങ്ങിക്കൊള്‍ക
തയ്യലാളേ...
അടുത്തഭാഗം കഥാഗാനങ്ങളാണ്. പ്രധാനപ്പെട്ട ഒരു കഥാഗാനമാണ് സന്താന ഗോപാലം.
എങ്കിലോപണ്ടു പാര്‍ത്ഥനും താനുമായ്
പങ്കജാക്ഷണന്‍ തേരില്‍ കരേറിനാന്‍
ഭൂദേവന്‍റെ കിടാങ്ങളെ അന്വേഷിച്ച്
ആകാശമാര്‍ഗ്ഗത്തൂടെ ഗമിക്കുമ്പോള്‍
വായുമാര്‍ഗത്തില്‍ നിന്നുദാര്യന്‍പ്രിയേ
ആയിരക്കാതം താഴത്തുകാണായി
അര്‍ണോനാഥന്മാര്‍ ഏഴുന്നിരക്കവേ
വര്‍ണമൊക്കെയും വെവ്വേറെകാണായി
പൊന്നിന്‍മാമല രത്നപ്രഭപോലെ
പിന്നിലായതി ദൂരത്തുകാണായി
ചന്ദ്രാദിത്യന്മാര്‍ ചുറ്റും നടപ്പത്
അംബരമാര്‍ഗ്ഗത്തേങ്കേന്നുകാണായി
കേള്‍ക്ക പാണ്ഡവ...
അമ്മാനയാട്ടം (അമ്മാനമാട്ടം)
അമ്മാനമാട്ടവും നോക്കുവിദ്യയും സ്വായത്തമാക്കിയ, അവയെ ഇന്നും നിലനിർത്തുന്ന ഒരു വന്ദ്യ വയോധിക കുട്ടനാട്ടിൽ ഉണ്ട്. കുഞ്ഞിപ്പെണ്ണ് ചെല്ലമ്മ എന്ന ഈ 82 കാരിയാണ് വേലന്മാരുടെ ജീവിതവും ആചാരങ്ങളും കലകളും പാട്ടുകളും സംബന്ധിച്ച വിവരങ്ങളും ഓർമകളും ഈ ലേഖനത്തിനായി പങ്കുവെച്ചത്. താഴെക്കൊടുക്കുന്ന ചിത്രങ്ങളിൽ ഈ രണ്ടു വിദ്യകളും അവതരിപ്പിക്കുന്നതും കുഞ്ഞിപ്പെണ്ണ് ചെല്ലമ്മയാണ്.
വാമനനൃത്തത്തിന്‍റെ അവതരണത്തിലെ രണ്ടാംഭാഗം അമ്മാനമാട്ടമാണ്. സ്ത്രീകളാണ് അമ്മാനമാടുന്നതും പാട്ടുപാടുന്നതും. വാദ്യം വായിക്കുന്നത് പുരുഷന്മാരാണ്. തപ്പ്, തുടി എന്നീ വാദ്യങ്ങളാണ് അമ്മാനമാട്ടത്തിന് ഉപയോഗിക്കുന്നത്. അതിനുവേണ്ടി പ്രത്യേകം ഉരുട്ടിയെടുത്ത കായ്കളുപയോഗിച്ച് പാട്ടിന്‍റെ താളത്തിനനുസരിച്ചാണ് അമ്മാനം ആടുന്നത്. വളരെ പ്രാചീനകാലം മുതല്‍ കേരളത്തിലെ വിവിധ ജാതി സ്ത്രീകളുടെ ഇടയില്‍ നിലനിന്നിരുന്ന കലാവിദ്യയാണ് അമ്മാനമാട്ടം. ഓരോ സമുദായത്തിനും പ്രത്യേകം പാട്ടുകളും അവതരണ രീതികളും ഉണ്ടായിരുന്നു. വിവാഹം പോലുള്ള വിശേഷാവസരങ്ങളിലൊക്കെ പന്തലില്‍ സ്ത്രീകളുടെ അമ്മാനമാട്ടം നടത്തിയിരുന്നു. പതിനാറ് കായ്കള്‍ വരെ ഉപയോഗിച്ച് അമ്മാനമാടുമായിരുന്നു എന്നാണ് പറഞ്ഞറിവ്. ഓണംതുള്ളലിന്‍റെ ഭാഗമായി അമ്മാനമാടുമ്പോള്‍ നാല് കായ്കളാണ് ഉപയോഗിച്ചിരുന്നത്. (Fig. 1) പാട്ടിന്‍റെ താളത്തിനനുസരിച്ചാണ് കായ്കള്‍ മേല്പോട്ടെറിഞ്ഞ് പിടിക്കുന്നത്.
ദ്രുത താളമാണെങ്കില്‍ കായ്കള്‍ വേഗം വേഗം എറിഞ്ഞ് പിടിക്കണം. ഇല്ലെങ്കില്‍ താളം തെറ്റി കായ് നിലത്തുവീഴും. അങ്ങനെ സംഭവിക്കാന്‍ പാടില്ല. നിലത്ത് കാല്‍നീട്ടിയിട്ടിരുന്ന് രണ്ടു കൈകളിലൂടെ മുകളിലേക്കെറിഞ്ഞ് അതിന്‍റെ ചാക്രികചലനം താളത്തിനൊത്തു വരുമാറ് കൈകളില്‍ മാറി മാറി സ്വീകരിക്കുകയും എറിയുകയും കൈകള്‍ കൊണ്ട് തട്ടിക്കൊടുക്കുകയും ചെയ്യും. ഇതോടൊപ്പം ഇരു കാലുകളിലും താളത്തിനൊത്ത് പാറാവളയം കറക്കുകയും ചെയ്യും. (Figs 2 and 3)
തെങ്ങിന്‍റെ വഴുക വട്ടത്തില്‍ വളച്ച് അതില്‍ പട്ടുചുറ്റി എടുക്കുന്നതാണ് പാറാവളയം.
നല്ല ഏകാഗ്രതയും ശ്രദ്ധയും താളബോധവും ഇതിന് ആവശ്യമാണ്. അമ്മാനയാട്ടത്തിലെ ആദ്യപാട്ട് ആറന്മുള കൃഷ്ണനെ സ്തുതിച്ചു കൊണ്ടുള്ളതാണ്. സ്തുതിപരമായ പാട്ടുകളും ശ്ലോകങ്ങളും ഒരുപക്ഷേ പില്ക്കാലത്ത് ചേര്‍ത്തിട്ടുള്ളവയാകാം എന്ന് തോന്നുന്നു.
ആറന്മുളയമരുമാദിനാഥാ
എന്‍റെ പാടുംപദത്തിനുതകീടവേണം
വേറില്ലൊരു ശരണം നീയില്ലാതെ സ്വാമി
വേറാകിലൊരുകൃപ ഏറെവേണം
മുറ്റും ചെമ്മട്ടികയ്യിലേന്തിയോനെ സ്വാമി
മുറ്റുംകാരുണ്യമെങ്കലേറവേണം
കുഴലും വിളിച്ചുകൊണ്ടുകാലിമേച്ചുകൃഷ്ണന്‍
ഗോപാലപാദപത്മം കൈതൊഴുന്നേന്‍
നൂറ്റുവരെന്നുള്ള വംശം മാറ്റുവാനായ്കൃഷ്ണന്‍
വെണ്മയോടെ പാര്‍ത്ഥന്‍റെ തേര്‍കരേറി
കളകളയയാകമേളം അംബുജാക്ഷന്‍ കൃഷ്ണന്‍
മേളമോടെ എങ്കല്‍ ഉതകീടവേണം...
എന്നിങ്ങനെ സ്തുതിച്ച് പാടിക്കളിച്ചതിനുശേഷം രാമായണകഥ ചുരുക്കി 86 വരികളിലായി പാടിക്കളിക്കുകയാണ് ചെയ്യുന്നത്. ഇതിന്‍റെ പ്രത്യേകത ചൂഴാദി ഏഴ് താളമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്; ഏകതാളം, രൂപകതാളം, ചെമ്പടതാളം, കാരികതാളം, പഞ്ചമകാരികതാളം, മര്‍മ്മതാളം, കുംഭതാളം.
എന്നിങ്ങനെ ‘സല്‍ക്കഥയില്‍ ഏഴാദിയായ് ചൂഴാദിയായ് ഏഴുംവേറെ’ എന്നു പാടിയാണ് പാട്ട് അവസാനിപ്പിക്കുന്നത്. ഓരോ താളവും പറഞ്ഞു നിര്‍ത്തുമ്പോള്‍ അടുത്തതാളം ഓര്‍മ്മിക്കുന്നതിനും താളാനുസൃതമായി അമ്മാനക്കായ് എറിയുന്നതിനും വേണ്ടിയാണ് ഈ രീതിയില്‍ താളം പാട്ടില്‍ത്തന്നെ നിബന്ധിച്ചിട്ടുള്ളത്.
പൂര്‍വം രാമതപോവനാധിഗമനം
ഹൃത്വാമൃഗം കാഞ്ചനം വൈദേഹീഹരണം
ജഡായുമരണം സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം
ലങ്കാപുരീമര്‍ദ്ദനം ഹൃത്വാരാവണ
കുംഭകര്‍ണ മദനം സമ്പൂര്‍ണ്ണരാമായണം.
എന്ന് രാമായണകഥാശ്ലോകം ചൊല്ലിയിട്ടാണ് പാട്ട് തുടങ്ങുന്നത്. സപ്തചൂഴാദി ഏഴുതാളവും രാമായണം അമ്മാനപ്പാട്ടില്‍ നിബന്ധിച്ചിരുന്നു.
രാമായണം അമ്മാനപ്പാട്ട്
രാമനായയോധ്യയില്‍പിറന്നു പത്മലോചന്‍
രാമതുല്യരായതമ്പിമാരൊടും വളര്‍ന്നനാള്‍
മാമുനീന്ദ്രനോടുകൂടി മന്ത്രവും ഗ്രഹിച്ചുടന്‍
മാലൊഴിഞ്ഞു താടകാവധംകഴിച്ചുരാഘവന്‍
യാഗരക്ഷചെയ്തഹല്യമോക്ഷവും കൊടുത്തുടന്‍
മാമുനീന്ദ്രശേഖരസ്യ ചാപവും മുറിച്ചിതേ
വേഗമോടുസീതയെ പരിഗ്രഹിച്ചു ഭാര്‍ഗവന്‍
വന്നയോധ്യപുക്കുബാലകാണ്ഡമേകതാളമേ
* * * * * *
മാത്രാംബുജനേത്രാനുജധാത്രീസുതയോടും
യാത്രാവനമത്രേസുഖം ഓര്‍ത്താലതുചിത്രം
ഓര്‍ത്തച്ഛനു പുത്രാര്‍ത്തി മുഴുത്തത്രിധിഭാവാല്‍
പാര്‍ത്ഥാവരയോദ്ധാക്രിയഗത്മാക്രിയഗത്വാ
ഗത്വാപരഗത്വാംബുജഗത്വാംബുധിനേത്രന്‍
അത്രേവിധിപുത്രായ നമസ്ക്രിത്യവസിച്ചേന്‍
ഭക്ത്യാനിജവൃത്താന്തമുരത്തത്രിമുനീന്ദ്രന്‍
പാര്‍ത്തിങ്ങിതയോദ്ധ്യാന്തമിതത്രേതാളംരൂപം
* * * * * *
ഏകതാളവും രൂപം ചെമ്പടകാരികയും
പഞ്ചകാരികമര്‍മ്മം കുംഭതാളം ഏഴും
വെവ്വേറെ കാണ്ഡമിതാറിനുമിടയ്ക്കിടെ താളം
ചേരും ശ്രീരാമായണകഥ പാടീടുന്നേന്‍
ശ്രീകഴലിണകൂപ്പുന്നവര്‍ക്കും ഭക്ത്യാ ചൊല്ലുന്നവര്‍ക്കും
ഭക്ത്യാകേള്‍ക്കുന്നവര്‍കള്‍ക്കും ശ്രീകരമിതു സന്തതികരമിതു
പാപഹരം ശുഭകരമേ ശ്രീരാമായണ
നാമം പാടീട്ടാടമ്മാനം...
എന്നു പാടിയാണ് പാട്ടും കളിയും അവസാനിപ്പിക്കുന്നത്.
നോക്കുവിദ്യ (മൂക്കുവിദ്യ)
അവതരണത്തിലെ അടുത്ത ഘട്ടം നോക്കുവിദ്യയാണ് ഏറ്റവുമധികം ഏകാഗ്രതയും പരിശീലനവും ആവശ്യമായ കലാപ്രകടനമാണിത്. സര്‍ക്കസ്സുകാരുടെ പലവിദ്യകളേയും അതിശയിക്കുന്ന പ്രകടന കലയാണിത്.
നിലത്ത് പായയില്‍ കാല്‍ നീട്ടിയിരുന്ന്, അവതരിപ്പിക്കുന്ന സ്ത്രീ തലപുറകോട്ട് മലര്‍ത്തി മൂക്കിനു താഴെ മേല്‍ചുണ്ടിനു മദ്ധ്യത്തിലാണ് വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ ഉറപ്പിക്കുന്നത്. ഈ ഉപകരണങ്ങള്‍ ഭാരം കുറഞ്ഞ തടിയില്‍ പേനാക്കത്തികൊണ്ട് ചെത്തി രൂപപ്പെടുത്തി വര്‍ണം പൂശി ഞാത്തും തൊങ്ങലുകളും ചാര്‍ത്തിയവയാണ്. നാലുപടി, ആറുപടി, എട്ടുപടി വരെയുള്ള മുത്തുകൂടാരം പോലുള്ള ഒരുപകരണം, ആല്‍വിളക്കുപോലെ നാനാവശങ്ങളിലേക്കും ശിഖരങ്ങളുള്ള ആലുംകിളി എന്ന ഉപകരണം, നാഗപ്പത്തി, ഇടിയന്‍, അറപ്പുകാരന്‍, ചെറുവില്ല് ഇങ്ങനെ പലതരത്തിലുള്ള ഉപകരണങ്ങള്‍ ഈ വിദ്യയ്ക്ക് ഉപയോഗിക്കുന്നതാണ്. (Fig. 4)
എട്ടുപടിയും ആലുംകിളിയും ഉറപ്പിക്കുന്ന തിനുള്ള ചെറിയപിടി അതിന്‍റെ ചുവട്ടില്‍ തന്നെയുണ്ട്. മറ്റുള്ളവയെല്ലാം ചെത്തിക്കൂര്‍പ്പിച്ച അലകിന്‍റെ മുകളില്‍ ഉറപ്പിച്ചിട്ട് ആ അലകിന്‍റെ അടിഭാഗമാണ് ചുണ്ടിനു മുകളില്‍ ഉറപ്പിക്കുന്നത്. ഉറപ്പിക്കുക എന്നു പറഞ്ഞാല്‍ ബാലന്‍സ് കൊണ്ട് കൈപിടിക്കാതെ ഉറപ്പിച്ചു നിര്‍ത്തുകയാണ് ചെയ്യുന്നത്. (Fig. 5) പ്രകടനത്തിന് പശ്ചാത്തലമായി പാട്ടും തുടികൊട്ടും ഉണ്ടായിരിക്കും. ആദ്യം നിലവിളക്കു കത്തിച്ചാണ് തുടങ്ങുന്നത്. നിലവിളക്കിന്‍റെ തട്ട് അഞ്ചുതിരിയിട്ട് എണ്ണയൊഴിച്ച് അലക് പടിയില്‍ തട്ടുറപ്പിച്ച് ചുണ്ടിനുമുകള്‍ത്തട്ടില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ട് അഞ്ചുതിരിയും കത്തിക്കുന്നതാണ് ആദ്യപ്രകടനം.
തുടര്‍ന്ന് എട്ടുപടിവിദ്യയാണ് ചെയ്യുന്നത്. മുത്തുകൂടാരം ചുണ്ടിനു മുകള്‍ത്തട്ടില്‍ വച്ചിട്ട് കൈപിടിക്കാതെ ബാലന്‍സില്‍ നിര്‍ത്തി അതിലെ തൊങ്ങലുകള്‍ ഓരോന്നും ഈര്‍ക്കില്‍ കൊണ്ട് നിവര്‍ത്തി അതിന്‍റെ ചുവടറ്റം കൂടാരത്തിന്‍റെ തണ്ടില്‍ ഉറപ്പിക്കും. (Fig. 6) ഇങ്ങനെ എട്ട് ഈര്‍ക്കില്‍ പടികള്‍ വരെ ഉറപ്പിക്കുന്നതുകൊണ്ടാണ് ഇതിന് എട്ടുപടി എന്ന് പറയുന്നത്. തൊങ്ങലുകള്‍ ഈര്‍ക്കിലില്‍ ബന്ധിപ്പിച്ച് കൂടാരത്തില്‍ എട്ടുഭാഗങ്ങളായി നിവര്‍ത്തി ഉറപ്പിക്കുമ്പോള്‍ മുത്തുകൂടാരം വളരെ മനോഹരമായി കാണപ്പെടും. അത്രയും സമയം തലനിവര്‍ത്താതെ കഴുത്ത് പുറകോട്ടു മലര്‍ത്തി കൈപിടിക്കാതെയാണ് ചുണ്ടിനു മേല്‍ത്തട്ടില്‍ ഇത് നിര്‍ത്തുന്നതും ഈര്‍ക്കില്‍പ്പടി വയ്ക്കുന്നതും. അല്പം ഏകാഗ്രത നഷ്ടമായാല്‍ എല്ലാം കൂടി താഴെ വീഴും.
എട്ട് പടിവയ്ക്കുമ്പോള്‍ ഒപ്പമുള്ളവര്‍ പാട്ടിലൂടെ ആവേശം പകര്‍ന്നു കൊണ്ടിരിക്കും:
നാലുനിറമുള്ള ചൂതുവച്ച്
നാമിങ്ങൊരുമിച്ചുമോദമോടെ താതെയ്
നാമിങ്ങൊരുമിച്ചുമോദമോടെ
ഇന്നീജയം നിനക്കെന്നാകിലോ
തന്നീടുന്നേനൊരു കങ്കണം ഞാന്‍...
എട്ടുപടിയും ഈര്‍ക്കില്‍ വച്ചു കൊരുത്ത് വരുമ്പോള്‍:
കപ്പലില്‍ പാമരം നാട്ടി, നല്ല
ചീനിവലിച്ചങ്ങു നിര്‍ത്തി
കപ്പലിലെന്തെല്ലാം ഒണ്ടേ, എന്‍
കപ്പിത്താനെന്നോടു ചൊല്ലി
കപ്പലില്‍ മയിലുണ്ടു കുയിലുണ്ടു
കുളക്കോഴിക്കൂട്ടങ്ങളും ഉണ്ടേ
നളോ അരയന്നമാം ദമയന്തിയോടിതു
ചൊല്ലുവന്‍ നീ...
തുടര്‍ന്ന് ആലും കിളിയും ഇതുപോലെ അവതരിപ്പിക്കും. (Fig. 7) ഇടയ്ക്ക് പുരാണകഥകളും പാടാറുണ്ട്.
ഗോപാലകന്മാരേ
പരിതാപം ഉള്ളിലരുതേതും
ചാപബാണധരനാകും ഞാന്‍
നിങ്ങള്‍ക്കുവന്നതാപമശേഷം
പോക്കുവന്‍...
ആലും കിളിയും തണ്ടില്‍ ഉറപ്പിച്ച പടികളില്‍ കിളികളെ കോര്‍ത്തിട്ടിരിക്കും. ചുണ്ടിനുമുകള്‍ത്തട്ടില്‍ കൈപിടിക്കാതെ നിര്‍ത്തിക്കൊണ്ട് ആ കിളികളെ ഓരോന്നായിത്തട്ടിക്കളഞ്ഞ് അതിന്‍റെ പടിമാത്രമായി നിര്‍ത്തും വരെയാണ് അവതരണം. ഈ അവതരണം കാണുന്ന കാണികള്‍ ആവേശപൂര്‍വ്വം ഓരോ വിദ്യയും അവതരിപ്പിക്കാന്‍ ആവശ്യപ്പെടാറുണ്ട്. തുടര്‍ന്ന് നാഗപ്പത്തി ചെയ്യുന്നതു കണ്ടാല്‍ സര്‍പ്പം ചുണ്ടിനു മുകളില്‍ പത്തിവിടര്‍ത്തി നിന്നാടുകയാണെന്ന് തോന്നും. (Fig. 8)
അറപ്പുകാരന്റെ രംഗം വരുമ്പോള്‍ അലകിനു മുകളില്‍ ഉറപ്പിച്ച അറപ്പുകാരന്‍ തടി അറക്കുന്നതു കാണാം. (Fig. 9) താഴേക്ക് തൂക്കിയിട്ട നൂല്‍ക്കമ്പിയില്‍ പിടിച്ച് വലിക്കുമ്പോള്‍ അറപ്പുകാരന്‍റെ വാള് ഉയരുകയും താഴുകുയും ചെയ്യും.
അറപ്പുകാരന്റെ വിദ്യ അവതരിപ്പിക്കുമ്പോള്‍ അറപ്പിന്‍റെ താളത്തിലാണ് പാട്ടുകാര്‍ പാടുക.
അറുത്തോനെ വാളേ പാമരംകേറ്റീ-
ട്ടറുത്തോനെ വാളേ
അറുത്തോനെ രാമചന്ദ്രാ
ശിശുക്കളെക്കാക്കും ചന്ദ്രാ
അറുത്തോനെവാളേ പാമരം കേറ്റീ...
അടുത്ത പ്രകടനം ഇടിയന്‍റേതാണ്. ഉരലില്‍ നെല്ലുകുത്തുന്ന ഇടിയനേയും ഇതേരീതിയില്‍ നൂല്‍ക്കമ്പിയില്‍ പിടിച്ചാണ് ചലിപ്പിക്കുന്നത്. (Fig. 10) ഇടിയന്‍ വരുമ്പോള്‍ കുചേലവൃത്തത്തിലെ വരികളാണ് പാടുന്നത്. ഇത് പിന്നീട് ചേര്‍ത്തതാവാം. അവതരണത്തിന് മാറ്റുകൂട്ടാനായി സന്ദര്‍ഭാനുസരണം പില്ക്കാലത്ത് പരമ്പരാഗതമല്ലാത്ത പല പാട്ടുകളും എടുത്തു ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ചെറുവില്ല്, പലതരത്തിലുള്ള പടികള്‍, പേനാക്കത്തി ഇവയെല്ലാം പല്ലുകൊണ്ട് കടിച്ചു പിടിച്ച് അതിനു മുകളിലും ഈ ഉപകരണങ്ങളെല്ലാം ബാലന്‍സ് തെറ്റാതെ നിര്‍ത്തി അവതരിപ്പിക്കാറുണ്ട്. ഇത്രയും സൂക്ഷ്മ ശ്രദ്ധയോടെ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ മറ്റേതെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ദീര്‍ഘനാളത്തെ നിരന്തര പരിശീലനം കൊണ്ടു മാത്രമേ ഈ വിദ്യ സ്വായത്തമാക്കാന്‍ കഴിയുകയുള്ളൂ.
വേലന്മാരുടെ വംശപാരമ്പര്യത്തിന്‍റെ ഭാഗമായി അവതരിപ്പി ക്കുകയും പകര്‍ന്നു പോരുകയും ചെയ്ത ഈ കലാരൂപങ്ങള്‍ പാരമ്പര്യത്തില്‍ നിന്ന് മാറിജീവിക്കാന്‍ തുടങ്ങിയ പുതിയ തലമുറയ്ക്ക് സ്വായത്തമാക്കാന്‍ വിഷമമായിരിക്കുന്നു. കലാവിദ്യകള്‍ അവതരിപ്പിച്ച് ജീവിച്ചിരുന്നതു കൊണ്ട് ഇവരെ കൂത്താടി വംശക്കാരെന്ന് വിശേഷിപ്പിച്ചിരുന്നു. അവരുടെ ഉപജീവനമാര്‍ഗ്ഗമായിരുന്നു പണ്ട് ഈ കലാവിദ്യകള്‍. ഓണത്തിന് ധാരാളം വീടുകളില്‍ ഈ പരിപാടി അവതരിപ്പിച്ചിരുന്നു. വീടുകളില്‍ നിന്ന് ലഭിക്കുന്ന അരിയും സാധനങ്ങളും കൊണ്ട് മൂന്നുനാലു മാസത്തേക്ക് ബുദ്ധിമുട്ടു കൂടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നു എന്ന് ആവേദക ചെമ്പകക്കുട്ടി പറഞ്ഞു. കാലം മാറിയതോടെ കലാവതരണത്തിന്‍റെ സാധ്യതയും അവതരിപ്പിക്കേണ്ടവരുടെ ജീവിതശൈലിയും മാറിപ്പോയത് ഈ കലാവിദ്യയുടെ അധഃപതനത്തിന് കാരണമായി എന്ന് കണ്ടെത്താം.
വേലന്‍ പ്രവൃത്തിയും പള്ളിപ്പാനയും
വേലന്മാരുടെ ആഭിചാര വൃത്തിയെകുറിച്ച് സംഘം കൃതികളില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ‘വേലന്‍ വെറിയാട്ടു’ നടത്തി പെണ്‍കുട്ടികളുടെ ബാധ ഒഴിപ്പിച്ചിരുന്നതായും വേലന്‍ തുള്ളിയനുഗ്രഹിച്ച് കാര്യങ്ങള്‍ പറയുന്നതായും ഈ കൃതികളില്‍ വര്‍ണ്ണിക്കുന്നുണ്ട്. വേലന്മാരുടെ വംശീയ പാരമ്പര്യത്തിന്‍റെ പ്രാചീനതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ‘വേലന്‍റെ ചോറ് കണിയാന്‍റെ വായില്‍’ എന്നൊരു ചൊല്ല് കുട്ടനാട്ടില്‍ വേലന്മാര്‍ക്കിടയിലുണ്ട്. കണിയാന്‍ പ്രശ്നം വച്ച് ദോഷ പരിഹാരം പറയുന്നതനുസരിച്ചാണ് വേലന്‍പ്രവൃത്തി ചെയ്തിരുന്നത്. മന്ത്രവാദം, ആഭിചാരം മുതലായി നാവേറ് മാറ്റുക, ബാധോപദ്രവം ഒഴിപ്പിക്കുക, ക്ഷുദ്രദോഷം ഒഴിപ്പിക്കുക, പാപദോഷങ്ങളൊഴിപ്പിക്കുക എന്നീ കര്‍മ്മങ്ങളാണ് വേലന്‍പ്രവൃത്തി എന്ന് പറയപ്പെട്ടിരുന്നത്. തുടിയും ഓട്ടുകിണ്ണവും കൊട്ടി ഓത്തു മന്ത്രങ്ങള്‍ ചൊല്ലിയാണ് ഈ കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. പലതരത്തിലുള്ള ബലികര്‍മ്മങ്ങള്‍- പട്ടടബലി, കുഴിബലി, പാലബലി, കോഴികുരുതി എന്നിവ ഇതിന്‍റെ ഭാഗമായി ചെയ്തിരുന്നു. വലിയ തറവാടുകളില്‍ വേലനെ വിളിച്ച് ‘പിണിതീര്‍ക്കല്‍’ നടത്തിയിരുന്നു.
സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെ പിണിതീര്‍ക്കല്‍ കര്‍മ്മത്തിനാണ് പള്ളിപ്പാന എന്ന് പറയുന്നത്.
ഭാരതപ്പറവെച്ചടിച്ചൊരു
കേഴ്വികേള്‍ സ്ഥലമൊക്കെയും
പാപദോഷമേഹരം വരുത്തണം
പാഹിമാം പരമേശ്വര...
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് പള്ളിപ്പാന അനുഷ്ഠാനം ഇപ്പോള്‍ നടത്തിവരുന്നത്. വേലന്മാരുടെ ജന്മാവകാശമാണ് ഈ അനുഷ്ഠാനം. മഹാവിഷ്ണുവിന് നാവേറ് പിണഞ്ഞപ്പോള്‍ അതൊഴിപ്പിക്കുന്നതിന് ശ്രീപാര്‍വ്വതിയും പരമശിവനും വേലനും വേലത്തിയുമായി അവതരിച്ച് മഹാവിഷ്ണുവിന്‍റെ ദോഷം മാറ്റി എന്നാണ് സങ്കല്പം. അവരുടെ അനന്തര തലമുറക്കാരാണ് എന്ന് വേലന്മാര്‍ വിശ്വസിച്ചു പോരുന്നു. 12 വര്‍ഷത്തിലൊരിക്കലാണ് പള്ളിപ്പാന നടത്തുന്നത്. ക്ഷേത്രത്തില്‍ കുടിലുകെട്ടി പാര്‍ത്ത് ഭഗവാന്‍റെ ആഭിചാരദോഷം ഒഴിപ്പിക്കുകയാണ് ഈ അനുഷ്ഠാനത്തിലൂടെ ചെയ്യുന്നത്. ഇതിലൂടെ ക്ഷേത്രത്തിനും നാടിനും ഐശ്വര്യമുണ്ടാകുമെന്നാണ് സങ്കല്പം.
ആധുനിക സംസ്കാരത്തിന്‍റെ വരവോടെ ഗോത്രപാരമ്പര്യത്തിന്‍റെ ഈ കലകളും സംസ്കാരവുമൊക്കെ മാഞ്ഞുപോകാന്‍ തുടങ്ങി. അതില്‍ വേലന്‍ എന്ന സമുദായവും അവരുടെ വൃത്തികളും തിരിച്ചറിയപ്പെടാത്ത വിധം ആണ്ടുപോയി. വേലന്‍ എന്ന സമുദായനാമം പോലും ഇന്ന് മറ്റു പല വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി മാറിയിരിക്കുന്നു.