കുട്ടനാട്ടിലെ ദളിത് സമുദായങ്ങളുടെ ചരിത്രവും സംസ്കാരവും അധികമൊന്നും രേഖപ്പെടുത്തപ്പെട്ടവയല്ല. വാമൊഴിയായി പകര്‍ന്നുപോരുന്നതും അതിന് ഉപോല്‍ബലകമായി ചില ചരിത്രസംഭവങ്ങളും സാഹിത്യകൃതികളും ചില ഇടങ്ങളും തരുന്ന സൂചനകളും കുറെ ഊഹാപോഹങ്ങളുമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി അന്വേഷിക്കുമ്പോള്‍ നമുക്കു മുന്നില്‍ തെളിയുന്ന ഒരു ചരിത്രമുണ്ട്. അതാകട്ടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ നിന്ന് വ്യത്യസ്തവുമാണ്. അക്ഷരാഭ്യാസമോ സമൂഹത്തില്‍ അധികാരമോ സമ്പത്തോ പദവികളോ ഇല്ലാതിരുന്ന ഒരു ജനത ചരിത്രത്തിനു പുറത്തായതില്‍ അത്ഭുതപ്പെടാനില്ല. എക്കാലത്തും ചരിത്രം അങ്ങനെ തന്നെയാണ് രേഖപ്പെടുത്തപ്പെടുന്നത്; സാധാരണ മനുഷ്യന്‍റെ ജീവിതം എപ്പോഴും ചരിത്രത്തിന് പുറത്തായിരിക്കും. യഥാര്‍ത്ഥത്തില്‍ അവരിലൂടെയാണ് ജനകീയ ചരിത്രം രൂപപ്പെടുന്നതു തന്നെ.
പുലയ സമുദായത്തിന്‍റെ ചരിത്രവും സാംസ്കാരികജീവിതവും
ഏറെ തമസ്കരിക്കപ്പെട്ടുപോയ ഒന്നാണ് പുലയരുടെ ജീവിതം. ഒരു കാലത്ത് കുട്ടനാട് പുലയരുടെ നാടായിരുന്നു എന്നുവേണം കരുതാന്‍. ഇതിനു കൃത്യമായ ചരിത്ര രേഖകള്‍ നിരത്താന്‍ പ്രയാസമാണ്. പക്ഷേ അവരുടെ ജീവിതവും സംസ്കാരവും കുട്ടനാടന്‍ ഭൂപ്രകൃതിയുമൊക്കെത്തരുന്ന ചില തെളിവുകളും ആവേദകര്‍ തന്ന അിറവുകളും തള്ളിക്കളയാവുന്നതല്ല.
സംഘകാലത്തെ ചേര ചോള പാണ്ഡ്യരാജാക്കന്മാരെല്ലാം ദ്രാവിഡരായിരുന്നു എന്ന് സംഘം കൃതികള്‍ തരുന്ന സൂചനകള്‍ വ്യക്തമാക്കുന്നുണ്ട്. (അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മുതലായ കൃതികളിലെ വര്‍ണനകളില്‍) ചേരരാജാക്കന്മാരുടെ പേരുകള്‍ പലതും കുട്ടനാടിനോട് അവര്‍ക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. പല്‍യാനൈച്ചെല്‍ കെഴുകുട്ടുവന്‍, വേല്‍കെഴുകുട്ടുവന്‍, ചേരന്‍ ചെങ്കുട്ടുവന്‍ എന്നീ പേരുകള്‍ ഉദാഹരണം.[i]
ചരിത്രത്തിനുള്ളിലെ ഏടുകള്‍
ചേരന്‍റെ വംശം പില്‍ക്കാലത്ത് അധികാര ഭ്രഷ്ടരായി മാറിയതെങ്ങനെയെന്ന് വ്യക്തമല്ല. അക്കാലത്തെ രാജസങ്കല്പം തന്നെ പില്ക്കാലത്തെ പ്രൗഢമായ ആര്‍ഭാട രാജകീയ സങ്കല്പത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നിരിക്കണം. ഇളംകുളം സൂചിപ്പിക്കുന്നതുപോലെ രണ്ടാം ചേര സാമ്രാജ്യം, ആഴ്വാന്മാരുടെ (വൈഷ്ണവരുടെ) മുന്നേറ്റത്തിന്‍റെ സൂചനയാണ് തരുന്നത്. ഏതാണ്ട് 8-ാം നൂറ്റാണ്ടോടുകൂടി ഇവിടെ ആര്യ മതത്തിന്‍റെ സ്വാധീനം പ്രബലമാവുകയും ക്ഷത്രിയര്‍ രാജാധികാരത്തില്‍ ഉപവിഷ്ടരാവുകയും ചെയ്തു. അതോടെയായിരിക്കാം ആര്യ സംസ്കാരം ദ്രാവിഡ സംസ്കാരത്തിനു മേല്‍ അധീശത്വം സ്ഥാപിക്കുകയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ദൃഢമായി തീരുകയും ചെയ്തത്.[ii] ഇക്കാലത്ത് അധികാരത്തിന്‍റെ ആര്‍ഭാടങ്ങളില്‍ ആകൃഷ്ടരാകാതെ മണ്ണിനെ സ്നേഹിച്ച് ജീവിച്ചിരുന്ന ഗോത്രവംശങ്ങള്‍ മണ്ണില്‍ നിന്ന് കിട്ടുന്ന വിളകള്‍ അനുഭവിച്ച് മണ്ണില്‍ കൃഷി ചെയ്തും അലഞ്ഞു തിരിഞ്ഞുമാണ് ജീവിച്ചിരുന്നത്. ക്രമേണ അധികാരവും ഭൂമിയും കയ്യടക്കിയ ഭരണ വര്‍ഗം ഇവരുടെ അധ്വാന ശീലത്തെ മുതലെടുത്ത് വളരുകയായിരുന്നിരിക്കാനാണ് സാധ്യത.
'പുലയന്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം തന്നെ - 'പുലം'/പാടം/ വയൽ - വയലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവന്‍ എന്നിങ്ങനെയാണ്. പുലത്തിന്‍റേയും നാടിന്‍റെയും ഒക്കെ അധിപന്മാരായിരുന്നവര്‍ പിന്നീട് അധികാരങ്ങളൊക്കെ നഷ്ടപ്പെട്ടപ്പോഴും അവരുടെ കൃഷിയിടങ്ങളെ കൈവെടിഞ്ഞില്ല എന്നുവേണം കരുതാന്‍. വിശാലമായ ഭൂമിയില്‍ കൃഷി ചെയ്ത് ആവശ്യത്തിന് വിളവെടുത്ത് ജീവിച്ചിരുന്ന മനുഷ്യര്‍ പണ്ട് ഭൂമിക്ക് അതിരുകള്‍ കല്പിച്ചിരുന്നില്ല. ഭൂമിയെ കയ്യടക്കുകയോ കൈവശം വയ്ക്കുകയോ ആവശ്യമാണെന്ന് മനുഷ്യര്‍ ചിന്തിച്ചിരുന്നില്ല. കൃഷി ചെയ്ത് ജിവിച്ചിരുന്നവര്‍ക്ക് കൃഷിഭൂമി എന്നും അവരുടേതാണെന്ന ബോധമാണ് ഉണ്ടായിരുന്നത്. ആധുനിക കാലം വരെ ഈ ബോധം അധഃസ്ഥിത വിഭാഗങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു, പ്രത്യേകിച്ച് പുലയര്‍ക്ക് ജീവിതം തന്നെ അവര്‍ക്ക് കൃഷിയിടത്തില്‍ ആയിരുന്നു. പക്ഷേ ആ കൃഷിയിടത്തിന്‍റെ അധികാരികൾ ജന്മിമാരും. ജന്മിമാരും അടിയാളരും തമ്മിലുളള ബന്ധം ആത്മാര്‍ത്ഥതയുള്ളതും പരസ്പര സഹായത്തിന്‍റേതുമായിരുന്നിരിക്കാം ആദ്യകാലങ്ങളില്‍. അധികാരവും ധനവും ചില ഫ്യൂഡല്‍ പ്രഭുക്കന്മാരെയെങ്കിലും മത്തുപിടിപ്പിക്കുകയും അടിയാളന്മാരോട് അടിമകളെപ്പോലെ അവര്‍ പെരുമാറുകയും ചെയ്തു തുടങ്ങി. ക്രമേണ ചതുര്‍വര്‍ണ്യത്തിന്‍റെ പിടി മുറുക്കുകയും അടിയാളന്മാര്‍ അയിത്ത ജാതിക്കാരായി നീക്കിനിര്‍ത്തപ്പെടുകയും ചെയ്തു. ഫ്യൂഡലിസം തഴച്ചു വളര്‍ന്നതോടെയാവാം ഇത്തരമൊരു സാമൂഹിക പരിണാമം ദ്രുതഗതിയില്‍ സംഭവിച്ചത്. അതായത് ഏതാണ്ട് എട്ടാം നൂറ്റാണ്ടിന് ശേഷം. രണ്ടാം ചേരസാമ്രാജ്യം രേഖപ്പെടുത്തുന്നതു തന്നെ കുലശേഖര ആഴ്വാരുടെ കാലം മുതലാണ്. തപതീ സംവരണം, സുഭദ്രാധനഞ്ജയം, വിച്ഛിന്നാഭിഷേകം എന്നിവ എഴുതിയ കുലശേഖര ആഴ്വാര്‍ സംസ്കൃത പണ്ഡിതനായ, വൈഷ്ണവനായ ഭരണാധികാരിയായിരുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.[iii]
കേരളീയ ക്ഷേത്രങ്ങളുടെ പഴക്കം പരിശോധിക്കുമ്പോള്‍ കേരളത്തിലെ പ്രാചീന വിശ്വാസങ്ങളിലും ആരാധനാ സമ്പ്രദായങ്ങളിലും വന്ന മാറ്റം വ്യക്തമാകുന്നുണ്ട്. സംഘകാലത്തെ പഴയ കുട്ടനാട് എന്ന വിസ്തൃതമായ സങ്കല്പം നാടുവാഴിത്ത കാലത്തോടെ ഇല്ലാതെയാവുന്നുണ്ട്. തെക്കുംകൂര്‍, വടക്കുംകൂര്‍, കായംകുളം, ചെമ്പകശ്ശേരി എന്നിങ്ങനെ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടത് കുട്ടനാടാണ്. ഇതില്‍ വടക്കുംകൂറിന്‍റെ അധീനതയില്‍ ഇരുന്ന പ്രദേശമാണ് ഇന്നത്തെ കുട്ടനാട്. ഈ പ്രദേശങ്ങളില്‍ പ്രാചീനക്ഷേത്രങ്ങള്‍ അധികമൊന്നും ഇല്ല എന്നതും ബ്രാഹ്മണ മഠങ്ങള്‍ മറ്റുജില്ലകളിലെപ്പോലെ കൂടുതലായി ഇല്ല എന്നതും ശ്രദ്ധേയമാണ്. കുട്ടനാട് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ബുദ്ധജൈന മതങ്ങളുടെ സ്വാധീനവും ഇവിടുത്തെ പഴയസംസ്കാരത്തിന്‍റെ സൂചകങ്ങളായി കരുതേണ്ടതുണ്ട്.
പുലയരുടെ ജീവിതത്തിനുളളിലേക്കു കടന്നാല്‍ ജീവിതത്തിന്‍റെ സമസ്തവും കൃഷി തന്നെയായിരുന്നു എന്ന് കാണാം. മറ്റ് അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കലയും കരവേലയും സാഹിത്യവും ഒക്കെ പ്രധാനമായിരുന്നു. എന്നാല്‍ പുലയരുടേതായി നിലനില്‍ക്കുന്നത് കൃഷിയോടു ബന്ധപ്പെട്ട പാട്ടുകള്‍ മാത്രമാണ്. ചക്രപ്പാട്ടുകള്‍, നടീല്‍പ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍ എന്നിങ്ങനെ കാര്‍ഷിക വൃത്തിയുടെ ഓരോഘട്ടത്തിലും പാടിയിരുന്ന പാട്ടുകളാണ് അവരുടെ സാഹിത്യം. അവരുടെ കലാവിദ്യയെന്നു പറയാവുന്നത് നെല്‍കൃഷി ചെയ്യുന്ന കലതന്നെയാണ്. കലയും എഞ്ചിനീയറിങ്ങും ഒത്തു ചേരുന്ന പാരമ്പര്യ വിദ്യ. ആധുനിക കൃഷിരീതികളെല്ലാം വികസിപ്പിച്ചെടുക്കുന്നതിനും മുന്‍പേ തികച്ചും ശാസ്ത്രീയമായി, മണ്ണിനും മനുഷ്യനും ഹാനികരമല്ലാത്ത, നൂറുമേനിവിളവിന്‍റെ രസതന്ത്രം പുലയര്‍ക്കാണ് വശമുണ്ടായിരുന്നത്. ആയിരത്താണ്ടുകള്‍ കൃഷിചെയ്ത ജ്ഞാനത്തില്‍ നിന്നു മാത്രമേ ഇത്തരം അറിവുകള്‍ കൃത്യമായി പ്രയോഗിക്കാന്‍ സാധ്യമാവൂ എന്ന് മനസ്സിലാക്കാം. അതിലെല്ലാമുപരി മണ്ണിനോട് ഈ മനുഷ്യര്‍ കാണിച്ച മണ്ണുമര്യാദകള്‍ സ്നേഹം, ജീവബന്ധം ഒക്കെ വളരെ ആദരണീയമാണ് ആധുനിക യന്ത്രസംവിധാനങ്ങളും കൃഷിരീതികളും ഇവരുടെ പാരമ്പര്യജ്ഞാനത്തിന്‍റെ നെഞ്ചിലൂടെയാണ് പുതുലോകം തീര്‍ത്തത്.
കൃഷിയുടെ കലാവിദ്യ
പറയിപെറ്റ പന്തിരുകുത്തിലെ വള്ളോന്‍, പുലയ സമുദായാംഗമാണെന്നും കേരളത്തിലെ ആദിദ്രാവിഡ ഗോത്ര സമൂഹം പുലയരാണെന്ന് കരുതപ്പെടുന്നു എന്നും രാജന്‍ ചുങ്കത്ത് അഭിപ്രായപ്പെടുന്നു. ‘ചേരനാട്ടുമക്കള്‍’ എന്ന അര്‍ത്ഥത്തിലാണ് ‘ചെറുമര്‍’ എന്ന് ഇവരെ വിളിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. പില്ക്കാലത്ത് അവരെ അടിമകളായി വില്ക്കപ്പെടുക വരെ ചെയ്തിരുന്നു എന്നാണ് ബുക്കാനന്‍ രേഖപ്പെടുത്തുന്നത്.[iv] ഫ്യൂഡലിസം ശക്തി പ്രാപിച്ചപ്പോള്‍ സമൂഹത്തിലെ ഏറ്റവും അധഃകൃതരായ വംശം ഇവരായിത്തീര്‍ന്നു. പിന്നീട് ബ്രിട്ടീഷ് അധിനിവേശത്തോടെ പുത്തന്‍ മുതലാളിത്ത വ്യവസ്ഥിതി ഉടലെടുത്തപ്പോള്‍ ഇവര്‍ അടിമകളായിത്തീരുകയും ചെയ്തു. പുലയരുടെ കുടുംബങ്ങള്‍ പഴയകാലത്ത് ഇല്ലങ്ങള്‍ എന്നു തന്നെയാണ് അറിയപ്പെട്ടിരുന്നത്. ശാഖാപരമായി ആദിയില്ലം, വെട്ടില്ലം, കൊഞ്ചിയില്ലം, വെള്ളിയില്ലം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിലെ മിഷനറി പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ഫലമായി അയിത്തത്തില്‍ നിന്ന് മോചനം നേടുന്നതിനായി ഇവരില്‍ ധാരാളം പേര്‍ ക്രിസ്തുമതത്തിലേക്ക് മതം മാറുകയുണ്ടായി. എന്നിട്ടും പുലയ ക്രൈസ്തവർ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇവര്‍ക്കു വേണ്ടി പ്രത്യേകം ആരാധനാസ്ഥലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു എന്നല്ലാതെ യാഥാസ്ഥിതിക ക്രിസ്ത്യാനികളോടൊപ്പം സാമൂഹ്യ പരിഗണന നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.
കുട്ടനാട്ടില്‍ വേമ്പനാട്ടുകായല്‍ കുത്തിയെടുത്ത കൃഷിയിടങ്ങള്‍ ഉണ്ടാകും മുന്‍പേ കരിനിലങ്ങളില്‍ വിപുലമായി കൃഷി ചെയ്തിരുന്നു. തെക്കുംകൂര്‍ രാജാവ് വള്ളോന്‍മാരെ കൊണ്ടു വന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ കൃഷി ചെയ്തതായി സൂചിപ്പിക്കപ്പെടുന്നുണ്ട്. പുലയരുടെ പാരമ്പര്യ കൃഷിരീതികള്‍ പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്.
കട്ടവയ്പ്
കൃഷിപ്പണിയിലെ ഒരാചാരമാണ് കട്ടവെയ്പ്. പണ്ട് ഒരു പൂ (ഒറ്റവിളവ്) കൃഷിനടത്തിയിരുന്ന കാലത്ത് കര്‍ക്കിടക മാസത്തിലാണ് കുട്ടനാട്ടില്‍ കൃഷി തുടങ്ങുന്നത്. പുറവരമ്പ് കുത്തുകയാണ് ആദ്യത്തെ പ്രക്രിയ. ഇതിന് കട്ടവയ്പ് എന്ന് പറയും. ഓണപ്പണിക്കാരന്‍ മൂപ്പന്‍ (തലപ്പുലയന്‍) അയാളുടെ ഉപാസനാമൂര്‍ത്തിക്ക് കള്ള്, മുറുക്കാന്‍, അവില്‍, പൊരി ഇതെല്ലാം വച്ച് പൂജ കഴിച്ചതിനു ശേഷമാണ് കട്ടവയ്പ് ആരംഭിക്കുന്നത്. ഈ ആചാരത്തിന് ജന്മി കൂലിയും കള്ളു കുടിക്കാനുളള പണവും പണിക്കാര്‍ക്കെല്ലാം നല്‍കും. പറയരുടെ മൂപ്പനും ഈ അവകാശം നല്‍കാറുണ്ട്. പിറ്റേ ദിവസമാണ് പുറവരമ്പിന്‍റെ പണി ആരംഭിക്കുന്നത്. മുളപൊട്ടിച്ച് ചെറ്റയാക്കിയതും ഓലകൊണ്ടുള്ള ചെറ്റയുമാണ് പുറവരമ്പുകുത്തുന്നതിന് ഉപയോഗിക്കുന്നത്. തെങ്ങിന്‍റേയോ കമുകിന്‍റെയോ മുറിച്ച വലിയ കുറ്റികള്‍ കൊണ്ട് പുറത്ത് നീളത്തില്‍ കുറ്റിയടിച്ചിട്ട് അതിനകത്ത് മുളം ചെറ്റയോ ചെറിയ വിടവാണെങ്കില്‍ ഓലച്ചെറ്റയോ വച്ച് മുറുക്കിയതിനു ശേഷം വള്ളത്തില്‍ ശേഖരിച്ചിട്ടുള്ള കുത്തുകട്ട (പുറം കായലില്‍ നിന്ന് ചേടിയെടുക്കുന്ന കട്ടച്ചെളി) ഈരക്കാട് (ഒരുതരം പുല്ല്) കമ്പ്കാട് (മരച്ചില്ലകള്‍) പച്ചോല എന്നിവ ഇട്ട് നികത്തി അതിനു മുകളില്‍ കുത്തുകട്ടയിറക്കിയാണ് പുറവരമ്പ് (ബണ്ട്) ഉറപ്പിക്കുന്നത്.
കഴിച്ചുകെട്ട്
കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പണ്ട് പണിയെടുത്തിരുന്നതും വള്ളങ്ങളില്‍ പോയി കട്ട കുത്തിയിരുന്നതും പുലയരും പറയരും മാത്രമായിരുന്നു. എന്നാല്‍ വള്ളങ്ങളില്‍ കമ്പുകാടുകള്‍ കയറ്റിക്കൊണ്ടു പോവുന്നതും ഉച്ചഭക്ഷണം എത്തിക്കുന്നതും ഈഴവ സമുദായക്കാരായ പുരുഷന്മാരായിരുന്നു. ഇവരെ ‘കോയിച്ചോവന്‍’ (കോയില്‍ച്ചോവന്‍ ആയിരിക്കണം) എന്നാണ് പറഞ്ഞിരുന്നത്. ഇവരുടെ സ്ത്രീകള്‍ക്ക് ജന്മിയുടെ വീട്ടിലെ പുറംപണിയായിരുന്നു തൊഴില്‍.
ചിങ്ങം ഒന്നാം തീയതി കഴിച്ചുകെട്ട് നടത്തിയിരുന്നു. ദുര്‍ബലമായ ബണ്ടുകളും, മടകളും വരമ്പുകളും കുത്തുന്ന പണിയാണ് കഴിച്ചുകെട്ട് (അഴിച്ചുകെട്ടുക എന്നതായിരിക്കാം ഉദ്ദേശിക്കുന്നത്) മടയ്ക്ക് തെങ്ങുംകുറ്റിയടിച്ച് മുളകൊണ്ട് മല്ലഴി വച്ചുകെട്ടി കമ്പ്കാട് ഉപയോഗിച്ച് വള്ളത്തില്‍ കൊണ്ടു വരുന്ന കട്ടയും ചേര്‍ത്ത് വച്ചുകുത്തായി പണിത് ഒരു മുറിമുതല്‍ മറ്റേ മുറിവരെ എത്തിച്ച് മടപൂര്‍ത്തിയാക്കുന്നതാണ് മടകുത്തല്‍. (മുറിഞ്ഞു പോയ പുറംവരമ്പ് ഇടയ്ക്കു കുത്തി ബലപ്പെടുത്തുന്നതിനാണ് മടകുത്തുക എന്നു പറയുന്നത്.) കട്ടവയ്പു പോലെ ആചാരാനുഷ്ഠാനത്തോടെയാണ് ഇത് ചെയ്യുന്നത്. ഇല്ലെങ്കില്‍ മട (ബണ്ട്) ഉറയ്ക്കില്ലെന്നാണ് വിശ്വാസം. പണ്ടൊരിക്കല്‍ പണിക്കാര്‍ എത്ര ശ്രമിച്ചിട്ടും മട ഉറയ്ക്കാതെ വന്നപ്പോള്‍ ഒരു പറയനെ നരബലി നല്‍കി മട ഉറപ്പിച്ചു എന്നൊരു ഐതിഹ്യം കുട്ടനാട്ടില്‍ ഇപ്പോഴും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
പുറവരമ്പ് ഉറപ്പിച്ചതിനു ശേഷം ചക്രം വച്ച് ചവിട്ടി കൃഷി നിലത്തിലെ വെള്ളം വറ്റിക്കുന്ന പണിയാണ് ചെയ്യുന്നത്. പാടത്തിന്‍റെ വിസ്തൃതിക്കനുസരിച്ചാണ് ചക്രങ്ങള്‍ സ്ഥാപിക്കുന്നത്. വളരെ പ്രാചീന കാലത്ത് തേക്കൊട്ട വച്ചാണ് വെള്ളം തേവി വറ്റിച്ചിരുന്നത്. പിന്നീടാണ് ചക്രത്തിന്‍റെ സഹായത്തോടെ വെള്ളം വറ്റിച്ച് വിപുലമായി കൃഷിചെയ്യാന്‍ തുടങ്ങിയത്. 24 ഇല, 16 ഇല, 12 ഇല, 8 ഇല എന്നിങ്ങനെയാണ് ചക്രങ്ങളുടെ നിര്‍മ്മിതി. തടി കൊണ്ടുതന്നെയാണ് ഇതിന്‍റെ മുഴുവന്‍ ഭാഗങ്ങളും നിര്‍മ്മിക്കുന്നത്. പുറം ബണ്ടുകളില്‍ ഉറപ്പിക്കുന്ന ചക്രം ആദ്യം 8 ഇല ചവിട്ടുന്നത് 12 ഇല ചവിട്ടി വീണ്ടും പുറത്തേക്ക് അതിനു പുറത്ത് 16 ഇല അതിനും പുറത്ത് 24 ഇല ഇങ്ങനെയാണ് വിന്യസിക്കുന്നത്. ഒടുവില്‍ വയ്ക്കുന്ന ചക്രമാണ് പൂര്‍ണ്ണമായും വെള്ളം പുറത്തേക്കു ചവിട്ടുന്നത്. (പില്ക്കാലത്താണ് മണ്ണെണ്ണ എഞ്ചിനും പിന്നീട് ഇലക്ട്രിക്മോട്ടോറും ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ തുടങ്ങിയത്.)
വെള്ളം വറ്റിച്ച് അകത്തെ കെട്ടു വരമ്പ് തെളിയുമ്പോള്‍ പുരുഷന്മാരായ പണിക്കാര്‍ ജന്മിയുടെ വീട്ടില്‍ നിന്ന് കാടും കമ്പും കൊണ്ടുപോയി വരമ്പിലുളള വിടവൊക്കെ കുത്തിനികത്തി ശരിയാക്കും. ഇതിന് ‘കഴുത്തുമുട്ട്’ കുത്തുക എന്നാണ് പറയുന്നത്. കഴുത്തുമുട്ടു കുത്തി കണ്ടത്തില്‍ വെള്ളം കെട്ടി നിര്‍ത്തണം തുടര്‍ന്നാണ് വിതയ്ക്കായി പാടം വൃത്തിയാക്കുന്നത്.
പുലയസ്ത്രീകളാണ് വിതയ്ക്കുന്നതിനായി പാടം ഒരുക്കുന്നത്. പാടത്ത് കെട്ടിനിര്‍ത്തിയ വെള്ളത്തിനു മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന കതിര, കറുക, ആമ്പ തുടങ്ങിയ കളകള്‍ ചുവടെ പറിച്ചുമാറ്റും. വെള്ളത്തില്‍ നിന്നു പണിയുന്ന സ്ത്രീകള്‍ മുണ്ടുകൊണ്ട് തറ്റുടുത്താണ് പണിയെടുക്കുന്നത്. കാരിക്കുഞ്ഞ്, കൂരിച്ചില്ലാന്‍ എന്നീ കുത്തുന്ന മത്സ്യങ്ങളുടെയും അട്ടയുടെയും ശല്യമേല്‍ക്കാതിരിക്കാനാണിത്. തുടര്‍ന്ന് നിലത്തെ വെള്ളം കുറെക്കൂടി വറ്റിച്ചതിനു ശേഷം മട്ടിപ്പായല്‍, കരിങ്കൂവളം, മുത്തങ്ങ മുതലായ നിലത്തു പറ്റി വളരുന്ന കളകള്‍ കൂടി പറിച്ചുമാറ്റും. തുടര്‍ന്ന് സ്ത്രീകള്‍ കൈകൊണ്ട് നിരത്തി നിലം തട്ടു നിരപ്പാക്കും. അതിനു ശേഷം പുറം തൂമ്പ് (നിലത്തിലേക്ക് ആവശ്യത്തിന് വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനുളള സംവിധാനം) തുറന്ന് വെള്ളം കയറ്റി ഓരോ പാടത്തിന്‍റെയും ഓരോ കളത്തിലും ക്രമത്തിന് വെള്ളം കെട്ടി നിര്‍ത്തും.
വെത (വിതയ്ക്കല്‍)
തഴകൊണ്ടു നെയ്ത നീളത്തിലുളള ഒരുതരം വട്ടിയിലാണ് വിതയ്ക്കാനുളള വിത്ത് കെട്ടുന്നത്. കെട്ടിയ വിത്ത് അറുപതു നാഴിക വെള്ളത്തിലിട്ടതിനുശേഷം പൊക്കത്തു വച്ച് വെള്ളം വാര്‍ത്തുകളഞ്ഞ് മുപ്പതു നാഴിക തടയ്ക്കു വയ്ക്കുന്നു. (അടുക്കി മൂടുന്നു) മുപ്പതു നാഴിക കഴിയുമ്പോള്‍ മിറച്ച് വച്ച് മൂടും. അതിനു ശേഷം എടുത്ത് മുപ്പതു നാഴിക വെള്ളത്തിലിട്ടതിനുശേഷം നന്‍മുളയ്ക്ക് വയ്ക്കുന്നു. അതിനു ശേഷമാണ് വിത. തലപ്പുലയന്‍ വിത്തിടാന്‍ തുടങ്ങുന്നത് സര്‍വ്വദൈവങ്ങളേയും ധ്യാനിച്ചാണ്. വിത്തിടീലിന്‍റെ സങ്കല്പത്തിലാണ് കൊയ്ത്തുകഴിഞ്ഞ് തലപ്പുലയന് ‘പേക്കറ്റ’ കൊടുക്കുന്നത് ‘പേ’ എന്നു പറഞ്ഞാല്‍ ദൈവം എന്നാണര്‍ത്ഥം. പുലയരുടെ ദൈവങ്ങളെ ‘പേക്കോലങ്ങള്‍’ എന്നാണ് പറഞ്ഞിരുന്നത്.
ക്രമത്തിന് കെട്ടിനിര്‍ത്തിയ വെള്ളത്തിലാണ് വിത്തു വിതയ്ക്കുന്നത്. തുടര്‍ന്ന് മൂന്നാമത്തെ ദിവസം വെള്ളം വറ്റിക്കും. അതിന് ഉറവ വറ്റിക്കുക എന്നു പറയും. ഉറവപ്പുറത്ത് ധാരാളം മീനുകള്‍ വിത്തുതിന്നാനായി ഈ കണ്ടത്തില്‍ വരും. വരാല്‍, പൂളകന്‍, കൂരി, വിത്തുകൊത്തി, ചെമ്മീന്‍, കരിമീന്‍ പള്ളത്തി തുടങ്ങിയ മത്സ്യങ്ങള്‍. അവയെ പുലയ സ്ത്രീകള്‍ ചെറിയ വട്ടവലകൊണ്ടും കൂടുകൊണ്ടും പിടിച്ച് ഉണക്കി വിത്തു കെട്ടുന്ന വട്ടിക്കകത്ത് പുകയത്ത് സൂക്ഷിച്ചു വയ്ക്കും. അവരുടെ ആഹാരത്തില്‍ പ്രധാന വിഭവമാണിത്. എല്ലാ വരമ്പുകള്‍ക്കും ഓരോ ചാല്‍ ഉണ്ടാകും. ഈ ചാല്‍ തുറന്ന് കുഴിയിലെ വെള്ളം വറ്റിക്കുന്നതിന് ‘കച്ചാല്‍ എടുക്കുക’ എന്നാണ് പറയുന്നത്. ഈയവസരത്തില്‍ പുലയസ്ത്രീകള്‍, ചിലപ്പോള്‍ പറയ സ്ത്രീകളും, ആണ് വരമ്പു വാരി വൃത്തിയാക്കുന്നത്. വിത്തു വിതച്ച് ഏതാണ്ട് പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോള്‍ ചാരവും ഉണക്കിയ ചാണകവും ഇളക്കിച്ചേര്‍ത്ത് വളമിടും.
പുഴുവെറിയല്‍
പണ്ട് നെല്‍കൃഷിക്ക് രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിച്ചിരുന്നില്ല. നെല്‍കൃഷിയെ ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന് പുഴുവേറ് ആണ് ചെയ്തിരുന്നത്. പ്രത്യേക രീതിയില്‍ വാവട്ടത്തോടെ നിര്‍മ്മിച്ച് കൈപിടിക്കാന്‍ ഒരു കമ്പില്‍കെട്ടി ഉണ്ടാക്കുന്നതാണ് ‘പുഴുക്കൊട്ട’. രാത്രി പന്ത്രണ്ടു മണിക്കുശേഷം കീടങ്ങള്‍ ഞാറിന്‍റെ തലപ്പത്ത് വന്നിരിക്കുന്ന സമയത്ത് ഞാറിന്‍റെ ഇടയിലിറങ്ങി നീളത്തില്‍ പുഴുക്കൊട്ട വീശും. ഞാറിന്‍റെ തുമ്പുമുറിഞ്ഞ് പുഴുക്കളും മറ്റു കീടങ്ങളും അതിനുളളില്‍ വീഴും. ഇവയെ ഒന്നിച്ച് കുഴിച്ചു മൂടി നശിപ്പിക്കുകയാണ് ചെയ്തിരുന്നത്. പ്രകൃതിക്കും മനുഷ്യനും ഒരു തരത്തിലും ഹാനികരമല്ലാത്ത കൃഷി രീതികളാണ് അന്ന് നടത്തിയിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
നടിച്ചില്‍/ നടീല്‍
ഞാറുകിളിര്‍ത്ത് രണ്ടാഴ്ച കഴിയുമ്പോള്‍ കൂടി നില്‍ക്കുന്ന ഞാറുകള്‍ പറിച്ചു നടും. പഴുത് ഉള്ള സ്ഥലങ്ങളില്‍ ഞാറ് പറിച്ച് നടുകയും ചെളിത്തിട്ടയുളള ഞാറുകള്‍ പഴുതില്‍ ഇട്ടു പോകുകയും ചെയ്യും. ഇതിന് ഉളിവലിക്കുക എന്നാണ് പറയുന്നത്. നടാതെ തന്നെ അവ മണ്ണില്‍ ഉറച്ചു നില്‍ക്കും. പറിച്ചു നടീല്‍ കഴിഞ്ഞ് പുറം തൂമ്പുതുറന്ന് ആവശ്യത്തിന് വെള്ളം കയറ്റിയിടും. ഈ സമയത്ത് ചുവടുറപ്പില്ലാത്ത ഞാറുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഇത് നടുന്നതിന് ‘പൊങ്ങുനീര്‍ കുത്തുക’ എന്നാണ് പറയുന്നത്. സ്ത്രീകള്‍ കുനിഞ്ഞു നിന്ന് കൈകൊണ്ടു കുത്തി നടുകയാണ് ചെയ്യുന്നത്. ഈ ജോലി പുരുഷന്മാരും ചെയ്യാറുണ്ട്. അതാകട്ടെ ഓലമടലിന്‍റെ ചെറിയ ഭാഗം വെട്ടി ഒരാള്‍ നീളത്തില്‍ എടുത്ത് വീതിയുള്ള ഭാഗത്തിന്‍റെ അടി ചന്ദ്രക്കലപോലെ ചെത്തും എന്നിട്ട് ഞാറിന്‍റെ ചുവട്ടില്‍ വച്ച് താഴോട്ട് താഴ്ത്തും. നടീല്‍ കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കകം വെള്ളം വറ്റിച്ച് വളമിടും.
നടീല്‍പ്പാട്ടുകള്‍
നടിച്ചിലിനൊപ്പം പുലയസ്ത്രീകള്‍ പാട്ടുപാടാറുണ്ട്. ജീവിതത്തിന്‍റെ അധികഭാഗവും വയലില്‍ പണിയെടുത്തിരുന്ന ഇവരുടെ കലയെന്നു പറയുന്നത് ഈ പാട്ടവതരണമാണ്. ആദിത്യസ്തുതിയോടെയാണ് പാട്ട് ആരംഭിക്കുന്നത്.
താതിനുംതെയ് താതിനുംതെയ്
താതിനുംതെയ്തെയ്താരാ
ആര്‍ക്കുംവെട്ടാം ആര്‍ക്കുംവെട്ടാം
കാളിനീലികരിമ്പന
എവിടെനടും പിന്നെ എവിടെ നടും പിന്നെ
കാളിനീലികരിമ്പന..
തുടര്‍ന്ന് കഥാഗാനങ്ങളും നാടന്‍പാട്ടുകളും പാടും. പാട്ടുകാര്‍ രണ്ടു ഭാഗമായി നിന്ന് പാടുകയാണെങ്കില്‍ മത്സരമുണ്ടാകും. ഇതിന് ‘കുത്തുപാട്ട്’ എന്നാണ് പറയുന്നത്. ഒരു കൂട്ടര്‍ ചോദ്യമായി പാടുമ്പോള്‍ മറുപക്ഷം ഉത്തരം പാടണം. മറുപടി കൊടുക്കാതെ വന്നാല്‍ ആ പക്ഷം തോറ്റതായി കണക്കാക്കും. ഒപ്പത്തിനൊപ്പം തുടര്‍ന്നുപോയാല്‍ ജോലി സമയം കഴിഞ്ഞും നീണ്ടു പോകും. പിന്നെ ജന്മി പറഞ്ഞെങ്കിലേ പാട്ടും പണിയും നിര്‍ത്തുകയുള്ളൂ. പിറ്റേന്ന് പണി ആരംഭിക്കുമ്പോള്‍ സ്തുതിക്കുശേഷം നിര്‍ത്തിയ ഭാഗത്തു നിന്ന് പാട്ട് ആരംഭിക്കുകയും ചെയ്യും. അധ്വാനത്തിന്‍റെ ആയാസം അറിയാതെ ഉത്സാഹത്തോടെ ജോലി ചെയ്യുന്നതിനാണ് ഇത്തരം പാട്ടുകള്‍ പാടിയിരുന്നത്. ഇത് പുലയ സ്ത്രീകളുടെ പാട്ടുപാടാനും തത്സമയം പാട്ടുകെട്ടാനുമുള്ള കഴിവിന് ഉദാഹരണമാണ്. ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലും നാടന്‍ താളവും സംഗീതവും ഭാഷാപ്രയോഗവും ഇവര്‍ക്ക് വശമായിരുന്നു. സാമൂഹ്യ ജീവിതബോധവും കൃഷി വിജ്ഞാനവും ഈ പാട്ടുകളില്‍ നിറയുന്നുണ്ട്. ഒപ്പം അവരുടെ ജീവിതസാഹചര്യങ്ങളും.
വയലിലെ രണ്ടാം കളപറിയുടെ പണികള്‍ കഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ക്ക് ജോലി ഉണ്ടാവില്ല. പിന്നെ പുല്ലുകൊണ്ടും (വട്ടിപ്പുല്ല്) തഴകൊണ്ടും ഉണ്ടാക്കിയ വലിയ കളപ്പായുടെ (നെല്ലുണക്കുന്ന വലിയ പായ) പണി തീര്‍ക്കുന്ന ജോലിയാണ് (പാപൊല്ലുക) പ്രധാനം. ജന്മിയുടെ വീട്ടില്‍ കൃഷിയാവശ്യത്തിനു വേണ്ട പായെനെയ്യുന്ന പണി മിക്കവാറും പുലയ സ്ത്രീകളാണ് ചെയ്തിരുന്നത്. ചിക്കുപായ്, തഴപ്പായ്, തടുക്ക് ഇവയൊക്കെ അവരാണ് നെയ്തുകൊടുത്തിരുന്നത്. ഈ സമയത്ത് ഉപജീവന മാര്‍ഗമായി നെയ്ത്താണ് ചെയ്തിരുന്നത്. എന്നാല്‍ കുട്ടയും മുറവും വട്ടിയും പനമ്പുമൊക്കെ നെയ്തിരുന്നതും കേടുപാട് പോക്കിയിരുന്നതും പറയ സ്ത്രീകളാണ്.
ചുരുക്കത്തില്‍ കൃഷിയെ ആശ്രയിച്ചായിരുന്നു അന്ന് പുലയരുടെയും പറയരുടെയും ജീവിതം കഴിഞ്ഞു കൂടിയിരുന്നതെന്ന് പറയാം. സാമൂഹിക ജീവിതത്തില്‍ കൃഷിയായിരുന്നു സര്‍വ്വപ്രധാനം എന്നതിനാലാണ് കുടികിടപ്പുകൊടുത്ത് ജന്മിയുടെ വസ്തുവിന്‍റെ ഒരു ഭാഗത്ത് പുലയനെയും പറയനെയും താമസിപ്പിച്ചിരുന്നത്. ഈ ജന്മികുടിയാന്‍ ബന്ധം പില്ക്കാലത്ത് അയിത്താചാരത്തിനും അടിമത്തത്തിനുമൊക്കെ വഴിതെളിച്ചു. സമൂഹത്തില്‍ ഇന്നും ഈ ഉടമ അടിമബോധം ഒളിഞ്ഞും തെളിഞ്ഞും ജാതീയമായും സാമ്പത്തികാടിസ്ഥാനത്തിലും അധികാരത്തിന്‍റെ മറവിലും നിലനില്ക്കുന്നുണ്ട്.
കൊയ്ത്ത്
ഏതാണ്ട് മൂന്നുമാസം പ്രായമാകുമ്പോള്‍ നെല്ല് വിളയും കൊയ്ത്തുകാലം കുട്ടനാടിന്‍റെ ഉത്സവകാലമാണ്. അറയും പുരയും നിറയുന്ന വയറുനിറയെ ഉണ്ണുന്ന കാലമാണിത്. നെല്ലുവിളയുന്ന സമയത്ത് കൊയ്ത്താളുകളെ അന്വേഷിച്ച് ദൂരദേശത്തേക്ക് പോവും. പുലയരും പറയരും കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലേക്കാണ് പോകുന്നത്. കൊയ്ത്തിനു വരാന്‍ തയ്യാറുള്ള ആളുകളുടെ എണ്ണം പറഞ്ഞ് അവരുടെ ജോലിയും കൂലിയും പറഞ്ഞുറപ്പിച്ച് മുന്‍കൂറായി ഒരു തുക കൊടുത്താണ് പോരുന്നത്. വൈക്കം, വടയാര്‍, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളും മാവേലിക്കര, കറ്റാനം തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നുമാണ് കൊയ്ത്താളര്‍ എത്തിയിരുന്നത്. തെക്കുനിന്ന് കുറവരും കൊയ്ത്തിന് വരുമായിരുന്നു. ഇവര്‍ക്ക് ജന്മിയുടെ വീട്ടിലെത്താന്‍ വള്ളം അയച്ചുകൊടുക്കുമായിരുന്നു. അതുപോലെ കൊയ്ത്തുകഴിഞ്ഞ് തിരികെ പോകുമ്പോള്‍ കൊയ്തു മെതിച്ച നെല്ലിന്‍റെ വീതവും ജന്മി നല്കുന്ന കൂലി നെല്ലും ആയിട്ട് തിരിച്ച് ഇവരെ വീട്ടില്‍ എത്തിക്കുന്നതിനും ജന്മി ഏര്‍പ്പാട് ചെയ്യുമായിരുന്നു. ഇവര്‍ താമസിച്ചിരുന്നത് കായലിന്‍റെ പുറവരമ്പിലും കായലിനോടു ചേര്‍ന്നുള്ള ജന്മിയുടെ പുരയിടത്തിലും മറ്റുമായിരുന്നു. ഓലയും മുളയും കൊണ്ട് കുടിലുകള്‍ ‘പന്ത’ കെട്ടിയാണ് താമസിച്ചിരുന്നത്. പന്ത വയ്ക്കുന്നതിനുള്ള ചെലവും ഭക്ഷണ സാധനങ്ങളും തമ്പുരാനാണ് കൊടുത്തിരുന്നത്.
കൊയ്ത്തു തുടങ്ങുന്നതും ആചാരത്തോടു കൂടി ആയിരുന്നു. ഒരു വെള്ളംകുടി ആചാരം വച്ച് തലപ്പുലയന്‍ ദേവതകളെയും പിതൃക്കളെയും പ്രീതിപ്പെടുത്തിയതിനു ശേഷം (പിതൃക്കള്‍ക്ക് വിളക്കു വച്ച് മുറുക്കാനും കള്ളും അവിലും അടയും കരിക്കുമൊക്കെ നേദിക്കുന്ന ചടങ്ങ്) നല്ലനേരം നോക്കിയാണ് കൊയ്ത്ത് ആരംഭിക്കുന്നത്. തലപ്പുലയന്‍ ഒരു കറ്റ കൊയ്ത് കെട്ടിയതിനു ശേഷമേ മറ്റുള്ളവര്‍ക്ക് കൊയ്യാന്‍ അനുവാദമുള്ളൂ. പുറത്തു നിന്നു വന്ന കൊയ്ത്തുകാരെ ആളന്മാര്‍ എന്ന് പറയും. ഇവര്‍ക്കിടയില്‍ ഒരു മൂപ്പനും മൂപ്പത്തിയും ഉണ്ടായിരിക്കും. അവരുടെ നേതൃത്വത്തിലാണ് ജോലികളെല്ലാം ചെയ്യുന്നത്. കൊയ്ത്തു പാടത്ത് തലപ്പുലയന് പ്രത്യേക അവകാശങ്ങള്‍ ഉണ്ടായിരുന്നു. തീര്‍പ്പുകറ്റയും പിടിത്താളും കള്ളുകുടിക്കാനുള്ള പ്രത്യേകം കറ്റയുമൊക്കെ അയാള്‍ക്ക് നല്കിയിരുന്നു.
കൊയ്ത്തു സമയത്തും പണ്ട് പാട്ടുകള്‍ പാടിയിരുന്നു. കൊയ്ത്തു പാട്ടുകളില്‍ പ്രധാനം കൊച്ചഴകന്‍റെ പാട്ടായിരുന്നു. തെക്കരാണ് ഇത് പാടിയിരുന്നത്. കൊയ്ത്തു കഴിഞ്ഞ് കറ്റ ഒറ്റപ്പന്തിക്കോ രണ്ടുപന്തിക്കോ ഓരോരുത്തരും ചേര്‍ത്തു ചേര്‍ത്ത് അടുക്കിയടുക്കി വയ്ക്കും. കൊയ്ത്തില്ലാത്ത സമയത്താണ് മെതിച്ചു കൂട്ടുന്നത്. സ്ത്രീകളും പുരുഷന്മാരും ഒത്തു ചേർന്ന് തെങ്ങിന്‍കഴ അല്ലെങ്കില്‍ മുള നാട്ടി കുറുകെ കെട്ടി അതില്‍ പിടിച്ച് കാലുകൊണ്ട് ചവിട്ടിയാണ് മെതിക്കുന്നത്. മറ്റ് ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടനാട്ടില്‍ കതിരാണ് കൊയ്തെടുക്കുന്നത്. ചുവടു കച്ചി പിന്നീട് ചെത്തിയുണക്കി എടുക്കുകയാണ് ചെയ്യാറ്.
മെതിച്ച് പൊലി കൂട്ടിക്കഴിഞ്ഞാണ് അളവ്. പണ്ട് കുട്ടയ്ക്കായിരുന്നു അളവ്. ഇരുപതുകുട്ട അളക്കുമ്പോള്‍ ഒരു കുട്ട പതം (കൂലി) കൊയ്ത്താളിന് കൊടുക്കും. പതത്തിന്‍റെ നാലിലൊന്ന് തീര്‍പ്പും കൊടുക്കും. താഴെ കിടക്കുന്ന അളവുകഴിഞ്ഞുള്ള കുറച്ചു നെല്ല് ശീവാട് പതവും കൊയ്ത്താളിനെടുക്കാം. ജന്മിയുടെ ഓലക്കുട കെട്ടുന്ന കണിയാന് അടിയാളര്‍ ഇഷ്ടമുള്ള ഒരു വീതം ഈ പതത്തില്‍ നിന്ന് കൊടുത്തിരുന്നു. അവര്‍ പാടത്തു ജോലിക്ക് പോകുമായിരുന്നില്ല. ഇതിന് കുത്തുപാട് എന്നാണ് പറഞ്ഞിരുന്നത്. പുലയരുടെ സഹായ മനഃസ്ഥിതിയും സ്നേഹവുമാണ് ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നത്. കൊയ്ത്തിനോടു ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത്.
നെന്മാണിക്കം എന്ന മിത്ത്
കുട്ടനാട്ടിലെ പുലയരെക്കുറിച്ചും നെല്‍കൃഷിയെക്കുറിച്ചും പറയുമ്പോള്‍ അവിടെ നൂറ്റാണ്ടുകളായി പറഞ്ഞുപോരുന്ന ഒരു പുരാവൃത്തത്തെ കൂടി പ്രതിപാദിക്കാതിരിക്കാനാവില്ല. കുട്ടനാട്ടിലെ കര്‍ഷകരുടെയിടയിലെ എക്കാലത്തെയും സ്വപ്നമായിരുന്നു നെന്മാണിക്കം. നെല്‍ക്കതിരിന്‍റെ അറ്റത്ത് ഒരു മണി നെല്ല് മാണിക്കമായി വിളയുമെന്നായിരുന്നു ഈ സങ്കല്പം. ഈ മാണിക്കം ലഭിക്കുന്നയാള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും സമ്പത്തും കൈവരുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഇത് ലഭിക്കാന്‍ യോഗം ഉണ്ടാവില്ല. ഭാഗ്യവാനു മാത്രമേ നെന്‍മാണിക്കം ലഭിക്കുകയുള്ളൂ എന്നാണു ഐതിഹ്യം. ഏതോ തറവാട്ടുകാരെക്കുറിച്ച് അവരുടെ പ്രതാപൈശ്വര്യങ്ങള്‍ക്കു കാരണം നെന്മാണിക്കം കിട്ടിയാതാണെന്ന് നാട്ടുകഥകള്‍ അമ്മൂമ്മമാർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്നും കുട്ടനാട്ടുകാരുടെ പുരാവൃത്തമായി നെന്മാണിക്കം നിലനില്‍ക്കുന്നു. നെന്മാണിക്കം വിളഞ്ഞ കായലാണ് ‘മാണിക്കമംഗലം കായല്‍’ എന്ന് പറയപ്പെടുന്നു.
പറയരുടെ ജീവിതവും കലകളും
ദ്രാവിഡ പാരമ്പര്യം പിന്‍തുടര്‍ന്നു പോന്ന ഗോത്രജാതിക്കാരില്‍ പ്രധാന വിഭാഗമാണ് പറയര്‍. ‘പറയിപെറ്റ പന്തിരുകുലം’ എന്ന പുരാവൃത്തം കേരളത്തില്‍ വളരെ പ്രചാരമുള്ളതാണെങ്കിലുംപുലയരെപ്പോലെ തന്നെ പറയരും പില്ക്കാലത്ത് സാമൂഹികമായി പിന്‍തള്ളപ്പെട്ട ജനതയാണെന്ന് അവരുടെ കലയും സംസ്കാരവും വ്യക്തമാക്കുന്നുണ്ട്.
പറയരുടെ വംശമാഹാത്മ്യം പാക്കനാരിലൂടെയാണ് അറിയപ്പെടുന്നതെങ്കിലും ‘പറയിപെറ്റ’ എന്ന സൂചന ആ വംശത്തിന്‍റെ പ്രാചീനതയെ വ്യക്തമാക്കുന്നുണ്ട്. പന്തിരുകുലത്തിന്‍റെ ഐതിഹ്യം ജാതിയുടെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടാനാണ് പലപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ ആദിദ്രാവിഡ ഗോത്രമായ പറയകുലത്തില്‍ നിന്നാണ് പന്തിരു ജാതികളുടെയും ഉല്പത്തി എന്ന ധ്വനി ആ ഐതിഹ്യത്തില്‍ നിന്ന് കണ്ടെത്താമെന്ന് തോന്നുന്നു. പില്ക്കാലത്തും ഗോത്ര വ്യവസ്ഥിതി പുലര്‍ത്തിപ്പോന്ന സമുദായമാണ് പറയര്‍ എന്നകാര്യം ശ്രദ്ധേയമാണ്.
ജന്മിതറവാടുകളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഇവര്‍ വീരസാഹസികളും ഒടിവിദ്യ അറിയുന്നവരും ‘തമ്പുരാക്കന്മാര്‍ക്കുവേണ്ടി പിടിച്ചു പറിയും മോഷണവും നടത്തുന്നവരും’ ആയിരുന്നു എന്ന് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.[v] ജന്മിയുടെ പറമ്പിലെ കൃഷിവേല, കുളം തേകി ഈടുകുത്തി വൃത്തിയാക്കല്‍ പറമ്പിന്‍റെ ഈട്കുത്തല്‍, കായല്‍ക്കട്ട കൊണ്ടുവന്ന് താണസ്ഥലം നികത്തി ഉയര്‍ത്തല്‍ കൂടാതെ പാടത്ത് വരമ്പുകുത്തല്‍ ഇവയൊക്കെ പറയര്‍ ചെയ്തിരുന്ന തൊഴിലുകളാണ്. ഈ സമുദായത്തിലെ സ്ത്രീകളാകട്ടെ ജന്മിയുടെ വീട്ടിലെ പുറംപണികളും കൃഷിയാവശ്യത്തിനും വീട്ടാവശ്യത്തിനും കുട്ടയും വട്ടിയും പായയും മറ്റും നെയ്തുകൊടുക്കുകയും ഓലമെടയുകയും (പുരമേയുന്നതിന്) മറ്റും ചെയ്തിരുന്നു. ‘പുലപ്പേടി’, ‘മണ്ണാപ്പേടി’ പോലുള്ള ആചാരങ്ങളില്‍ പറയര്‍ക്കു സ്ഥാനമുണ്ടായിരുന്നു. ചില പ്രത്യേക ദിവസങ്ങളില്‍ വരേണ്യ ജാതിയിലെ സ്ത്രീകളെ കണ്ടാല്‍ കല്ലെടുത്തെറിഞ്ഞ് ദേഹത്ത് സ്പര്‍ശിച്ചാല്‍ പോലും അവര്‍ക്ക് സ്വന്തമാക്കാം എന്നതായിരുന്നു ഈ ആചാരം.
ഇതെല്ലാം ചേര്‍ത്ത് പറയര്‍ അകറ്റി നിര്‍ത്തപ്പെടേണ്ട ജാതിയായിട്ടാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കുട്ടനാട്ടിലെ സാമൂഹ്യ ജീവിതത്തില്‍ ഒരു കാരണവശാലും അകറ്റി നിര്‍ത്തപ്പെടാനാവാത്ത വിഭാഗമായിരുന്നു പറയര്‍. അവരുടെ ജീവിതത്തിനുള്ളിലേക്ക് കടന്ന് മനസ്സിലാക്കുമ്പോള്‍ ഭൗതിക സംസ്കാരത്തില്‍ വളരെ ശോച്യമായ അവസ്ഥയിലാണെങ്കിലും അവരുടെ ആത്മീയ സംസ്കാരം വളരെ ഉയര്‍ന്ന തലത്തിലായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. സ്വന്തമായ ആരാധനാരീതികളും ആചാരാനുഷ്ഠാനങ്ങളും ഇവരെ വ്യത്യസ്തരാക്കുന്നു. കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ പറയരുടെ ജീവിതത്തില്‍ നിന്ന് കുറേ വ്യത്യസ്തമാണ് കുട്ടനാട്ടിലെ പറയരുടെ ജീവിതം. അതിന്‍റെ പ്രധാനകാരണം കുട്ടനാട്ടിലെ നെല്‍കൃഷിയുടെയും ഭൂപ്രകൃതിയുടെയും പ്രത്യേകതയാണ്.
സംഘകാല തമിഴകത്തില്‍ പ്രധാന സ്ഥാനമുണ്ടായിരുന്ന പറയര്‍ അഥവാ ‘വള്ളുവര്‍’ പിന്നീട് ജന്മിയുടെ കൃഷിക്കോലികള്‍ ചെയ്യുക, കാളയും കതിരും തേരും കൊണ്ടു കാവുകളില്‍ വരുക എന്നീ ചില അവകാശങ്ങള്‍ മാത്രം അനുവദിച്ചു കൊണ്ടു സ്വന്തം കാവുകളില്‍ നിന്നും ദൈവങ്ങളില്‍ നിന്നും തീണ്ടാപ്പാടകലെ നിര്‍ത്തപ്പെടുകയാണുണ്ടായാത്.[vi]
പാക്കനാരുടെ കഥപോലെ തന്നെ സമ്പത്തിനോട് ആര്‍ത്തിയുള്ളവര്‍ ആയിരുന്നില്ല ഇവര്‍. അന്നന്നത്തെ ജീവിതത്തിന് വേണ്ടത് തേടുകയേ ചെയ്തിരുന്നുള്ളൂ. ഗോത്രജീവിത സംസ്കാരമായിരുന്നിരിക്കാം പറയരും പുലയരും മറ്റു ഗോത്രജാതിക്കാരും സമ്പത്ത് കരുതിവയ്ക്കുന്നതില്‍ നിന്ന് വിമുഖരായതിന് കാരണം. അവരുടെ വീക്ഷണത്തില്‍, പ്രകൃതിയിൽ നിന്നും നേരിട്ട് ശേഖരിച്ച ഭക്ഷിച്ചും, കൃഷിചെയ്ത്, ഉള്ളത് എല്ലാവര്‍ക്കുമായി വീതം വച്ചും സന്തോഷമായി കഴിയുക എന്നതിനായിരുന്നു പ്രാധാന്യം. ഈ വീക്ഷണമായിരിക്കണം പില്ക്കാലത്ത് ഭൂസ്വത്തിന് ഇവര്‍ ഉടമകളാകാതിരുന്നതിന് കാരണം. ആദിവാസി ഗോത്രങ്ങളുടെ ഭൂമി അടുത്തകാലത്തുപോലും നാട്ടുകാര്‍ കൈവശമാക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ അവരുടെ ഇത്തരം മനോഭാവം കാണാം. പറയരുടെ ഇടയില്‍ ഏകദേശം നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലിവിലിരുന്ന കലാരൂപങ്ങളെക്കുറിച്ച് എന്‍.കെ.കമലാസനന്‍ രേഖപ്പെടുത്തുന്നുണ്ട്.[vii] മുടിയാട്ടം, കാളകെട്ട്, കടുവാകളി, പറയന്‍തുള്ളല്‍ എന്നിവയായിരിക്കും അവയില്‍ പ്രധാനം. ഈ കലാരൂപങ്ങളൊക്കെ ഇവര്‍ വീടുകളില്‍ വന്ന് അവതരിപ്പിക്കുന്നത് ലേഖികയും ചെറിയ പ്രായത്തില്‍ കണ്ടിട്ടുണ്ട്.
കലാരൂപങ്ങള്‍
ജീവിതത്തിന്‍റെ നല്ലൊരു സമയം അദ്ധ്വാനത്തിനും ബാക്കി കലയ്ക്കും കൈവേലയ്ക്കും വേണ്ടു മാറ്റി വെച്ചിരുന്നവരായിരുന്നു പറയന്മാര്‍ പൊതുവെ. താളത്തിലും സംഗീതത്തിലും വളരെ പ്രാവീണ്യമുള്ളവരായിരുന്നു ഇവര്‍. ചൂഴാളി ഏഴ് താളങ്ങളും അവര്‍ പാട്ടില്‍ ഉപയോഗിച്ചിരുന്നു. പറ, മരം, തപ്പ്, കിണ്ണം, കുഴല്‍ ഇവയൊക്കെ വായിക്കുന്നതില്‍ പറയര്‍ക്ക് നല്ല വൈദഗ്ധ്യം ഉണ്ടായിരുന്നു.
മുടിയാട്ടം
പറയരുടെ ഇടയില്‍ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും നല്ല കലാബോധവും താളബോധവും ഉണ്ട്. പറയ സ്ത്രീകളുടെ ഒരു അനുഷ്ഠാന നൃത്തം തന്നെയായിരുന്നു മുടിയാട്ടം. മുടി അഴിച്ചിട്ട് തലചുഴറ്റി പാട്ടിനും താളത്തിനുമൊത്ത് ഇരുവശങ്ങളിലേക്കും ആട്ടി കറക്കുന്ന കാഴ്ച മനോഹരമാണ്. തപ്പ്, തുടി, മദ്ദളം എന്നീ വാദ്യോപകരണങ്ങളാണ് മേളത്തിനായി ഉപയോഗിക്കുന്നത്. ‘കാളകെട്ട്’ നടത്തുന്ന സന്ദര്‍ഭത്തില്‍ ‘മരമുടിയാട്ടം’ നടത്താറുണ്ട്. മുടിയാടുന്ന സ്ത്രീ തടിയില്‍ കൊത്തിയെടുത്ത പൊയ്മുഖം അണിയുന്നതു കൊണ്ടാകാം ഇതിന് മരമുടിയാട്ടം എന്ന് പറയുന്നത്. മരമുടിയാട്ടം കളിക്കുമ്പോള്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുമായിരുന്നു. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകുമെന്നാണ് ഇതിന്‍റെ പിന്നിലെ സങ്കല്പം. പിതൃദേവതകള്‍ക്ക് പൂജ ചെയ്ത് മരമുടിയാട്ടമാടി കുരിയാലപ്പെരുമ നിലനിര്‍ത്തിപ്പോന്നു പറയന്മാര്‍.
തിത്തോം- തെയ്താരാ തെയ്താരാ തെയ്തകതാര
തോളിലെ ചെണ്ടകണ്ടേ-തെയ്താരാ
ഞാനൊന്നു മോഹിച്ചടാ
പുല്ലില്ലാ പുല്‍പ്പറമ്പില്‍ തെയ്താരാ
കന്നിതെളിച്ചുവിട്ടേ…
കാളകെട്ട്
പറയരുടെ ആരാധനാ മൂര്‍ത്തി ശിവനാണ്. ശിവനും പാര്‍വതിക്കും അച്ഛനമ്മമാരുടെ സ്ഥാനമാണ് പറയര്‍ കല്പിച്ചിരുന്നത്. കൊയ്ത്ത് കഴിഞ്ഞ് ഉത്സവക്കാലത്ത് ശിവക്ഷേത്രത്തിലേക്ക് കാളയെ എഴുന്നള്ളിക്കുന്നത് പറയരായിരുന്നു. ഇതിന് കാളകെട്ട് എന്നാണ് പറഞ്ഞിരുന്നത്. കച്ചികൊണ്ട് കാളയുടെ രൂപമുണ്ടാക്കി വെള്ളത്തുണി ചുറ്റി കൊമ്പും വാലും വച്ച് കഴുത്തില്‍ മണികെട്ടിത്തൂക്കി ആളുകളുടെ തോളിലേറ്റി ചെണ്ടമേളത്തിനൊത്ത് ചാടിക്കളിച്ചാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്. പോകും വഴി വീടുകളിലെല്ലാം കയറി നെല്ലും പണവുമൊക്കെ നേര്‍ച്ചയായി സ്വീകരിക്കും. ഇങ്ങനെ വീടുകളില്‍ ചെല്ലുമ്പോള്‍ അവിടെ മുടിയാട്ടവും അവതരിപ്പിക്കാറുണ്ട്.
അയ്യപ്പന്‍ കാവിലെ കുട്ടപ്പന്‍കാള
തകതെത്തോം തെയ്താരാ
നമ്മുടെ കാവിലെ കുട്ടപ്പന്‍കാള
തകതെത്തോം തെയ്താരാ
കാളക്കരമണികിങ്ങിണികെട്ടി
തകതെത്തോം തെയ്താരാ
മാനം തൊടും തൊടകൊമ്പുരണ്ടുണ്ടേ
തകതെത്തോം തെയ്താരാ
ഭൂമിതൊടും തൊട പൊക്കിളുമുണ്ടേ
തകതെത്തോം തെയ്താരാ...
ചെണ്ടയുടെ വലംതലയും ഇലത്താളവും കൊട്ടിയാണ് കാളയെ എഴുന്നള്ളിക്കുന്നത്. ഇത് പറയര്‍ക്ക് ശിവ ഭഗവാനോടുള്ള ബന്ധത്തെയും കാര്‍ഷിക വൃത്തിയോടുള്ള ബന്ധത്തെയും ഒരുപോലെ സൂചിപ്പിക്കുന്നു. മാത്രമല്ല പറയരുടെ കരവിരുതിന് നല്ല ഉദാഹരണം കൂടിയാണ് മരമുടിയുടെയും കാളയുടെയും നിര്‍മ്മിതി.
കടുവാകളി
പറയരുടെ ഓണക്കാലത്തെ അവതരണമായിരുന്നു കടുവാകളി. ചെത്തിയെടുത്ത പാളയില്‍ കടുവയുടെ മുഖം വരച്ച് മുഖത്ത് വെച്ചു കെട്ടിയാണ് കടുവാവേഷം ചെയ്യുന്നത്. ദേഹം മുഴുവന്‍ കടുവയെപ്പോലെ മഞ്ഞയും വെള്ളയും കരിയും കൊണ്ട് വരയും പുള്ളിയും വരയ്ക്കും. തോക്കു കയ്യില്‍പ്പിടിച്ച് സായിപ്പിന്‍റെ വേഷത്തിലുള്ള ഒരാളും ഒപ്പം ഉണ്ടായിരിക്കും. ചെണ്ടയുടെയും ഇലത്താളത്തിന്‍റെയും താളത്തിനൊത്ത് കടുവ ചുവടു വയ്ക്കുകയും ഇടയ്ക്ക് ചാടി മറിയുകയും ചെയ്യും. ഒടുവില്‍ സായിപ്പ് കടുവയെ വെടിവച്ച് വീഴ്ത്തുന്നതോടെ അടുത്ത വീട്ടിലേക്ക് കളിക്കാന്‍ പോകും. ചിലപ്പോള്‍ സായിപ്പിനൊപ്പം മദാമ്മയുടെ വേഷവും കെട്ടാറുണ്ട്. ആധുനിക കാലത്ത് പരിഷ്ക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായിട്ടാവാം സായിപ്പും മദാമ്മയും വെടിവയ്പ്പുമൊക്കെ ഈ കലയുടെ ഭാഗമായി മാറിയത്. വീടുകളില്‍ നിന്ന് പണവും അരിയും ഉപ്പേരിയുമൊക്കെ സംഘത്തിന് നല്കാറുണ്ട്. ഒരു പക്ഷേ കുട്ടനാട്ടില്‍ പ്രാദേശികമായി അവതരിപ്പിച്ചിരുന്നതും ആയിരിക്കാം. കുട്ടനാട്ടില്‍ തന്നെ ചില പ്രദേശങ്ങളില്‍, ഓണക്കാലത്ത് വീടുകള്‍ തോറും ചെങ്ങന്നൂരാദിപ്പാട്ട് പാടിയിരുന്നതായി ആവേദക ലക്ഷ്മി പറഞ്ഞുതന്നു.
ഇന്ന് പറയരുടെ ഈ കലാരൂപങ്ങളും പാട്ടുകളുമെല്ലാം വിരളമായേ അരങ്ങേറാറുള്ളൂ. കുറച്ചു വര്‍ഷങ്ങള്‍ മുമ്പു വരെ കാളകെട്ടും മുടിയാട്ടവും ഉണ്ടായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ സാധ്യതയും, ആധുനിക തൊഴിലുകളിലേക്കുള്ള പ്രവേശനവും, അയിത്തവും തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലഘട്ടത്തില്‍ അവരുടെ സ്വത്വത്തെ കുറിച്ചിരുന്ന, ആയിരക്കണക്കിന് വർഷം പഴക്കമുള്ള, വാമൊഴി വഴക്കത്തിന്റെയും, കലാരൂപങ്ങളുടെയും വിജ്ഞാനധാരയുടെയും പാരമ്പര്യവഴികളിൽ നിന്നും ഈ സമുദായം അകലുന്നതിനു ഇടയാക്കി.
ഒടിവിദ്യ
പറയരെക്കുറിച്ചുള്ള കേട്ടുകേഴ്വിയില്‍ ഏറ്റവും പ്രധാനം ഒടിവിദ്യയെക്കുറിച്ചുള്ളതാണ്. വടക്ക് പാലക്കാടന്‍ പ്രദേശങ്ങളിലും കുട്ടനാട്ടിലും പറയര്‍ക്ക് ഒടിവിദ്യ അറിവുള്ളതായി പറഞ്ഞു കേട്ടിരുന്നു. നിമിഷനേരം കൊണ്ട് വേഷം മാറി പോത്തോ കാളയോ ഒക്കെ ആകാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു എന്നും അതിന് മന്ത്രവാദവും ചില ഔഷധങ്ങളും ഒക്കെ ഉപയോഗിച്ചിരുന്നു എന്നുമാണ് പറയപ്പെട്ടിരുന്നത്. ചാപിള്ളയും മറുപിള്ളയുമൊക്കെ ഉപയോഗിച്ചുണ്ടാക്കുന്ന തൈലം പുരട്ടുമെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ പറയജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇ.എസ്.വേലായുധന്‍ തന്‍റെ പുസ്തകത്തില്‍ ഇത് നിഷേധിക്കുന്നുണ്ട്.[viii]
“ഒടിവിദ്യ എന്നത്, മികച്ച ഒരു ആയോധനാ അഭ്യാസിയുടെ ‘ചൂണ്ടുമര്‍മ്മ’ വിദ്യ പോലെയുള്ള ഒരു അടവ് മാത്രമാകാം” എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കറന്‍റും ആധുനിക നാഗരിക സൗകര്യവും ഒന്നുമില്ലാതിരുന്ന അക്കാലത്ത് രാത്രികാലങ്ങളില്‍ ഇരുട്ടിന്‍റെ മറവില്‍ ആളുകളെ ഭയപ്പെടുത്തി ആക്രമിക്കാന്‍ എളുപ്പമായിരുന്നു. അതുകൊണ്ട് ദുരൂഹമരണങ്ങളൊക്കെ ഒടിയനടിച്ചതാണെന്ന് വിശ്വസിപ്പിക്കാന്‍ എളുപ്പമായിരുന്നു. “നിമിഷ നേരംകൊണ്ട് പൂച്ചയാവാനും പോത്താവാനും കാളയാവാനും സാധാരണമനുഷ്യര്‍ക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ കഴിയുമായിരുന്നു എങ്കില്‍. പറയര്‍ തങ്ങള്‍ക്കെതിരെ നിന്നവരെയെല്ലാം നശിപ്പിച്ച് ഈ നാടുമുഴുവന്‍ ഭരിക്കുമായിരുന്നില്ലേ” എന്ന അഭിപ്രായം ശ്രദ്ധേയമാണ്.[ix] നല്ല കരുത്തും കായികാഭ്യാസവും ഉണ്ടായിരുന്ന ഇവര്‍ തങ്ങളുടെ യജമാനന്മാരായിരുന്ന ജന്മികളുടെ ആജ്ഞാനുവര്‍ത്തികളായിരുന്നു.
നെയ്ത്തുവിദ്യ
കൃഷിപ്പണികളില്‍ പുലയര്‍ക്കുള്ളത്ര പ്രാവിണ്യമോ പ്രാധാന്യമോ പറയുര്‍ക്കുണ്ടായിരുന്നതായി കണക്കാക്കിയിരുന്നില്ല. കട്ടകുത്തലും, ഈടുമാട് കുത്തലും, വരമ്പുകുത്തലുമൊക്കെയാണ് ഇവര്‍ പ്രധാനമായി ചെയ്തിരുന്നത്. സ്ത്രീകള്‍ക്കാകട്ടെ നെയ്ത്തുവിദ്യയിലായിരുന്നു പ്രാവീണ്യം കൂടുതല്‍. നെല്‍കൃഷിയോട് ബന്ധപ്പെട്ടാണ് നെയ്ത്തു ജോലികള്‍ കൂടുതല്‍ ചെയ്തിരുന്നത്. കൃഷിക്കു വേണ്ട ചെറിയ പായ, ചിക്കുപായ, പനമ്പ്, പലതരത്തിലുള്ള കുട്ടകള്‍- പുഴുക്കുട്ട, ഒരുപറക്കുട്ട, മുപ്പറക്കുട്ട, നാലുമൂലക്കുട്ട, തള്ളുക്കുട്ട, കൂടക്കുട്ട, മീന്‍ക്കുട്ട, എന്നിവ കൃഷി ആവശ്യങ്ങള്‍ക്കും ചോറ്റുകുട്ട, മണക്കുട്ട, തേക്കൊട്ട, മുറം, അരിപ്പമുറം എന്നിവ വീട്ടാവശ്യങ്ങള്‍ക്കും വേണ്ടി നെയ്തിരുന്നു. ഇവയെല്ലാം ഈറ, തഴ, വട്ടിപ്പുല്ല്, വഴുക എന്നിവകൊണ്ടാണ് നെയ്തിരുന്നത്.
പാട്ടും കൊട്ടും ആട്ടവും പോലെ തന്നെ കരവിരുതിലും ഇവര്‍ പാരമ്പര്യമായി വിദഗ്ദരായിരുന്നു. പറയര്‍ക്ക് തറവാടുകളില്‍ പ്രത്യേക അവകാശങ്ങള്‍ ഉണ്ടായിരുന്നു. കൃഷി ആവശ്യത്തിനും വിവാഹം ഓണം തുടങ്ങിയ വിശേഷങ്ങള്‍ക്കും ആവശ്യമായ കുട്ടയും വട്ടിയും മുറവും ഒക്കെ നെയ്തുകൊടുത്തിരുന്നത് പാരമ്പര്യമായി ആ നാട്ടിലെ പറയ കുടുംബങ്ങളാണ്. എന്നിരുന്നാലും മേല്‍ജാതിക്കാര്‍ക്ക് ഇവരോടുണ്ടായിരുന്ന മനോഭാവത്തെക്കുറിച്ച് ചില നാടന്‍ പാട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഊപ്പമറത്തിടിച്ച കലത്തി-
പ്പൊരിച്ചെടുത്തവലുകൊള്ളാവെ
മേലൂട്ടുകാരുക്കെന്നെക്കാണുമ്പം
ഛര്‍ദ്ദിലോക്കാനം.
എന്‍റെ പുള്ളനെയ്യണ മട്ടിക്കൊള്ളാവെ
പുട്ടകൊള്ളാവെ
മേലൂട്ടുകാറുക്കെന്നെക്കാണുമ്പം
ഛര്‍ദ്ദിലോക്കാനം.
പറയഭാഷ
പറയര്‍ക്കിടയില്‍ സ്വന്തമായ ഒരു ഭാഷതന്നെ നിലനിന്നു പോന്നിരുന്നു. ഇതിനെ ‘പയര്‍’ എന്നാണ് പറഞ്ഞിരുന്നത്. ഇതൊരു രഹസ്യഭാഷയാണ്. രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ പറയുന്നതിന് വേണ്ടിയാണ് ഈ ഭാഷ ഉപയോഗിച്ചിരുന്നത്. ഒരു പക്ഷേ ഇത് അവരുടെ ഗോത്രഭാഷ ആയിരുന്നിരിക്കാം എന്നാല്‍ ഇന്ന് ഈ ഭാഷയില്‍ പൂര്‍ണമായി ആശയ വിനിമിയം നടത്താന്‍ അിറവുള്ളവര്‍ ഇല്ലെന്നാണ് അറിവ്. പയര്‍ ഭാഷയില്‍ പറയന്‍ 'പാളുവന്‍' ആണ്. പറയ സ്ത്രീ പാളോത്തിയും. കുട്ടനാട്ടിൽ ലേഖിക അഭിമുഖ സംഭാഷണങ്ങൾ നടത്തിയപ്പോൾ ഒരു ആവേദക പറഞ്ഞുതന്ന കുറേ പദങ്ങളും അതിന്‍റെ അര്‍ത്ഥവും താഴെ ചേര്‍ക്കുന്നു:
പെറ്റിക്കാ = ചോറ്
വാലാട്ടി = മീന്‍
നടവരാട്ട് = നടയ്ക്കല്‍
അനമ്പ് = കള്ള്
അനിമ്പങ്ങള്‍ = കള്ളുകുടിയന്മാര്‍ (ക്രിസ്ത്യാനി എന്നും അര്‍ത്ഥം)
കൂമ്പാളി = പൊലീസ്
മടലികള്‍ = ഈഴവര്‍
ഒടിമ്പക്കോല് = വടി
മെറ്റുക = പറയുക
ഒടമ്പിരാട്ട് = തല്ല്
ചൊണ്ണിക്കോ = ഓടിക്കോ
ചേപ്പ = ഇറച്ചി
പുറുമ = പോട്ടി
മെമ്മണിക്കാ = തേങ്ങാ
പഴയകാല സാമൂഹ്യാവ്യവസ്ഥകളില്‍ രൂപപ്പെടുത്തിയ രഹസ്യ ഭാഷയാണോ അതോ ഗോത്രഭാഷയുടെ ശേഷിപ്പാണോ ഇതെന്ന് വ്യക്തമല്ല.
[i] ശ്രീധരമേനോന്‍, കേരളചരിത്രം, 71.
[ii] കുഞ്ഞന്‍പിള്ള, തെരഞ്ഞെടുത്ത കൃതികള്‍, 357–58, 388.
[iii] Ibid., 388, 391.
[iv] ചുങ്കത്ത്, പറയിപെറ്റ പന്തിരുകുലം, 54.
[v] കമലാസനന്‍, കുട്ടനാടും കര്‍ഷക തൊഴിലാളി പ്രസ്ഥാനവും, 36.
[vi] വേലായുധന്‍, പറയജീവിതത്തിന്‍റെ അടയാളങ്ങള്‍, 52.
[vii] കമലാസനന്‍, കുട്ടനാടും കര്‍ഷക തൊഴിലാളി പ്രസ്ഥാനവും, 38, 259.
[viii] വേലായുധന്‍, പറയജീവിതത്തിന്‍റെ അടയാളങ്ങള്‍, 30.
[ix] Ibid.
സഹായക ഗ്രന്ഥങ്ങള്‍
കമലാസനന്‍, എന്‍.കെ. കുട്ടനാടും കര്‍ഷക തൊഴിലാളി പ്രസ്ഥാനവും. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്ടിട്യുട്ട്, 1999.
കുഞ്ഞൻ പിള്ള, ഇളംകുളം. ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ. തിരുവനന്തപുരം: ഇന്റർനാഷണൽ സെന്റർ ഫോർ കേരളാ സ്റ്റഡീസ്, 2005
ചുങ്കത്ത്, രാജന്‍. പറയിപെറ്റ പന്തിരുകുലം: ഐതിഹ്യവും ചരിത്രവും. കോട്ടയം: ഡി.സി. ബുക്സ്, 2013.
വേലായുധന്‍, ഇ.എസ്. പറയജീവിതത്തിന്‍റെ അടയാളങ്ങള്‍. കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി, 2018.
ശ്രീധരമേനോൻ, എ. കേരളചരിത്രം. കോട്ടയം: ഡി.സി. ബുക്സ്, 2007.