കുട്ടനാട്ടിന്‍റെ സാംസ്കാരിക ജീവിതം: ഒരാമുഖം

in Overview
Published on:

ഡോ ആർ. ഗീതാ ദേവി (Dr R. Geetha Devi)

ശ്രീശങ്കര സംസ്കൃത സർവ്വകലാ ശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഡോ. ആർ. ഗീതാ ദേവി. കഴിഞ്ഞ 22 വർഷമായി അധ്യാപന രംഗത്തു പ്രവർത്തിക്കുന്ന ഗീതാദേവി നാല് പുസ്തകങ്ങളുടെ രചനയിൽ പങ്കാളിയായിട്ടുണ്ട്. നിരവധി ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇവർ ദേശീയവും അന്തർദേശീയവുമായ സെമിനാറുകളും കോൺഫറൻസുകളിലും പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. കവിതയും ഫോക്‌ലോറും ആണ് വൈദഗ്ധ്യമുള്ള അക്കാദമിക മേഖലകൾ.

ഗോത്രജീവിതം മുതല്‍ മനുഷ്യര്‍ രൂപപ്പെടുത്തിയ സംസ്കാരവും കലാരൂപങ്ങളും പാട്ടുകളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം കാലത്തിനൊപ്പം പരിണമിച്ചുകൊണ്ടേയിരിക്കുന്നു. സാമൂഹ്യ ജീവിതത്തിന്‍റെ ബാഹ്യതലത്തില്‍ അടയാളങ്ങള്‍ കാണാമെങ്കിലും സമൂഹസത്തയുടെ ആന്തരികതയാണ് ഇവയുടെ അടിസ്ഥാനം നിലനില്‍ക്കുന്നത്. സങ്കീര്‍ണ്ണമായ സാമൂഹ്യ കെട്ടുപാടുകളില്‍ നിന്നും ബഹുമുഖമായ സാംസ്ക്കാരിക സ്വത്വങ്ങളില്‍ നിന്നും ഇവയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യുക പ്രയാസമുള്ള കാര്യമാണ്. ഒരു സംസ്കാരം പാടേ മാറിപ്പോയിരിക്കുന്നു എന്ന് നാം തിരിച്ചറിയുന്നതുപോലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാവാം. ഇതിനിടയില്‍ എന്തെല്ലാം നഷ്ടപ്പെട്ടു എന്തെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നൊക്കെ കുറച്ചെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നത് പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഇടയിലുള്ള കണ്ണികള്‍ക്കായിരിക്കും.

ജീവിച്ചുപോകുന്ന ഓരോ സമൂഹവും അവരുടെ സാമൂഹ്യജീവിതത്തെ ജീവിതവ്യമാക്കാനുള്ള ഉപാധികളായിട്ടാണ് കലയും അനുഷ്ഠാനങ്ങളുമൊക്കെ രൂപപ്പെടുത്തിയത്. നമ്മള്‍ ഇന്ന് പാരമ്പര്യത്തിന്‍റേതെന്ന് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതെന്തും പൈതൃക സംസ്കാരത്തിന്‍റെ ഭാഗമാണ്. ബാഹ്യതലത്തില്‍ എത്ര രേഖപ്പെടുത്തിയാലും രേഖപ്പെടുത്താനാവാത്ത ചില ഘടകങ്ങള്‍ ഇതില്‍ അന്തര്‍ലീനമാണ്. സമൂഹത്തിന്‍റെ ബോധസത്തയിലൂടെ പകര്‍ന്നു പോരുന്ന അവയാകട്ടെ ഓരോ പ്രദേശത്തെയും ഭൂപ്രകൃതി, ജീവിതരീതി, തൊഴില്‍, ഭാഷ എന്നിവയോടൊക്കെ ബന്ധപ്പെട്ട് വ്യത്യസ്തമായിരിക്കും. ഇത്തരം ഘടകങ്ങളെ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാനോ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനോ പ്രയാസവുമായിരിക്കും. ഒരു സമൂഹം പലപ്പോഴും അവയെ മൂല്യാധിഷ്ഠിതമായി തിരിച്ചറിയുന്നില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ആധുനിക വിദ്യാഭ്യാസം വളരെയൊന്നും സിദ്ധിച്ചിട്ടില്ലാത്ത സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതാവസ്ഥകളുടെ ഭാഗമാണ് അതിനുള്ളിലെ ആനന്ദത്തിന്‍റെയും വിശ്വാസാനുഷ്ഠാനങ്ങളുടെയുമൊക്കെ ആവിഷ്കാരഭേദങ്ങള്‍. അതുകൊണ്ടാണ് ജീവിത സാഹചര്യങ്ങള്‍ മാറുമ്പോള്‍ അവര്‍ പോലുമറിയാതെ ഇത്തരം കാര്യങ്ങളെ കൈവെടിയുന്നതും പുതിയ സാമൂഹ്യക്രമങ്ങള്‍ക്ക് അനുയോജ്യമായവ സ്വീകരിക്കുന്നതും.

കുട്ടനാട്ടിലെ നാടന്‍ കലകളും പാട്ടുകളും
മനുഷ്യന്‍റെ ജൈവിക ആവാസ വ്യവസ്ഥയില്‍ നിന്നാണ് കലയും സാഹിത്യവും പിറക്കുന്നത്. അതിന് പ്രകൃതിയുമായും ജീവിത രീതികളുമായും അടുത്ത ബന്ധമുണ്ട്. ജീവിതത്തിലെ താളവും സംഗീതവുമാണ് കലകളിലും പാട്ടുകളിലും ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. പ്രാചീനകാലത്ത് നൃത്തവും സംഗീതവുമെല്ലാം അത്രകണ്ട് നൈസര്‍ഗ്ഗികമായിരുന്നു. ഓരോ പ്രദേശത്തിന്‍റെയും ജീവിതവുമായി ബന്ധപ്പെട്ട് അവിടുത്തെ സംസ്കാരം രൂപപ്പെടുകയും ആ സംസ്കാരത്തിന്‍റെ ഉറവകളില്‍ നിന്ന് കലകള്‍ രൂപപ്പെടുകയും ചെയ്തു. പ്രാക്തനമായ ഏതു കലാരൂപത്തിലും  ഇത് വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം ജൈവിക കലകള്‍ക്ക് പ്രാദേശിക സംസ്കൃതിയുമായും ഭൂപ്രകൃതിയുമായും അഭേദ്യബന്ധമുണ്ട്.

കുട്ടനാട്ടിലെ പാരമ്പര്യ കലകളെയും പാട്ടുകളെയും കുറിച്ച് പഠിക്കുമ്പോള്‍ അവിടുത്തെ സാംസ്കാരിക സവിശേഷതകളെക്കൂടി രേഖപ്പെടുത്തേണ്ടത് ആവശ്യമാണ്. ഭൂപ്രകൃതിയിലും ജീവിത രീതിയിലും കേരളത്തിന്‍റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് ഭിന്നമായ ഈ നാടിന് വളരെ പ്രാചീനമായ സംസ്കാരമാണുള്ളത്.

കുട്ടനാട്: ചരിത്രവും സംസ്കാരവും
ചരിത്രാതീതകാലം മുതലുള്ള ഐതിഹ്യങ്ങളുറങ്ങുന്ന മണ്ണാണ് കുട്ടനാട്. കുട്ടനാടിനെക്കുറിച്ചുള്ള പ്രധാന ഐതിഹ്യം മഹാഭാരതത്തിലെ ആദിപര്‍വത്തില്‍ വിവരിക്കുന്ന ഖാണ്ഡവവന ദഹനത്തോട് ബന്ധപ്പെട്ടതാണ്. അഗ്നിദേവന് അജീര്‍ണ്ണം ബാധിച്ചപ്പോള്‍ രോഗശമനത്തിനായി ബ്രഹ്മാാവിനെ അഭയം പ്രാപിക്കുകയും ധാരാളം ഔഷധങ്ങള്‍ നിറഞ്ഞ ഖാണ്ഡവവനം ഭക്ഷിച്ചാല്‍ അജീര്‍ണം മാറുമെന്ന് ബ്രഹ്മാവ് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് അഗ്നി ഖാണ്ഡവത്തെ ഭക്ഷിച്ചു തുടങ്ങി. ആ കാടിനുള്ളില്‍  ഭാര്യയോടും മക്കളോടുമൊത്ത് വസിച്ചിരുന്ന തക്ഷകന്‍റെ അപേക്ഷയനുസരിച്ച് സുഹൃത്തായ ദേവേന്ദ്രന്‍ ശക്തമായ മഴ പെയ്യിച്ച് തീയണച്ചു. പിന്നീട് അഗ്നി കൃഷ്ണാര്‍ജുനന്മാരെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. അര്‍ജുനന് ഗാണ്ഡീവം എന്ന വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും ശ്രീകൃഷ്ണന് ചക്രായുധവും അഗ്നി സമ്മാനിച്ചു. തുടര്‍ന്ന് വനം ഭക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്‍ മഴ പെയ്യിക്കാന്‍ ഒരുങ്ങിയെങ്കിലും അര്‍ജ്ജുനന്‍ ശരകുടം തീര്‍ത്ത് അഗ്നിയെ സഹായിച്ചു.[i]  ഇങ്ങനെ ചുട്ടനാട് കുട്ടനാടെന്ന് പറയപ്പെടുന്നു ഇതാണ് കുട്ടനാടിന്‍റെ  സ്ഥലപുരാണം. ഈ കഥയോട് ചേര്‍ത്താണ് കുട്ടനാടിന്‍റെ ഭാഗമായ മണ്ണാറാശ്ശാല നാഗരാജ ക്ഷേത്രത്തെക്കുറിച്ച് പറയാറുള്ളത്. ഖാണ്ഡവവനം ദഹിച്ചപ്പോള്‍ ഘോരാഗ്നിയില്‍ നിന്ന് രക്ഷപ്പെട്ട് പാമ്പുകള്‍ കൂട്ടത്തോടെ ഓടിയെത്തിയ ഭൂമിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വലിയ മരങ്ങളും ചൂരല്‍ക്കാടുകളും കാവുകളും സര്‍പ്പ പ്രതിഷ്ഠയും സര്‍പ്പാരാധനയും ഇവിടുത്തെ പ്രത്യേകതയാണ്.

ഖാണ്ഡവ ദഹനത്തിനു ശേഷം ഈ പ്രദേശം വളരെക്കാലം കടലിനടിയിലായിരുന്നു എന്നാണ് സങ്കല്പം. കുട്ടനാട്ടിലെ കരിനിലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള വന്മരങ്ങളുടെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങളാണ് ഈ വിശ്വാസത്തിന് തെളിവായി നിരത്തുന്നത്. കുട്ടനാട്ടില്‍ മാത്രം കാണുന്ന കരിനിലങ്ങളുടെ കാരണം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു. കുട്ടനാട്ടില്‍ 18 കരികളാണ് ഉള്ളത്. കൈനകരി, പടിഞ്ഞാറെ ചേന്നങ്കരി, ചതുര്‍ത്ഥ്യാകരി, കിഴക്കെ ചേന്നംകരി, കുന്നംകരി, കുമരംകരി, മിത്രക്കരി, മാമ്പുഴക്കരി, രാമങ്കരി, പുതുക്കരി, ഊരുക്കരി, തായംകരി, ചങ്ങങ്കരി, പാണ്ടങ്കരി, അമിച്ചങ്കരി പടിഞ്ഞാറ്, അമിച്ചങ്കരി കിഴക്ക്, കണ്ടങ്കരി, ചാത്തങ്കരി എന്നിവ കുട്ടനാട് താലൂക്കിലും ചാത്തങ്കരിയും, അമിച്ചങ്കരി കിഴക്കും ഇപ്പോള്‍ തിരുവല്ല താലൂക്കിലുമാണ്.

സംഘകാലം മുതലാണ് പിന്നീട് കുട്ടനാടിന്‍റെ ചരിത്രം അറിവാകുന്നത്. പതിറ്റുപ്പത്തിലെ ആദ്യത്തെ പത്തു പാട്ടുകള്‍ ഒന്നാം ചേരവംശസ്ഥാപകനായ ഉതിയന്‍ ചേരന്‍ ആതനെക്കുറിച്ചുള്ളതാണ്. അദ്ദേഹത്തിന്‍റെ ആസ്ഥാനം കുട്ടനാട്ടിലെ ‘കുഴമൂര്‍’ ആയിരുന്നു. ചേരരാജാക്കന്മാരെ കുട്ടനാട്ടുകാര്‍ എന്ന അര്‍ത്ഥത്തില്‍ ‘കുട്ടുവന്മാര്‍’  എന്ന് വിളിച്ചിരുന്നു.[ii] വേണാടിനു വടക്ക് കൊല്ലം ജില്ലയിലെ കുറെ ഭാഗങ്ങളും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളും ചേര്‍ന്നതായിരുന്നു പഴയ കുട്ടനാട്. സംഘകാലത്ത് കേരളം കുട്ടം, കുടം, കര്‍ക്ക, വേണ്‍, പൂഴി എന്നിങ്ങനെ അഞ്ചു നാടുകളായി തിരിക്കപ്പെട്ടിരുന്നു. അതില്‍ കുട്ടം എന്നറിയപ്പെടുന്ന നാടാണ് കുട്ടനാട്.

രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ കാലത്ത് കുട്ടനാടിന്‍റെ തെക്കു ഭാഗങ്ങള്‍ ഉള്‍പ്പെട്ട ഭൂവിഭാഗം 'വെമ്പൊലിനാട്’ എന്നാണ് അറിയപ്പെട്ടിരുന്നത്. വെമ്പൊലിനാടിന്‍റെ പേരില്‍ നിന്നാണ് വേമ്പനാട്ടു കായല്‍  എന്ന പേരു ലഭിച്ചതെന്നും പറയപ്പെട്ടുന്നു.[iii] ഏ.ഡി.1100-ല്‍ വെമ്പൊലിനാട് തെക്കുംകൂര്‍ എന്നും വടക്കുംകൂര്‍ എന്നും വിഭജിക്കപ്പെട്ടു. തെക്കുംകൂറില്‍ നിന്ന് വേര്‍പെട്ടാണ് ചെമ്പകശ്ശേരി  നാട്ടുരാജ്യം രൂപപ്പെട്ടത്. ഇന്നത്തെ അമ്പലപ്പുഴ താലൂക്കും കുട്ടനാട് താലൂക്കും ചേര്‍ന്നതായിരുന്നു ചെമ്പകശ്ശേരി രാജ്യം. ചെമ്പകശ്ശേരിയോട് ചേര്‍ന്ന ചെറിയ നാട്ടുരാജ്യമായിരുന്നു പുറക്കാട്. പിന്നീട് ഈ നാട് ചെമ്പകശ്ശേരിയോട് ചേര്‍ക്കപ്പെട്ടു. കേരളത്തിലെ പ്രാചീന തുറമുഖങ്ങളില്‍ പ്രധാനപ്പെട്ടവ മുസിരിസും ബറക്കെയും ആയിരുന്നു. റോമന്‍ ചരിത്രകാരനായ പ്ലീനിയുടെ വിവരണങ്ങളില്‍ നിന്ന് ബറക്കെ തുറമുഖത്ത് കൊട്ടനോറയില്‍ നിന്ന് ധാരാളം കുരുമുളക് എത്തിയിരുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.[iv] ബാരിസ് നദീമുഖത്തുള്ള തുറമുഖമായ ബറക്കെ, പുറക്കാട് ആണെന്നും ബാരിസ് പമ്പാനദിയാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പമ്പയുടെ തീരത്തുള്ള ഫലഭൂയിഷ്ഠവും കുരുമുളകിന് കീര്‍ത്തികേട്ടതുമായ ‘കൊട്ടനോറ’ കുട്ടനാടാണെന്ന് വിശ്വസിക്കപ്പെടുന്നു.[v]  കുട്ടനാടിന്‍റെ ദേശവിസ്തൃതി പില്‍ക്കാലത്ത് ചുരുങ്ങിപ്പോയി. ഉയര്‍ന്ന പ്രദേശങ്ങള്‍ അപ്പര്‍ കുട്ടനാടെന്നും താഴ്ന്ന പ്രദേശങ്ങള്‍ ലോവര്‍ കുട്ടനാടെന്നും വിളിക്കപ്പെട്ടു. ഇന്ന് ആലപ്പുഴ ജില്ലയിലെ 14 വില്ലേജുകള്‍ മാത്രമാണ് കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെടുന്നത്. ചമ്പക്കുളം, എടത്വ, കൈനകരി വടക്ക്, കൈനകരി തെക്ക്, കാവാലം, കുന്നുമ്മ, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട്.

പില്‍ക്കാലത്ത് കടല്‍മാറി കരയായതാണ് കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളും. ചേര്‍ത്തലപോലുള്ള സ്ഥല നാമങ്ങള്‍ ഇത് സൂചിപ്പിക്കുന്നു. കടല്‍ മാറി കര വച്ചപ്പോള്‍ രൂപം കൊണ്ടതാണ് വേമ്പനാട്ടുകായല്‍. ഇന്ന് കാണുന്ന രീതിയിലുള്ള വേമ്പനാട്ടുകായല്‍ രൂപം കൊണ്ടിട്ട് 2000 വര്‍ഷങ്ങളേ (ഏ.ഡി. നാലാം നൂറ്റാണ്ടില്‍) ആയിട്ടുള്ളൂ. ഏ.ഡി 1341-ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ ഉണ്ടായി.[vi] ലോവര്‍കുട്ടനാട്ടിലെ തറകളെല്ലാം കട്ടകുത്തി ചതുപ്പ് നികത്തിയെടുത്ത പുരയിടങ്ങളാണ്. ഏ.ഡി. 12-ാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജാവായിരുന്ന കുമരന്‍ ഇയക്കന്‍ ഇവിടെ പ്രശസ്തമായ രീതിയില്‍ നെല്‍കൃഷി നടത്തിയിരുന്നതായി തിരുവല്ലാശാസനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.[vii]  രാജാവ് വെള്ളോന്മാരെക്കൊണ്ട് കട്ടകുത്തിച്ച് തരിശായി കിടന്ന ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കിയെന്ന് ഈ ഗ്രന്ഥവരിയില്‍ പറയുന്നു. കുട്ടനാട്ടില്‍ കാണുന്ന ഭൂപ്രകൃതിയുടെയും ജീവിതരീതിയുടെയും സവിശേഷതകള്‍ മനസ്സിലാക്കണമെങ്കില്‍ ഈ ചരിത്രവസ്തുതകളെക്കൂടി മനസ്സിലാക്കിയേ മതിയാകൂ.

അവിടുത്തെ കൃഷിനിലങ്ങള്‍ മൂന്നുതരമാണ്. മറ്റുപ്രദേശങ്ങളില്‍നിന്ന് ഉയര്‍ന്ന കരനിലങ്ങള്‍, സമുദ്രനിരപ്പില്‍ നിന്ന് ഒന്നര മീറ്ററോളം താഴ്ചയുള്ള ചതുപ്പാര്‍ന്ന കരിനിലങ്ങള്‍, രണ്ടു മീറ്ററോളം താഴ്ചയുള്ള കായല്‍ നിലങ്ങള്‍. ഈ കായല്‍ നിലങ്ങള്‍ വേമ്പനാട്ടുകായലില്‍ നിന്ന് കട്ടകുത്തി ചിറകെട്ടി നെല്‍കൃഷിക്ക് ഉപയുക്തമാക്കിയവയാണ്. ചാലയില്‍ ഇരവി കേശവപ്പണിക്കരാണ് ഈ കൃഷിരീതിക്ക് തുടക്കമിട്ടത്.[viii] പിന്നീട് മുരിക്കുംമൂട്ടില്‍ ജോസഫ് ഔതച്ചന്‍ (മുരിക്കന്‍) ‘റാണി ചിത്തിര’, ‘മാര്‍ത്താണ്ഡം’ തുടങ്ങിയ കായലുകള്‍ കുത്തിച്ചു. 600 ഉം 700 ഉം ഏക്കറുകള്‍ വരുന്ന ഈ കായല്‍ നിലങ്ങള്‍ കുത്തി നികത്തിയതും ചക്രം ചവിട്ടി വെള്ളം വറ്റിച്ച് കൃഷിനടത്തി വിളവ് നെല്ലറകളില്‍ എത്തിച്ചതും കുട്ടനാട്ടിലെ അധഃസ്ഥിത ജനവിഭാഗമാണ്; പ്രത്യേകിച്ച് അവിടുത്തെ പുലയരും പറയരും. നമ്മുടെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്താതെ പോയ വീരസാഹസികതയുടെ ചരിത്രമാണ് കുട്ടനാടന്‍ മനസ്സിനുള്ളത്.

പ്രാചീനകാലത്ത് കേരളത്തില്‍ ബുദ്ധജൈനമതങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിരുന്നപ്പോള്‍ അതിന്‍റെ പ്രധാനകേന്ദ്രങ്ങളായിരുന്നു കുട്ടനാട്ടിലെ പല പ്രദേശങ്ങളും. മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ പലഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള ബുദ്ധവിഗ്രഹങ്ങള്‍ ഇതിന് തെളിവാണ്. ദക്ഷിണേന്ത്യയിലെതന്നെ പ്രധാന ബുദ്ധകേന്ദ്രമായിരുന്ന ശ്രീമൂലവാസം, അമ്പലപ്പുഴയ്ക്കും തൃക്കുന്നപ്പുഴയ്ക്കും ഇടയ്ക്കായിരുന്നു എന്ന് കരുതപ്പെടുന്നു. എട്ടാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കുന്ന, കരുമാടി തോട്ടില്‍ നിന്നുലഭിച്ച കരുമാടിക്കുട്ടന്‍റെ വിഗ്രഹം (അമ്പലപ്പുഴയില്‍ കരുമാടിയില്‍ സ്ഥാപിച്ചിട്ടുള്ളത്) കരിങ്കല്ലില്‍ കൊത്തിയ ബുദ്ധപ്രതിമയാണെന്നും അത് ശ്രീമൂലവാസത്തിന്‍റെ ഭാഗമായിരുന്നിരിക്കാം എന്നും ചരിത്രകാരന്മാര്‍ കരുതുന്നു.[ix] ക്ഷേത്രമോ, വിഗ്രഹ പ്രതിഷ്ഠയോ കൊടിമരങ്ങളോ താന്ത്രിക പൂജാരീതികളോ ഇല്ലാത്ത ഓച്ചിറയും ബുദ്ധസങ്കേതമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രാഹ്മണമതത്തിന്‍റെ ആധിപത്യത്തോടെ ബുദ്ധജൈനവിഹാരങ്ങളെല്ലാം ഹൈന്ദവക്ഷേത്രങ്ങളാക്കി മാറ്റപ്പെട്ടു എന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. ബ്രാഹ്മണമതത്തിന്‍റെ ആചാരമര്യാദകളില്‍ നിന്ന് വേറിട്ട ദ്രാവിഡവര്‍ഗ്ഗമായിരുന്നു കുട്ടനാട്ടിലെ അധഃസ്ഥിത ജനവിഭാഗങ്ങള്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പുലയരും പറയരും പാണരും വേലന്മാരും കണിയാന്മാരും ഈഴവരുമൊക്കെ അവരവരുടേതായ ജാതി സംസ്കാരത്തെ പുലര്‍ത്തിപ്പോന്നവരാണ്. അവരുടെ ആരാധനാ രീതികളും കലാരൂപങ്ങളും ഇതിലേക്ക് വെളിച്ചം പകരാന്‍ സഹായകമാണ്.

ഫ്യൂഡല്‍ കാലഘട്ടത്തോടെയാണ് ഏതാണ്ട് എട്ടാം നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ ജാതി വ്യവസ്ഥിതി സങ്കീര്‍ണ്ണമായിത്തീരുന്നത്. ക്രമേണ സമൂഹത്തില്‍ സംജാതമായ ജാതീയത, വരേണ്യ വിഭാഗത്തെ മിക്കവാറും ഫ്യൂഡല്‍ പ്രഭുക്കന്മാരായി വളര്‍ത്തുകയായിരുന്നു. ഭൂസ്വത്തുക്കളിലധികവും നാടുവാഴിപ്രഭുക്കന്മാരുടെ അധീനതയിലും അവരോടു ബന്ധപ്പെട്ട ക്ഷേത്രങ്ങളുടെ വകയും ആയിരുന്നു. ക്ഷേത്രാധിഷ്ഠിത ജീവിതാവസ്ഥയായിരിക്കാം ക്ഷേത്രങ്ങള്‍ക്ക് ധാരാളം സ്വത്തുവകകള്‍ കൈവന്നതിന് കാരണമായത്. ഇതിന്‍റെ മേല്‍നോട്ടവും പ്രഭുക്കന്മാര്‍ക്കു തന്നെ ആയിരുന്നു. ഈ സാഹചര്യത്തില്‍ ക്ലേശകരമായ തൊഴിലുകള്‍ ചെയ്ത് ജീവിച്ച ഗോത്രവിഭാഗം ഭൂമിയുടെ ഉടമകളല്ലാതെയാവുകയും സാമൂഹികമായി താഴ്ന്ന സ്ഥാനത്തേക്ക് നീക്കി നിര്‍ത്തപ്പെടുകയും ചെയ്തിരിക്കാം. പ്രഭുക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളായി അവര്‍ സ്വയം ഒതുങ്ങുന്ന കാഴ്ചയാണ് അധഃസ്ഥിതരുടെ ജീവിത ചരിത്രം നമുക്ക് കാണിച്ചു തരുന്നത്.

ജാതിപരമായ ഈ ഭിന്നതയ്ക്ക് മറ്റ് ചില വശങ്ങളും ഉണ്ടായിരുന്നു എന്ന് കണ്ടെത്താം. ഗോത്രപരവും വംശീയവുമായ ജ്ഞാന പാരമ്പര്യത്തെ ഓരോ ഗോത്രവും നിലനിര്‍ത്തിപ്പോന്നു. വംശീയ കലാപാരമ്പര്യത്തെ നിലനിര്‍ത്തുകയും പരിഷ്ക്കരിക്കുകയും പകര്‍ന്നു പോരുകയും ചെയ്ത് പോന്നു. ഗോത്രപരമായ ആരാധനാ രീതികളും വിശ്വാസങ്ങളും മറ്റ് സംസ്കാരങ്ങളുമായി കൂടിക്കലരാതെ ഇവര്‍ പുലര്‍ത്തിപ്പോന്നു.

ജീവിതത്തെക്കുറിച്ച് ഇവര്‍ പുലര്‍ത്തിയിരുന്ന ദര്‍ശനം ഒരു പക്ഷെ ഇന്നും വരേണ്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായ, വിശാലമായ മാനവികതയില്‍ ഊന്നുന്നതായതിന് കാരണം ഇതായിരിക്കണം. പാക്കനാരുടെ കഥ ഇതിനു നല്ല ഉദാഹരണമായിപ്പറയാം. അന്നന്നത്തെ ആഹാരം ശേഖരിക്കുന്ന ശീലം അതിനപ്പുറം തേടാത്ത, പ്രകൃതിയെ ചൂഷണം ചെയ്യാത്ത പ്രകൃതി ജീവനം നയിക്കുന്ന ഇവരുടെ ജീവിത രീതി തന്നെയാണ് സമൂഹത്തില്‍ ഇവരെ ദരിദ്രരും അധഃസ്ഥിതരുമാക്കി മാറ്റിയതെന്ന് പറയാം.

സംഘകാലത്ത് ജാതി നിര്‍ണ്ണയിക്കപ്പെട്ടിരുന്നത് മനുഷ്യര്‍ ചെയ്യുന്ന തൊഴില്‍ അനുസരിച്ചായിരുന്നു. എല്ലാ തൊഴിലും മാന്യമായിക്കണ്ടിരുന്ന ജാതി സ്പര്‍ധയില്ലാത്ത ഒരു കാലമായിരുന്നിരിക്കണം. സംഘകാലമെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.[x]

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് പഞ്ചനിലങ്ങള്‍ ആയി കരുതപ്പെടുകയും ഭൂപ്രദേശത്തിനനുസരിച്ച് തൊഴിലും  ജീവിത രീതിയും നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരുന്നു. വിശാലമായ ഭൂപ്രകൃതിയും കുറഞ്ഞ ജനസാന്ദ്രതയും കാര്‍ഷിക പ്രധാനമായ ജീവിതവും ഭൂമിയോടിണങ്ങി ജീവിച്ച മനുഷ്യരെ സ്നേഹത്തിലും സാഹോദര്യത്തിലും കഴിയാന്‍ സഹായിച്ചിരുന്നിരിക്കാം. കൂട്ടായ ഗ്രാമജീവിതം കെട്ടുറപ്പുള്ളതായി മാറുകയും കുടിയേറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെയാവാം മനുഷ്യന്‍ ഭൂമി വിഭജിച്ച് തങ്ങളുടെ അധീനതിയില്‍ കൈവശമാക്കി രേഖപ്പെടുത്താന്‍ തുടങ്ങിയത്. ആധുനിക കാലം വരെ മതിലുകളോ കൃത്യമായ അതിരുകള്‍ പോലുമോ ഇല്ലാതെ ഒന്നിച്ചു കിടന്ന ഭൂപ്രകൃതിയാണ് കേരളത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നത്.

പഞ്ചനിലങ്ങളിലെ ജീവിതവും തൊഴിലും ക്രമേണ പാരമ്പര്യബദ്ധമായി, കുലത്തൊഴിലായി മാറിയതോടെ തൊഴിലും അതിനനുസരിച്ചുള്ള ജാതിപ്പേരുകളും ജന്മസിദ്ധമായി മാറുന്ന കാഴ്ച സംഘകാലത്തിനു ശേഷം കാണാം. ആയിരത്താണ്ടുകള്‍കൊണ്ട് സംഭവിച്ച ഈ പരിണാമത്തിനിടെ ഓരോ ജാതിക്കും അവരവരുടേതായ ഒരു സാംസ്കാരിക പാരമ്പര്യം രൂപപ്പെട്ടു എന്നുവേണം കരുതാന്‍. ഓരോ ഗോത്രവും സവിശേഷ മുദ്രകളോടെ എന്നാല്‍ സഹവര്‍ത്തിത്തത്തോടെ ജീവിച്ചിരുന്നു എന്ന് ലഭ്യമായ ചരിത്ര വസ്തുതകളില്‍ നിന്ന് മനസ്സിലാക്കാം.

ചേര, ചോള, പാണ്ഡ്യദേശങ്ങള്‍ പരസ്പരം ആക്രമിക്കപ്പെടുകയും വംശീയ കുടിയേറ്റങ്ങള്‍ നടക്കുകയും ചെയ്തിരുന്ന കാലത്ത് കെട്ടുറപ്പുള്ള ആദിചേര സാമ്രാജ്യം ശിഥിലമായി. ശേഷം ഏ.ഡി. ആദ്യ ദശകങ്ങളില്‍ ആര്യവംശം തെക്കേ ഇന്ത്യയിലേക്കും കേരളത്തിലേക്കും  കുടിയേറുന്ന കാഴ്ച സാംസ്ക്കാരിക ചരിത്രത്തില്‍ നിന്ന് ഏകദേശം മനസ്സിലാക്കാം.[xi]

ബ്രാഹ്മണ സംസ്കാരത്തിന്‍റെ പ്രചാരത്തോടെ താന്ത്രികാധിഷ്ഠിതമായ ആരാധനാ രീതികള്‍ കേരളത്തില്‍ പ്രാമുഖ്യം നേടുന്നതും ഗോത്രാരാധന പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതു കാണാം. വിശാലമായ മാനവികതയിലും പാരിസ്ഥിതിക ബോധത്തിലും അധിഷ്ഠിതമായിരുന്നു ഗോത്രപാരമ്പര്യത്തിലെ ആരാധനാക്രമങ്ങള്‍. കല്ലും മരവും സര്‍പ്പങ്ങളും കാളിയും ചാത്തനും മാടനും മറുതയുമൊക്കെയായിരുന്നു അവരുടെ ആരാധനാ മൂര്‍ത്തികള്‍. അതോടൊപ്പം യക്ഷി ഗന്ധര്‍വ്വസങ്കല്പങ്ങളും (ജൈനമതത്തില്‍ നിന്ന് എന്ന് സംശയിക്കപ്പെടുന്നു.) കാണപ്പെടുന്നുണ്ട്. ബ്രാഹ്മണ സങ്കല്പത്തിലെ ദൈവങ്ങളായ കൃഷ്ണനും ഗണപതിയും സരസ്വതിയും ഒക്കെ മുഖ്യ പ്രതിഷ്ഠാ വിധികളായപ്പോള്‍ മറ്റ് ആരാധനാ മൂര്‍ത്തികള്‍ക്ക് ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലെ കാവുകളിലോ കളരികളിലോ അതുമല്ലെങ്കില്‍ ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകളായോ ആണ് സ്ഥാനം ലഭിച്ചത്. കേരളീയ ക്ഷേത്രങ്ങളില്‍ കാണുന്ന ഈ ഉപപ്രതിഷ്ഠകള്‍ കുടിയിരുത്തിയപ്പോള്‍ ഒതുക്കപ്പെട്ടുപോയവയായിരിക്കാം. ഇങ്ങനെ ഗോത്രാരാധനാ ഇടങ്ങള്‍ അല്ലെങ്കില്‍ ജൈന ബുദ്ധമതങ്ങളുടെയൊക്കെ ഇടങ്ങള്‍ ക്രമേണ ആര്യവല്‍ക്കരിക്കപ്പെട്ടതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കലയും ഗോത്രപാരമ്പര്യവും
കേരളത്തിന്‍റെ കലാപാരമ്പര്യത്തിന് പ്രാചീനദ്രാവിഡ ഗോത്രപാരമ്പര്യവുമായിട്ടാണ് അടിസ്ഥാന ബന്ധമുള്ളത്. പില്കാലത്ത് കടന്നുവന്ന ആര്യകലാ പാരമ്പര്യവുമായി പിന്നീട് കൂടിക്കലരുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവാമെങ്കിലും കലയുടെ അടിവേരുകള്‍ക്ക് മാറ്റമുണ്ടായിട്ടില്ലെന്ന് കാണാം. വടിവില്ലാത്ത ശരീരചലനങ്ങളും, നൃത്തസമ്പ്രദായങ്ങളും ഗാനരീതികളും ഇത് സൂചിപ്പിക്കുന്നു. അവതരണ സന്ദര്‍ഭങ്ങളും അവതരണ സമ്പ്രദായവും ഈ പാരമ്പര്യത്തെ ന്യായീകരിക്കുന്നതാണ്. സംഘം കൃതികളില്‍ കാണുന്ന തൊഴിലധിഷ്ഠിത ജാതി സമ്പ്രദായം പോലെ തന്നെ ഗോത്രാധിഷ്ഠിത മായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനോടു ബന്ധമുള്ള കലാപാരമ്പര്യവും നമുക്ക് കാണാം.

കുട്ടനാട്ടിലെ നാടന്‍കലകള്‍
കുട്ടനാട്ടിലെ അധഃസ്ഥിത ജനവിഭാഗത്തിന്‍റെ നാടന്‍ കലാരൂപങ്ങളെല്ലാം കാര്‍ഷിക ജീവിത പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണെന്ന് കാണാം. ചാതുര്‍വര്‍ണ്യം പ്രബലമായി നിലനിന്നതു കൊണ്ടു കൂടിയാകാം ഇവരുടെ വംശീയ പാരമ്പര്യത്തിന് ആധുനിക കാലം വരെ അയവു സംഭവിക്കാതിരുന്നത്.

കുട്ടനാട്ടിലെ പുലയര്‍ക്കും പറയര്‍ക്കും കൃഷി ഉപജീവനമാര്‍ഗ്ഗമായിരുന്നില്ല അവരുടെ ജീവിതം തന്നെയായിരുന്നു. അദ്ധ്വാനത്തെ ഉത്സവമായി കാണുകയും അതില്‍ നിന്നുള്ള ഊര്‍ജ്ജത്തില്‍ ജീവിക്കുകയും ചെയ്ത മനുഷ്യര്‍. അധ്വാനത്തിന്‍റെ ഈ വര്‍ദ്ധിത പാരമ്പര്യത്തിന്‍റെ അടിസ്ഥാനം മാനവികതയും സാമൂഹിക ഐക്യവും സ്നേഹ സഹകരണങ്ങളും ആയിരുന്നു.

അറിവിന്‍റെ വിനിമയത്തിലും വിശ്വാസത്തിലും വന്ന ച്യുതി അല്ലെങ്കില്‍ അറിവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ശരിയായ ജ്ഞാനത്തെ നിരാകരിക്കുന്നതിനും ഭൗതിക പുരോഗതിക്കുമാത്രം ഉതകുന്ന ജ്ഞാനത്തെ ശ്രേഷ്ഠമായി പരിഗണിക്കുന്നതിന് പ്രേരിപ്പിക്കകയും ചെയ്തത്. എന്നാല്‍ എക്കാലത്തും എല്ലാവര്‍ക്കും എവിടെയും ജീവിതത്തെ മുന്നോട്ടു നയിക്കാനും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാനും സഹായകമാകുന്ന അറിവിനെ മാത്രമേ ഉല്‍കൃഷ്ടമായ ജ്ഞാനം എന്ന് വിളിക്കാനാവൂ. ഇത്തരം ജ്ഞാന ദര്‍ശനങ്ങള്‍ എല്ലാ സമുദായങ്ങളും വംശീയപാരമ്പര്യത്തിലൂടെ സ്വായത്തമാക്കുകയും പകര്‍ന്ന് പോരുകയും ചെയ്തിരുന്നു. ഈ പാരമ്പര്യമാണ് പില്ക്കാലത്ത് നഷ്ടപ്പെട്ടു പോയത്.

കുട്ടനാട്ടിലെ വേലക്കുറവര്‍, പുലയര്‍, പറയര്‍ തുടങ്ങിയ വംശീയ ജാതിക്കാരുടെ കലയിലും ജീവിതത്തിലും വളരെ പ്രാചീനമായ ദ്രാവിഡ സംസ്കാരത്തിന്‍റെ അടയാളങ്ങള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഇവരുടെ ജീവിതത്തില്‍ ജൈന ബുദ്ധമതങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയതായി കാണുന്നില്ല. സംഘകാല ജീവിതത്തിന്‍റെ തുടര്‍ച്ചയെന്നോണം ദ്രാവിഡ ഗോത്രസംസ്കാരം തന്നെയാണ് ഇവര്‍ പുലര്‍ത്തിപ്പോന്നിരുന്നത്. കുറവരും പറയരും ഇപ്പോഴും അവരുടെ കലാരൂപങ്ങളെ കുറെയെങ്കിലും സംരക്ഷിക്കുകയും പകര്‍ന്നു പോരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുലയരുടെ വംശീയതയുടെ ഭാഗമെന്നു പറയാന്‍ കുറെ പാട്ടുകളും ആചാരങ്ങളും മാത്രമേ കാണുന്നുള്ളൂ. മുഴുവന്‍ സമയവും കൃഷിപ്പണികളില്‍ മുഴുകിയിരുന്ന ഇവര്‍ക്ക് കൃഷി തന്നെയായിരുന്നു പ്രധാന കലാവിദ്യ.

ഉപസംഹാരം
ജ്ഞാന സങ്കല്പത്തില്‍, സംസ്കാര സങ്കല്പങ്ങളില്‍ വന്ന മാറ്റമാണ് ആദിവംശജരായ ഗോത്രജനതയെ അപരിഷ്കൃതരാക്കി മാറ്റിയത്. ആധുനിക പാശ്ചാത്യ സംസ്കാരം ഭാരതീയ സംസ്കാരത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ച ഒരു നൂറ്റാണ്ടു മുമ്പ് കണ്ടതാണ്. അതുപോലെയാണ് ദ്രാവിഡ സംസ്കാരത്തിനുമേല്‍ ആര്യ സംസ്കാരം അധീശത്വം സ്ഥാപിച്ചത്. ഇത് സാമൂഹിക ജീവിതത്തില്‍ ചില പ്രത്യേക സംഭവ വികാസങ്ങളുടെ ഭാഗമായി സ്വാഭാവികമായുണ്ടായ പരിണാമ പ്രക്രിയയാണ്. അധികാരത്തോടു ബന്ധപ്പെട്ടാണ് എപ്പോഴും അറിവും സംസ്കാരവും നിര്‍ണ്ണയിക്കപ്പെട്ടു പോരുന്നത്. അതുതന്നെയാണ് കേരളത്തിലെ സാംസ്കാരിക പരിണാമത്തിലും സംഭവിച്ചത്.

കേരളത്തിന്‍റെ ഗ്രാമീണമുഖം മറയുന്നതോടെ കേരളീയ ജീവിതത്തിലെ ആദിദ്രാവിഡ മുദ്രകള്‍ മാഞ്ഞുപോവുകയാണ്. ആര്യാധിനിശേത്തിനു ശേഷമുള്ള ചരിത്രമല്ല കേരളത്തിന്‍റെ പ്രാചീന ചരിത്രം. നാട്ടടയാളങ്ങളില്‍, വാമൊഴികളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഈ ചരിത്രത്തെ കുറെയൊക്കെ ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത്തരത്തില്‍ ഒരു സമ്പൂര്‍ണ്ണ ചരിത്രം രചിക്കാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ആധുനിക സംസ്കാരത്തോടുള്ള ആദരവും അഭിമാനബോധവുമാണ് നമ്മുടെ പൂര്‍വിക സംസ്കാരത്തെ ആദരവോടെ മാനിക്കുന്നതില്‍ നിന്ന് നമ്മെ മാറ്റി നിര്‍ത്തുന്നത്. ആര്യസംസ്കാരം അവരെ തീണ്ടാപ്പാടകലെ നിര്‍ത്തിയതു പോലെ ആധുനിക സംസ്കാരവും പുലയര്‍, പറയന്‍, വേലര്‍ തുടങ്ങിയ ഗോത്രജാതിക്കാരുടെ കലയേയും സംസ്കാരത്തെയും മാനിച്ചിട്ടില്ല, പ്രാകൃതമായിക്കണ്ട് മാറ്റി നിര്‍ത്തുകയാണ് ചെയ്തത്. പുതിയ കാലത്ത് സമൂഹത്തില്‍ സ്ഥാനം ലഭിച്ചതാകട്ടെ നാടന്‍ കലകളുടെ ബാഹ്യമോടിയിലുള്ള ആകര്‍ഷണം കൊണ്ടാണ്, സംസ്കാരത്തോടുള്ള ആദരവു കൊണ്ടല്ല എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്. ഇവരുടെയൊക്കെ പാട്ടുകളിലൂടെയും കലകളിലൂടെയും ജീവിത സംസ്കാരത്തെ അന്വേഷിച്ചു ചെല്ലുമ്പോള്‍ കേരളത്തിന്‍റെ അതിപ്രാചീനമായ, വരേണ്യാധിപത്യത്തിന്‍റെ കലര്‍പ്പില്ലാത്ത ഒരു സംസ്കാരത്തെ തിരച്ചറിയാന്‍ കഴിഞ്ഞേക്കും എന്ന് ഈ പഠനം വെളിപ്പെടുത്തുന്നു.

 

 

[i] Mani, Puranic Encyclopaedia, 359.

[ii] ശ്രീധരമേനോന്‍, കേരളചരിത്രം,  69.

[iii] Faunal Diversity of Vembanad Lake, 2.

[iv] പണിക്കശ്ശേരി, സഞ്ചാരികള്‍ കണ്ട കേരളം, 55.

[v] ജോസഫ്  കോട്ടപ്പറമ്പന്‍, പുറക്കാട്ടു രാജ്യവും ചെമ്പകശ്ശേരിയും, 3839.

[vi] Faunal Diversity of Vembanad Lake, 2.

[vii] എന്‍.ഇ.കേശവന്‍ നമ്പൂതിരി, തെക്കുംകൂര്‍, ചരിത്രവും പുരാവൃത്തവും, 178.

[viii] കാവാലം നാരായണപ്പണിക്കരുടെ കുടുംബത്തിലെ വലിയ കാരണവര്‍.

[ix] ശ്രീധരമേനോന്‍, കേരളചരിത്രം, 23.

[x] എ.ശ്രീധരമേനോന്‍, കേരളചരിത്രം, 80, ഇളംകുളം കുഞ്ഞന്‍പിള്ള, തെരഞ്ഞെടുത്ത കൃതികള്‍, 9.

[xi] ഏ.ഡി.8-ാം നൂറ്റാണ്ടിനു മുമ്പ് സംസ്കൃതത്തില്‍ രചിക്കപ്പെട്ട സാഹിത്യകൃതികള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. കുലശേഖര ആഴ്വാരുടെ പെരുമാള്‍ തിരുമൊഴി, മുകുന്ദമാല, സുഭദ്രാധനഞ്ജയം.

 

അവലംബം              

Faunal Diversity of Vembanad Lake: A Ramsar Site in Kerala, India. Wetland Ecosystem Series, 10, Zoological Survey of India, Kolkata, 2009.

Mani, Vettam. Puranic Encyclopaedia: A Comprehensive Dictionary with Special Reference to the Epic and Puranic Literature. Delhi: Motilal Banarsidass, 1975.

ശ്രീധരമേനോന്, എ. കേരളചരിത്രം. കോട്ടയം: ഡി.സി. ബുക്സ്, 2007.

പണിക്കശ്ശേരി, വേലായുധന്. സഞ്ചാരികള്കണ്ട കേരളം. കോട്ടയം: ഡി.സി. ബുക്സ്, 2017.

ജോസഫ്  കോട്ടപ്പറമ്പന്‍, പുറക്കാട്ടു രാജ്യവും ചെമ്പകശ്ശേരിയും. 2003.

നമ്പൂതിരി, എന്‍.ഇ.കേശവന്‍. തെക്കുംകൂര്‍: ചരിത്രവും പുരാവൃത്തവും. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 2015.