Artist K.P. Reji (Courtesy: Yadhukrishnan N.R.)

കല നാടിന്റെ മേൽവിലാസമാകുന്ന കാലം: കൊച്ചി-മുസിരിസ് ബിനാലെയെക്കുറിച്ച് റെജിയുമായി നടത്തുന്ന അഭിമുഖ സംഭാഷണം

in Interview
Published on: 22 July 2019

ഇന്ദുലേഖ കെ.എസ്. (Indulekha K.S.)

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടിയിലെ മലയാള വിഭാഗത്തിൽ സീനിയർ റിസർച്ച് ഫെല്ലോ ആയി പ്രവർത്തിക്കുന്നു. 'ശില്പകലയും സംസ്കാര ചരിത്രവും കേരളത്തിലെ മാതൃകകളെ മുൻനിർത്തിയുള്ള പഠനം' എന്നതാണ് ഗവേഷണ വിഷയം. കലാചരിത്രം (Art history), സംസ്കാര ചരിത്രം (cultural history), നവോത്ഥാനം, സ്ത്രീ മുന്നേറ്റങ്ങൾ എന്നിവയാണ് താത്പര്യമുള്ള വിഷയ മേഖലകൾ. വിദ്യാർത്ഥി-വനിതാ സംഘടനാ പ്രവർത്തനങ്ങളിലും സാന്നിധ്യമാണ്. മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നു.

2012 ലെ കൊച്ചി-മുസിരിസ് ബിനാലെയിലെ ആർട്ടിസ്റ്റും 2018ലെ സ്റ്റുഡന്റ്സ് ബിനാലെ ക്യൂറേറ്ററുമായ കെ.പി. റെജി ബിനാലെ അനുഭവങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുന്നു. നവംബർ 24, 2018.

1972 ൽ കേരളത്തിൽ ജനിച്ച് 2000 ത്തിൽ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് MFA പഠനം പൂർത്തിയാക്കിയ കെ.പി. റെജി ദൈനംദിന ജീവിതത്തിലെ കാഴ്ചകളെ ചിത്രഭാഷയിലേക്ക് പരാവർത്തനം ചെയ്യുന്ന കലാകാരനാണ്. വ്യക്തിജീവിതവും സാമൂഹ്യ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ കയ്യടക്കത്തോടെ തന്റെ ചിത്രങ്ങളിലാവിഷ്കരിക്കുന്ന ഇദ്ദേഹം വിവിധ രാജ്യങ്ങളിലെ ആർട്ട് എക്സിബിഷനുകളിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Artist K.P. Reji (Courtesy: Yadhukrishnan N.R.)
ആർട്ടിസ്റ്റ് കെ.പി. റെജി (ചിത്രം: യദുകൃഷ്ണൻ എൻ.ആർ.)

ഇന്ദുലേഖ കെ.എസ്.: കേരള ബിനാലെ ഫൗണ്ടേഷൻ (KBF) സംഘവുമായി ബന്ധപ്പെടുന്നത് എങ്ങനെയാണ്? ആദ്യഘട്ടം മുതലേ KBF ൽ ഉണ്ടായിരുന്നോ?

കെ.പി. റെജി: നമ്മുടെ കലാലോകം തന്നെ വളരെ ചെറുതാണ്. ചെറിയ ഒരു കമ്മ്യൂണിറ്റിയാണിത് ഇവിടെ ഏതാണ്ടെല്ലാവരും തമ്മിൽ പരിചയമുണ്ട്. സർക്കാരിന്റെ സഹകരണം ഉറപ്പായ ഘട്ടത്തിൽ തന്നെ KBF ന്റെ മുഖ്യ സംഘാടകർ ഈ പ്ലാനിനെക്കുറിച്ച് എല്ലാവരോടും തുറന്ന മനസോടെ പറഞ്ഞിരുന്നു. ഞാൻ ജോർദ്ദാൻ ബിനാലെയിൽ പങ്കെടുക്കുന്ന സമയത്താണ് കൊച്ചി ബിനാലെയെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ ഇവിടെ നടക്കുന്നത്. ആ സമയത്ത് ബോസും (ബോസ് കൃഷ്ണമാചാരി) റിയാസും (റിയാസ് കോമു) നമ്മൾ ഇങ്ങനെയൊന്ന് ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. എങ്കിലും അത് എത്രത്തോളം പോസിബിളാണെന്ന് ഞാൻ ചിന്തിച്ചിരുന്നു. കാരണം ഇത്ര വലിയ ഒരു പരിപാടി നടത്താനുള്ള പശ്ചാത്തലവും അന്ന് ഇവിടെയുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ സംഘാടകൻ എന്ന നിലയിലല്ല ഞാൻ KBFൽ വരുന്നത്. കലാകാരൻ എന്ന നിലയ്ക്കാണ്. 2012 ലെ ആദ്യ ബിനാലെ എഡിഷനിൽ എന്റെ വർക്ക് പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ സ്റ്റുഡൻസ് ബിനാലെ ക്യുറേഷനുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ബിനാലെയുടെ ഓരോ ഘട്ടവും അടുത്തു നിന്ന് കണ്ടവരിൽ ഒരാളായി എന്നെ സ്വയം വിശേഷിപ്പിക്കാം.

ഇന്ദുലേഖ: ആദ്യ എഡിഷൻ ബിനാലെയിൽ മലയാളികളായ കലാപ്രവർത്തകർ എണ്ണത്തിൽ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ചോദിക്കട്ടെ, ക്യൂറേഷനും കലാസൃഷ്ടികളും തമ്മിൽ എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ?  അഥവാ ക്യൂറേഷൻ ഒരു തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തന്നെയല്ലേ?

റെജി: ആര് ക്യൂറേറ്റ് ചെയ്യുന്നു എന്നതും എന്താണ് തീം എന്നതും വളരെ പ്രധാനമാണ്. ഏതൊക്കെ കലാപ്രവർത്തകർ പങ്കെടുക്കുന്നു എന്നത് ഇതിനെ രണ്ടിനേയും ഒരുപോലെ ആശ്രയിക്കുന്നു. ആദ്യത്തെ ബിനാലെക്ക് മലയാളി ആർട്ടിസ്റ്റുകൾ കൂടുതലായിരുന്നു. ആ എഡിഷൻ ക്യൂറേറ്റ് ചെയ്തത് റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും ചേർന്നാണ്. അവർ മലയാളികളാണ്. അതുകൊണ്ടുതന്നെ അവർക്കറിയാവുന്ന നാടും, ആ നാടിന്റെ സ്വഭാവവുമനുസരിച്ച്‌ കൊണ്ടാണ് അവർ വർക്കുകൾ അക്കോമഡേറ്റ് ചെയ്യുന്നത്. ഏതൊക്കെ വർക്കുകളെ ഉൾക്കൊള്ളിക്കാമെന്നതിനെക്കുറിച്ച് അവർക്കൊരു ധാരണ ഉണ്ടാകും. പക്ഷേ ബോംബയിൽ നിന്നോ ഡൽഹിയിൽ നിന്നോ എത്തുന്ന ഒരു ക്യൂറേറ്ററെ സംബന്ധിച്ച് നാടിന്റെ സ്വഭാവത്തെ അറിഞ്ഞ് വർക്ക് തെരെഞ്ഞെടുക്കുക അത്ര ഈസിയല്ല. അവർക്കതിന് ലിമിറ്റേഷൻസ് ഉണ്ട്. അവരുടെ മാനദണ്ഡങ്ങൾ മറ്റു പലതുമാകാം. അത് ക്യൂറേറ്ററെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. റിയാസിന്റെയും ബോസിന്റെയും കാഴ്ചപ്പാടാകില്ല സുദർശൻ ഷെട്ടിയുടേത്; അതാകില്ല ജിതേഷ് കല്ലാട്ടിന്റേത്; ഇതൊന്നുമല്ല അനിത ദുബെ. ക്യൂറേറ്റർക്കും തീമിനുമനുസരിച്ച് കലാനിർമ്മിതികളും മാറിക്കൊണ്ടിരിക്കും.

ആദ്യ ബിനാലെ എന്നത് ഒരു കൂട്ടായ്മയിൽ നിന്ന് ഉണ്ടായതാണ്. അതിനു ശേഷമുള്ള ബിനാലെകളിൽ ക്യുറേറ്റർമാരുടെ പൊളിറ്റിക്കൽ സ്റ്റാന്റുണ്ട്. അവയൊന്നും അരാഷ്ട്രീയമായിരുന്നില്ല. കക്ഷിരാഷ്ട്രീയമല്ല ഞാൻ ഉദ്ദേശിക്കുന്നത്. മറിച്ച് അവർ അവരുടെ പെളിറ്റിക്കൽ വിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു താമര വരച്ചാലും ഒരു റോസാപ്പൂ വരച്ചാലും അതിൽ ഒരു സ്റ്റാൻറുണ്ട്. അനിതാ ദുബെയുടെ ക്യുറേഷൻ നോക്കുകയാണെങ്കിൽ അതിൽ കൃത്യമായ ഒരു ഫെമിനിസ്റ്റ് പൊളിറ്റിക്സുണ്ട്. ഇതിലെ പല വർക്കുകളും പഴയവർക്കുകളാണ്. പക്ഷേ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ആപ്റ്റായി വന്നു എന്നതാണ്. കൊല്ലങ്ങൾക്ക് മുൻപ് ചെയ്തിട്ടുള്ള വർക്കുകളാകാം പലതും.

ഇന്ദുലേഖ: ക്യൂറേറ്ററുടെയും തീമിന്റെയും പരിഗണനകളെ ആശ്രയിച്ചാണ് വർക്കുകളുടെ തെരഞ്ഞെടുപ്പുകൾ നടക്കുന്നതെന്ന് പറഞ്ഞു. വരുന്ന നല്ല ചില വർക്കുകളെ ഉൾപ്പെടുത്താൻ കഴിയാതെ പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടോ?

റെജി: ആവശ്യത്തിനുള്ള ഫണ്ട് നൽകാൻ കഴിയാതെ ചില ആർട്ടിസ്റ്റുകളെ/വർക്കുകളെ ഒഴിവാക്കേണ്ടി വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ആദ്യത്തെ ബിനാലെയെ സംബന്ധിച്ച് ഇങ്ങനെ പല വർക്കുകളും ഉൾകൊള്ളിക്കാൻ കഴിയാതെ പോയിട്ടുണ്ട്. ആദ്യ എഡിഷനിൽ പണം മുടക്കിയുള്ള വർക്കുകളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ വരുമ്പോൾ ക്യൂറേറ്റർക്ക് താത്പര്യമുള്ള ചില വർക്കുകൾ കൂടി ഒഴിവാക്കേണ്ട അവസ്ഥ വരും. വലിയ കോപ്ലിക്കേഷൻസ് ഇല്ലാതെ അക്കോമഡേറ്റ് ചെയ്യാൻ കഴിയുന്ന വർക്കുകൾ ഏതൊക്കെയെന്നത് ക്യൂറേറ്ററിന്റെ ചോയ്സ് ആണ്. അതിനനുസരിച്ച് വർക്കുകളും മാറും. ചില സമയത്ത് ചില അഡ്ജസ്റ്റ്മെൻറുകൾ ക്യൂറേറ്ററുടെ ഭാഗത്ത് നിന്നു വേണ്ടി വരും. പിന്നെ ഇതിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, അധിക മുതൽ മുടക്കില്ലാതെയും വർക്കുകൾ ചെയ്യാൻ കഴിയും എന്നതാണ്. വലിയ പണം മുടക്കി നല്ല വർക്കുകൾ എത്തിക്കുക എന്നതിനെക്കാൾ വരുന്ന നല്ല വർക്കുകളെ ഉൾപ്പെടുത്തുക എന്നതാണ് സാധാരണ ക്യൂറേറ്റർമാർ ചെയ്യുക. ചില സന്ദർഭങ്ങളിലെങ്കിലും നേരത്തേ സൂചിപ്പിച്ചതു പോലെ ക്യൂറേഷന് അനുയോജ്യമെന്ന് തോന്നുന്ന വർക്കുകളെ മറ്റു പല കാരണങ്ങൾക്കൊണ്ടും ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. That does not mean that the quality comes down. ക്വാളിറ്റി പണത്തെ ആശ്രയിക്കുന്ന ഒന്നല്ല.

ഇന്ദുലേഖ: ഇത് വളരെ കൗതുകമുള്ള ഒരു പ്രസ്ഥാവനയായി തോന്നുന്നു.  ഇന്ത്യയിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ഒരു കലാമേളയായാണ് ബിനാലെയെ ആർട്ടിസ്റ്റ് സമൂഹം പോലും കാണുന്നത്. തികച്ചും പ്രൊഫഷണലായി നടക്കുന്ന ഒരു ഇവന്റാണിത്. പരസ്യത്തിനായി പോലും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. അതേ സമയം സാമ്പത്തിക പരിമിതി മൂലം ചില കലാസൃഷ്ടി നിർദ്ദേശങ്ങളെങ്കിലും പരിഗണിക്കാനാവാത്ത സ്ഥിതിയും ഇതിനകത്തുണ്ട് എന്ന യാഥാർഥ്യവും നിലനിൽക്കുന്നു?

റെജി: ഇതിനകത്ത് രണ്ട് പ്രശ്നങ്ങളുണ്ട് നമ്മുടെ പ്രധാന ഡ്രീം എന്നു പറയുന്നത് വേൾഡ് ആർട്ട് എങ്ങനെ ഇന്ത്യയിലേക്ക് കൊണ്ടു വരാം എന്നതാണ്. കേരളത്തിൽ തന്നെ അതെങ്ങനെ സാധ്യമാക്കാം എന്നതാണ്. നിങ്ങൾ തന്നെ ഒന്നാലോചിച്ചു നോക്കൂ, ബിനാലെക്ക് മുൻപ് കേരളം എന്ന സ്ഥലത്ത് ഫൈൻ ആർട്ടുമായി ബന്ധപ്പെട്ട് പറയത്തക്ക എന്ത് ആക്റ്റിവിറ്റിയാണ് ഉണ്ടായിട്ടുള്ളത്? ബോംബെയിലുള്ളവരുടെ ഒന്നോ രണ്ടോ ഷോ കൊച്ചിയിൽ വന്നു പോയി എന്നതൊഴിച്ചാൽ മേജറായ ആക്റ്റിവിറ്റീസൊന്നും ഈ രംഗത്ത് കേരളത്തിൽ നടന്നിട്ടില്ല. ഇപ്പോൾ പോലും ഇൻഫ്രാസ്ട്രക്ച്ചർ എന്ന നിലയിൽ യാതൊരു തരത്തിലുള്ള സംഗതികളും ഇല്ലാത്ത സ്ഥലമാണ്. സമകാലീനകലയെപ്പറ്റി ഒട്ടും അവെയ്ർനെസ് ഇല്ലാത്ത ഒരു സ്ഥലത്തേക്കാണ് ബിനാലെ വരുന്നുത്. പക്ഷേ ബോംബെയിലും ഡൽഹിയിലുമൊക്കെ മേജർ ഷോസ് നടക്കുന്ന ഇടങ്ങളാണ്.  കേരളം അങ്ങനെയല്ലായിരുന്നു. ഇങ്ങനെയുള്ള ഒരു സ്ഥലത്ത് ഒരു വലിയ ഷോ നടത്തി ഇൻറർനാഷ്ണലി എക്സ്പോസ് ചെയ്യിക്കണമെങ്കിൽ നമ്മൾ വലിയ എഫർട്ട് എടുക്കേണ്ടി വരും. ശബ്ദമില്ലാത്തവർ ശബ്ദിക്കുമ്പോൾ അവർക്ക് കൂടുതൽ ഉച്ചത്തിൽ ശബ്ദിക്കേണ്ടി വരും. അന്താരാഷ്ട്ര നിലവാരം എത്തിപ്പിടിക്കാൻ ഏറെ പണച്ചിലവുണ്ട്. പണം ഏറെ അത്യാവശ്യമുണ്ട്. പേരിനൊരു ബിനാലെയാണ് ആവശ്യമെങ്കിൽ ഇതൊന്നും വേണ്ടായിരിക്കാം. നമുക്കത് പറ്റില്ല. ലോക പ്രശസ്തരായ ആർട്ടിസ്റ്റുകളുടെ വർക്കുകൾ എത്തിക്കുക എന്നത് വലിയ പണച്ചെലവുള്ള കാര്യമാണ്. പലതിനും ഇൻഷൂറൻസ് തുക അടക്കം നൽകേണ്ടതുണ്ട്. അതെല്ലാം വച്ചു നോക്കുമ്പോൾ, ചെയ്യുന്ന കാര്യത്തിന്റെ വലിപ്പവുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മൾ ചെലവഴിക്കുന്ന ഫണ്ട് നിസ്സാരമാണ്. മിനിമം ഫണ്ടിൽ പരമാവധി ക്വാളിറ്റി നമ്മൾ ഉറപ്പുവരുത്തുന്നു.

ഇന്ദുലേഖ: 2012 ൽ ആർട്ടിസ്റ്റായിട്ടാണ് ബിനാലെയിൽ എത്തുന്നത്. 2018 എത്തുമ്പോൾ സ്റ്റുഡന്റ്സ് ബിനാലെയുടെ ക്യൂറേറ്ററാകുന്നു. ഈയൊരു മാറ്റത്തെക്കുറിച്ച് പറയാമോ?

റെജി: ക്യൂറേറ്റർ എന്നത് ഒരു ടഫ് ടാസ്ക് ആണ്. കുട്ടികളുമായിട്ടുള്ള ഇടപെടലുകൾ മൂലം പല കാര്യങ്ങളും എനിക്ക് പഠിക്കാൻ കഴിയും എന്ന തോന്നലുകൊണ്ടാണ് ക്യൂറേറ്റർ എന്ന പദവി ഞാൻ ഏറ്റെടുക്കുന്നത്. ഒപ്പം കലാവിദ്യാർത്ഥികൾ എന്ന നിലയിൽ വരുന്ന കുട്ടികളെ ലിഫ്റ്റ് ചെയ്യാനും, അവരുടെ വർക്കുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ നൽകാനും കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. മറ്റു ഷോകളിലാണെങ്കിൽ ആർട്ടിസ്റ്റുകളെക്കുറിച്ച് നമുക്ക് ഏകദേശ ധാരണ ഉണ്ടായിരിക്കും. വളരെ പ്രൊഫഷണലായ ആർട്ടിസ്റ്റുകളായതുകൊണ്ട് തന്നെ അവരുടെ ഏതൊക്കെ വർക്കുകളായിരിക്കും ഷോകളിൽ വരുക എന്നൊരു ഊഹം ലിസ്റ്റിടുമ്പോൾ തന്നെ നമുക്കുണ്ടാകും. സ്റ്റുഡൻസ് ബിനാലെ എന്നു പറയുമ്പോൾ ഈ രീതിയേ അല്ല. ഒരു തരത്തിലും നമുക്ക് പ്രെഡിക്ട് ചെയ്യാൻ സാധിക്കില്ല. അതിൽ വലിയൊരു റിസ്ക് ഉണ്ട്. വർക്കിനെ സംബന്ധിച്ച പ്രൊപ്പോസൽ വക്കുമ്പോൾ ഇങ്ങനെയായിരിക്കും ഞങ്ങളുടെ വർക്കെന്ന് ഒരു സൂചന മാത്രമാണ് കുട്ടികൾ നൽകുന്നത്. പലപ്പോഴും പ്രൊപ്പോസൽ ആകണമെന്നില്ല അവർ പ്രാക്ടീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു ക്യൂറേറ്റർ എന്ന നിലയിൽ വർക്കിനെ സംബന്ധിച്ച പല ഘടകങ്ങളെക്കുറിച്ചും നമുക്ക് ആലോചിക്കേണ്ടി വരും. പലപ്പോഴും Portfolio നോക്കിയാണ് വരാൻ പോകുന്ന വർക്കുകളുടെ ഏകദേശ സ്വഭാവം നിശ്ചയിക്കുക. സമാനമായ വർക്കുകൾ അവർ പ്രാക്ടീസ് ചെയ്യുന്നുണ്ടോ? പുതിയതാണെങ്കിൽ അവർക്കത് ചെയ്യാൻ പറ്റുമോ എന്നൊക്കെ Portfolio അടിസ്ഥാനമാക്കി വിലയിരുത്തേണ്ടി വരും. അതിനു ശേഷമാണ് സെലക്ഷൻ നടത്തുക. പ്രൊഫഷണൽ ആർട്ടിസ്റ്റുകളെ സംബന്ധിച്ച് ഈ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഒരു തരത്തിൽ വളരെ ഇന്റ്രസ്റ്റിങ്ങ്‌ ആണിത്.

ഇന്ദുലേഖ: സ്റ്റുഡൻസ് ബിനാലെക്ക് കേരളത്തിലെ കലാവിദ്യാഭ്യാസത്തെ തന്നെ മാറ്റിത്തീർക്കാൻ കഴിയും എന്ന് കരുതുന്നുണ്ടോ?

റെജി: തീർച്ചയായും സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇതിൽ പാർട്ടിസിപ്പേറ്റ് ചെയ്യുന്ന കുട്ടികൾക്ക് മാത്രമല്ല കാണാൻ വരുന്ന കുട്ടികൾക്കും ഇത് വലിയ പ്രചോദനമാകും എന്ന കാര്യത്തിൽ തർക്കമില്ല. പല സ്ഥലത്തു നിന്നും വരുന്ന കുട്ടികൾ ഒരു കോമൺ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് വർക്ക് ചെയ്യുകയാണ്. ചില വർക്കുകൾ കാണുമ്പോൾ നമുക്ക് (കുട്ടികൾക്ക്) തോന്നും ഇതുപോലെയാണല്ലോ ഞാൻ ചെയ്യാൻ വിചാരിച്ചതെന്ന്. ചില വർക്കുകൾ കാണുമ്പോൾ നമുക്ക് സന്തോഷം തോന്നും; ചിലത് നമ്മെ നിരാശപ്പെടുത്തിയെന്നും വരും. ഇവിടെ യഥാർത്ഥത്തിൽ ഒരു thought Sharing നടക്കുന്നുണ്ട്. നമ്മുടെ വർക്കിനെക്കുറിച്ച് സൂക്ഷ്മമായി ചിന്തിക്കാൻ ഈയൊരു സ്പേസ് നമ്മെ സഹായിക്കുന്നുണ്ട്. ഐഡിയ ചിലപ്പോ എല്ലാവരിലും ഒരുപോലെയാകാം. പക്ഷേ ട്രീറ്റ്മെന്റ്, മീഡിയം, വർക്കിന്റെ പൊതുവെയുള്ള ലാംഗ്വേജ്—ഇവ മാത്രമാണ് മാറുന്നത്. അതുകൊണ്ടുതന്നെ അതിനകത്തെ കമ്മ്യൂണിക്കേഷൻ സാധ്യത ഗുണം ചെയ്യും. കുറച്ചുകൂടെ ഓപ്പൺ ആയി ചിന്തിക്കാനുള്ള space കുട്ടികൾക്ക് കൊടുക്കും. ഇത് ഇപ്പോഴത്തെ കലാ വിദ്യാഭ്യാസത്തെ മാറ്റിത്തീർക്കാൻ പര്യാപ്തമാണ്.

ഇന്ദുലേഖ: വ്യത്യസ്ത മീഡിയത്തിലുള്ള നിരവധി വർക്കുകളാണ് ബിനാലെയുടെ ഓരോ എഡിഷനിലും വന്നുകൊണ്ടിരിക്കുന്നത്. മാധ്യമത്തിൽ സംഭവിക്കുന്ന ഈ വൈവിധ്യത്തെ ഒരു കലാകാരൻ എന്ന നിലയിൽ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

റെജി: മീഡിയത്തിൽ ഉള്ള ഈ വൈവിധ്യം നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. ആർട്ടിലേക്ക് ചില സാങ്കേതികതകളെ കൂടി ഉൾപ്പെടുത്തി എന്നതാണ് അടുത്ത കാലത്തായി സംഭവിച്ച മാറ്റം. ബിനാലെയെ സംബന്ധിച്ച് മീഡിയത്തിലെ ഈ വൈവിദ്ധ്യം പല സാധ്യതകൾ തുറക്കുന്നുണ്ട്. ആദ്യത്തെ ഗുണം പബ്ലിക്ക് അഥവാ ഓഡിയൻസിനാണ്. എല്ലാത്തിനും ഒരു ഉപയോഗ മൂല്യമുണ്ടെന്ന ധാരണ അബോധ മനസ്സിൽ ഉറപ്പിക്കപ്പെടാൻ ഇത് കാരണമാകുന്നുണ്ട്. രണ്ടാമത്തെ ഗുണം ആർട്ടിസ്റ്റിനാണ്. ഒരു കലാകാരൻ എന്ന നിലയിൽ മീഡിയത്തിന്റെ ക്വാളിറ്റി വർക്കിലേക്ക് എങ്ങനെ കൊണ്ടു വരാം എന്നാണ് ഞാൻ നോക്കുന്നത്. ഓയിലിലാണ് സാധാരണ ഞാൻ വർക്ക് ചെയ്യാറുള്ളത്. അതൊരു പരിശീലനത്തിന്റെ ഭാഗം കൂടിയാണ്. സ്റ്റീലിലും ഞാൻ വർക്ക് ചെയ്യാറുണ്ട്. അവിടെ അതിന്റെ റിഫ്ളക്ടീവ് ക്വാളിറ്റിയാണ് ഞാൻ പരിഗണിക്കുന്നത്. ഗ്ലാസ് ഉപയോഗിക്കുമ്പോൾ അതിന്റെ ഫ്രജൈൽ ക്വാളിറ്റിയെ മാക്സിമം വർക്കിൽ ഉപയോഗിക്കാൻ ശ്രമിക്കും. അതായത്, മീഡിയത്തിന്റെ ക്വാളിറ്റി എങ്ങനെ വർക്കിന് അകത്തേക്ക് കൊണ്ടുവരാം എന്നതാണ് എന്റെ പ്രോസസ്സ്. ആ രീതിയിൽ തന്നെയാണ് പലരും വർക്ക് ചെയ്യുന്നത്. വത്സനൊക്കെ (ചിത്രകാരന്‍ വത്സൻ കൂർമ്മ കൊല്ലേരി) ഉപയോഗിക്കുന്നത് മറ്റൊരു രീതിയാണ്. മീഡിയം തെരഞ്ഞെടുക്കുമ്പോൾ ഉള്ള ഈയൊരു സൂക്ഷ്മത ചുറ്റുപാടുകളെയും പ്രകൃതിയെയും ഒക്കെ പ്രത്യേക രീതിയിൽ നോക്കുന്നതിന് സഹായിക്കും. അഥവാ പ്രത്യേക രീതിയിലുള്ള കാഴ്ചയെ രൂപപ്പെടുത്തും. ഏതൊരു വസ്തുവിനെയും കലയായി കാണുന്ന രീതി കൈവരും.

ഇന്ദുലേഖ: ഏതൊരു വസ്തുവിനെയും കലയായി നോക്കിക്കാണാൻ മലയാളിയെ ബിനാലെ പ്രേരിപ്പിച്ചു തുടങ്ങിയല്ലേ?

റെജി: പരമാവധി അതിനെ സിമ്പോളിക്കായി നമുക്ക് ഉപയോഗിക്കാം. നമ്മുടെ ജീവിതത്തിൽ പകർത്തേണ്ട ഒരു ചിന്ത കൂടിയാണിത്. എല്ലാ വിഷയങ്ങളെയും പോയറ്റിക്കായി അതിന്റെ സൗന്ദര്യത്തോടെ കണ്ടാൽ നമ്മുടെ ജീവിത പ്രതിസന്ധികളെയെല്ലാം നമുക്ക് മറികടക്കാം. ഈ രീതി നമ്മൾ സ്വായത്തമാക്കേണ്ടതാണ്. കലയെ സംബന്ധിച്ചാണെങ്കിൽ ദാദായിസത്തിനു ശേഷം നമുക്ക് കിട്ടിയ വലിയ സ്വാതന്ത്ര്യമാണത്. ഏതൊരു വസ്തുവിനെയും കലാവസ്തുവാക്കി മാറ്റാം എന്നത്. മലയാളിക്ക് ഇതിനെപ്പറ്റിയൊന്നും ധാരണ ഉണ്ടായിരുന്നില്ല എന്നല്ല, ധാരണ ഉള്ളവർ പോലും ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല എന്നതാണ് പ്രശ്നം. നമ്മുടെ കലാവിദ്യാഭ്യാസത്തിൽ നല്ല രീതിയിൽ ആർട്ട് ഹിസ്റ്ററിയൊക്കെ പഠിച്ചു വന്നവരാണ് കലാപ്രവർത്തകരിൽ നല്ലൊരു പങ്കും. പക്ഷേ ഇവിടെ അത് പരീക്ഷിക്കാൻ അധികമാരും മുന്നോട്ടുവന്നില്ല. അതിനുള്ള സ്പേസ് ഉണ്ടായിരുന്നില്ല. കൊച്ചിയിൽ കലാപീഠത്തിലൊക്കെ ചില ഇൻസ്റ്റലേഷനുകളൊക്കെ വന്നിരുന്നു. പക്ഷേ അതിനെയൊന്നും നമ്മൾ ഉൾക്കൊണ്ടില്ല. ചർച്ച ചെയ്തില്ല എന്നു മാത്രമല്ല അതവരുടെ മാഡ്നസ് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അതിൽ ഞാനും ഭാഗമാണ്.  അങ്ങനെ സംഭവിച്ചത് ഒരു സോഷ്യൽ കണ്ടീഷനിങ്ങിന്റെ ഭാഗമായിരുന്നു. പിന്നീടതെല്ലാം നമ്മൾ തിരുത്തി.

ഇന്ദുലേഖ: ബിനാലെ = ഇൻസ്റ്റലേഷൻ എന്നൊരു സമവാക്യത്തിലേക്ക് ബിനാലെ ചുരുങ്ങുന്നു എന്ന വിമർശനം ഉണ്ടാകുന്നുണ്ട്. ഇപ്പോൾ ക്യൂറേറ്റർ എന്ന നിലയിൽ ബിനാലെയെ സമീപിക്കുമ്പോൾ ഇത്തരമൊരു പ്രശ്നം ഉള്ളതായി തോന്നിയിട്ടുണ്ടോ?

റെജി: ക്യൂറേറ്റർ ആയതിനു ശേഷം ആറോളം സംസ്ഥാനങ്ങളിൽ ഞാൻ യാത്ര ചെയ്തു. പതിനെട്ടോളം ഇൻസ്റ്റിറ്റ്യൂഷനുകൾ സന്ദർശിച്ചു. അവിടെയൊക്കെ പല കുട്ടികളും അസാധ്യമായി പെയ്ൻറു ചെയ്യുന്നുണ്ട്. അതൊക്കെ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. സ്റ്റുഡൻസ് ബിനാലെക്ക് വേണ്ടി പ്രോജക്ട് കോൾ ഫോർ ചെയ്തപ്പോൾ ഞാൻ കരുതിയത് അവരൊക്കെ തന്നെ പെയ്ന്റിങ്ങിനെ സംബന്ധിച്ച്‌ പ്രോജക്ട് അയക്കുമെന്നാണ്. പെയ്ന്റർ എന്ന നിലയിൽ അസാധ്യമായ കഴിവുള്ള കുട്ടികൾ പോലും ഇൻസ്റ്റലേഷൻ ചെയ്യാനുള്ള പ്രോജക്ടാണ്‌ അയച്ചിരിക്കുന്നത്. ഞാൻ പ്രതീക്ഷിച്ച ചില ആളുകൾ പോലും ബിനാലെ എന്ന ഇവന്റിന് വേണ്ടി മാറി ചിന്തിച്ചത് എനിക്ക് ഷോക്കായിരുന്നു.

നല്ല വർക്കുകൾ വരണം. അതിനപ്പുറം ഒരു നിയമം ബിനാലെയിൽ ഇല്ല. അതു സംബന്ധിച്ച് എനിക്ക് പറയാനുള്ളത് ഈ ധാരണ ആർട്ടിസ്റ്റുകൾ മാറ്റണം എന്നാണ്. സ്വയം മാറ്റാൻ കഴിയുമെങ്കിൽ സ്വയം മാറ്റുക. അതല്ലെങ്കിൽ ഒരു ഘട്ടം കഴിഞ്ഞാൽ അത് തനിയേ മാറും എന്നാണ് തോന്നുന്നത്. കാരണം ഇതിനകത്ത് തന്നെ പല സാധ്യതകൾ ഉണ്ട്. കുട്ടികൾ പുതിയ പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് ഈ രീതി വളരെ പെട്ടെന്ന് മാറും; പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യും.

ഇന്ദുലേഖ: മികച്ച രീതിയിൽ പെയ്ന്റിങ്ങ് ചെയ്യുന്നവർ പോലും ബിനാലെക്കായി മാറിച്ചിന്തിച്ചു എന്നു പറയുമ്പോൾ കഴിഞ്ഞ 3 എഡിഷനുകളിലൂടെ ബിനാലെ ടൈപ്പ് ചെയ്യപ്പെട്ടു എന്നു കരുതേണ്ടി വരില്ലേ? മുൻവിധികളില്ലാതെ കലയെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ബിനാലെയെ തന്നെ കലാകാരന്മാർ മുൻവിധിയോടെ സമീപിക്കുന്നു? മാറ്റം ആവശ്യമല്ലേ?

റെജി: ചില തെറ്റിദ്ധാരണകൾ കലാരംഗത്തുള്ളവർക്കു തന്നെ വന്നിട്ടുണ്ടെന്നു തോന്നുന്നു. അത് മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇത്തവണത്തെ ബിനാലെയിലൊക്കെ അനവധി പെയ്ന്റിങ്ങ് വർക്കുകളും ഫോട്ടോഗ്രഫിക്ക് വർക്കുകളുമുണ്ട്. കഴിഞ്ഞ ബിനാലെകളെ നോക്കിയാൽ ഓരോന്നിനും അതിന്റേതായ വേറിട്ട ഓരോ ക്യാരക്ടർ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് വർക്കുകൾ വന്നത്.  ഈ പതിപ്പിന്റെ ക്യാരക്ടർ അനുസരിച്ചുള്ള വർക്കുകൾ ഇത്തവണ വന്നു. ബിനാലെ ടൈപ്പ് ചെയ്യപ്പെടില്ല, ചെയ്ഞ്ചുകൾ വരുത്തിത്തനെ മുന്നോട്ടു പോകും. ആസ്വാദകരിലും കലാപ്രവർത്തകരിലും മുൻധാരണകൾ വന്നിട്ടുള്ളത് തിരുത്തപ്പെടുന്നുണ്ട്. ഇൻസ്റ്റലേഷനല്ലാത്ത വർക്കുകളും ബിനാലെയിൽ വരുന്നുണ്ട്. ആദ്യം കാറ് വരയ്ക്കാൻ തുടങ്ങുന്ന കുട്ടി; വീട് വരയ്ക്കാൻ തുടങ്ങുന്ന കുട്ടി; കാറും വീടുമാണ് വരയ്ക്കുന്നത്. പിന്നീട് വര മുന്നോട്ടു പോകുമ്പോഴാണ് ഓരോ കാറും വ്യത്യസ്തമാണെന്നും ഓരോ വീടും വ്യത്യസ്തമാണെന്നും മനസിലാക്കുന്നത്. കാഴ്ചക്കാരനും അങ്ങനെ തന്നെ. ഇത് ആദ്യഘട്ടത്തിന്റെ പ്രശ്നം മാത്രമാണ്.  എല്ലാം ഇൻസ്റ്റലേഷനാണ് എന്ന് നമ്മൾ മനസിലാക്കുന്നു. ഓരോ ഇൻസ്റ്റലേഷനും ഓരോ സൃഷ്ടിയും വ്യത്യസ്തമാണ് എന്ന് മനസിലാക്കാൻ പറ്റുക തന്നെ ചെയ്യും. അതിന് സമയമെടുക്കും എന്നു മാത്രം. കരിയിലും ചാർക്കോളിലും വർക്ക് ചെയ്യുന്നവർ ഇന്നുമുണ്ട്. ദാദായിസം വന്നെന്നു കരുതി ഇതൊന്നും ഇല്ലാതായിട്ടില്ല, ഒന്നിനെ പൂർണ്ണമായും തകർത്തിട്ടല്ല. അതു മനസിലാക്കുകയും എല്ലാത്തിനും സ്പേസ് ഒരുക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.

ഇന്ദുലേഖ: ഇൻസ്റ്റലേഷനുകൾ പൊതുവെ ചരിത്രത്തെയും രാഷ്ട്രീയത്തെയും കൈയ്യൊഴിയുന്നു എന്നൊരു വാദം ഉയരുന്നുണ്ട്. ബിനാലെയിൽ പ്രദർശിപ്പിക്കപ്പെടുന്ന വർക്കുകളിൽ ഏറെയും ഇൻസ്റ്റലേഷനുകൾ ആണെന്നു വരുമ്പോൾ തികച്ചും അരാഷ്ട്രീയമായ ഒരു ഇവന്റായി ബിനാലെ മാറുകയില്ലേ?

റെജി: ആ വാദത്തെ ഞാൻ പൂർണ്ണമായും തളളികളയുന്നു. ഞാനൊരു സമൂഹത്തിന്റെ ഭാഗമായി നിൽക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ എന്റെ വർക്കിനകത്ത് എന്റെ രാഷ്ട്രീയവും എന്റെ ചിന്തകളും സ്വാഭാവികമായും വന്നു ചേരും. ഞാനൊരു പൂ വരച്ചാലും അതിന് ഞാനുമായി ഒരു കണക്ഷൻ ഉണ്ടാകും. അത് മിക്കവാറും എല്ലാവർക്കും ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. ഇത് ബോധപൂർവ്വം പ്രയോഗിക്കുന്ന ആളുകളും ഉണ്ട്. ഭൂരിപക്ഷവും അങ്ങനെയല്ല. പിന്നെ, ഒരു സമൂഹത്തിലെ എല്ലാവരെയും നമുക്ക് ഒരു പോലെ തൃപ്തിപ്പെടുത്താൻ ആകണമെന്നില്ല. കുറച്ചു പേരെങ്കിലും ഒരു വർക്കിന്റെ താത്പര്യത്തെ ഉൾകൊള്ളുകയും മറ്റൊരാളോട് അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്താൽ അവിടെ വച്ച് ആ വർക്ക് വിജയിക്കുന്നുണ്ട്.

ഇൻസ്റ്റലേഷനെക്കുറിച്ചുള്ള വിമർശനത്തെപ്പറ്റി എനിക്ക് പറയാനുള്ള ഒരു കാര്യം ഏതൊരു മൂവ്മെന്റിനും വിമർശനങ്ങളുണ്ടാകും എന്നാണ്. വിമർശനമില്ലാതെ ഒരു ഴാനറും (genre) വളർന്നിട്ടില്ല. ചരിത്രവും പാരമ്പര്യങ്ങളും സാംസ്കാരികമായ കലർപ്പുകളും വർക്കുകളിൽ വന്നും പോയുമിരിക്കും. അതിനെ ആ വഴിയേ വിട്ടേക്കുക. അതിലെ സൗന്ദര്യത്തെ ആസ്വദിക്കുക.

ഞാൻ എന്റെ വർക്കുകളിൽ ഓറൽ ഹിസ്റ്ററിയും ലോക്കൽ ഹിസ്റ്ററിയും വളരെ കൂടുതലായി ഉപയോഗിക്കാറുണ്ട്. അത് കണ്ടിട്ട് വിദേശീയരായ ചില ഓഡിയൻസ് അവരുടെ പ്രദേശങ്ങളിൽ നിലനിന്നുപോരുന്ന കഥകളും മിത്തുകളുമായി എന്റെ വർക്കിനുള്ള സാമ്യത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അതിനർത്ഥം മനുഷ്യ ജീവിതം എല്ലായിടത്തും ഒരുപോലെയാണെന്നാണ്. ലോകം ചുരുങ്ങുകയാണ്; അതുകൊണ്ടു തന്നെ മനുഷ്യാനുഭവങ്ങളും എല്ലായിടത്തും ഏറെക്കുറേ സമാനമാകുന്നു.

ഇന്ദുലേഖ: ലോകവും കേരളവും സ്ത്രീ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സമയമാണ്.  സ്ത്രീ ക്യൂറേറ്ററായ ആദ്യ കൊച്ചി ബിനാലെ. കാലമാവശ്യപ്പെടുന്ന ചർച്ച ഉയർത്തുന്നതിൽ ബിനാലെ വഹിച്ച പങ്കെന്താണ്? അതിൽ വിജയിച്ചോ?

റെജി: പലരും അതിനെ വളരെ പോസിറ്റിവായി ആണ് കാണുന്നത്. എല്ലാവരും ഷോയിൽ ഹാപ്പിയാണ്. നീലിമ ഷെയ്ക്കിന്റ 'സലാം ചേച്ചീ ' എന്ന വർക്കിനൊക്കെ വലിയ പ്രശംസ ലഭിച്ചു. ലോകമെമ്പാടുമുള്ള മലയാളി നേഴ്സുമാരുടെ സാന്നിധ്യവും അവരുടെ ജീവിതവുമെല്ലാം സൂക്ഷ്മയായി ഒപ്പിയെടുത്തിട്ടുള്ള ഒരു വർക്കാണ് അത്.  അവർ അവരുടെ ജീവിതാനുഭവവുമായി ചേർത്തുവച്ച് നിർമ്മിച്ച വർക്കാണ് അതെങ്കിലും മലയാളി ആസ്വാദകരെ സംബന്ധിച്ചിടത്തോളം നമുക്കത് നമ്മുടെ നേഴ്സുമാരുടെ സമരവുമായും ജീവൻ പണയം വച്ചും അവർ നടത്തുന്ന പ്രവർത്തനങ്ങളുമായും ചേർത്ത് വായിക്കാൻ സാധിക്കുന്നു. അത് കാലം കലയോട് നടത്തുന്ന സംവാദമാണ്. ഇത്തവണത്തെ ബിനാലെയിലെ പല വർക്കുകളും—പ്രത്യേകിച്ച് സ്ത്രീപക്ഷ രചനകൾ—ഈ രീതിയിൽ കേരളത്തിലെ ഇന്നത്തെ സാഹചര്യത്തോട് സംവദിക്കുന്നുണ്ട്. പഴയ വർക്കുകൾ പലതും ഈ ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെയെല്ലാം തെരെഞ്ഞെടുപ്പ് ജെൻഡർ സെൻസിറ്റീവായ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. കാലിക വിഷയങ്ങളോട് സംവദിക്കാനുള്ള അതിന്റെ ശേഷിയെ മുൻനിർത്തിയാണ്. ഇതെല്ലാം പുതിയ തലമുറയിലെ ആളുകളെ, പ്രത്യേകിച്ച് പെൺകുട്ടികളെ വളരെ പ്രചോദിപ്പിക്കുന്നുണ്ട്. അവർ ഹാപ്പിയാണ്. ഇത് അവരുടെ ബിനാലെയാണ്.

ഇന്ദുലേഖ: കേരളത്തിലെ ഇൻറ്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള, ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള തുടങ്ങിയ മേളകളുമായി ചേർത്ത് പരിശോധിക്കുമ്പോൾ ബിനാലെ എത്രത്തോളം ജനകീയമാണ്? അവിടെയെല്ലാം ഒത്തുചേരുന്നത് കേവലം നാടക പ്രവർത്തകരോ സിനിമാ പ്രവർത്തകരോ മാത്രമല്ല, എല്ലാതരം കലാപ്രവർത്തകരും ആസ്വാദകരും ആക്ടിവിസ്റ്റുകളും അവിടെയെത്തുകയും അതിനെ ഒരു ദേശത്തിന്റെയാകെ സാംസ്കാരികോത്സവമാക്കി മാറ്റുകയും ചെയ്യുന്നു. പക്ഷേ ബിനാലെയിൽ അത് അത്രകണ്ട് സംഭവിക്കുന്നുണ്ടോ?

റെജി: ബിനാലെയിൽ കഴിഞ്ഞ പതിപ്പിലെല്ലാം നിരവധി സാംസ്കാരിക പരിപാടികൾ നടന്നിരുന്നു. നിരവധിയാളുകൾ അതിൽ പങ്കുചേർന്നിരുന്നു ഈ പതിപ്പിൽ അത്തരം കാര്യങ്ങളിൽ കുറവുണ്ടായോ എന്നറിയില്ല. റിയാസ് ആയിരുന്നു അതെല്ലാം ചെയ്തിരുന്നത്. ബിനാലെ എല്ലാ വിഭാഗത്തിന്റേതുമാകേണ്ടതുണ്ട്. അനുബന്ധ പരിപാടികൾ കൂടുക തന്നെ ചെയ്യും, ബിനാലെ വേദികളിൽ മാത്രമല്ല ബിനാലെക്കു പുറത്തും പരിപാടികൾ നടക്കണം. ബിനാലെക്ക് പുറത്തുള്ളവർക്കും അത് ചെയ്യാം. വ്യത്യസ്ത സ്ഥലങ്ങളിൽ ബിനാലെ അനുബന്ധ പരിപാടികൾ നടക്കുന്ന രീതിയുണ്ടാകുക എന്നത് വളരെ സന്തോഷകരമായ കാര്യമാകും. മാത്രമല്ല നമ്മുടെ സമയമൊക്കെ പരിമിതമാണ് ആറ് മണിക്ക് ഷോ അടക്കേണ്ടി വരുന്നു. സെക്യൂരിറ്റി റീസൺസ് ഉണ്ട്. മാൻ പവറിന്റെ കുറവുണ്ട്. നമ്മുടെ മൊത്തം സമൂഹത്തിൽ മാറ്റം വന്നാലെ അത് പൂർണ്ണമായും മാറ്റാനാകൂ

ഇന്ദുലേഖ: ഫോർട്ട് കൊച്ചി എന്ന പ്രദേശത്ത് ബിനാലെ എങ്ങനെ പ്രവർത്തിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

റെജി: ഫോർട്ട് കൊച്ചിയെ സംബന്ധിച്ച് ബിനാലെ ഒരു ജീവനോപാധിയാണ്. സീസണുകളിൽ മാത്രം സർവൈവ് ചെയ്യുന്ന സിറ്റിയാണ് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങൾ. ഒരുദാഹരണം പറഞ്ഞാൽ ഇപ്പൊ ബിനാലെയുടെ മീറ്റിങ്ങുകൾക്കായി ഞാനിവിടെ വരുമ്പോ ഓട്ടോ ഡ്രൈവർമാർക്ക് അറിയേണ്ടത് ബിനാലെ വരുന്നുണ്ടോ എന്നാണ്. പ്രളയം മൂലം ഫോർട്ട് കൊച്ചിയുടെ ടൂറിസം മേഖലക്ക് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി അവരുടെ പ്രതീക്ഷ ബിനാലെയിലാണ്. എനിക്ക് തോന്നുന്നത് ബിനാലെ ഇപ്പോൾ ഫോർട്ട് കൊച്ചിക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള പ്ലാനിങ്ങിന്റെ ഭാഗമാണ്.

ഫോർട്ട് കൊച്ചിയെ മാത്രമല്ല, കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ മുഴുവൻ ബിനാലെ ബാധിക്കുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഒരു ഇവന്റ് ആണെങ്കിലും അതിന്റെയൊരു പ്രോസസ്സ്—മീറ്റിങ്ങിന്റെ രൂപത്തിൽ, റെസിഡൻസി പ്രോഗ്രാമുകളുടെ രൂപത്തിൽ, റിസർച്ച് പ്രോജക്ടുകളുടെ രൂപത്തിൽ—നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ സ്വാധീനം മറ്റെല്ലാ മേഖലകളിലുമുണ്ട്. കുറേ പേർക്ക് തൊഴിൽ നൽകുന്ന ഒരു മേഖലയായി ബിനാലെ മാറുന്നു. ഇലക്ട്രിക്കൽ ജോലി ചെയ്യുന്നവർ, വെൽഡിങ്ങ് ജോലി ചെയ്യുന്നവർ, കാർപ്പെന്റേഴ്സ് ഒക്കെ ഇവിടെ തൊഴിലെടുക്കുന്നു. ഇതൊരു സാധ്യതയാണ്. ഭാഷപരമായി പരിശോധിച്ചാൽ ബിനാലെയുമായി ബന്ധപ്പെട്ട് പുതിയ പദങ്ങൾ, ശൈലികൾ ഒക്കെ ഉണ്ടാകുന്നുണ്ട്. 'ഇടിച്ച് നിന്നെ ഇൻസ്റ്റലേഷൻ ആക്കി കളയും' എന്ന് പോലീസുകാർക്ക് പറയേണ്ടി വരുന്നത് ഒരു കൾച്ചറൽ ഷിഫ്റ്റ് തന്നെയാണ്. ഒരു പുതിയ വാക്ക് വരുന്നതിനർത്ഥം ഒരു പുതിയ കൾച്ചർ വന്നുവെന്നാണല്ലോ എല്ലാം മേഖലകളെയും ബിനാലെ ബാധിക്കുന്നുണ്ട് എന്നതിന് തെളിവാണിത്.

ഇന്ദുലേഖ: കൊച്ചിയുടെ ആഗോള മേൽവിലാസം ഇന്ത്യൻ ബിനാലെ നഗരം എന്നായി മാറുമോ?

റെജി: കൊച്ചിയുടെ മേൽവിലാസമായി ബിനാലെ മാറുന്നത് തീർച്ചയായും സന്തോഷകരമാണ്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതു മാത്രമാകരുത് കൊച്ചി എന്ന അഭിപ്രായമാണുള്ളത്. നല്ല സിറ്റിയായിരിക്കണം. മറ്റെല്ലാ പ്രശ്നങ്ങളും പരിഹരിക്കണം. ക്ലീൻ സിറ്റിയാകണം അനുബന്ധമായ എല്ലാം വേണം. അപ്പോഴെ എല്ലാം sucess ആയി എന്നു പറയാനാകൂ.

ഇന്ദുലേഖ: കൊച്ചി മുസിരിസ് ബിനാലെയുടെ ഏറ്റവും വലിയ വിജയം എന്താണ്?

റെജി: ഫോർട്ട്കൊച്ചി മട്ടാഞ്ചേരി ഭൂപ്രദേശം, അതു തന്നെയാണ് ബിനാലെയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇവിടെ ബിനാലെ എന്നത് ആസ്പിൻവാളും പെപ്പർ ഹൗസും മാത്രമല്ല. ഇവിടുത്തെ ഓരോ തെരുവും അതിന്റെ ഓരത്തെ ഓരോ പൈതൃക കെട്ടിടങ്ങളും തീരവും ചീനവലകളും ചന്തകളും മനുഷ്യരുമെല്ലാം ബിനാലെയോട് ചേരുന്നു. അതിലെ കലാ സൃഷ്ടികളായി അറിയാതെ മാറുന്നു. മുസിരിസിന്റെ തകർച്ചയോടെയാണ് കൊച്ചി തുറമുഖമായി വളരുന്നത്. അതിനു ശേഷം ഇവിടെ എത്രയോ സംസ്കാരങ്ങൾ വന്നു; പാർപ്പുറപ്പിച്ചു. ഇത് വലിയ സാംസ്കാരിക വൈവിദ്ധ്യത്തിന്റെ നാടാണ്; എല്ലാ സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന നാടാണ്. ലോകത്തു തന്നെ ഇത്തരം അധികം സ്ഥലങ്ങളില്ല. എണ്ണമില്ലാത്തത്ര സംസ്കാരങ്ങളെ ഈ നാട് നമ്മുടെ മുൻപിൽ പ്രദർശിപ്പിക്കുന്നു. ഒരർത്ഥത്തിൽ ബിനാലെയും ചെയ്യുന്നത് അത് തന്നെയാണ്. ലോകത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ, അതിന്റെ സങ്കീർണ്ണതകളെ ബിനാലെ പ്രശ്നവൽക്കരിക്കുകയും അഭിസംബോധന ചെയ്യുകയുമാണ്. ആർട്ടുവർക്കുകളിലൂടെ നമ്മളത് ചെയ്യുന്നു. ഓരോ വേദിക്കും ഒരു ഇൻസ്റ്റലേഷന്റെ കലാചാതുര്യമുണ്ട്.  അവയെല്ലാം സ്വയം കലാസൃഷ്ടിയാണ്.

കൊച്ചിയിൽ ഒരു സംസ്കാരവും മൺമറഞ്ഞിട്ടില്ല. പല പ്രകാരത്തിൽ അവയെല്ലാം നിലനിൽക്കുന്നു. നിങ്ങൾ ബിനാലെവേദികൾ നോക്കൂ, കൊച്ചിയിൽ മരിച്ചു പോയി എന്നു കരുതിയ പല സ്ഥലങ്ങളും കെട്ടിടങ്ങളും ബിനാലെയിലൂടെ തിരിച്ചു വന്നു. ജീർണ്ണത ഒരു ജീർണ്ണതയല്ല എന്ന് നമ്മൾ മനസിലാക്കുന്നു. അവയെയെല്ലാം വേദികളാക്കുന്നു. ആസ്പിൻവാളുപോലും സിനിമാ ഷൂട്ടിങ്ങിനല്ലാതെ ഒന്നിനും കാര്യമായി ഉപയോഗിക്കാത്ത ഇടമായിരുന്നു. കമ്പ്രാൾയാഡ് കാടുപിടിച്ച് പാമ്പുകയറിക്കിടക്കുന്ന ഇടമായിരുന്നു. ഡച്ച് വെയർഹൗസ് അങ്ങനെ പലതും കൊച്ചിക്കാരുപോലും മറന്നുപോയ ഇടങ്ങളായിരുന്നു. ഓരോന്നിനും ഓരോ ചരിത്രവും പൈതൃകവുമുണ്ടായിരുന്നു.  ആ ഓർമ്മകളെയെല്ലാം ബിനാലെ തിരിച്ചു കൊണ്ടുവന്നു. സാംസ്കാരിക വൈവിധ്യം ഒരു സമ്പന്നതയാണെങ്കിൽ ലോകത്തെ ഏറ്റവും സമ്പന്നമായ ബിനാലെയാണ് നമ്മുടെ കൊച്ചി മുസിരിസ് ബിനാലെ. അതിലെല്ലാവർക്കും അഭിമാനിക്കാം. ഇത് നമ്മുടെ ബിനാലെയാണ്.