കേരളത്തിലെ സമകാലില കലയും കൊച്ചി-മുസിരിസ് ബിനാലെയും: ഒരു പഠനം

in Module
Published on: 22 July 2019

ഇന്ദുലേഖ കെ.എസ്. (Indulekha K.S.)

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടിയിലെ മലയാള വിഭാഗത്തിൽ സീനിയർ റിസർച്ച് ഫെല്ലോ ആയി പ്രവർത്തിക്കുന്നു. 'ശില്പകലയും സംസ്കാര ചരിത്രവും കേരളത്തിലെ മാതൃകകളെ മുൻനിർത്തിയുള്ള പഠനം' എന്നതാണ് ഗവേഷണ വിഷയം. കലാചരിത്രം (Art history), സംസ്കാര ചരിത്രം (cultural history), നവോത്ഥാനം, സ്ത്രീ മുന്നേറ്റങ്ങൾ എന്നിവയാണ് താത്പര്യമുള്ള വിഷയ മേഖലകൾ. വിദ്യാർത്ഥി-വനിതാ സംഘടനാ പ്രവർത്തനങ്ങളിലും സാന്നിധ്യമാണ്. മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നു.

ഇന്ത്യൻ കലാചരിത്രത്തിലെ വലിയ വിച്ഛേദങ്ങളിലൊന്നായിരുന്നു കൊച്ചി-മുസിരിസ് ബിനാലെ. ഗ്യാലറികളെ ആശ്രയിച്ച് നിലനിന്നിരുന്ന ലളിതകലയെ കാണികളുമായുള്ള സജീവവും സംവാദാത്മകവുമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പുനരവതരിപ്പിക്കുന്ന നൂതനമായ കലാ സംസ്കാരത്തെ അവതരിപ്പിച്ചത്‌ കൊച്ചി-മുസിരിസ് ബിനാലെയാണ്‌. അതുകൊണ്ടു തന്നെ കേവലമായ പ്രദർശനയിടം എന്നതിലുപരി സമകാലിക കലയുടെ പ്രയോഗ സ്ഥാനവും തൊണ്ണൂറുകൾക്കു ശേഷം ഇന്ത്യയിൽ രൂപപ്പെട്ടുവന്ന ആധുനികാനന്തര കലാസംസ്കാരത്തിന്റെ അനുഭൂതിസ്ഥാനവുമായി ബിനാലെയെ മനസ്സിലാക്കാം. സമകാലിക കലയുടെ രൂപപരവും പ്രത്യയശാസ്ത്രപരവുമായ അനുഭവങ്ങളെ സംവേദനം ചെയ്യുന്നതിനോടൊപ്പം പുതിയൊരു കാഴ്ചസംസ്കാരത്തെയും കാണിലോകത്തെയും സൃഷ്ടിച്ചുവെന്നതും കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രത്യേകതയാണ്. കൊച്ചി മുസിരിസ് ബിനാലെയുടെ രൂപീകരണവും കേരള സമൂഹത്തിൽ അവ പ്രവർത്തിക്കുന്ന രീതിയും പഠനവിധേയമാകുക എന്നാതാണ് ഈ മൊഡ്യുളിന്റെ ലക്ഷ്യം.