കൊച്ചി-മുസിരിസ് ബിനാലെ: ചരിത്രവും പരിണാമവും

in Overview
Published on: 22 July 2019

ഇന്ദുലേഖ കെ.എസ്. (Indulekha K.S.)

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടിയിലെ മലയാള വിഭാഗത്തിൽ സീനിയർ റിസർച്ച് ഫെല്ലോ ആയി പ്രവർത്തിക്കുന്നു. 'ശില്പകലയും സംസ്കാര ചരിത്രവും കേരളത്തിലെ മാതൃകകളെ മുൻനിർത്തിയുള്ള പഠനം' എന്നതാണ് ഗവേഷണ വിഷയം. കലാചരിത്രം (Art history), സംസ്കാര ചരിത്രം (cultural history), നവോത്ഥാനം, സ്ത്രീ മുന്നേറ്റങ്ങൾ എന്നിവയാണ് താത്പര്യമുള്ള വിഷയ മേഖലകൾ. വിദ്യാർത്ഥി-വനിതാ സംഘടനാ പ്രവർത്തനങ്ങളിലും സാന്നിധ്യമാണ്. മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നു.

ആമുഖം
കേരളത്തിന്റെ കലാ-സാംസ്കാരിക ചരിത്രത്തിൽ കൊച്ചി-മുസിരിസ് ബിനാലെ നടത്തിയ ഇടപെടലുകളാണ് ഈ പ്രബന്ധത്തിന്റെ അന്വേഷണ മേഖല. ഇന്ത്യയിലെ ആദ്യ ബിനാലെ സംരംഭമായ കൊച്ചി ബിനാലെയെ ഒരു സാംസ്കാരിക പ്രതിഭാസം (cultural event) എന്ന നിലയിലാണ് പ്രബന്ധം അഭിസംബോധന ചെയ്യുന്നത്. സമകാലിക കലയുടെ പ്രദർശന സ്ഥാനമാകുന്നതിനൊപ്പം തന്നെ സങ്കീർണ്ണമായ ജീവിതബന്ധങ്ങളെ - ഭാഷ, ദേശം, തൊഴിൽ എന്നിങ്ങനെ - പേറുന്ന ഇടം കൂടിയായി ബിനാലെ മാറുന്നുണ്ട്. സാംസ്കാരിക പ്രതിഭാസം എന്ന നിലയിൽ ബിനാലെയെ പരിഗണിക്കുന്നത് അതുകൊണ്ടാണ്.

ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും സങ്കീർണ്ണമായ പദങ്ങളിലൊന്നായിട്ടാണ് റെയ്മണ്ട് വില്യംസ് സംസ്കാരത്തെ (culture) പരിഗണിക്കുന്നത്. Culture എന്ന ഇംഗ്ലീഷ് വാക്കിന് inhabit, cultivate, protect, honour with worship എന്നെല്ലാം അർത്ഥം കണ്ടെത്തുന്നു.[i] വ്യവസായ വിപ്ലവവും അതുവഴി രൂപപ്പെട്ടു വന്ന പുത്തൻ സമ്പദ്‌ വ്യവസ്ഥയും സംസ്കാരം എന്ന പദത്തെ കൂടുതൽ സങ്കീർണ്ണമാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ സംഭവിച്ച സാമൂഹിക പരിവർത്തനങ്ങളുടെ ഫലമായി രൂപപ്പെട്ടു വന്ന പുത്തൻ മധ്യവർഗ്ഗത്തിന്റെ ആചാരങ്ങൾ, ശീലങ്ങൾ, അഭിരുചികൾ എന്നിവയെ മാത്രം സൂചിപ്പിക്കുന്ന ഒന്നായി സംസ്കാരമെന്ന പദം ചുരുങ്ങി.[ii] എന്നാൽ ബ്രിട്ടനിലെ ബർമിങ്ങ്ഹാം സർവ്വകലാശാലയിൽ 1964ൽ ആരംഭിച്ച സെന്റർ ഫോർ കണ്ടമ്പററി കൾച്ചറൽ സ്റ്റഡീസിൽ സംസ്കാരപഠനം ഒരു പാഠ്യ വിഷയമായതോടെ സംസ്കാരം എന്ന പദത്തിന്റെ അർത്ഥമേഖലകൾ കൂടുതൽ വിപുലമായി.[iii] വിവിധ സ്വഭാവത്തിലുള്ള അധികാര ബന്ധങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന സമഗ്ര ജീവിതരീതി എന്ന നിലയിലാണ് സംസ്കാരപഠനം സംസ്കാരത്തെ പരിഗണിച്ചത്.

സംസ്കാരപഠനത്തെ അക്കാദമിക് വ്യവഹാരത്തിന്റെ നിലയിലേക്കുയർത്തിയ പണ്ഡിതന്മാരിലൊരാളായ റെയ്മണ്ട് വില്യംസ് ‘Complex relationship between elements in a whole way of life’ എന്നാണ് സംസ്കാരത്തെ നിർവചിച്ചത്.[iv] സംസ്കാരത്തിന്റെ ഭൗതികതയിലൂന്നിയുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ സാംസ്കാരിക ഭൗതികവാദം (cultural materialism) എന്നറിയപ്പെടുന്നു. കൾച്ചറൽ മെറ്റീരിയലിസമെന്ന സങ്കല്പനത്തെ അവതരിപ്പിച്ചു കൊണ്ട് സംസ്കാര വിശകലനത്തിൽ (analysis of culture) പുതിയ രീതിശാസ്ത്രം ആവിഷ്കരിച്ച റെയ്മണ്ട് വില്യംസിന്റെ വീക്ഷണങ്ങളെ പിൻപറ്റി കൊണ്ടാണ് ഈ പ്രബന്ധം മുന്നോട്ടുപോകുന്നത്.

കേരളീയ കലാചരിത്രം: പരിണാമ വഴികൾ
രാജാ രവിവർമ്മയിലാരംഭിച്ച് ബിനാലെയിൽ എത്തി നിൽക്കുന്ന കേരളത്തിന്റെ ആധുനിക കലാ സംസ്കാരത്തെ രേഖീയമായ ക്രമത്തിൽ മനസിലാക്കുക സാധ്യമല്ല. ഇടർച്ചകളും തുടർച്ചകളും കലർപ്പുകളുമായി നിലനിന്നുപോന്ന പാരമ്പര്യമാണ് കേരളത്തിന്റെ കലാജീവിതത്തിനുള്ളത്. സ്വദേശീയവും വിദേശീയവുമായ നിരവധി ധാരകളുടെ സംയോജനം കേരളത്തിന്റെ ലളിതകലാ രംഗത്ത് പ്രകടമാണെങ്കിലും ക്ഷേത്രങ്ങളെയും രാജകൊട്ടാരങ്ങളെയും പ്രഭുഭവനങ്ങളെയും കേന്ദ്രീകരിച്ച്‌ വ്യാപകമായ ഗവേഷണങ്ങളും സർക്കാർ നേതൃത്വത്തിൽ നടന്ന പുനരുദ്ധാരണ ശ്രമങ്ങളും ആദ്യകാല കേരളത്തിലെ കലാപ്രവർത്തനങ്ങളെ ക്ഷേത്ര കേന്ദ്രീകൃതമായി മനസ്സിലാക്കാൻ പ്രേരിപ്പിച്ചു.  കേസരി എ. ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ നവീന ചിത്രകല എന്ന കൃതിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു:

ഇവിടുത്തെ പ്രാചീന ഭവനങ്ങളിൽ ദുർലഭമായി അവശേഷിച്ചിട്ടുള്ള മരക്കൊത്തുപണികൾ പ്രതിബിംബിക്കുന്ന ജനകീയ കലയും ഇവിടെ ലൗകികത്വം മികച്ചിരുന്ന ചിത്രങ്ങളുണ്ടായിരുന്നു എന്നു സ്ഥാപിക്കുന്നുണ്ട്. ആദ്ധ്യാത്മികത്വാത്മകങ്ങളായ ചിത്രങ്ങൾ ദേവാലയങ്ങളേയും, പൗരഭവനങ്ങളെയും പണ്ട് അലങ്കരിച്ചിരുന്നു. ഈ ലൗകികത്വാത്മകങ്ങളായ ചിത്രങ്ങൾക്കാണു പ്രാചീന ഭാരതീയ ചിത്രകലാ ലക്ഷണകൃതികൾ 'സത്യ' അഥവാ 'വിദ്ധ' ചിത്രങ്ങൾ എന്ന പേരു നൽകിയിരിക്കുന്നതും. ക്ഷണനശ്വരങ്ങളായ തടി മുതലായ സാമഗ്രികൾകൊണ്ടു രാജമന്ദിരങ്ങളും പൗരഭവനങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ, അവ ഇന്ന് അവശേഷിച്ചിട്ടില്ല. ശാശ്വതങ്ങളായ ശില മുതലായ സാമഗ്രികളാൽ ദേവാലയങ്ങൾ പണി ചെയ്തിരുന്നതിനാൽ അവശേഷിച്ചിട്ടുള്ള ആദ്ധ്യാത്മികത്വാത്മകങ്ങളായ ചിത്രങ്ങളിൽ നിന്നു കലയുടെ മൗലിക സ്വഭാവം മികച്ച ആദ്ധ്യാത്മികത്വമാണെന്നു വാദിക്കുന്നതിന്റെ പോരായ്മ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.[v]

നവീന ചിത്രകലയുടെ അവതാരികയിൽ എം.എൻ. വിജയൻ കേസരിയുടെ അഭിപ്രായത്തെ കുറേക്കൂടി പരിഷ്കരിച്ച് അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:

നമുക്ക് ഈ സങ്കുചിതത്വം തന്നെയാണ് പഥ്യം എന്ന് ക്ഷേത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഇന്നത്തെ ഗവേഷണങ്ങളിൽ നിന്ന് തെളിയുകയും ചെയ്യുന്നു. കേരളത്തെ ആഴത്തിൽ സ്വാധീനിച്ച ക്രൈസ്തവ കലകളെക്കുറിച്ചോ അപ്രധാനമല്ലാത്ത മുസ്ലീം കലയെക്കുറിച്ചോ ഔദ്യോഗികമായ ഉദാസീനത തുടരുന്നതേയുള്ളൂ. വക്രീകൃതമായ ഈ ബോധത്തെ ഭേദിക്കുവാൻ അക്കാദമികൾക്ക് കഴിയേണ്ടതാണ്.[vi]

കലയെ സമീപിക്കുന്നതിൽ സംഭവിച്ച മേൽസൂചിപ്പിച്ച പാളിച്ചകൾ ആധുനികതക്ക് മുമ്പുള്ള കേളത്തിന്റെ കലാചരിത്രം ഏറെക്കുറേ ക്ഷേത്രകേന്ദ്രീകൃതമാക്കി നിലനിർത്തി.

മുഗൾ ഭരണത്തിന്റെ തകർച്ചക്കു ശേഷം ഇന്ത്യയിൽ അധികാരം സ്ഥാപിച്ച ബ്രിട്ടീഷുകാർ ജനജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ത്യൻ കലാരംഗത്ത് പാശ്ചാത്യശൈലികളെ അനുകരിച്ച് അക്കാദമിക് നാച്വറലിസം (academic naturalism) വ്യാപകമാകുന്നത് ഈ സഹാചര്യത്തിലാണ്. പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർ സ്ഥാപിച്ച മുഴുവൻ കലാശാലകളും അക്കാദമിക് നാച്വറലിസ്റ്റിക് ശൈലിയാണ് പിൻതുടർന്നത്.[vii] കേരളത്തിൽ ഈ ശൈലിയെ പിൻതുടർന്ന് ചിത്രകലാരംഗത്ത് സജീവമായ രാജാ രവിവർമ്മ പുതിയൊരു കലാസംസ്കാരത്തിന് തുടക്കം കുറിച്ചു.  (Fig. 1) പകർപ്പുകളായും കലണ്ടർ ചിത്രങ്ങളായും രാജ്യവ്യാപകമായി പ്രചരിച്ച രവിവർമ്മ ചിത്രങ്ങൾക്ക് നിരവധി പിൻതുടർച്ചകൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം അനുകരണങ്ങൾ മാത്രമായി ഒതുങ്ങുകയാണുണ്ടായത്.

Fig. 1. രാജാ രവിവർമ്മയുടെ ഹംസവും ദമയന്തിയും (ചിത്രം: വിക്കിമീഡിയ കോമൺസ്)
Fig. 1. രാജാ രവിവർമ്മയുടെ ഹംസവും ദമയന്തിയും (ചിത്രം: വിക്കിമീഡിയ കോമൺസ്)

 

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയർന്നു വന്ന ദേശീയബോധം കലാരംഗത്തും പ്രവർത്തിച്ചു തുടങ്ങിയതിന്റെ ഫലമായിരുന്നു ബംഗാൾ സ്കൂൾ. ബ്രിട്ടീഷുകാർ അവതരിപ്പിച്ച യഥാതഥ ശൈലിയിൽ നിന്ന് വ്യത്യസ്തമായി പാരമ്പര്യ രചനാശൈലികളെ പുനരുദ്ധരിക്കാനും ആത്മീയമായ സൗന്ദര്യാനുഭവം പ്രേക്ഷകർക്ക് നൽകാനുമുള്ള ശ്രമങ്ങളാണ് ബംഗാൾ സ്കൂളിൽ നിന്നും ഉണ്ടായത്. ഇ.ബി. ഹാവേലിൽ (പ്രിൻസിപ്പൽ ഗവൺമെൻറ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റ്, കൊൽക്കത്ത, 1896-1905) നിന്നാരംഭിച്ച് അബനീന്ദ്രനാഥ ടാഗോറിലൂടെ ആനന്ദകുമാരസ്വാമി, നന്ദലാൽബോസ്, സിസ്റ്റർ നിവേദിത, ക്ഷിതിന്ദ്ര മജുംദാർ എന്നിവരിലേക്ക് വികസിച്ച ഈ പാരമ്പര്യത്തിന് കലാരംഗത്ത് അധികകാലം ആയുസ്സുണ്ടായില്ല.

1940 കളോടെ ഇന്ത്യൻ കലാരംഗത്ത് വീണ്ടും പരിവർത്തനങ്ങൾ സംഭവിച്ചു. ഭാരതീയ കലക്കുവേണ്ടിയുള്ള ബംഗാൾ സ്കൂൾ വാദത്തെ മറികടന്നു കൊണ്ടും പാശ്ചാത്യ കലാശൈലികളെ പല നിലകളിൽ സ്വീകരിച്ചുകൊണ്ടും പ്രാദേശിക സ്വത്വത്തെ കലയിൽ സ്ഥാനപ്പെടുത്തുകയെന്ന ദൗത്യം മദ്രാസ് സ്കൂൾ ഏറ്റെടുത്തു. രൂപനിഷ്ഠമല്ലാത്തതും (non-figurative) പ്രതിനിധാന സ്വഭാവമില്ലാത്തതും (non-representative) അമൂർത്തവുമായ കലാശൈലി മദ്രാസ് സ്കൂൾ സ്വീകരിച്ചു. അതോടൊപ്പം രേഖക്ക് പ്രാധാന്യം നൽകികൊണ്ടുള്ളതും അർധവും ത്രിമാനവുമായ സ്വഭാവം പ്രകടിപ്പിക്കുന്നതുമായ ചിത്ര-ശില്പങ്ങൾ ഈ ഘട്ടത്തിൽ ഉണ്ടാകുന്നുണ്ട്.[viii] മദ്രാസ് സ്കൂളിൽ പഠനം നടത്തിയ എം.വി. ദേവൻ, സി.എൻ. കരുണാകരൻ, കാനായി കുഞ്ഞിരാമൻ, പാരിസ് വിശ്വനാഥൻ, പത്മിനി, മാധവമേനോൻ, അക്കിത്തം നാരായണൻ എന്നിവർ കേരളത്തിന്റെ കലാമണ്ഡലത്തെ പല നിലകളിൽ പുതുക്കി നിർമ്മിച്ചു. കുലത്തൊഴിൽ എന്നോ 'നേരംകൊല്ലി കല ' യെന്നോ വിളിപ്പേരുണ്ടായിരുന്ന ചിത്ര-ശില്പ കലകൾക്ക് കുറേക്കൂടി ഗൗരവമായ അക്കാദമിക വ്യവഹാരം എന്ന നിലയിൽ സ്വീകാര്യത നേടിക്കൊടുത്തത് മദ്രാസ് സ്കൂളിൽ നിന്നും തിരിച്ചെത്തിയ കലാകൃത്തുക്കളുടെ പ്രവർത്തനഫലമായാണ്. ആധുനികതയുടെ സന്ദർഭത്തിൽ പ്രധാനമായ വ്യക്തി സങ്കല്പം കലാ നിർമ്മിതികളെ വൈയക്തികാനുഭവത്തിന്റെ പുതിയ വിഭവമായി സ്വീകരിക്കാൻ പര്യാപ്തമായിരുന്നു. കാനായി കുഞ്ഞിരാമൻ പൊതുഇടങ്ങളിൽ നിർമ്മിച്ച ശില്പങ്ങൾ ആധുനികത രൂപം നൽകിയ വ്യക്തി സങ്കല്പത്തിന്റെ ബൃഹദാകാര രൂപമാണ്. കാനായിക്ക് ശേഷം നിരവധി കലാകൃത്തുക്കൾ പൊതുഇടകലയിൽ സജീവമായി. കലാശില്പങ്ങൾ മാത്രമല്ല ഛായാശില്പങ്ങളും പൊതുഇടങ്ങളിൽ നിർമ്മിക്കപ്പെട്ടു.

1962 ൽ സ്ഥാപിതമായ കേരള ലളിതകലാ അക്കാദമി പുതിയ തുറസുകൾ കലാമേഖലക്ക് നൽകി. വ്യവസായവത്കരണവും അതുവഴി രൂപപ്പെട്ടു വന്ന സമ്പദ്‌ വ്യവസ്ഥയും കലക്ക് പുതിയൊരു വിപണി തുറന്നുകൊടുത്തു. സാമൂഹിക-സാമ്പത്തിക ഘടനയിൽ വന്ന മാറ്റം കലയുടെ വ്യാകരണങ്ങളെ മാത്രമല്ല കാഴ്ചാനുഭവങ്ങളെയും മാറ്റി തീർത്തുവെന്നതിന് തെളിവായിരുന്നു കേരളത്തിൽ പ്രചാരം നേടിയ ഗ്യാലറി സംവിധാനങ്ങൾ. അക്കാദമികമായ കലാവിദ്യാഭ്യാസം നേടിയവർ മാത്രമല്ല അമേച്വർ കലാപ്രവർത്തകർക്കും ഗ്യാലറികൾ പ്രദർശന സാധ്യതകൾ തുറന്നുകൊടുത്തു. ഗ്യാലറികളെ കേന്ദ്രീകരിച്ച് നടന്ന പ്രദർശനങ്ങളും കലാചർച്ചകളും ജനസാമാന്യത്തിനിടയിൽ കലയെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിക്കുകയും കലാനിർമ്മിതിയെ ഒരു സാംസ്കാരിക വിഭവമാക്കി പരിവർത്തനപ്പെടുത്തുകയും ചെയ്തു.

ആഗോളവത്കരണവും സാമ്പത്തിക ഘടനയിൽ സംഭവിച്ച മാറ്റങ്ങളും ജീവിതബന്ധങ്ങളിൽ ലോകവ്യാപകമായി തന്നെ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന സമയത്താണ് കലാനിർമ്മിതികൾ ഗ്യാലറിയുടെ ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നത്. ഇൻസ്റ്റലേഷൻ ആർട്ട്, ഗ്രാഫിറ്റി ആർട്ട്, എൻവയോൺമെന്റൽ ആർട്ട്, നെറ്റ് ആർട്ട് എന്നിങ്ങനെ പല രൂപത്തിലും കലാനിർമ്മിതികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ശില്പം, ചിത്രം എന്നീ പരമ്പരാഗത സങ്കേതങ്ങളിൽ അവയെ മനസ്സിലാക്കാൻ സാധിക്കാതെ വന്നു. എല്ലാ ഇന്ദ്രിയങ്ങളുമുപയോഗിച്ച് അനുഭവിക്കേണ്ടുന്നതും പ്രത്യേക സന്ദർഭത്തിൽ മാത്രം അർത്ഥം കൈവരുന്നതുമായ ഒന്നായി സമകാലിക കലാനിർമ്മിതികൾ മാറുന്നു. കേരളത്തിൽ ഈ മാറ്റം സംഭവിക്കുന്നത് 2012ലെ കൊച്ചി-മുസിരിസ് ബിനാലെയിലൂടെയാണ്. അതുവരെയും നിർജ്ജീവമായി നിന്നിരുന്ന കേരളത്തിലെ ലളിതകലാരംഗം ബിനാലെയിലൂടെ പുതിയൊരു കലാസംസ്കാരത്തിലേക്ക് കാലെടുത്തു വച്ചു. മുൻപെങ്ങുമില്ലാത്ത വിധം കലാപ്രദർശനം കാണാൻ ഫോർട്ടുകൊച്ചിയിലേക്ക് ആസ്വാദകർ ഒഴുകിയെത്തി. ആ നിലയിൽ കേരളത്തിന്റെ കലാചരിത്രത്തിൽ വലിയ വിച്ഛേദമാണ് ബിനാലെ കൊണ്ടുവന്നത്.

കൊച്ചി-മുസിരിസ് ബിനാലെ: സങ്കല്പനം
‘Biennial’ എന്ന ഇറ്റാലിയൻ മൂലപദത്തിൽ നിന്നാണ് ബിനാലെ എന്ന പദം പിറവിയെടുത്തത്. ഓരോ രണ്ടു വർഷം കൂടുമ്പോഴും സംഭവിക്കുന്നത് (occurring every two years) എന്നാണ് ബിനാലെ എന്ന പദത്തിന് അർത്ഥം.[ix] രണ്ടുവർഷം കൂടുമ്പോൾ സംഭവിക്കുന്ന ഏതൊരു സന്ദർഭത്തിനെയും ബിനാലെ എന്ന പദംകൊണ്ട് വ്യവഹരിക്കാമെങ്കിലും സമകാലിക കലയുടെ (contemporary art) സന്ദർഭത്തിൽ രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന കലാമേളകളെയാണ് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്.

1895 ലെ വെനീസ് ബിനാലെയിലൂടെയാണ് ഈ അർത്ഥസൂചന രൂപപ്പെടുന്നത്.[x] വൈകാതെ വെനീസ് ബിനാലെയുടെ മാതൃകയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ട കലാപ്രദർശനങ്ങൾ ബിനാലെയെ സമകാലിക കലാവ്യവഹാരങ്ങളുടെ കേന്ദ്രമാക്കിത്തീർത്തു. കലാരംഗത്ത് പ്രകടമാകുന്ന നവീനമായ എല്ലാ പ്രവണതകളെയും പ്രദർശിപ്പിക്കുന്ന രാജ്യാന്തര വേദി എന്ന നിലയിൽ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും ബിനാലെകൾ സംഘടിപ്പിക്കപ്പെട്ടു.

കേരളത്തെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആലോചനയിൽ സാംസ്കാരികവകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ഒരു കലാമേളയെക്കുറിച്ച് നിർദ്ദേശിക്കാൻ കലാപ്രവർത്തകരായ റിയാസ് കോമുവിനോടും ബോസ് കൃഷ്ണമാചാരിയോടും ആവശ്യപ്പെട്ടത്.[xi] ഡൽഹി കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ 1968 ൽ ആരംഭിച്ച് തൊണ്ണൂറുകളുടെ അവസാനംവരെ നിലനിന്നിരുന്ന ട്രിനാലെ പാരമ്പര്യം ഇന്ത്യക്ക് അവകാശപ്പെടാനുണ്ടെങ്കിലും ബിനാലെയുമായി ബന്ധപ്പെട്ട ആലോചനകളെ പ്രയോഗത്തിൽ വരുത്താൻ കലാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല. വൻകിട പ്രദർശനങ്ങൾ നടത്തുന്നതിനാവശ്യമായ സാമ്പത്തിക ചെലവുകൾ തന്നെയാണ് ഇത്തരമൊരു പദ്ധതിയുടെ നടത്തിപ്പിന് വിഘാതമായി നിന്ന പ്രധാന ഘടകം.  ഈയൊരു സംഘർഷഘട്ടത്തിലാണ് 2010 ൽ കേരളത്തിൽ നിന്നുള്ള സർക്കാർ പ്രതിനിധി റിയാസ് കോമുവിനെയും ബോസ് കൃഷ്ണമാചാരിയെയും സമീപിക്കുന്നത്. നിരവധി കലാപ്രദർശനങ്ങൾ ക്യൂറേറ്റ് ചെയ്തുകൊണ്ട് അന്തർദേശീയ ശ്രദ്ധ നേടിയ റിയാസിനും ബോസിനും ബിനാലെ എന്ന ആശയത്തെ അവർക്കു മുന്നിൽ അവതരിപ്പിക്കാൻ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. കൊച്ചി-മുസിരിസ് ബിനാലെയുടെ ആരംഭം ഇങ്ങനെയാണ്.

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും അതിന്റെ ചരിത്രപരമായ ബഹുസ്വരതയും ലോകത്തിലെ വിവിധ സംസ്കൃതികളുമായി അതിനുള്ള നൂറ്റാണ്ടുകളുടെ ബന്ധവും അടയാളപ്പെടുത്തുന്ന തരത്തിൽ കൊച്ചി-മുസിരിസ് ബിനാലെ എന്ന പേരാണ് ഇന്ത്യയിലെ ആദ്യ ബിനാലെ സംരംഭത്തിന് ഫൗണ്ടേഷൻ നൽകിയത്. പുരാതന കേരളത്തിലെ തുറമുഖ നഗരമായ മുസിരിസ് അഥവാ മുചരി പട്ടണത്തിന്റെ പ്രദേശങ്ങളിൽ ചരിത്ര ഗവേഷകർ ഉത്ഘനനം നടത്തുന്ന സമയമായിരുന്നു അത്. ഗ്രീക്ക്, അറബ് തുടങ്ങിയ ജനതകളുമായി കേരളത്തിനുണ്ടായിരുന്ന ബന്ധം ഈ ഗവേഷണത്തിലൂടെ വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുകയുമുണ്ടായി. സ്വാഭാവികമായും മേൽ പറഞ്ഞ നാടുകളിലെ ചരിത്രത്തോളം പഴക്കമുള്ള പ്രൗഢമായ ചരിത്രത്തെ മുസരിസ് എന്ന നാമം പ്രതിനിധാനം ചെയ്യുന്നുണ്ട്. പ്രാചീന കേരളത്തിൽ മുസിരിസ് വഹിച്ചിരുന്ന സ്ഥാനം കൊളോണിയൽ കാലഘട്ടം മുതലിന്നോളം കൈയ്യേറ്റിയിരിക്കുന്നത് കൊച്ചിയെന്ന തുറമുഖ നഗരമാണ്. വിശേഷിച്ചും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ. അറബ്-മുസ്ലീം സംസ്കാരവും ജൂതസംസ്കാരവും ആഴത്തിൽ വേരോടിയ ഈ പ്രദേശം ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ് സംസ്കാരങ്ങളുടെയും നിവാസ സ്ഥാനമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്നു. തദ്ദേശീയ ജനത മേൽപ്പറഞ്ഞ സംസ്കാരങ്ങളുടെയെല്ലാം സവിശേഷതകളെ ആഴത്തിൽ സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ടു തന്നെ കൊച്ചി, മുസിരീസ് എന്നീ പദങ്ങൾ കേവലം സ്ഥലനാമങ്ങൾ എന്നതിലുപരി കേരളമെന്ന ഭൂപ്രദേശത്തിന് ലോകവുമായുള്ള സാംസ്കാരിക വിനിമയ ബന്ധങ്ങളുടെയും നനാതരം സാംസ്കാരിക പൈതൃകങ്ങളെ സഹിഷ്ണുതയോടെ സമന്വയിപ്പിച്ച് ഒരു ആധുനിക ജനതയായി സ്വയം പരിണമിച്ച കേരള ജനതയുടെയും പ്രാതിനിധ്യത്തെ വഹിക്കുന്നു. നവീന കലാപ്രവണതകളെ പ്രദർശിപ്പിക്കുന്ന ലോകോത്തരമായ കേരളീയ സംരഭത്തിന് നൽകാവുന്ന ഉചിതമായ നാമമായി കൊച്ചി-മുസിരിസ് ബിനാലെ മാറി.

രൂപീകരണം
1882 ലെ ട്രസ്റ്റ് ആക്ട് പ്രകാരം ബോസ് കൃഷ്ണമാചാരി പ്രസിഡന്റും റിയാസ് കോമു സെക്രട്ടറിയുമായി 2010 ആഗസ്റ്റ് 10ന് കൊച്ചി ബിനാലെ ഫൗഡേഷൻ (The Kochi Biennale Foundation-KBF) സ്ഥാപിതമായി. റിയാസിനേയും ബോസിനേയും കൂടാതെ ബോണീ തോമസ് (കാര്ട്ടൂണിസ്റ്റ്), സുനിൽ വി. (ക്രീയേറ്റീവ് ഡയറക്ടർ, വൈഡൻ ആൻഡ് കെന്നഡി), പി.കെ.എച്ച്. തരകൻ (ക്യാബിനറ്റ് സെക്രട്ടറി), തസ്നീം സക്കറിയ മേഹ്ത്ത (ഓണററി ഡയറക്ടർ, ഡോക്ടർ ഭാഉ ദാജ് ലാഡ്‌ മ്യൂസിയം, മുംബൈ), കെ. സുഭാസ് ചന്ദ്രൻ (മുൻ ഡയറക്ടർ, നാഷണൽ സെൻറ്റർ ഫോർ ദി പെർഫോമിങ് ആർട്സ്, മുംബൈ), ജോസ് ഡൊമനിക് (മാനേജിങ് ഡയറക്ടർ, സിജിഎച് ഏർത്), ലിസ്സി ജേക്കബ് മുൻ ചീഫ് സെക്രട്ടറി) എന്നീ ഏഴംഗങ്ങളാണ് ട്രസ്റ്റിൽ ഉണ്ടായിരുന്നത്. കേരള സർക്കാർ, ടൂറിസം ഡിപ്പാർട്ട്‌മെന്റ്‌ എന്നിവയെ കൂടാതെ ബി എം ഡബ്ള്യു (BMW), ഡി എൽ എം (DLM) തുടങ്ങിയ വൻകിട കമ്പനികൾ ആദ്യ ബിനാലെയുടെ പ്രധാന പ്രായോജകരായി. തുടർന്നുള്ള എഡിഷനുകളിൽ നിരവധി കോർപ്പറേറ്റ് കമ്പനികൾ ബിനാലെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇന്ത്യയുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുക എന്ന ലക്ഷ്യമാണ് ഫൗണ്ടേഷന് ഉണ്ടായിരുന്നത്. അതിനുള്ള ഉപാധിയെന്ന നിലയിലാണ് ബിനാലെ വിഭാവനം ചെയ്യപ്പെട്ടത്. ചരിത്ര പ്രാധാനമായ സ്ഥലങ്ങളുടെ പുനരുദ്ധാരണം, ലോകോത്തര നിലവാരത്തിലുള്ള കലാവിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകുക തുടങ്ങിയവയും ബിനാലെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. കേവലം ഒരു പ്രദർശനയിടം എന്നതിനപ്പുറം കലയെക്കുറിച്ച് ഗൗരവമായ ആലോചനകളും ചർച്ചകളും സംഘടിപ്പിക്കുകയും ആഗോള കലയിൽ ഉടലെടുക്കുന്ന നൂതന പ്രവണതകളോട് ഇന്ത്യൻ ജനതക്ക് സംവദിക്കാൻ അവസരമൊരുക്കുകയും അതുവഴി സമകാലിക കലയുടെ വ്യാകരണ നിയമങ്ങളെ ഇന്ത്യൻ സാഹചര്യത്തിനനുസരിച്ച് പുതുക്കി നിർമ്മിക്കുകയെന്ന ദൗത്യവും ബിനാലെ ഏറ്റെടുത്തു. 1990 ന്റെ മധ്യകാലത്തു പോലും ഒരൊറ്റ ഗ്യാലറി ഇല്ലാതിരുന്ന കേരളത്തിൽ ബിനാലെ വരുക എന്നത് അദ്ഭുതങ്ങളിൽ അത്ഭുതമായതാണ് കലാനിരൂപകനായ വിജയകുമാർ മേനോൻ നോക്കികാണുന്നത്. അങ്ങനൊരു കേരളത്തിൽ വെറും ഇരുപതോ ഇരുപത്തിയഞ്ചോ കൊല്ലം കൊണ്ട് നാലാമത്തെ ബിനാലെ ഒരുക്കിയിരിക്കുന്നത് നിസ്സാരകാര്യമായിട്ട് തോന്നുന്നില്ല എന്ന് അദ്ദേഹം പറയുന്നു.[xii] ബിനാലെയ്ക്ക്‌ കേരളത്തിന്റെ കലാരംഗത്തുള്ള പ്രാധാന്യത്തെ സംബന്ധിച്ച് വിജയകുമാർ മേനോൻ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:

ഇന്ത്യയിൽ ആർക്കും നാലു തവണ അടുപ്പിച്ച് നടത്താൻ സാധിച്ചിട്ടില്ല… ഇങ്ങനെ വരുമ്പോൾ നമുക്ക് ലോക കല എന്താണ് എന്ന് അറിയാൻ സാധിക്കും. നമുക്ക് ആകെയുള്ള വിചാരം ക്യാൻവാസിൽ ചിത്രം വരയ്ക്കുക അല്ലെങ്കിൽ ഒരു ശില്പം ഉണ്ടാക്കുക, അത് ഗ്യാലറിയിൽ കൊണ്ട് പ്രദർശിപ്പിക്കുക എന്നൊക്കെയായിരുന്നു. സ്പേസ്, സ്ഥലം എന്നീ വിശാലമായ ചിന്ത, അവിടെ എന്തെല്ലാം, ഏതെല്ലാം പ്രതിഷ്ഠിക്കാം, എങ്ങനെയെല്ലാം സ്ഥലം ഉപയോഗിക്കാം അതൊന്നും അറിയില്ലായിരുന്നു…. ബിനാലെ വന്നതുകൊണ്ട് നമ്മുടെ വീക്ഷണം മാറി. നമുക്ക് കല ഏതൊക്കെ വിഷയങ്ങളുമായി ബന്ധപ്പെടുത്താം എന്ന സങ്കുചിത മന:സ്ഥിതി മാറി, കല ഏതെങ്കിലും ഒന്നിനോട് മുഖം തിരിച്ചു നിൽക്കുന്നതല്ല എന്ന ചിന്ത വന്നു.[xiii]

ഇത്തരത്തിൽ കലാരംഗത്ത് ഭൗതികമായും ശൈലീപരമായും അവബോധപരമായും നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പ് അവതരിപ്പിക്കപ്പെട്ടത് 2012 ഡിസംബർ 12 നാണ്. ആസ്പിൻവാൾ ഹൗസ്, കൊച്ചി ദർബാർ ഹാൾ, കാശി ആർട്ട് ഗ്യാലറി, ഡേവിഡ് ഹാൾ എന്നിവ കേന്ദ്രീകരിച്ച് റിയാസും ബോസും ക്യൂറേറ്റർമാരായിക്കൊണ്ടാണ് ആദ്യ ബിനാലെ പ്രദർശനം സംഘടിപ്പിക്കപ്പെട്ടത്. ലോകോത്തര നിലവാരത്തിൽ വിഭാവനം ചെയ്യപ്പെട്ടതും ആഗോള കലയിലെ നൂതന പ്രവണതകൾ പ്രദർശിപ്പിക്കപ്പെടുന്ന കൊച്ചി ബിനാലെക്ക് ഈ പ്രദർശന ഇടങ്ങൾ തീർത്തും അപര്യാപ്തമായിരുന്നു. അതുകൊണ്ടു തന്നെ ആദ്യ ബിനാലെക്കു മുന്നോടിയായി ഇൻഫ്രാസ്ട്രക്ചർ ബിൽഡ് ചെയ്യുക എന്നൊരു ദൗത്യം KBF ഏറ്റെടുക്കുകയും ദർബാർ ഹാൾ അന്തർദേശീയ നിലവാരമുള്ള ഗ്യാലറിയായി നവീകരിക്കുകയും ചെയ്തു. (Fig. 2) ഇതിനെക്കുറിച്ച് ഫൗണ്ടേഷൻ സെക്രട്ടറിയും ക്യൂറേറ്ററുമായ റിയാസ് കോമു പറയുന്നത് ഇങ്ങനെയാണ്:

എക്സിസ്റ്റ് ചെയ്യുന്ന ഒരു ആർട്ട് സ്പേസിനെ ട്രാൻസ്ഫോം ചെയ്യുകയാണ്. എന്നിട്ടതിനെ റിസപ്റ്റീവ് ആയ ഒരു Space ആക്കി മാറ്റുന്നു. അവിടേക്ക് ആളുകൾക്ക് വരാൻ തോന്നിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് Dresden Museum ത്തിൽ നിന്ന് ഷോ ഇവിടേക്കെത്തുന്നത്...അതോടൊപ്പം തന്നെ ഒരു contemporary context ൽ ആവശ്യമുള്ള ഒരു ആൾട്ടർനേറ്റീവ് സ്പേസ് ആയി കൊച്ചി മാറുന്നു. ലാർജർ ആർട്ട് ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായിട്ട് കൊച്ചി മാറുന്നു. അങ്ങനെ ഒരു കാണിയേയും സിസ്റ്റത്തേയും സമൂഹത്തെയും ഒക്കെ ഇതിന്റെ ഭാഗമാക്കി മാറ്റുന്നു.[xiv]

ബിനാലെയ്ക്ക്  വേണ്ടി നവീകരിച്ച ദർബാർ ഹാൾ (ചിത്രം:  ‘നിരക്ഷരൻ’, വിക്കിമീഡിയ  കോമൺസ്)
Fig. 2. ബിനാലെയ്ക്ക് വേണ്ടി നവീകരിച്ച ദർബാർ ഹാൾ (ചിത്രം: ‘നിരക്ഷരൻ’, വിക്കിമീഡിയ കോമൺസ്)

 

ഗ്യാലറിക്ക് പുറത്ത് സ്വതന്ത്രമായ കാഴ്ചകളെയും ഇന്ദ്രിയാനുഭവങ്ങളെയും സൃഷ്ടിക്കാൻ പര്യാപ്തമായ വിശാലമായ ഇടങ്ങളാണ് ബിനാലെയെ ചലനാത്മകമാക്കുന്നതെന്ന ഉറച്ച ബോധ്യത്തിൽ നിന്നും നടന്ന അന്വേഷണങ്ങളാണ് ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലേക്ക് ബിനാലെയെ എത്തിച്ചത്. കൊച്ചി ബിനാലെയെ സംബന്ധിച്ച പ്രാരംഭഘട്ട ചർച്ചകളിൽ പങ്കുചേർന്ന ക്യൂറേറ്റർമാർ, സെദ്ധാന്തികർ, കലാ-സാഹിത്യ വിമർശകർ, കലാപ്രവർത്തകർ, വ്യവസായികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ഇത്തരമൊരു മേളയെ സാധ്യമാക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംഘടിതമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതായി ഇന്ത്യൻ കലകളെയും അതിന്റെ രാജ്യാന്തര പ്രയോഗങ്ങളെയും കുറിച്ച് പഠനങ്ങൾ നടത്തിയ രഞ്ജിത് ഹോസ്‌കോട്ട് (Ranjit Hoskote) പറയുന്നുണ്ട്.[xv] കേരളത്തിന്റെ കലാസംസ്കാരത്തിന് ഏറെയൊന്നും പരിചിതമില്ലാതിരുന്ന പുതിയൊരു ഭൗതിക സാഹചര്യത്തെ ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് ബോധപൂർവ്വം നിർമ്മിച്ചെടുക്കാൻ സമസ്ത മേഖലയിൽ നിന്നുള്ള വിദഗ്ദരും സഹായിച്ചിരുന്നതായി ഹോസ്കോട്ട് പറയുന്നു.

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സംഭവിച്ചിട്ടുള്ള പുരോഗതികളെയും സാങ്കേതിക വളർച്ചയെയും കലാപരമായി കൂട്ടിയിണക്കികൊണ്ട് അവതരിപ്പിക്കപ്പെട്ട കൊച്ചി-മുസിരിസ് ബിനാലെ പുതിയ പരീക്ഷണങ്ങളിലൂടെ ആസ്വാദക വൃന്ദങ്ങളെ സൃഷ്ടിച്ചു കൊണ്ട് ജനകീയ വിഭവമായി മാറിയ പശ്ചാത്തലമിതാണ്.

 

കുറിപ്പുകള്‍

 

[i] Williams, Keywords, 49.

[ii] Nayer, An Introduction to Cultural Studies, 4.

[iii] മലയാള പഠനസംഘം, സംസ്കാരപഠനം: ചരിത്രം സിദ്ധാന്തം പ്രയോഗം (ശുകപുരം: വള്ളത്തോൾ വിദ്യാപീഠം, 2017), 14.

[iv] Williams, Culture and Society, xiv.

[v] ബാലകൃഷ്ണപിള്ള എ., നവീന ചിത്രകല, 28

[vi] വിജയൻ എം.എൻ., അവതാരിക നവീനചിത്രകല, ബാലകൃഷ്ണപിള്ള എ., , 18.

[vii] വിജയകുമാർ മേനോൻ, ഭാരതീയ കലാചരിത്രം, 187.

[viii] മേനോൻ, ഭാരതീയ കലാചരിത്രം, 192.

[ix] Online Etymology Dictionary.

[x] Lexico.

[xi] Iqbal, Against all Odds, 16.

[xii] വിജയകുമാർ മേനോൻ, എം. നളിൻ ബാബു, 'ജ്ഞാനാശ്രമത്തിൽ ഒറ്റയ്ക്കാണ് മലയാളത്തിന്റെ കലാചരിത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 69, ലക്കം 51 (2019), 42.

[xiii] വിജയകുമാർ മേനോൻ, എം. നളിൻ ബാബു, 'ജ്ഞാനാശ്രമത്തിൽ ഒറ്റയ്ക്കാണ് മലയാളത്തിന്റെ കലാചരിത്രം, 42.

[xiv] രാംദാസ് എം.കെ., റിയാസ് കോമു, 'എന്തുകൊണ്ട് ബിനാലെ'.

[xv] Ranjit Hoskote, 'The Shapeshifting Trajectory of the Biennale'183.

 

ഗ്രന്ഥസൂചി 
Hoskote, Ranjit. 'The Shapeshifting Trajectory of the Biennale’. The Biennial Reader 2, No. 8, 2012.

Iqbal, Sabin. Against all Odds. Kottayam: DC books, 2012.

Nayer, Pramod K. An Introduction to Cultural studies. New Delhi: Viva Books, 2008.

Lexico. 'biennale.' Accessed July 9, 2019. https://www.lexico.com/en/definition/biennale

Online Etymology Dictionary. 'biennale.' Accessed July 9, 2019. http://www.etymonline.com/word/biennial.

Williams, Raymond. Culture and Society. New York: Anchor Books, 1960.

Williams, Raymond. Keywords: A Vocabulary of Culture and Society. New York: Oxford University Press, 2015.

Williams, Raymond. The Long Revolution. London: Chatto and Windus, 1961.

ബാലകൃഷ്ണപിള്ള . നവീന ചിത്രകല. തൃശ്ശൂർ: കേരള ലളിതകലാ അക്കാദമി, 1990.

മലയാള പഠനസംഘം. സംസ്കാരപഠനം: ചരിത്രം സിദ്ധാന്തം പ്രയോഗം. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം, 2017.

മേനോൻ, വിജയകുമാർ. ഭാരതീയ കലാചരിത്രം. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി, 2011.

മേനോൻ, വിജയകുമാർ, എം. നളിൻ ബാബു, 'ജ്ഞാനാശ്രമത്തിൽ ഒറ്റയ്ക്കാണ് മലയാളത്തിന്റെ കലാചരിത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 69, ലക്കം 51 (2019), പത്രക്കുറിപ്പ്, 'സമകാല കലയുടെ രാജ്യാന്തര സംവാദത്തിന് ബിനാലെ വഴിയൊരുക്കും', (കൊച്ചി-ബിനാലെ ഫൗണ്ടേഷൻ), March 20, 2014.

രാംദാസ് എം.കെ., റിയാസ് കോമു. 'എന്തുകൊണ്ട് ബിനാലെ.’  March 20, 2015. Accessed July 9, 2019. http://www.azhimukham.com/Kochi-Muziris-biennale-art-alternate-thinking-riyas-Komu-interview-ramdas/.

വിജയൻ എം.എൻ. അവതാരിക നവീനചിത്രകല. തൃശ്ശൂർ: കേരള ലളിതകലാ അക്കാദമി, 1990.