ബിനാലെയും കാഴ്ചസംസ്കാരവും

in Article
Published on: 18 July 2019

ഇന്ദുലേഖ കെ.എസ്. (Indulekha K.S.)

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടിയിലെ മലയാള വിഭാഗത്തിൽ സീനിയർ റിസർച്ച് ഫെല്ലോ ആയി പ്രവർത്തിക്കുന്നു. 'ശില്പകലയും സംസ്കാര ചരിത്രവും കേരളത്തിലെ മാതൃകകളെ മുൻനിർത്തിയുള്ള പഠനം' എന്നതാണ് ഗവേഷണ വിഷയം. കലാചരിത്രം (Art history), സംസ്കാര ചരിത്രം (cultural history), നവോത്ഥാനം, സ്ത്രീ മുന്നേറ്റങ്ങൾ എന്നിവയാണ് താത്പര്യമുള്ള വിഷയ മേഖലകൾ. വിദ്യാർത്ഥി-വനിതാ സംഘടനാ പ്രവർത്തനങ്ങളിലും സാന്നിധ്യമാണ്. മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നു.

ഇന്ത്യൻ കലാരംഗത്തെ ആഴത്തിൽ സ്വാധീച്ച സന്ദർഭങ്ങളിലൊന്നാണ് കൊച്ചി-മുസിരിസ് ബിനാലെ. കേരളീയ കലയിൽ അതുവരെ നിലനിന്നിരുന്ന സ്ഥാപനപരമായ സൗന്ദര്യശീലങ്ങളിൽ നിന്ന് നിരവധി മാറ്റങ്ങൾ വരുത്തികൊണ്ടാണ് കൊച്ചി-മുസിരിസ് ബിനാലെ രംഗപ്രവേശനം നടത്തിയത്. കലാസൃഷ്ടികളുടെ കേവലമായൊരു പ്രദർശനയിടം എന്നതിലുപരി സമകാലിക കലയുടെ ആവിഷ്കാരമാതൃകയും തൊണ്ണൂറുകൾക്ക് ശേഷം ഇന്ത്യയിൽ രൂപപ്പെട്ടു വന്ന ആധുനികാനന്തര കലാസംസ്കാരത്തിന്റെ പ്രയോഗസ്ഥാനവുമായി ബിനാലെയെ മനസിലാക്കാം.

ബിനാലെയെ ഒരു സാംസ്കാരിക രൂപമായി പരിഗണിച്ചുകൊണ്ട് സമകാലിക കലയിൽ അവ നടത്തുന്ന വിനിമയങ്ങളെന്തൊക്കെയെന്നു പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ഉദ്ദേശം.

ബിനാലെയും ആഗോളവത്കരണവും
ഇന്ത്യയിൽ നരസിംഹറാവു ഗവൺമെൻറ് 1990 കളിൽ കൊണ്ടുവന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ മുതലാളിത്തഘടനയെ പലനിലകളിൽ ഉറപ്പിക്കുന്നതായിരുന്നു. ഇതോടെ ഇന്ത്യൻ സമൂഹത്തിന്റെ സമസ്തരംഗവും ആഗോള വിപണിയുടെ ശ്രദ്ധാ കേന്ദ്രമായി. 1980 കളുടെ രണ്ടാം പകുതിയിൽ ബോംബെയിൽ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമായ ഇലസ്ട്രേറ്റഡ് വീക്കിലി അതിന്റെ പ്രസിദ്ധീകരണം നിർത്തുന്നതിനു തൊട്ടുമുമ്പ് ഭാരതത്തിലെ വിവിധ മേഖലകളെക്കുറിച്ച് ചില വിലയിരുത്തലുകൾ നടത്തിയതിൽ ഒരു വിഷയം കലയായിരുന്നു. എം.എഫ്. ഹുസൈനെപ്പോലെയുള്ള കലാകാരൻമാരുടെ ചിത്രങ്ങൾ അഞ്ചുവർഷം കഴിയുമ്പോൾ ഇന്നത്തേതിനേക്കാൾ അനേകമടങ്ങ് വില ലഭിക്കുമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഇന്ത്യൻ കലാവിപണിയെ സംബന്ധിച്ച് ഈ വസ്തുത യാഥാർത്ഥ്യമായിട്ടുണ്ടെന്ന് വിജയകുമാർ മേനോൻ പറയുന്നു.[1]

ആഗോളവത്കരണത്തിന്റെ ഫലമായി ജീവിതത്തിന്റെ സമസ്തമേഖലയിലുമെന്നപോലെ കലാവിപണിയിലും സംഭവിച്ച മാറ്റങ്ങൾ വിദ്യാഭ്യാസത്തിലും പ്രതിശീർഷ വരുമാനത്തിലും ഏറെ മുൻപിലുള്ള കേരളത്തിലെ ജനങ്ങൾ അതിവേഗം സ്വാംശീകരിച്ചു. വിവിധ സംസ്കാരങ്ങളെ സ്വീകരിക്കാനും അതിനോടു വിനിമയത്തിലേർപ്പെടാനുമുള്ള ശേഷി കേരളത്തെ, പ്രത്യേകിച്ച് കൊച്ചിയെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കോസ്മോപോളിറ്റൻ (cosmopolitan) സ്പേസ് ആക്കിത്തീർത്തിരുന്നു. മലയാളം കൂടാതെ തമിഴ്, തുളു, ഉറുദു, കൊങ്കിണി, കച്ചി, മാർവാഡി, രാജസ്ഥാനി, ഹര്യാൺവി, കാശ്മീരി, തുടങ്ങിയ നിരവധി ഭാഷകൾ സംസാരിക്കുന്ന മുപ്പതിൽപരം സമൂഹങ്ങൾ പതിറ്റാണ്ടുകളായി സഹവസിക്കുന്ന പ്രദേശമാണ് കൊച്ചി. ചരിത്രപരമായ കാരണങ്ങളാൽ അറബി, ഹീബ്രു, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കപ്പെട്ട കൊച്ചിയിൽ ആ ഭാഷകളുടെ സ്വാധീനം ഇന്നും പ്രകടമാണ്.[2] വ്യത്യസ്ത സംസ്കാരങ്ങളെ സ്വീകരിക്കാനുള്ള കൊച്ചിയുടെ ഈ ശേഷിയാണ് നവലിബറൽ സമ്പദ് വ്യവസ്ഥയും ഉപയോഗപ്പെടുത്തിയത്. ഇന്ത്യൻ ബിനാലെയുടെ നടത്തിപ്പിന് കൊച്ചി തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ കൊച്ചിയുടെ കോസ്മോപോളിറ്റൻ സ്വഭാവവും പ്രവർത്തിക്കുന്നുണ്ട്.[3] ഇന്ത്യയിലെ ആദ്യ ബിനാലെ സംരഭത്തിനു കേരളം വേദിയായത് ഈ പശ്ചാത്തലത്തിൽ നിന്നുവേണം മനസിലാക്കാൻ. (Fig. 1)

Fig. 1. ബിനാലെ നഗരത്തിന്റെ ദൃശ്യം. ബിനാലെ നഗരമായി കൊച്ചി തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ കൊച്ചിയുടെ കോസ്മോപോളിറ്റൻ സ്വഭാവവും പ്രവർത്തിക്കുന്നുണ്ട്  (ചിത്രം: ഇന്ദുലേഖ കെ.എസ്.)
Fig. 1. ബിനാലെ നഗരത്തിന്റെ ദൃശ്യം. ബിനാലെ നഗരമായി കൊച്ചി തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ കൊച്ചിയുടെ കോസ്മോപോളിറ്റൻ സ്വഭാവവും പ്രവർത്തിക്കുന്നുണ്ട് (ചിത്രം: ഇന്ദുലേഖ കെ.എസ്.)

സമകാലിക കലയുടെ കേരളീയമാതൃക
ഗ്യാലറി/മ്യൂസിയം പ്രദർശനങ്ങളിൽ നിന്ന് വ്യത്യസ്തമായി സമകാലിക കലാപ്രദർശനങ്ങളുടെ രാജ്യാന്തര വേദിയായ ബിനാലെകൾ പരമ്പരാഗത കലാസങ്കല്പങ്ങളെ ചോദ്യം ചെയ്യുകയും ഗൗരവമായ ആലോചനകളെ അവതരിപ്പിക്കുകയും ചെയ്തു. കലയെ സംബന്ധിക്കുന്ന ആധുനിക ധാരണകളുടെയും കലാനിർമ്മിതിയെക്കുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്പങ്ങളുടെയും പ്രശ്നവത്കരണമായിരുന്നു അവയിൽ ആദ്യത്തേത്. ഇന്ത്യൻ കലയുമായി ബന്ധപ്പെട്ട് ഇത്തരമൊരു മാറ്റം നേരത്തെ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഈ വിച്ഛേദം പ്രകടമാകുന്നത് ബിനാലെയിലൂടെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സമകാലിക കലാപ്രണതകളെ കേരളത്തിലെ ആസ്വാദകവൃന്ദം നേരിൽ കാണുന്ന സന്ദർഭങ്ങളിലൊന്നായിരുന്നു കൊച്ചി ബിനാലെ. ഇതോടെ ശില്പം, ചിത്രം എന്നിങ്ങനെ രണ്ടായി മാത്രം പിരിഞ്ഞു നിന്ന ലളിതകലകൾക്ക് (Fine Arts) അത്തരമൊരു വിഭജനത്തിനകത്ത് നിലനിൽപ്പ് സാധ്യമാകാതെ വന്നു.

1917 ലെ മാർസെൽ ദ്യുഷാംപ് (Marcel Duchamp) ന്റെ ജലധാര (Fountain) എന്ന കലാസൃഷ്ടി പ്രതിഷ്ഠാപനമെന്ന (installation arts) നൂതന കലാപ്രവണതയുടെ തന്നെ ആവിർഭാവത്തിന് കാരണമായതായി Sculpture Today എന്ന കൃതിയുടെ കർത്താവായ Judith Collins പറയുന്നുണ്ട്.[4] (Fig. 2) റെഡിമെയ്ഡ് എന്ന അർത്ഥത്തിൽ ദുഷാംപ് തുടങ്ങി വച്ച കലാശൈലിയുടെ വികസിത രൂപമാണ് ഇൻസ്റ്റലേഷൻ ആർട്ട് അഥവാ പ്രതിഷ്ഠാപന കല എന്ന് അവർ വിശദീകരിക്കുന്നു. പ്രതിഷ്ഠാപന കല പിന്നീട് വിവര സങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ശബ്ദം (Audio installation), ചലനം (Video Installation) എന്നിങ്ങനെ വിവിധ രൂപങ്ങൾ സ്വീകരിച്ചു. സാംസൺ യങ്‌ (Samson Young; ഹോങ്ങ്കോങ്ങ് ആർട്ടിസ്റ്റ്, ശബ്ദ പ്രതിഷ്ഠാപനങ്ങളിൽ പ്രവർത്തിക്കുന്നു), കാസ്റ്റൻ നിക്കോളായ് (Carsten Nicolai; ബെർലിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജർമ്മൻ ആർട്ടിസ്റ്റും സംഗീതജ്ഞനുമാണ്) എന്നിവരുടെ ഓഡിയോ ഇൻസ്റ്റലേഷനുകളും വില്യം കെൻട്രിഡ്ജ്  (William Kentridge; സൗത്ത് ആഫ്രിക്കൻ ആർട്ടിസ്റ്റ്, പ്രിൻറ്, ഡ്രോയിങ്ങ്, അനിമേറ്റഡ് ഫിലിം എന്നിവയിൽ പ്രവർത്തിക്കുന്നു), ഡഗ്ളസ് ഗോർഡൻ (Douglas Gordon; വീഡിയോ ഇൻസ്റ്റലേഷനിൽ പ്രവർത്തിക്കുന്ന സ്കോട്ടിഷ് ആർട്ടിസ്റ്റ്) എന്നിവരുടെ വീഡിയോ ഇൻസ്റ്റലേഷനുകളും ഇതിന് ഉദാഹരണമാണ്. ഇത്തരത്തിൽ ആധുനികമായ സാങ്കേതിക വിദ്യകളെ കലാപ്രവർത്തനങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങളും സങ്കേതങ്ങളുമെല്ലാം കലാവസ്തുവിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തതോടെ വിവിധ വിജ്ഞാന മേഖലകളോട് സംവാദാത്മകമായ ബന്ധം ലളിതകലയ്ക്ക് കൈവന്നു. ഓരോ പുതിയ വിജ്ഞാനത്തേയും സാങ്കേതിക മുന്നേറ്റങ്ങളേയും അപ്പപ്പോൾ കലയിലേക്കുൾപ്പെടുത്തി മുന്നേറുന്ന ആധുനികമായ ഒരു ആശയാവിഷ്ക്കാരശൈലി വികാസം പ്രാപിക്കുകയും അതുവഴി നൂതനമായ ലാവണ്യാനുഭവങ്ങളെ ഉത്പാദിപ്പിക്കയും ചെയ്യുന്ന ഇടമായി കലാരംഗം മാറി. ശില്പിയും ചിത്രകാരനും മാത്രമല്ല കർഷകനും കവിയും എഞ്ചിനീയറും സാങ്കേതികവിദഗ്ദനും ആർക്കിടെക്ടുമെല്ലാം കലാപ്രവർത്തകനെന്ന പദവിക്ക് അർഹരാകുന്ന സാഹചര്യം ഉടലെടുത്തു. കൊച്ചി ബിനാലെയുടെ ആദ്യ പതിപ്പിൽ ചെറുവയൽ രാമൻ എന്ന കർഷകന്റെ കൈയ്യിലുള്ള വിവിധയിനം പരമ്പാരാഗ നെൽവിത്തുകളുടെ അപൂർവ്വ ശേഖരം പ്രദർശിപ്പിക്കപ്പെട്ടത് ഇതിനുദാഹരണമാണ്.

Fig. 2. മാർസെൽ ദ്യുഷാംപ് (Marcel Duchamp) ന്റെ ജലധാര (fountain) എന്ന കലാസൃഷ്ടി (ചിത്രം: Alfred Stieglitz,വിക്കിമീഡിയ  കോമൺസ്)
Fig. 2. മാർസെൽ ദ്യുഷാംപ് (Marcel Duchamp) ന്റെ ജലധാര (fountain) എന്ന കലാസൃഷ്ടി (ചിത്രം: Alfred Stieglitz,വിക്കിമീഡിയ കോമൺസ്)

രണ്ടാമതായി പ്രദർശന ഇടത്തെ സംബന്ധിച്ച ആഴത്തിലുള്ള ചർച്ചകളാണ്. പ്രദർശിപ്പിക്കപ്പെടുന്ന കലാനിർമ്മിതിയുടെ മൂല്യം അതിന്റെ ഉത്പാദനോദ്ദേശത്തിൽ നിന്നും വ്യതിരിക്തമായി കലാരംഗത്ത് ആവിഷ്കൃതമായി. സമകാലിക കലയുടെ പൊതു സവിശേഷതയായിരുന്നു ഇതെങ്കിലും കേരളത്തിൽ ഇത്തരമൊരു ചർച്ച രൂപപ്പെടുന്നത് ബിനാലെയിലൂടെയാണ്. പ്രതിഷ്ഠാപന കലയെക്കുറിച്ച് പറയുമ്പോൾ സുനിൽ പി. ഇളയിടം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കല സ്ഥാപനപരമായ അനുഭൂതിയാണെന്നും ഗ്യാലറിയിൽ ഇടം പിടിക്കുമ്പോഴാണ് അവ കലാവസ്തുക്കളായി മാറുന്നതെന്നും Marcel Duchamp ന്റെ ജലധാര (fountain) എന്ന ഇൻസ്റ്റലേഷനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം സ്ഥാപിക്കുന്നു.[5] പ്രദർശിപ്പിക്കപ്പെടുന്ന രീതി (Mode of display), സ്ഥലം (Space) എന്നിവക്കനുസരിച്ച് കലാനിർമ്മിതിയുടെ മൂല്യത്തിനും സൗന്ദര്യാനുഭവങ്ങൾക്കും വ്യത്യാസം സംഭവിക്കുമെന്ന് മേൽസൂചിപ്പിച്ച നിരീക്ഷണത്തിൽ നിന്നും വ്യക്തമാണ്. പ്രദർശന സ്ഥലത്തെ ഉപയോഗിക്കുന്ന രീതി ആർട്ട് വർക്ക് ആയി രൂപാന്തരപ്പെടുന്നത് സമകാലിക കലയുടെ പൊതുസവിശേഷതയായി ചൂണ്ടിക്കാണിക്കാമെങ്കിലും കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു കാഴ്ച സംസ്കാരം രൂപപ്പെടുന്നത് കൊച്ചി-മുസിരിസ് ബിനാലെയിലൂടെയാണ്. (Fig. 3)

Fig. 3. അക്വി തമിയുടെ 'സിസ്റ്റർ ലൈബ്രറി' (‘Sister Library’ by Aqui Thami). സ്പേസ് എങ്ങനെയാണ് ഇൻസ്റ്റലേഷനെ രൂപപ്പെടുത്തുന്നത്  എന്നതിന്റെ മികച്ച ഉദാഹരണമാണ് സിസ്റ്റർ ലൈബ്രറി (ചിത്രം: ഇന്ദുലേഖ കെ.എസ്.)
Fig. 3. അക്വി തമിയുടെ 'സിസ്റ്റർ ലൈബ്രറി' (‘Sister Library’ by Aqui Thami). സ്പേസ് എങ്ങനെയാണ് ഇൻസ്റ്റലേഷനെ രൂപപ്പെടുത്തുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് സിസ്റ്റർ ലൈബ്രറി (ചിത്രം: ഇന്ദുലേഖ കെ.എസ്.)

പ്രതിഷ്ഠാപന കലയുടെ (installation Art) അടിസ്ഥാന താത്പര്യങ്ങളിലൊന്നായ ഗ്യാലറികളുടെ നിരാകരണം ഇന്ത്യൻ സാഹചര്യത്തിൽ പ്രവർത്തിച്ചത് മറ്റു രാജ്യങ്ങളുടേതിന് സമാനമായിട്ടല്ല. ഗ്യാലറി പ്രവർത്തനങ്ങളോടു കലഹിച്ചുകൊണ്ട് രൂപപ്പെട്ട പ്രതിഷ്ഠാപനങ്ങൾ ഇന്ത്യയിൽ വളർന്നത് ഗ്യാലറികളോടു ബന്ധപ്പെട്ടാണ്.[6] ഇതിൽ നിന്നുള്ള വലിയ വിച്ഛേദമാണ് ബിനാലെയുമായി ബന്ധപ്പെട്ടുകൊണ്ട് നടന്നത്. നിത്യജീവിതത്തിലെ പരിചിത വസ്തുക്കൾ പ്രദർശന ഇടങ്ങളിൽ കലാസൃഷ്ടികളായതോടെ കലയും കാണികളുമായുള്ള സംവേദനം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കപ്പെട്ടു. അതുവരെയും പ്രത്യേക പരിശീലനം നേടിയവർക്ക് മാത്രം ആസ്വദിക്കാൻ കഴിഞ്ഞിരുന്ന കലാവസ്തുക്കൾ അടിസ്ഥാന വിഭാഗങ്ങളുടെയും ആസ്വാദന വിഭവമായി മാറി. കലയുടെ ക്ലാസിക് സ്വഭാവം ഇല്ലാതാകുകയും ജനകീയമായ വിഭവമായി മാറുകയും ചെയ്തു. 2018ലെ ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ട മർസിയ ഫർഹാനയുടെ ഈകോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീ ഫോൾ എന്ന പ്രതിഷ്ഠാപനം ഇതിനുദാഹരണമാണ്. കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ കേരളം കണ്ട മഹാദുരന്തമായ പ്രളയത്തെ കേന്ദ്രാശയമായി സ്വീകരിച്ചുകൊണ്ട് മർസിയ ഒരുക്കിയ ഇൻസ്റ്റലേഷനാണിത്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച വസ്തുക്കളുപയോഗിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ഈ പ്രതിഷ്ഠാപനം പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നു. പരിചതിമായ ഒരു സന്ദർഭത്തെ നിത്യ പരിചയമുള്ള വസ്തുക്കളെ ഉപയോഗിച്ച് അവതരിപ്പിക്കുന്നതിലൂടെ കലാഭ്യാസം നടത്താത്ത കാണികൾക്കും പ്രതിഷ്ഠാപനത്തിന്റെ അടിസ്ഥാന താത്പര്യങ്ങളുമായി വിനിമയം സാധ്യമാകുന്നു. ഇത് കലയെ അപഗൂഢവത്കരിക്കുന്നതിനും എല്ലാത്തരം കാണികളോടും വിനിമയത്തിലേർപ്പെടുന്നതിനും സഹായകരമാണ്.

കൊച്ചി ബിനാലെയും പ്രാദേശിക കലാപ്രവർത്തകരും
എല്ലാ കാലത്തും എല്ലാ സമൂഹത്തിലും സമ്മിതി നേടിയ പൊതുവായ ചില താത്പര്യങ്ങൾ, സ്വഭാവങ്ങൾ, അഭിരുചികൾ, കാഴ്ചകൾ കൂടിച്ചേർന്നതാണ് അതാതു കാലത്തെ സാമൂഹ്യ സ്വഭാവം (social behaviour). ഓരോ കാലത്തേയും സാമൂഹ്യസ്വഭാവം അധീശത്വ (hegemony) വർഗ്ഗത്തിന്റെ സങ്കല്പത്തിലുള്ളതായിരിക്കും.[7] കേരളീയരായ കലാപ്രവർത്തകരിൽ ബിനാലെയിലേക്ക് പ്രവേശനം നേടിയ ആർട്ടിസ്റ്റുകൾ ആരൊക്കെയാണ്, ഏതുതരം സെൻസിബിലിറ്റിയെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്, ബിനാലെ ആസ്വദിക്കുന്ന കാഴ്ചാസമൂഹത്തിന്റെ പ്രത്യേകത എന്താണ്, തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിലൂടെ ബിനാലെ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങൾ എന്താണെന്ന് കണ്ടെത്താൻ കഴിയും.

പ്രാദേശിക വികസനം, നഗരപുനരുദ്ധാരണം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ നിരവധി ഇടപെടലുകൾ നടത്തണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെയിൽ കേരളീയരായ കലാപ്രവർത്തകർക്ക് വേണ്ടത്ര സ്വീകര്യത ലഭിച്ചില്ല എന്ന വിമർശനം കലാമേഖലയിൽ നിന്നു തന്നെ ഉയർന്നിരുന്നതാണ്. പ്രാദേശിക കലാകാരൻമാരുടെ എണ്ണക്കുറവ് ബിനാലെയുടെ എടുത്തു പറയാവുന്ന ന്യൂനതയായി തുടരുന്നു എന്ന് കലാപ്രവർത്തകനായ ജെർലി സൂചിപ്പിച്ചിട്ടുണ്ട്. “തങ്ങളുടെ നാട്ടിൽ കലയുടെ ലോകോത്തര മാമാങ്കം അരങ്ങേറുമ്പോഴും അന്യവത്കൃതരായി പുറത്തിരിക്കേണ്ടി വരിക അത്രനല്ല കീഴ് വഴക്കമല്ല. ഇനി അഥവാ ഗുണമേന്മയാണ് പ്രശ്നമെങ്കിൽ തീർച്ചയായും അകത്തുള്ള ചിലരെക്കാളും എന്തുകൊണ്ടും മികച്ച കുറേ അധികംപേർ പുറത്തുണ്ട്” എന്നദ്ദേഹം വിശദീകരിക്കുന്നു.[8]

2012 ഡിസംബർ 12 മുതൽ 2013 മാർച്ച് 13 വരെ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി എന്നിവർ ക്യൂറേറ്റർമാരായി സംഘടിപ്പിക്കപ്പെട്ട ആദ്യ ബിനാലെയിൽ 88 കലാപ്രവർത്തകരാണ് പങ്കെടുത്തത്. അവരിൽ 22 കേരളീയരടക്കം 44 ഇന്ത്യക്കാരുടെ പങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിന്റെ തനത് സംസ്കാരത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ആദ്യ ബിനാലെ പ്രദർശനം നടന്നത്. ജിതേഷ് കല്ലാട്ട് ക്യൂറേറ്ററായി നടന്ന രണ്ടാംപതിപ്പിൽ പങ്കെടുത്ത 93 കലാപ്രവർത്തകരിൽ 14 കേരളീയർ ഉൾപ്പെട്ട 31 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 'ഫോമിങ്ങ് ഇൻ ദ പീപ്പിൾ ഓഫ് ഏൻ ഐ' എന്ന തലക്കെട്ടിൽ സുദർശൻ ഷെട്ടി ക്യൂറേറ്ററായി 2016 ഡിസംബർ 12 മുതൽ ആരംഭിച്ച മൂന്നാം പതിപ്പിൽ 98 ആർട്ടിസ്റ്റുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു. എന്നാൽ 40 ഇന്ത്യൻ ആർട്ടിസ്റ്റുകളിൽ 8 മലയാളികൾ മാത്രമാണ് ഉണ്ടായിരുന്നത്. 2018 ലാകട്ടെ മലയാളികളുടെ എണ്ണം 7 ആയി കുറഞ്ഞു. അതായത് ബിനാലെയുടെ നാല് പതിപ്പുകളിലായി പങ്കെടുത്ത 371 ആർട്ടിസ്റ്റുകളിൽ 51 മലയാളികൾ മാത്രമാണ് പങ്കെടുത്തത്.[9] ഇവരിൽ തന്നെ സാങ്കേതിക മേഖലകളിൽ (സിനിമ, ഫോട്ടോഗ്രാഫി) പ്രവർത്തിക്കുന്നവരും കലാവിപണിയിൽ സ്വീകാര്യതയുള്ളവരുമായ ആർട്ടിസ്റ്റുകളായിരുന്നു ഏറിയകൂറും. 2014ലെ ബിനാലെയിൽ കലാനിർമ്മിതികൾ പ്രദർശിപ്പിച്ച മധുസൂദനൻ, പുനലൂർ രാജൻ, അജി വി.എൻ., കെ.എം. വാസുദേവൻ നമ്പൂതിരി, സുരേന്ദ്രൻ നായർ എന്നിവർ ഉദാഹരണം.[10]

ബിനാലെ എന്ന സങ്കല്പം കേരളത്തിൽ ആവിഷ്കരിക്കപ്പെടുമ്പോൾ അതിന്റെ ഭാഗമായിരുന്ന മുഖ്യധാര കലാപ്രവർത്തകരിൽ പലരും കൊച്ചി ബിനാലെ പ്രായോഗത്തിൽ വന്നപ്പോൾ പിന്നണിയിലേക്ക് മാറ്റപ്പെടുകയോ ബിനാലെയിൽ നിന്നു തന്നെ പുറത്തു പോകുകയോ ഉണ്ടായി.  പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ ഇതിനെക്കുറിച്ച് ഒരഭിമുഖത്തിൽ പറയുന്നുണ്ട്.  എറണാകുളത്തു വച്ച് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള കലാപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ എക്സിബിഷനിൽ കാനായിയാണ് ഒരു ഇന്റർനാഷണൽ എക്സിബിഷനെക്കുറിച്ച് ബോസ് കൃഷ്ണമാചാരിയോട് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിനാലെയുമായി ബന്ധപ്പെട്ടു വന്ന ചർച്ചകളിലും അതിന്റെ ഭാഗമായി രൂപംകൊണ്ട ബിനാലെ ഫൗണ്ടേഷനിലും കാനായി ഭാഗമായിരുന്നു. തുടർന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു വന്ന വിയോജിപ്പുകൾ മൂലം അദ്ദേഹം ഫൗണ്ടേഷനുമായുള്ള മുഴുവൻ ബന്ധവും ഉപേക്ഷിക്കുകയാണുണ്ടായത്. ഇതു സംബന്ധിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: '...രണ്ടു ദിവസം കഴിഞ്ഞപ്പോൾ പത്രത്തിലൊരു വാർത്ത വന്നു. ബിനാലെ നടത്താൻ 74 കോടി രൂപ വേണമെന്ന്. ഞാൻ ചോദിച്ചു, ഞാനറിയാതെ നിങ്ങൾ എന്തിനാണ് ഇത്രയും രൂപ ആവശ്യപ്പെട്ടത് എന്ന്. ഡൽഹിയിൽ ട്രിനാലെ പോലും ചെയ്യുന്നത് 10, 12 കോടി ചെലവിൽ മാത്രമാണ്. അവരുടെ ലക്ഷ്യം കലയല്ല എന്ന് എനിക്ക് മനസ്സിലായി.  ഇനി എന്റെ പേര് ഉപയോഗിക്കരുത് എന്ന് ഞാൻ അപ്പോൾ തന്നെ പറഞ്ഞു'.[11]

കേരളത്തിലെ ശില്പകലയെ ക്ഷേത്ര ചുവരുകളിൽ നിന്ന് മോചിപ്പിച്ച് പൊതു ഇടങ്ങളിലേക്ക് കൊണ്ടുവന്ന കാനായി കുഞ്ഞിരാമന്റെ വാക്കുകളിൽ കലയിൽ വിപണിയും മൂലധനവും കൂടുതലായി ഇടപെടുന്നതിലുള്ള പ്രതിഷേധവും വിമർശനവും ഉണ്ട്.

നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞ നവലിബറൽ സാമ്പത്തിക നയങ്ങളിലൂടെ രൂപപ്പെട്ട പുതിയ സാംസ്കാരികവ്യവസ്ഥ കലയെ ലാഭകരമായ കച്ചവട മേഖലയായിട്ടാണ് പരിഗണിച്ചത്. കേരളത്തിൽ വിപണിയും കലാനിർമ്മിതികളും തമ്മിൽ നിലനിൽക്കുന്ന ഈയൊരു ബന്ധത്തെക്കുറിച്ച് കലാനിരൂപകനായ ഷാജു നെല്ലായി പറയുന്നുണ്ട്. സ്വന്തം ജീവിതാവസ്ഥയോടും സാമൂഹ്യ-സാംസ്കാരിക മണ്ഡലത്തോടും കലയുടെ ഭാഷയിൽ പ്രതികരണപരമായ നിലപാടുകൾ കൈക്കൊള്ളാൻ കെല്പുള്ളവരെ ഫോട്ടോറിയലിസത്തിന്റെയും പ്രതിഷ്ഠാപനത്തിന്റെയും കെട്ടുകാഴ്ചാ കലാകാരൻമാരോളം നമ്മുടെ വ്യവസ്ഥാപിത കലാവ്യവഹാരം പരിഗണിക്കുന്നില്ലെന്നും അതാണ് വിപണിയുടെയും സാംസ്കാരിക അധീശത്വത്തിന്റെയും ശക്തിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.[12]

മധ്യവർഗ്ഗവും ബിനാലെ കാഴ്ചകളും
ബിനാലെയുടെ കാഴ്ചക്കാർ ആരാണെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഓരോ വർഷം കഴിയുംതോറും ടിക്കറ്റിനത്തിൽ പിരിഞ്ഞു കിട്ടുന്ന തുക വർദ്ധിക്കുന്നുണ്ടെന്ന് ബിനാലെയുടെ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്നു മനസ്സിലാക്കാം. അതായത് കാഴ്ചക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. കേരളത്തെ സംബന്ധിച്ച് കലാപ്രദർശനങ്ങളുടെ കാണികളെന്ന നിലയിൽ വലിയൊരു കാഴ്ചാസമൂഹം ഉണ്ടായിരുന്നില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷൻ (KBF) ന്റെ സ്ഥാപക ഭാരവാഹികളിലൊരാളായ റിയാസ് കോമു ഇന്ത്യൻ സാഹചര്യത്തെ മുൻനിർത്തി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: "നിങ്ങളൊരു എഴുത്തുകാരനാണെങ്കിൽ അതിന്റെയൊരു പ്രൊസ്സസ് ഓഫ് റീച്ചിങ്ങ് ഔട്ട് മച്ച് മോർ ഈസിയറാണ്. പക്ഷേ ആർട്ട് ആണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ നിന്നിറങ്ങി അത് കാണാൻ പോകുന്ന ഒരു ശീലമുണ്ടാകണം. അത് ഇന്ത്യൻ ഓഡിയൻസിനിടയിൽ ഇല്ലാത്ത കാര്യമാണ്. കൾച്ചറലി നമ്മൾ മ്യൂസിയത്തിലേക്ക് പോകുന്നവരോ ഗ്യാലറികളിലേക്ക് പോകുന്നവരോ അല്ല. അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗവുമല്ല".[13] സാഹിത്യം, സിനിമ, നാടകം തുടങ്ങിയ കലകൾക്കുള്ള വലിയ ആസ്വാദക സമൂഹം ലളിതകലകൾക്ക് ഉണ്ടായിരുന്നില്ല. ഈയൊരു അന്തരീക്ഷം നിലനിൽക്കെയാണ് കേരളത്തിൽ ബിനാലെ ആരംഭിക്കുന്നത്.

ലളിതകലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരോ അവയിൽ താത്പര്യമുള്ളവരോ ആയ ചെറിയൊരു ആസ്വാദകവൃന്ദം പിന്തുണയോടെയോ വിമർശങ്ങളോടെയോ ബിനാലെയുടെ പ്രേക്ഷകരായി രൂപാന്തരപ്പെട്ടു. ലോകകലയിൽ സംഭവിക്കുന്ന മാറ്റങ്ങളെ നേരിൽ കാണുന്നതിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനുമുള്ള അവസരം ബിനാലെ ഒരുക്കി കൊടുത്തു. എന്നാൽ ഇത്തരമൊരു ആസ്വാദക സമൂഹത്തെ മാത്രം മുൻനിർത്തിക്കൊണ്ട് മൂന്നുമാസം നീണ്ടു നിൽക്കുന്ന ബിനാലെ പോലുള്ള വലിയ ഇവന്റ് നടത്തുക അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ ബിനാലെ ലക്ഷ്യം വച്ച മറ്റൊരു പ്രധാന വിഭാഗം ലോകമെമ്പാടുമുള്ള കലാസ്വാദകരെയും ടൂറിസ്റ്റുകളെയുമാണ്. കേരളത്തിനു പുറത്തുള്ളവരും വിദേശീയരുമായ കലാസ്വാദകരെ ബിനാലെയിലേക്ക് ആകർഷിക്കാൻ ഇൻറർനെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ KBF ശ്രമിച്ചു. അഭ്യന്തര-വിദേശ ടൂറിസ്റ്റുകൾ ബിനാലെയിലേക്ക് ആകർഷിക്കപ്പെടുന്നതിൽ കലാപ്രദർശനം നടത്തപ്പെടുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കരമാർഗത്തിലൂടെയോ ജലഗതാഗത്തിലൂടെയോ ആകാശമാർഗത്തിലൂടെയോ എത്തിച്ചേരാനുള്ള സൗകര്യം കൊച്ചിക്കുണ്ട് എന്നത് ഇവിടെ അനുകൂലഘടകമായി പ്രവർത്തിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ള പട്ടണം എന്ന നിലക്കോ പ്രകൃതി സുന്ദരമായ ഭൂപ്രദേശമെന്ന നിലക്കോ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിലേക്ക് ആകർഷിക്കപ്പെട്ട വിനോദസഞ്ചാരികൾ സ്വാഭാവികമായും ബിനാലെയുടെ കൂടി കാണികളായി. പക്ഷേ കൊച്ചി ബിനാലെയുടെ വിജയത്തിന് കേരളത്തിൽ ഉണ്ടായിരുന്ന പഴയ കലാസ്വാദക സമൂഹവും ടൂറിസ്റ്റുകളും പര്യാപ്തമായിരുന്നില്ല. ബിനാലെക്ക് പുതിയൊരു ആസ്വാദക സമൂഹത്തെ സൃഷ്ടിച്ചെടുത്തേ തീരുമായിരുന്നുള്ളൂ.  ഈയൊരു ഇടത്തിലേക്കാണ് കേരളത്തിലെ മധ്യവർഗ്ഗം കടന്നു വന്നത്. 2014ലെ ബിനാലെയുടെ രണ്ടാം പതിപ്പിന്റെ സമാപന സമ്മേളനത്തിൽ മുൻ ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക്ക് സമകാല സാമ്പത്തികാവസ്ഥയിൽ ഉയർന്നു വന്ന മധ്യവർഗ്ഗം കലയിൽ നടത്തുന്ന നിക്ഷേപങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇതേ മധ്യവർഗ്ഗം തന്നെയാണ് ബിനാലെയുടെ കാണി സമൂഹമായി മാറിയതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് അനുമാനിക്കാം.[14]

ഗ്യാലറി സന്ദർശനം പരിചിതമല്ലായിരുന്നെങ്കിലും വിനോദത്തിനായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുകയെന്നത് മധ്യവർഗ്ഗ കുടുംബങ്ങളുടെ ശീലമായിരുന്നു. ഈയൊരു സാധ്യതയെ കൊച്ചി-മുസിരിസ് ബിനാലെ വേണ്ടവിധം പ്രയോജനപ്പെടുത്തി. ഗ്യാലറി സ്വഭാവമില്ലാത്തതും കാഴ്ചക്കാരെ കൂടി പങ്കാളികളാക്കിക്കൊണ്ടു മാത്രം പൂർണ്ണമാകുന്നതുമായ സമകാലിക കലാസൃഷ്ടികൾ മധ്യവർഗ്ഗത്തിന്റെ വിനോദ വിഭവമായിത്തീർന്നു. അനിതാ ദുബെ ക്യൂറേറ്റ് ചെയ്ത 2018ലെ ബിനാലെയിൽ പ്രദർശിപ്പിച്ച Vipin Dhanurdharan ന്റെ ‘സഹോദരർ’ എന്ന പ്രതിഷ്ഠാപനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന അടുക്കള കാണികളാൽ പ്രവർത്തിക്കുന്നതാണ്. ബിനാലെ കാണാനെത്തുന്ന ആർക്കും ഇവിടെ വന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യം പ്രതിഷ്ഠാപനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേവലമായ ബിനാലെ കാഴ്ചക്കപ്പുറം പങ്കാളിത്തപരമായ ഒരു ഇടമായി ബിനാലെ മാറുന്നതിന് ഉദാഹരണമാണ് ഈ പ്രതിഷ്ഠാപനം. പ്രതിഷ്ഠാപനത്തിന് പുറത്ത് ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും പുതിയൊരനുഭവം സൃഷ്ടിക്കുന്ന ഈയൊരു ഇടത്തെ ഉപയോഗപ്പെടുത്തിയത് ഒരു ദിവസമെങ്കിലും ബിനാലെവേദികളിൽ ചെലവഴിക്കാൻ സമയവും ധനശേഷിയുമുള്ള മധ്യവർഗ്ഗ വിഭാഗങ്ങളായിരുന്നു.  പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് തങ്ങളുടെ കുട്ടികൾക്ക് കലാപ്രവർത്തനത്തിലേർപ്പെടാനും അതുവഴി അവരുടെ കഴിവുകളെ വളർത്താനും സാധിക്കുന്ന സ്പെയ്സുകൾ കുടുംബങ്ങളെ ബിനാലെ വേദികളിലേക്കെത്തിച്ചു.  ലെറ്റസ് ടോക്ക് പോലുള്ള ചർച്ചാ പരിപാടികളാകട്ടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരും കലാ-സാഹിത്യ അഭിരുചിയുള്ളവരുമായ മധ്യവർഗത്തെ തന്നെയാണ് ലക്ഷ്യം വച്ചതും തൃപ്തിപ്പെടുത്തുന്നതും.

ശാസ്ത്രീയ സംഗീതത്തിന്റെയും ക്ലാസിക്ക് കലകളുടേയും ഭൗതികാസ്പദമായി നിലകൊണ്ട മധ്യവർഗ്ഗ സമൂഹത്തെപ്പറ്റി സുനിൽ പി. ഇളയിടം പറയുന്നുണ്ട്.[15] ഭരതനാട്യം മുതൽ ചിത്രകല വരെയുള്ള ഏതൊരു കലയുടെയും ആസ്വാദകന് ലഭിക്കുന്ന പദവി മൂല്യം മധ്യവർഗ്ഗത്തിന്റെ സാംസ്കാരികാധികാരത്തെ ഉറപ്പിക്കുന്നതിന് സഹായകരമായിരുന്നു. ഇതിന് സമാനമായ ബന്ധമാണ് ബിനാലെയും മധ്യവർഗ്ഗവും തമ്മിൽ രൂപപ്പെടുന്നത്. ബിനാലെയിൽ പങ്കാളികളാകുന്നതോടെ പുതിയൊരു പദവി മൂല്യം മധ്യവർഗത്തിന് കൈവരുന്നുണ്ട്. ഇത് അവരെ ബിനാലെവേദികളിലെത്തിക്കാൻ കാരണമായി.

മട്ടാഞ്ചേരി-ഫോർട്ടുകൊച്ചി പ്രദേശങ്ങളിലെ ജനങ്ങൾ ബിനാലെയുമായി പുലർത്തുന്ന ബന്ധം ഉപജീവനപരമാണെന്നു കാണാം. കലാപ്രദർശനങ്ങളുടെ വേദി എന്നതിനൊപ്പം ഒരു തൊഴിലിടം കൂടിയായി പരിവർത്തനപ്പെടുന്ന ബിനാലെയിൽ ഭൗതിക സാഹചര്യങ്ങളെ സൃഷ്ടിക്കുന്നതിൽ മാത്രമല്ല കലാവസ്തുവിന്റെ നിർമ്മാണഘട്ടങ്ങളിലും വിവിധ ജോലികൾ ചെയ്യുന്നതിന് തൊഴിലാളികളെ ആവശ്യമായി വരുന്നുണ്ട്. നിരവധി കലാനിർമ്മിതികൾ പ്രദർശിപ്പിക്കപ്പെടുമെന്നതുകൊണ്ടുതന്നെ ഫാക്ടറികൾക്ക് സമാനമായി പല സ്വഭാവത്തിലുള്ള തൊഴിൽ സാധ്യതകൾ നിലനിൽക്കുന്ന മേഖലയായി ബിനാലെ മാറ്റപ്പെടുന്നു. ഇതിനനുബന്ധമെന്നോണമാണ് ബിനാലെ വേദിക്ക് പുറത്ത് പ്രാദേശിക വിപണികൾ മുതൽ ടൂറിസം വരെയുള്ള മറ്റു തൊഴിൽ മേഖലകൾ രൂപം കൊള്ളുന്നത്. കൂലിയിൽ അധിഷ്ഠിതമായ തൊഴിൽ ബന്ധങ്ങൾ നിലനിൽക്കുന്ന മേഖലയെന്ന നിലയിൽ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തെപ്പോലും ബാധിക്കാൻ തക്ക ശേഷി ബിനാലെകൾക്ക് ഉണ്ടായി വരുന്നു. അതായത് ഓട്ടോ തൊഴിലാളികൾ, ഹോട്ടലുടമകൾ, ചെറുകിട കച്ചവടക്കാർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവർ അവരുടെ തൊഴിലിനെ മുൻനിർത്തി ബിനാലെയുടെ ഭാഗമാകുന്നുണ്ടെങ്കിലും പ്രദർശന വേദികളിലോ Pavilion ലെ കലാപരിപാടികളിലോ ചർച്ചകളിലോ പങ്കാളികളാകുന്നില്ല. ചുരുക്കത്തിൽ ബിനാലെയുടെ കാണികളായി മാറിയത് വിദ്യാഭ്യാസവുമുള്ള കേരളത്തിലെ വിശാല മധ്യവർഗ സമൂഹമാണ്. കേരളത്തിലെ മധ്യവർഗ ജനസംഖ്യയിലുണ്ടായ വർദ്ധനവാണ് ബിനാലെയുടെ മൂലധനവും വിജയ ഘടകവുമായി വർത്തിക്കുന്നത്. ആഗോളീകരണവും നവലിബറൽ നയങ്ങളും രൂപപ്പെടുത്തിയെടുത്ത നവലോകക്രമത്തിന്റെയും ജീവിത ശൈലിയുടെയും അടിത്തറയിലാണ് ബിനാലെയുടെ നിലനിൽപ്പിനേയും ജനകീയതയേയും ഉറപ്പിച്ചത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

[2] തോമസ്, കൊച്ചിക്കാർ, 5.

[3] Luis, 'Disappearing Strands of History: Critical Notes on the Kochi Muziris Biennale,’ 55–61.

[4] Collins, Sculpture Today, 8.

[5] ഇളയിടം, നാനാർത്ഥങ്ങൾ, 248.

[6] മേനോൻ, 'കലാഭിജ്ഞതയും ചന്തലാവണ്യവും,’ 16.

[7] Williams, The Long Revolution, 60.

[8] ജെർലി, 'മായുന്ന അതിരുകൾ,’ 56.

[9] ‘Previous Edition,’ Kochi-Muziris Biennale,

[10] ‘Previous Edition,’ Kochi-Muziris Biennale.

[11] കുഞ്ഞിരാമൻ, വിഷ്ണു നമ്പൂതിരി, 'കല കലയ്ക്ക് വേണ്ടി എന്നത് സ്വയംഭോഗം: കൊച്ചി ബിനാലെയുടെ ലക്ഷ്യം കലയല്ല.’

[12] നെല്ലായി, ‘കലാ വ്യവഹാരത്തിലെ അന്യവൽക്കരണങ്ങൾ,’ 16.

[13] രാംദാസ് എം.കെ., റിയാസ് കോമു, 'എന്തുകൊണ്ട് ബിനാലെ.’

[14] കൊച്ചി ബിനാലെ ഫൗണ്ടേഷൻ, 'സമകാല കലയുടെ രാജ്യാന്തര സംവാദത്തിന് ബിനാലെ വഴിയൊരുക്കും,’ മാർച്ച് 20, 2014.

[15] ഇളയിടം, ത്യാഗരാജയോഗവൈഭവം, 29.

 

ഗ്രന്ഥസൂചി 
Collins, Judith. Sculpture Today. New York: Phaidon Press, 2014.

Luis, Sandip K. 'Disappearing Strands of History: Critical Notes on the Kochi Muziris Biennale.' Economic & Political Weekly XLIX, ന. 20 (2014): 55–61.

‘Previous Edition.’ Kochi-Muziris Biennale. Accessed July 15, 2019. http://kochimuzirisbiennale.org/archive/.

Williams, Raymond. The Long Revolution, London: Chatto and Windus, 1961.

ഇളയിടം, സുനിൽ പി. നാനാർത്ഥങ്ങൾ. കണ്ണൂർ: കൈരളി ബുക്സ്, 2016.

ഇളയിടം, സുനിൽ പി. ത്യാഗരാജയോഗവൈഭവം. കണ്ണൂർ: കൈരളി ബുക്സ്, 2017.

കുഞ്ഞിരാമൻ, കാനായി, വിഷ്ണു നമ്പൂതിരി, 'കല കലയ്ക്ക് വേണ്ടി എന്നത് സ്വയംഭോഗം: കൊച്ചി ബിനാലെയുടെ ലക്ഷ്യം കലയല്ല.’ അഴിമുഖം, മെയ് 21, 2017. ഡിസംബർ 10, 2019. http://www.azhimukham.com/art-for-the-sake-of-art-is-masturbation-Kanayi-Kunhiraman-interview-by-vishnu/amp/.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ. 'സമകാല കലയുടെ രാജ്യാന്തര സംവാദത്തിന് ബിനാലെ വഴിയൊരുക്കും.’ മാർച്ച് 20, 2014.

ജെർലി. 'മായുന്ന അതിരുകൾ.' എഴുത്ത് പുസ്തകം 2, ന.6 (2017): 54–56.

തോമസ്, ബോണി. കൊച്ചിക്കാർ. കൊച്ചി: പ്രണത ബുക്സ്, 2017.

നെല്ലായി, ഷാജു. ‘കലാ വ്യവഹാരത്തിലെ അന്യവൽക്കരണങ്ങൾ.’ ചിത്രവാർത്ത 3, ന. 1 (2011): 16–21.

മേനോൻ, വിജയകുമാർ. 'കലാഭിജ്ഞതയും ചന്തലാവണ്യവും.' ചിത്രവാർത്ത 3, ന. 1 (2011): 14–16.

രാംദാസ് എം.കെ., റിയാസ് കോമു. 'എന്തുകൊണ്ട് ബിനാലെ.’ അഴിമുഖം, മാർച്ച് 20, 2015. സന്ദർശിച്ച ദിവസം ജനുവരി  10, 2019. http://www.azhimukham.com/Kochi-Muziris-biennale-art-alternate-thinking-riyas-Komu-interview-ramdas/.