ഡോ. സി. ബാലന്‍ കാസര്‍കോട് ജില്ലയെക്കുറിച്ചുള്ള പ്രാദേശികചരിത്ര രചനയ്ക്ക് മികച്ച സംഭാവനകളും പ്രോത്സാഹനവും നല്‍കിയ ചരിത്രകാരനാണ്. കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരിച്ച കാസര്‍കോട്: ചരിത്രവും സമൂഹവും എന്ന പുസ്തകത്തിന്‍റെ എഡിറ്ററായിരുന്നു. കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചരിത്രവിഭാഗം തലവനും കണ്ണൂര്‍ സര്‍വകലാശാലയുടെ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് സ്റ്റഡീസ് വിഭാഗം ഡയറക്ടറുമായിരുന്നു. കാസര്‍കോട്ടെ കോട്ടകളുടെ ചരിത്രത്തെയും സവിശേഷതകളെയും കുറിച്ച് ഡോ. സി. ബാലന്‍ സംസാരിക്കുന്നു:
രാഖേഷ് കൃഷ്ണന്‍: കാസര്‍കോട് ജില്ലയില്‍ ഇത്രയധികം കോട്ടകളുണ്ടാകാന്‍ കാരണമെന്താണ്?
സി. ബാലന്‍: ഇത്രയധികം കോട്ടകള്‍ക്ക് കാരണം അത്രയധികം തുറമുഖങ്ങളുണ്ടായിരുന്നു എന്നതാണ്. അത്രയും തുറമുഖങ്ങളുണ്ടായതിനുകാരണം ധാരാളം നദികളുണ്ടായതാണ്. കാസര്‍കോട് ജില്ലകളിലെ ഒമ്പത് നദികളുടെയും അഴിമുഖങ്ങള്‍ സ്വാഭാവിക തുറമുഖങ്ങളായി പരിണമിച്ചുവന്നതാണ്.
13-ാം നൂറ്റാണ്ട് മുതല്‍ തന്നെ ഇവിടുത്തെ തുറമുഖങ്ങളെല്ലാം നന്നായി പ്രവര്‍ത്തിച്ചിരുന്നു. അടുത്തടുത്തായി ഇത്രയേറെ തുറമുഖങ്ങളുള്ള ഒരു നാടും ലോകത്തെവിടെയും കാണാനാകില്ല. മഞ്ചേശ്വരം, കാസര്‍കോട്, ബേക്കല്‍, കുമ്പള, നീലേശ്വരം, മടക്കര തുടങ്ങിയ തുറമുഖങ്ങളിലെല്ലാം കയറ്റുമതിയും ഇറക്കുമതിയും നടന്നിരുന്നതായി സഞ്ചാരികളുടെ വിവരണങ്ങളില്‍ കാണാം. കാസര്‍കോട് പണ്ടുമുതലേ നല്ല കാര്‍ഷികസമൃദ്ധിയും പച്ചപ്പും നിറഞ്ഞ പ്രദേശമായിരുന്നു. 13-ാം നൂറ്റാണ്ടില്‍ ബേക്കലില്‍ നിന്ന് വെറ്റില കയറ്റുമതി ചെയ്തിരുന്നു. വെറ്റിലക്കൃഷിയുടെ പാരമ്പര്യം കാസര്‍കോട്ട് ഇപ്പോഴും കാണാം. കുമ്പളയില്‍ നിന്ന് തവിട്ടുനിറത്തിലുള്ള അരി മാലിദ്വീപിലേക്ക് കയറ്റി അയച്ചിരുന്നതായി സഞ്ചാരിയായ ബര്‍ബോസ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക നാടുവാഴികള്‍ക്ക് ചേരിക്കല്‍ എന്നുപറയുന്ന കൃഷിഭൂമിയുണ്ടാകും. ഇത് അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി കൃഷി നടത്തുന്ന ഭൂമിയാണ്. നാട്ടുകാര്‍ കൃഷിയില്‍ നിന്നും മറ്റും ലഭിക്കുന്ന ആദായത്തിന്‍റെ ഒരു പങ്കും ഇവര്‍ക്ക് സമര്‍പ്പിക്കും. ഇവ രണ്ടില്‍ നിന്നും ലഭിക്കുന്ന വരുമാനം വളരെ തുച്ഛമാണ്. മറ്റൊരു പ്രധാന വരുമാനമാര്‍ഗം തുറമുഖങ്ങളിലൂടെ പ്രകൃതിവിഭവങ്ങള്‍ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുമ്പോള്‍ കിട്ടുന്ന ചുങ്കമാണ്. ഇതായിരുന്നു പ്രാദേശിക ഭരണകര്‍ത്താക്കളുടെ വലിയ വരുമാനമാര്‍ഗം. ഇവ സംരക്ഷിച്ചുനിര്‍ത്തുകയെന്നത് അവരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. തുറമുഖങ്ങളുടെ മേല്‍ നിയന്ത്രണം നിലനിര്‍ത്താനും വരുമാനം നഷ്ടപ്പെടാതിരിക്കാനും ഭരണം സ്ഥിരമായി വേണം. അതിന് പലപ്പോഴും പടയോട്ടങ്ങള്‍ നടത്തേണ്ടി വന്നു. തുറമുഖങ്ങളില്‍ സൈന്യത്തിന്‍റെ സ്ഥിരം സാന്നിധ്യവും ആവശ്യമായി വന്നു. ഇതിനെല്ലാം വേണ്ടി പണിതതാണ് കാസര്‍കോട്ടെ മിക്ക കോട്ടകളും.
രാ.കൃ.: കാസര്‍കോട് കടല്‍തീരത്തല്ലാതെയും കോട്ടകളുണ്ടല്ലോ?
സി.ബാ.: കാസര്‍കോട്ടെ കോട്ടകള്‍ സ്ഥിതി ചെയ്യുന്നത് രണ്ടുരീതികളിലായാണ്. ഒന്ന് കടലോരത്തോട് ചേര്‍ന്ന്, മറ്റൊന്ന് മൈസൂരിലേക്കും കൂര്‍ഗിലേക്കും നീളുന്ന പാതയില്‍. കര്‍ണാടകയിലേക്കുള്ളത് അന്നത്തെ പ്രധാന വാണിജ്യപാതയാണത്. സമ്പന്നപ്രദേശമെങ്കിലും മൈസൂരിന് തുറമുഖമില്ലാത്തതിനാല്‍ കാസര്‍കോട്ടെ തീരങ്ങളെയാണ് അവര്‍ ചരക്കുകടത്തിന് പ്രധാനമായി ആശ്രയിച്ചിരുന്നത്. വാണിജ്യപാതയില്‍ ചരക്കുനീക്കത്തിന്‍റെ സുരക്ഷയ്ക്കായി കോട്ടകള്‍ കെട്ടിയിരുന്നു. ഉള്‍നാടന്‍ കോട്ടകള്‍ സ്ഥിതി ചെയ്യുന്നത് മൈസൂരിലേക്ക് നീളുന്ന രണ്ട് വാണിജ്യപാതകളിലായാണ്. ഒന്നാമത്തേത് ബേക്കല്‍ - പനയാല്‍ - കുണ്ടംകുഴി - ബന്തടുക്ക - സുള്ള്യ വഴിയും മറ്റേത് കാസര്‍കോട് - ചെര്‍ക്കള - ബോവിക്കാനം - മുള്ളേരിയ - സുള്ള്യ വഴിയും. ഈ രണ്ട് പാതകളിലും ധാരാളം കോട്ടകളുണ്ടായിരുന്നുവെന്നുകാണാം.
രാ.കൃ.: കാസര്‍കോട്ടെ കോട്ടകള്‍ ആരാണ് നിര്‍മിച്ചത്?
സി.ബാ.: ഇക്കേരി നായിക്കന്മാരുടെ കാലത്താണ് ഇന്നത്തെ കോട്ടകള്‍ നിര്‍മിക്കപ്പെട്ടത്. 17, 18 നൂറ്റാണ്ടുകളിലായാണിത്. അതിനുമുമ്പുള്ള കോട്ടകളില്‍ പലതും പുതുക്കിപ്പണിതാണ് പുതിയ കോട്ടകള്‍ തീര്‍ത്തത്. കാസര്‍കോട്ടെ തുറമുഖങ്ങളില്‍ നിന്ന് ബോംബെ, കൊച്ചി, കാലിക്കറ്റ്, അറേബ്യ തുടങ്ങിയ നാടുകളിലേക്ക് തുണി, ഇരുമ്പയിര്, തവിട്ടുനിറത്തിലുള്ള അരി, കൊപ്ര എന്നിവയെല്ലാം കയറ്റി അയച്ചിരുന്നതായി ചരിത്രരേഖകളിലുണ്ട്. കച്ചവടക്കാര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാകും. അവരില്‍ നിന്ന് പിരിക്കുന്ന ചുങ്കം രാജാക്കന്മാരുടെ പ്രധാന വരുമാനമാര്‍ഗമാണ്. കാസര്‍കോട് പ്രദേശം വിജയനഗര സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഇവിടുത്തെ നിയന്ത്രണത്തിന് ഗവര്‍ണറെന്നോ സാമന്തന്മാരെന്നോ ഒക്കെ പറയാവുന്നവരെ ചുമതലപ്പെടുത്തി. ഇക്കേരി നായ്ക്കന്മാരും സാമന്തന്മാരായി എത്തിയതാണ്. തളിക്കോട്ട യുദ്ധത്തോടെ വിജയനഗരസാമ്രാജ്യം തകര്‍ന്നപ്പോള്‍ ഇക്കേരി നായക്കന്മാര്‍ സ്വയം രാജാക്കന്മാരായി പ്രഖ്യാപിച്ചു. കാസര്‍കോട് മേഖലയ്ക്ക് മേല്‍ തങ്ങളുടെ അധികാരമുറപ്പിച്ചു. ഈ അധികാരമുറപ്പിക്കാന്‍ വേണ്ടി പണിത ആദ്യത്തെ കോട്ട കാസര്‍കോട് കോട്ടയാണ്. കാസര്‍കോട്ടെ കോട്ടകള്‍ക്ക് പിന്നില്‍ വ്യാവസായിക താത്പര്യമാണ് കൂടുതലായുണ്ടായിരുന്നത്. മറ്റ് പലയിടത്തും യുദ്ധാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കോട്ട പണിതിട്ടുള്ളതെന്ന് കാണാം. ഇത്തരത്തിലൊരു കോട്ടയാണ് കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് കോട്ട. ഇത് തീര്‍ത്തും സൈനികാവശ്യത്തിന് വേണ്ടി പണിത കോട്ടയാണ്. ഹൊസ്ദുര്‍ഗ് കോട്ട ആസ്ഥാനമാക്കിയാണ് ഇക്കേരി നായക്കന്മാര്‍ തെക്കോട്ടുള്ള പടയോട്ടം നടത്തിയത്. ഹൊസ്ദുര്‍ഗില്‍ തമ്പടിച്ച് കണ്ണൂരിലെ മൊറാഴ വരെ കീഴ്പ്പെടുത്താന്‍ ഇക്കേരി നായിക്കന്മാര്‍ക്കായി.
ഇന്ന് കാണുന്നവയ്ക്ക് മുമ്പും കാസര്‍കോട്ട് കോട്ടകളുണ്ടായിരുന്നു. മാവിലാന്‍ കോട്ടകള്‍ എന്നറിയപ്പെടുന്ന ഇവ ആദിവാസിവിഭാഗക്കാരുടേതായിരുന്നു. ചെറിയ മണ്‍കോട്ടകളായിരുന്നു ഇവ. പെര്‍ളയിലെ കാട്ടടുക്കയിലും മധൂരിലുമൊക്കെ മാവിലാന്‍ കോട്ടകളുണ്ടായിരുന്നു.
രാ.കൃ.: ബേക്കല്‍, ടിപ്പുവിന്‍റെ ഭരണകേന്ദ്രമായിരുന്നല്ലോ?
സി.ബാ.: ടിപ്പു പടയോട്ടം നടത്തി പിടിച്ച പലയിടത്തും ഭരണനിര്‍വഹണത്തിന് വേണ്ടി ഉപകേന്ദ്രങ്ങളുണ്ടാക്കി. ബേക്കല്‍ അത്തരത്തിലൊന്നായിരുന്നു. ടിപ്പുവിന് പേര്‍ഷ്യയില്‍ നിന്ന് കുതിരകളെ ഇറക്കുമതി ചെയ്തത് ബേക്കല്‍ തുറമുഖം വഴിയായിരുന്നു. ശ്രീരംഗപട്ടണം സന്ധിയെത്തുടര്‍ന്ന് മലബാറടക്കം പല പ്രദേശങ്ങളും ഈസ്റ്റിന്ത്യാ കമ്പനിക്ക് വിട്ടുകൊടുക്കേണ്ടി വന്നപ്പോഴും ടിപ്പു കൈവശം വെച്ച രണ്ട് പ്രദേശങ്ങളിലൊന്ന് ബേക്കലായിരുന്നു. തന്ത്രപ്രധാനമായ സ്ഥാനമായിരുന്നു എന്നതാണ് പ്രധാന കാരണം.
രാ.കൃ.: കോട്ടകള്‍ നശിക്കാനിടയായതെങ്ങനെ?
സി.ബാ.: ബ്രിട്ടീഷുകാര്‍ക്ക് കാസര്‍കോട്ടെ കോട്ടകളില്‍ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അവരുടെ കൈവശം കോട്ടകളെത്തുമ്പോഴേക്കും അതിന് പ്രസക്തിയില്ലാതായി. മധ്യകാലഘട്ടത്തിലേ കോട്ടകള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നുള്ളൂ. തോക്കുകള്‍ വന്നതോടെ കോട്ടകള്‍ അപ്രസക്തമായി മാറി.
ബ്രിട്ടീഷുകാര്‍ ബേക്കലില്‍ നിന്ന് ഭരണകേന്ദ്രം മാറ്റാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ബേക്കല്‍ ആസ്ഥാനമാക്കി 1800-ല്‍ തന്നെ താലൂക്ക് രൂപവത്കരിച്ച് തികച്ചും കര്‍ഷകവിരുദ്ധമായ ഭരണമായിരുന്നു നടത്തിയിരുന്നത്. നികുതി കുത്തനെ കൂട്ടി. അതോടെ തുടര്‍ച്ചയായി ധാരാളം സമരങ്ങള്‍ ബേക്കല്‍ താലൂക്കിലുണ്ടായി. പുകയിലയ്ക്കും ഉപ്പിനും ഏര്‍പ്പെടുത്തിയ കുത്തകാവകാശത്തിനെതിരായ നിരന്തര പ്രക്ഷോഭങ്ങളും പിന്നീട് കൂട്ടക്കലാപമെന്ന പേരില്‍ പ്രശസ്തമായതുമടക്കം നിരവധി പ്രതിഷേധങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായുണ്ടായി. ഇത് അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമായാണ് 1862-ല്‍ കാസര്‍കോടെന്ന പുതിയ താലൂക്കുണ്ടാക്കിയത്. അതുവരെ ബേക്കല്‍ കാനറ ജില്ലയിലും ബോംബെ പ്രസിഡന്‍സിയിലുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. പിന്നീട് കാനറ ജില്ലയെ വിഭജിച്ച് സൗത്ത് കാനറയും നോര്‍ത്ത് കാനറയുമാക്കി. സൗത്ത് കാനറയിലുള്‍പ്പെട്ട ബേക്കല്‍ താലൂക്കിന്‍റെ ആസ്ഥാനം കാസര്‍കോടാക്കുകയും ഇതിനെ മദ്രാസ് പ്രസിഡന്‍സിയിലുള്‍പ്പെടുത്തുകയും ചെയ്തു.
രാ.കൃ.: കോട്ടകളെക്കുറിച്ച് കാര്യമായ പഠനങ്ങളുണ്ടായോ?
സി.ബാ.: കാസര്‍കോട്ടെ കോട്ടകളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നുമുണ്ടായിട്ടില്ല. ബേക്കലില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഉത്ഖനനത്തില്‍ ഞങ്ങള്‍ നാട്ടുകാരടക്കം സഹകരിച്ചിരുന്നു. അന്ന് നിര്‍ണായകമായ പല തെളിവുകളും ലഭിച്ചു. ആള്‍രൂപങ്ങളും പാത്രങ്ങളും നാണയം അടിക്കാനുള്ള അച്ചുകളുമെല്ലാം അന്ന് ലഭിച്ചു. ട്രാവലേഴ്സ് ബംഗ്ലാവിലേക്കുള്ള റോഡിന്‍റെ പടിഞ്ഞാറുവശത്ത് നിന്ന് ടിപ്പുവിന്‍റെ കാലത്തെ അവശിഷ്ടങ്ങളും കിഴക്കുവശത്ത് നിന്ന് അതിന് മുമ്പുള്ള ഇക്കേരി നായക്കന്മാരുടേതടക്കമുള്ള കാലത്തെ അവശിഷ്ടങ്ങളുമാണ് ലഭിച്ചത്.
ബേക്കല്‍ മാത്രമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമുള്ളത്. മറ്റുള്ളതെല്ലാം സംസ്ഥാന പുരാവസ്തുവകുപ്പിന്‍റെ കൈവശമാണുള്ളത്. എന്നാല്‍ പുരാവസ്തുവകുപ്പ് ഇക്കാര്യത്തില്‍ കാര്യമായ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ഏതൊക്കെ പ്രദേശമാണ് കൈവശമുള്ളതെന്ന് പോലും അവര്‍ക്കറിയില്ല.