കാസര്‍കോട്ടെ കോട്ടകള്‍

in Module
Published on: 12 July 2019

എം.എസ്. രാഖേഷ് കൃഷ്ണന്‍ (M.S. Rakhesh Krishnan)

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി. 'മാതൃഭൂമി'യില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി പത്രപ്രവര്‍ത്തകനാണ്. ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ്, ചലച്ചിത്രം എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍.

ചരിത്രം അധികാരത്തിന്‍റെയും വെട്ടിപ്പിടിക്കലുകളുടെയും കഥ കൂടിയാണല്ലോ! പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും പിടിച്ചെടുത്തവ സംരക്ഷിക്കാനും ചരിത്രത്തിലെ ഓരോ രാജാക്കന്‍മാരും ശ്രമിച്ചുപോന്നു. അനേകം നാട്ടുരാജ്യങ്ങളായി വിഭജിച്ചുനിന്നിരുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അധികാരം നിലനിര്‍ത്താന്‍ ഓരോ ഭരണാധികാരികളും കോട്ടകള്‍ തീര്‍ത്തു.

കേരളത്തിലും പ്രശസ്തമായ ഒട്ടേറെ കോട്ടകളുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോട്ടകളുള്ള ജില്ല വടക്കേയറ്റത്ത് കിടക്കുന്ന കാസര്‍കോടാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനവും ഭരണചരിത്രത്തിലെ വ്യത്യസ്തതയും മൂലം കാസര്‍കോടിനെ കേരളത്തിന്‍റെ പൊതുചരിത്രത്തില്‍ നിന്ന് അവഗണിക്കാറാണ് പതിവ്. കാസര്‍കോട്ടെ മറ്റ് പല ചരിത്രസ്മാരകങ്ങളെയും പോലെ കോട്ടകളെക്കുറിച്ചുള്ള പഠനവും അതിനാല്‍ കാര്യമായി നടന്നിട്ടില്ല.
ഇരുപതോളം വലിയ കോട്ടകള്‍ കാസര്‍കോട്ട് ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ബേക്കലിനു പുറമെ ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്ഗ്, ആരിക്കാടി(കുമ്പള), പൊവ്വല്‍, കാസര്‍കോട് കോട്ടകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും അവശേഷിക്കുന്നത്. മറ്റുള്ള കോട്ടകളെല്ലാം ചരിത്രരേഖകളില്‍ നിന്ന് മാത്രമാണ് കണ്ടെടുക്കാനാകുക.

കോട്ടകളുടെ നാടെന്നാണ് കാസര്‍കോടിന്‍റെ വിളിപ്പേരുകളിലൊന്ന്. കാസര്‍കോട്ടെ കോട്ടകളുടെ പൊതുസവിശേഷതകളും ചരിത്രവുമാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെയും ശേഷംവന്ന ഇക്കേരി നായക്കന്മാരുടെയും ഭരണകാലത്താണ് കോട്ടകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നത്. കോലത്തിരി രാജവംശത്തിന്‍റെ കാലത്ത് കെട്ടിയ കോട്ടകളും ഇവിടെയുണ്ട്. പിന്നീട് കോട്ടകളെല്ലാം മൈസൂര്‍ സുല്‍ത്താന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും കൈവശമായി. ബേക്കലും ചന്ദ്രഗിരിയുമൊഴിച്ചാല്‍ മറ്റ് കോട്ടകളെല്ലാം അവഗണനയേറ്റു കിടക്കുകയാണ്.
കാസര്‍കോട്ടെ കോട്ടകളുടെ പ്രാഥമികമായ ആവശ്യം സുഗമമായ വാണിജ്യനടത്തിപ്പായിരുന്നു. കടലിനോടു ചേര്‍ന്ന കോട്ടകള്‍ കടല്‍വഴിയുള്ള വ്യാപാരത്തിനും പഴയ മൈസൂര്‍ പാതയോട് ചേര്‍ന്നുള്ളവ അവിടേക്കുള്ള ചരക്കുനീക്കത്തിനും വേണ്ടി പണിതതാണ്. അതുകൊണ്ടുതന്നെ കോട്ടകള്‍ പിടിക്കാനും നിലനിര്‍ത്താനും വേണ്ടി ധാരാളം യുദ്ധങ്ങള്‍ കാസര്‍കോട്ട് നടന്നു. ബേക്കലടക്കമുള്ള കോട്ടകള്‍ പിന്നീട് ഭരണകേന്ദ്രങ്ങളായി മാറി. ഇവിടം സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ അടക്കമുള്ള വിദേശികളുടെ എഴുത്തുകളില്‍ കോട്ടകളെക്കുറിച്ചുള്ള ധാരാളം വിവരണങ്ങള്‍ കാണാം.

വലിയ ചുറ്റുമതിലും കൊത്തളങ്ങളുമാണ് കാസര്‍കോട്ടെ കോട്ടകളില്‍ പൊതുവായി കാണാവുന്നത്. ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, ആരിക്കാടി, കാസര്‍കോട് കോട്ടകള്‍ക്ക് ചരിഞ്ഞ നടപ്പാതയോടുകൂടിയ നിരീക്ഷണഗോപുരമുണ്ട്. എല്ലാ കോട്ടകളിലും ശത്രുക്കളില്‍ നിന്ന് രക്ഷപെടാനായി നിര്‍മ്മിച്ച തുരങ്കങ്ങള്‍ കാണാം. ഇപ്പോള്‍ മിക്കതും അടഞ്ഞ നിലയിലാണ്. കോട്ടകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെത്തിയ കോട്ടെയാര്‍ വിഭാഗക്കാര്‍ ജില്ലയുടെ പലയിടത്തും താമസമുറപ്പിച്ചിട്ടുണ്ട്. അവരുടെ കുലദൈവമായ ഹനുമാന്‍റെ ക്ഷേത്രം എല്ലാ കോട്ടയോടും ചേര്‍ന്നുകാണാം.

കാസര്‍കോട്ടെ ഭാഷയിലും കോട്ടകളുടെ സാന്നിധ്യം കാണാം. ഹോസ്ദുര്‍ഗ്ഗ് എന്ന കന്നടവാക്കിന്‍റെ അര്‍ഥം പുതിയ കോട്ടയെന്നാണ്. കാഞ്ഞങ്ങാട്ടെ കോട്ടയോട് ചേര്‍ന്നഭാഗം ഇപ്പോഴും അങ്ങനെത്തന്നെയാണ് അറിയപ്പെടുന്നത്. കോട്ടയുടെ സാന്നിധ്യം  തീര്‍ത്തും അപ്രത്യക്ഷമായ പ്രദേശങ്ങളില്‍പ്പോലും ഇത്തരത്തില്‍ കോട്ടയെ സൂചിപ്പിക്കുന്ന സ്ഥലനാമങ്ങളുണ്ട്.