ചരിത്രം അധികാരത്തിന്‍റെയും വെട്ടിപ്പിടിക്കലുകളുടെയും കഥ കൂടിയാണല്ലോ! പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും പിടിച്ചെടുത്തവ സംരക്ഷിക്കാനും ചരിത്രത്തിലെ ഓരോ രാജാക്കന്‍മാരും ശ്രമിച്ചുപോന്നു. അനേകം നാട്ടുരാജ്യങ്ങളായി വിഭജിച്ചുനിന്നിരുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അധികാരം നിലനിര്‍ത്താന്‍ ഓരോ ഭരണാധികാരികളും കോട്ടകള്‍ തീര്‍ത്തു. കേരളത്തിലും പ്രശസ്തമായ ഒട്ടേറ കോട്ടകളുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോട്ടകളുള്ള ജില്ല വടക്കേയറ്റത്ത് കിടക്കുന്ന കാസര്‍കോടാണ്. ഇരുപതോളം വലിയ കോട്ടകള്‍ കാസര്‍കോട്ട് ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ബേക്കലിനു പുറമെ ചന്ദ്രഗിരി, ഹൊസ്ദുര്‍ഗ്, ആരിക്കാടി (കുമ്പള), പൊവ്വല്‍, കാസര്‍കോട് കോട്ടകള്‍ മാത്രമാണ് അല്‍പമെങ്കിലും അവശേഷിക്കുന്നത്. മറ്റുള്ള കോട്ടകളെല്ലാം ചരിത്രരേഖകളില്‍നിന്ന് മാത്രമാണ് കണ്ടെടുക്കാനാകുക. കോട്ടകളുടെ നാടെന്നാണ് കാസര്‍കോടിന്‍റെ വിളിപ്പേരുകളിലൊന്ന്. വലിയ ചുറ്റുമതിലും കൊത്തളങ്ങളുമാണ് കാസര്‍കോട്ടെ കോട്ടകളില്‍ പൊതുവായി കാണാവുന്നത്. ബേക്കല്‍, ഹൊസ്ദുര്‍ഗ്, ആരിക്കാടി, കാസര്‍കോട് കോട്ടകള്‍ക്ക് ചരിഞ്ഞ നടപ്പാതയോടു കൂടിയ നിരീക്ഷണഗോപുരമുണ്ട്. എല്ലാ കോട്ടകളിലും ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാനായി നിര്‍മിച്ച തുരങ്കങ്ങള്‍ കാണാം. ഇപ്പോള്‍ മിക്കതും അടഞ്ഞ നിലയിലാണ്. ജില്ലയിലെ പ്രധാന കോട്ടകളുടെ ചിത്രങ്ങള്‍ ആണ് ഈ ഗാലറിയില്‍ കൊടുത്തിരിക്കുന്നത്.
എം.എസ്. രാഖേഷ് കൃഷ്ണന്‍ (M.S. Rakhesh Krishnan)
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി. 'മാതൃഭൂമി' യില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി പത്രപ്രവര്‍ത്തകനാണ്. ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ്, ചലച്ചിത്രം എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍.