കാസര്‍കോട്ടെ കോട്ടകള്‍: ഒരാമുഖം

in Overview
Published on:

എം.എസ്. രാഖേഷ് കൃഷ്ണന്‍ (M.S. Rakhesh Krishnan)

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി. 'മാതൃഭൂമി'യില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി പത്രപ്രവര്‍ത്തകനാണ്. ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ്, ചലച്ചിത്രം എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍.

യുദ്ധങ്ങളും പിടിച്ചടക്കലുകളും നിറഞ്ഞ ചരിത്രത്തിന്‍റെ അവശേഷിപ്പാണ് കോട്ടകള്‍. സ്വന്തം അധികാരം സ്ഥാപിക്കാനും നിലനിര്‍ത്താനും ശത്രുക്കളെ തടഞ്ഞുനിര്‍ത്താനും പടക്കോപ്പുകള്‍ സൂക്ഷിക്കാനുമൊക്കെ കോട്ടകള്‍ ഉപയോഗിച്ചു. ഒരു കാലത്ത് അധികാരകേന്ദ്രങ്ങളായിരുന്നുവെങ്കിലും പടയോട്ടങ്ങള്‍ കുറഞ്ഞതോടെ ഇവയുടെ ആവശ്യവും കുറഞ്ഞുവന്നു. എന്നാല്‍ ചരിത്രപഠനത്തിനും ടൂറിസത്തിനുമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ  കോട്ടകള്‍ക്ക്  പ്രാധാന്യം  തിരികെ ലഭിച്ചു തുടങ്ങി. ലോകത്തിലേറ്റവും കൂടുതല്‍ കോട്ടകളുള്ള രാജ്യമാണ് ഇന്ത്യ. ധാരാളം നാട്ടുരാജ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഓരോ രാജാവും പുതിയ പ്രദേശം കീഴടക്കുന്നതിലും കീഴടക്കിയവ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ചെറുതും വലുതുമായ യുദ്ധങ്ങള്‍ പതിവായിരുന്ന അക്കാലത്ത് ഓരോയിടത്തും ഇതിനായി ആശ്രയിച്ചിരുന്നത് കോട്ടകളെയായിരുന്നു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കോട്ടകളുണ്ടാകാനുള്ള കാരണം ഇതുതന്നെയാണ്.[i]

ഓരോ പ്രദേശത്തിന്‍റെയും വാസ്തുശില്‍പകല പഠിക്കാനുള്ള ഉപാധി കൂടിയാണ് അവിടുത്തെ കോട്ടകള്‍.[ii] കേരളത്തിലും കോട്ടകള്‍ക്ക് കുറവൊന്നുമില്ല. കണ്ണൂരും പാലക്കാടും ചാലിയത്തും പള്ളിപ്പുറത്തും അഞ്ചുതെങ്ങിലും തലശ്ശേരിയിലും തങ്കശ്ശേരിയിലുമൊക്കെയുള്ള കോട്ടകള്‍ അതിന്‍റെ ചരിത്രം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നതാണ്.

മറ്റ് പ്രദേശങ്ങളിലും കോട്ടകളുണ്ടെങ്കിലും കാസര്‍കോട്ടുള്ളത്ര കോട്ടകള്‍ വേറൊരു ജില്ലയിലും കാണാനാകില്ല. കോട്ടകളുടെ നാടെന്ന് കാസര്‍കോടിനെ വിശേഷിപ്പിക്കാം. ഇരുപതിലേറെ കോട്ടകള്‍ കാസര്‍കോടുണ്ടായിരുന്നുവെന്നത് അവിടുത്തുകാര്‍ക്ക് പോലുമറിയില്ല എന്നതാണ് വാസ്തവം. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ തന്നെയാണ് കാസര്‍കോട്ടെ പ്രധാനകോട്ട. (Fig. 1) ഹൊസ്ദുര്‍ഗ്ഗ്, ചന്ദ്രഗിരി, കുമ്പള (ആരിക്കാടി), പൊവ്വല്‍, കാസര്‍കോട് കോട്ടകള്‍ പഴയകാല രൂപം കുറച്ചെങ്കിലും അവശേഷിപ്പിച്ചിട്ടുള്ള കോട്ടകളാണ്. ചിത്താരി, പനയാല്‍, കുണ്ടംകുഴി, ബന്തടുക്ക, നീലേശ്വരം, മട്ട്ലായി തുടങ്ങിയവ കാസര്‍കോടുണ്ടായിരുന്ന മറ്റ് പ്രധാന കോട്ടകളാണ്. പല കോട്ടകളുടെയും അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.

Fig. 1. ബേക്കല്‍കോട്ടയിലെ നിരീക്ഷണഗോപുരം (ചിത്രം: എം.എസ്. രാഖേഷ് കൃഷ്ണന്‍)

കാസര്‍കോട് ഇത്രയധികം കോട്ടകളുണ്ടാകാന്‍ കാരണമെന്താണ്?   രണ്ടുകാരണങ്ങളായിരിക്കാം ഇതിനുപിന്നിലുള്ളത്. ഒന്ന്, കാസര്‍കോട്ടെ നദികളുടെ എണ്ണം[iii], രണ്ട് ഇവിടുത്തെ പ്രകൃതിവിഭവങ്ങളുടെ ലഭ്യത.

കാസര്‍കോട് ഇപ്പോള്‍ നിലവിലുള്ളതും പണ്ടുണ്ടായിരുന്നതുമായ കോട്ടകള്‍ പരിശോധിച്ചാല്‍ അവ സ്ഥിതി ചെയ്തത് രണ്ട് ദിശകളിലായിട്ടാണെന്നുകാണാം. ഒന്ന് കടല്‍ത്തീരത്തോട് ചേര്‍ന്ന് രണ്ടാമത്തേത് ഇന്നത്തെ കര്‍ണാടയിലേക്ക്, പ്രധാനമായും മൈസൂരിലേക്ക്, നീളുന്ന വാണിജ്യപാതയിലുമാണ്. ഇന്ന് കാണുന്ന കുമ്പള, ചന്ദ്രഗിരി, ബേക്കല്‍, കാസര്‍കോട്, ഹൊസ്ദുര്‍ഗ്ഗ് കോട്ടകളും മുമ്പുണ്ടായിരുന്ന മഞ്ചേശ്വരം, നീലേശ്വരം, മട്ട്ലായി (ചെറുവത്തൂര്‍ കോട്ടകളും കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള കോട്ടകളുടെ ഗണത്തില്‍പ്പെടുത്താം. പൊവ്വല്‍, ചിത്താരി, പനയാല്‍, കുണ്ടംകുഴി, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകള്‍ മൈസൂരിലേക്ക് നീളുന്ന അന്നത്തെ പ്രധാന വാണിജ്യപാതയോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്.

ഇന്നത്തെ കാസര്‍കോട് ജില്ലയിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍ പ്രാചീന കാലത്തെല്ലാം സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെട്ടുകിടന്നിരുന്ന സ്ഥലങ്ങളാണ്. പ്രകൃതിവിഭവങ്ങള്‍ ധാരാളമുണ്ടായിരുന്നു എന്നതായിരുന്നു ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. തുറമുഖങ്ങളുടെ സാന്നിധ്യമായിരുന്നു മറ്റൊന്ന്. കാസര്‍കോട്ടെ സമ്പദ്  സമൃദ്ധിയെക്കുറിച്ച് ഇവിടം സന്ദര്‍ശിച്ച ബ്രിട്ടീഷ് സര്‍ക്കാരുദ്യോഗസ്ഥന്‍ വില്ല്യം ലോഗന്‍റെയോ ബ്രിട്ടീഷ് ഡോക്ടര്‍ ഫ്രാന്‍സിസ് ബുക്കാനന്‍റെയോ ഇറ്റാലിയന്‍ സഞ്ചാരി പിയത്രോ ദെല്ലാ വെല്ലായുടെയോ എഴുത്തുകള്‍  പരിശോധിച്ചാല്‍ വ്യക്തമാകും.[iv]

പ്രകൃതിവിഭവങ്ങളുടെ കയറ്റുമതിയ്ക്ക് പഴയ നാട്ടുരാജ്യങ്ങള്‍ വലിയ പ്രധാന്യം നല്‍കി. ദൂരെയുള്ള മറ്റ് നാട്ടുരാജ്യങ്ങളുമായോ അറേബ്യയുമായോ ഉള്ള കച്ചവടം കടല്‍ വഴിയായിരുന്നു. ഇത്തരം കയറ്റുമതികള്‍ എല്ലായ്പ്പോഴും വലിയ ലാഭമുണ്ടാക്കി. എന്തുവില കൊടുത്തും അത് തുടരാന്‍ നാട്ടുരാജാക്കന്മാര്‍ ശ്രമിച്ചിരുന്നു. അതിനാല്‍ കച്ചവടത്തിലെ പ്രധാന കേന്ദ്രമായി തുറമുഖങ്ങള്‍ മാറി. ഇത്തരം തുറമുഖങ്ങളെ സംരക്ഷിക്കാനാണ് കാസര്‍കോട്ടെ പ്രധാന കോട്ടകളെല്ലാം കെട്ടിയിട്ടുള്ളത്.

ബേക്കല്‍ പോലുള്ള കോട്ടകള്‍ സ്ഥിതി ചെയ്യുന്നത് പഴയകാലത്തെ പ്രധാന തുറമുഖനഗരങ്ങളിലാണ്. ബേക്കല്‍ തുറമുഖം വഴി പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങളിലേക്കും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലേക്കും ചരക്കുകള്‍ കയറ്റി അയച്ചിരുന്നു. കര്‍ണാടകയടക്കമുള്ള പ്രദേശങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താവുന്ന തരത്തിലുള്ള ബേക്കലിന്‍റെ സവിശേഷമായ സ്ഥാനം ഈ കോട്ടയ്ക്ക് പ്രാധാന്യം നല്‍കി.[v] കുമ്പള തുറമുഖത്ത് നിന്ന് മാലദ്വീപിലേക്ക് അരി കയറ്റിയയച്ചിരുന്നതായി 1500 മുതല്‍ 1516 വരെ കേരളത്തില്‍ താമസിച്ചിരുന്ന പോര്‍ച്ചുഗീസ് ഓഫീസര്‍ ഡ്വാര്‍ത്തേ ബര്‍ബോസ രേഖപ്പെടുത്തിയിട്ടുണ്ട്.[vi] ഇത്തരം തുറമുഖങ്ങളുള്ള സ്ഥലത്തെല്ലാം അവയുടെ സംരക്ഷണാര്‍ഥം കോട്ടകളുണ്ടായത് സ്വാഭാവികമാണ്. തുറമുഖങ്ങളുടെ സംരക്ഷണത്തിനൊപ്പം കച്ചവടക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും നികുതി പിരിക്കുന്നതിനുള്ള കേന്ദ്രമായും അധികാരകേന്ദ്രമായും കോട്ടകള്‍ മാറി.

മൈസൂര്‍, കുടക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ കാസര്‍കോട്ടാണ് എത്തിയിരുന്നത്. മൈസൂരിനും കുടകിനും തീരപ്രദേശമില്ലാത്തതിനാല്‍ കാസര്‍കോട്ടെ നാട്ടുരാജാക്കന്‍മാരെ ആശ്രയിച്ചായിരിക്കാം അവ കയറ്റിയയച്ചിരുന്നത്. ഇറക്കുമതി ചെയ്ത വസ്തുക്കള്‍ നാട്ടിലേക്കെത്തിക്കാനും ഇവരുടെ സഹായം വേണ്ടിവന്നിട്ടുണ്ടാകും. ഈ ചരക്കുഗതാഗതം നടന്നിരുന്ന പാതയോരത്താണ് പൊവ്വല്‍, കുണ്ടംകുഴി, പനയാല്‍ പോലുള്ള കോട്ടകള്‍ സ്ഥിതിചെയ്തിരുന്നത്.

വിവിധ കോട്ടകള്‍
2018 ഒക്ടോബര്‍ മാസത്തില്‍ കാസര്‍കോട് ജില്ലയിലെ കോട്ടകള്‍ സന്ദര്‍ശിച്ചപ്പോള്‍ ആറെണ്ണമേ അവശേഷിച്ചിട്ടുള്ളൂ എന്ന കാര്യം മനസിലാക്കാനായി. കോട്ടയുടെ ഘടന അല്‍പമെങ്കിലും നിലനിര്‍ത്തുന്നവ ബേക്കല്‍, ചന്ദ്രഗിരി, ആരിക്കാടി, ഹൊസ്ദുര്‍ഗ്ഗ്, പൊവ്വല്‍, കാസര്‍കോട് എന്നിവ മാത്രമാണ്. മറ്റ് പതിനഞ്ചോളം കോട്ടകള്‍ ചരിത്രവിവരണങ്ങളില്‍ മാത്രമാണ് അവശേഷിക്കുന്നത്. കുണ്ടംകുഴി, ബന്തടുക്ക എന്നീ കോട്ടകളുടെ ചില അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്.

ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ബേക്കല്‍ കോട്ട മാത്രമാണ് ശ്രദ്ധയോടെ പരിപാലിക്കുന്നത്. ചന്ദ്രഗിരിയിലും പൊവ്വലിലും ഓരോ സുരക്ഷാജീവനക്കാരനെ നിര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്. ബേക്കലൊഴിച്ച് മറ്റൊരിടത്തും കാര്യമായ ഉത്ഖനനങ്ങളൊന്നും നടത്തിയിട്ടുമില്ല. ബേക്കല്‍, ഹൊസ്ദുര്‍ഗ്ഗ്, ആരിക്കാടി, കാസര്‍കോട് കോട്ടകളില്‍ ചെരിഞ്ഞ നടപ്പാതയോടു കൂടിയ നിരീക്ഷണഗോപുരമാണ് പ്രധാന നിര്‍മിതി. കാസര്‍കോട് കോട്ടയില്‍ ഈ നിരീക്ഷണഗോപുരം  കാടുമൂടി കാണാനാകാത്ത അവസ്ഥയിലാണ്. ചന്ദ്രഗിരിയിലും പൊവ്വലിലും ചുറ്റുമതിലും കൊത്തളങ്ങളും കാണാം. ഹൊസ്ദുര്‍ഗ്, കാസര്‍കോട് കോട്ടകള്‍ എവിടെയാണെന്നറിയിക്കുന്ന സൂചനാബോര്‍ഡുകള്‍ പോലുമില്ല.

ബേക്കല്‍
ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ബേക്കല്‍ കോട്ട. (Fig. 2) കടല്‍ത്തീരത്താണ് നില്‍പ്പെന്നതാണ് ബേക്കല്‍ കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. പള്ളിക്കര പഞ്ചായത്തിലെ ബേക്കലില്‍, കാഞ്ഞങ്ങാട് - കാസര്‍കോട് പാതയില്‍ നിന്ന് അരക്കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് കോട്ട നില്‍ക്കുന്നത്. 35 ഏക്കറോളം സ്ഥലത്ത് കോട്ട പരന്നുകിടക്കുകയാണ്. ചെങ്കല്ലു കൊണ്ട് ബഹുകോണ്‍ മാതൃകയിലാണ് ബേക്കലിന്‍റെ നിര്‍മിതി. കടലിനഭിമുഖമായി ഉയര്‍ന്ന കോട്ടമതിലും കടലിലേക്ക് തള്ളിനില്‍ക്കുന്ന പ്രധാന കൊത്തളവും ബേക്കലിന്‍റെ പ്രത്യേകതയാണ്. ഏകദേശം 12 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടമതിലിന് ഇടയിലായി വിവിധ രൂപത്തിലുള്ള 15 കൊത്തളങ്ങളാണുള്ളത്. കോട്ടയുടെ നടുക്ക് വലിയ  നിരീക്ഷണഗോപുരമുണ്ട്. 24 മീറ്റര്‍ ഉയരവും ഒമ്പത് മീറ്ററില്‍ക്കൂടുതല്‍ ചുറ്റളവുമാണ് ഇതിനുള്ളത്. ചെരിഞ്ഞ നടപ്പാതയാണ് നിരീക്ഷണഗോപുരത്തിലേക്കുള്ളത്.[vii] യുദ്ധസാമഗ്രികളും പീരങ്കികളുമൊക്കെ കയറ്റാനുള്ള സൗകര്യത്തിനുവേണ്ടിയായിരിക്കാം ചെരിഞ്ഞ നടപ്പാത നിര്‍മ്മിച്ചത്.

Fig. 2. ബേക്കല്‍കോട്ടയില്‍ കടലിലേക്ക് തള്ളിനില്‍ക്കുന്ന കൊത്തളം (ചിത്രം: എം.എസ്. രാഖേഷ് കൃഷ്ണന്‍)

നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരളത്തിലൂടെ സഞ്ചരിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ ബേക്കലിനെക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെയാണ്:

ബേക്കുള്‍ കരുത്തുറ്റ ഒരു പ്രാദേശിക കോട്ടയാണ്. ‘കാനന്നൂരി’ലേതുപോലെ ഉയരമുള്ള സ്ഥലത്ത് സ്ഥാപിക്കപ്പെട്ട കോട്ട കടലിലേക്ക് തള്ളിനില്‍ക്കുന്നു. ഉള്‍ക്കടലിനകത്താണത് സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്ക് വടക്കായാണ് ടൗണ്‍. അവിടെയുമിവിടെയുമായി കിടക്കുന്ന നാല്‍പതോ അമ്പതോ വീടുകളാണ് അവിടെയുള്ളത്. മാപ്പിളമാരും മുക്കുവരുമാണ് പ്രധാന താമസക്കാര്‍. കുറച്ച് തീയരും കാനറയില്‍ നേരത്തെ ചില്ലറക്കച്ചവടക്കാരായിരുന്ന കുറച്ച് കങ്കണരും ഇവിടെയുണ്ട്.[viii]

കോട്ട നിര്‍മിച്ചതാരെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കേരി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന വെങ്കടപ്പ നായ്ക്കന്‍ (1582 - 1629) കോട്ടയുടെ നിര്‍മാണം ആരംഭിച്ചുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. 1645 മുതല്‍ 1660 വരെയുള്ള കാലഘട്ടത്തില്‍ ഇക്കേരി രാജവംശം ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി ശിവപ്പ നായ്ക്കന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായും കരുതാം. കദംബരാജവംശവും മൂഷികരാജവംശവും പിന്നീട് കോലത്തിരിയും ഭരിച്ചിരുന്ന പ്രദേശമായിരുന്നു ബേക്കല്‍. കോലത്തിരിയായിരിക്കാം കോട്ട പണിതതെന്നും ഇക്കേരി നായ്ക്കന്മാര്‍ അത് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നുമാണ് മറ്റൊരുവാദം.[ix] കേളദി നൃപവിജയം എന്ന കന്നട കാവ്യത്തില്‍ ബേക്കല്‍ കോട്ട ശിവപ്പ നായ്ക്കന്‍ ബലപ്പെടുത്തിയെന്നാണ് വ്യക്തമായി പറയുന്നത്.[x] എന്നാല്‍ ബുക്കാനന്‍റെ അഭിപ്രായത്തില്‍ ശിവപ്പ നായ്ക്കനാണ് ബേക്കല്‍ കോട്ട പണിതത്.[xi]

കേന്ദ്ര സര്‍ക്കാറിന്‍റെ പുരാവസ്തുവകുപ്പാണ് ബേക്കലിന്‍റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ധാരാളം പടികളോടു കൂടിയ കുളം, വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ചിരുന്ന അറ, 1909-ല്‍ തെക്കന്‍ കര്‍ണാടക ജില്ലാകളക്ടര്‍ ഖാന്‍ ബഹദൂര്‍ അസീസുദീന്‍ സാഹിബ് നിര്‍മിച്ച ടൂറിസ്റ്റ് ബംഗ്ലാവ് എന്നിവ കോട്ടക്കുള്ളില്‍ കാണാം. 1997-2001 കാലഘട്ടത്തില്‍ നടത്തിയ ഉല്‍ഖനനത്തില്‍ നാലുകെട്ട് മാതൃകയിലുള്ള കെട്ടിടങ്ങള്‍, ദര്‍ബാര്‍ഹാള്‍, ക്ഷേത്രം തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍, സ്വര്‍ണക്കമ്മലുകള്‍, സ്വര്‍ണപ്പതക്കം, നാണയം നിര്‍മിക്കാനുപയോഗിക്കുന്ന ലോഹ അച്ചുകള്‍, വിജയനഗര സാമ്രാജ്യ കാലത്തെ കളിമണ്ണിന്‍റെ അച്ചുകള്‍, ടിപ്പുസുല്‍ത്താന്‍റെ കാലത്തെ വെള്ളി, ചെമ്പ് നാണയങ്ങള്‍ എന്നിവയെല്ലാം കണ്ടെത്തിയിട്ടുണ്ട്.[xii]

ചന്ദ്രഗിരി
കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ മേല്‍പ്പറമ്പില്‍ നിന്ന് അരക്കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് കോട്ടയുള്ളത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 150 അടി ഉയരത്തിലാണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്. (Fig. 3) ഏഴ് ഏക്കറില്‍ പരന്നുകിടക്കുന്ന ഈ കോട്ടയില്‍ നിന്ന് നോക്കിയാല്‍ ചന്ദ്രഗിരിപ്പുഴയും അറബിക്കടലും റെയില്‍പ്പാളവും കാണാം. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ സംസ്ഥാന പുരാവസ്തുവകുപ്പ് ഒട്ടേറെ നവീകരണങ്ങള്‍ അടുത്ത കാലത്തായി നടത്തിയിട്ടുണ്ട്.

ചന്ദ്രഗിരി ചതുരത്തിലുള്ള ഒരു വലിയ കോട്ടയാണ്. പുഴയുടെ തെക്കന്‍തീരത്തിന് മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. നേരത്തെ സൂചിപ്പിച്ച മറ്റ് കോട്ടകള്‍ പോലെ ഇതും നിര്‍മിച്ചത് ശിവപ്പ നായ്ക്കനാണ്” എന്ന് ഇവിടം സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.[xiii]

Fig. 3. ചന്ദ്രഗിരി കോട്ട (ചിത്രം: എം.എസ്. രാഖേഷ് കൃഷ്ണന്‍) 

ഇക്കേരി രാജവംശത്തിലെ ശിവപ്പ നായ്ക്കനാണ് ചന്ദ്രഗിരി കോട്ടയും കെട്ടിയതെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ ഇക്കേരിക്കാരുടെ വരവിന് മുന്‍പേ കോട്ട നിലവിലുണ്ടായിരുന്നുവെന്നാണ് കേളദി നൃപവിജയം  പോലുള്ള കാവ്യങ്ങള്‍ നല്‍കുന്ന സൂചന. ഉണ്ടായിരുന്ന കോട്ട ഇക്കേരിക്കാര്‍ ബലപ്പെടുത്തിയതാണ്. തൊട്ടടുത്തുള്ള കീഴൂര്‍ എന്ന സ്ഥലത്ത് പഴയൊരു കോട്ട ഉണ്ടായിരുന്നുവെന്നതിന്‍റെ ചില തെളിവുകളും ലഭിച്ചിട്ടുണ്ട്.[xiv]

തുളുനാടിന്‍റെ അതിര്‍ത്തി പ്രദേശമായതിനാല്‍ ചന്ദ്രഗിരി കോട്ട നിരന്തരം യുദ്ധങ്ങള്‍ക്ക് വേദിയായിരുന്നു. ഇക്കേരി വംശജരും കോലത്തിരിയും പലതവണ  കോട്ട പിടിച്ചടക്കി. മറ്റു കോട്ടകളിലേതു പോലെ വലിയ കൊത്തളങ്ങളൊന്നും ചന്ദ്രഗിരിയിലില്ല. അടുക്കള പോലുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, രഹസ്യമാര്‍ഗങ്ങള്‍, ധാരാളം പടിക്കെട്ടുകളോടു കൂടിയ കുളം എന്നിവ ചന്ദ്രഗിരിയില്‍ അവശേഷിക്കുന്നു.

ഹൊസ്ദുര്‍ഗ്ഗ്
പുതിയ കോട്ട എന്ന അര്‍ഥമാണ് കന്നട വാക്കായ ഹൊസ്ദുര്‍ഗിനുള്ളത്. (Fig. 4) ഇന്നത്തെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് അല്‍പം തെക്കോട്ട് മാറിയാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ സാന്നിധ്യം വെളിവാക്കുന്ന ഒരു ബോര്‍ഡുപോലും എവിടെയും കാണാനാകില്ല. 26 ഏക്കറിലായി പരന്നുകിടന്നിരുന്ന കോട്ടയില്‍ ഇപ്പോള്‍ വിശാലമായ കോട്ടമതിലും നിരീക്ഷണഗോപുരവും ചില കൊത്തളങ്ങളും മാത്രമേ കാണാനാകൂ. കോട്ടയ്ക്കകത്ത് ധാരാളം സര്‍ക്കാര്‍ ഓഫീസുകളും ശ്മശാനവുമൊക്കെ  പ്രവര്‍ത്തിക്കുന്നുണ്ട്. കുറേ സ്ഥലം സ്വകാര്യഭൂമിയായി മാറി. പൂങ്കാവനം ശിവക്ഷേത്രവും കോട്ടക്കകത്താണ്. പ്രശസ്തമായ നിത്യാനന്ദാശ്രമം കോട്ടയ്ക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

Fig. 4. ഹൊസ്ദുര്‍ഗ് കോട്ട (ചിത്രം: എം.എസ്. രാഖേഷ് കൃഷ്ണന്‍)

കോട്ട സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ രേഖപ്പെടുത്തുന്നതിങ്ങനെയാണ്.

വളരെ വലിയ കോട്ടയാണ് ഹൊസ്സോ-ദുര്‍ഗ. ‘മലയാള’ത്തില്‍ പതിവുള്ളതുപോലെ ലാറ്ററൈറ്റിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. നാട്ടുകോട്ടകളില്‍ നിന്ന് വ്യത്യസ്തമായി കൊത്തളങ്ങള്‍ വൃത്താകൃതിയിലാണ്. അത് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണ്. മറ്റുള്ള കോട്ടകളിലിവ ചതുരത്തിലായിരിക്കും. വളരെ ദൂരത്ത് നിന്നുതന്നെ കാണാന്‍ പറ്റുന്ന രീതിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു അമ്പലം നടത്തിക്കൊണ്ടുപോകുന്ന കുറച്ച് പട്ടര്‍ ബ്രാഹ്മണരാണ് ഇതിനുള്ളിലെ അന്തേവാസികള്‍ കോട്ട കെട്ടിയ ഇക്കേരി രാജ അവരുടെ പൂര്‍വികരെ അവിടെ പാര്‍പ്പിച്ചതാണ്.[xv]

വട്ടത്തൂണ്‍ കൊത്തളങ്ങളാണ് ഹൊസ്ദുര്‍ഗിലുള്ളത്. നിരീക്ഷണഗോപുരത്തിലേക്ക് ചെരിഞ്ഞ നടപ്പാതയാണ്. ഹൊസ്ദുര്‍ഗ്ഗ് കോട്ടയും ആര് കെട്ടിയതാണെന്ന് വ്യക്തമല്ല. ഇക്കേരി രാജവംശക്കാരെ സ്തുതിക്കുന്ന കേളദി നൃപവിജയമടക്കമുള്ള കന്നട കാവ്യങ്ങളിലൊന്നും ഹൊസ്ദുര്‍ഗിനെക്കുറിച്ചുള്ള ഒരു സൂചനയുമില്ല. ഹോസ്ദുര്‍ഗ്ഗ് കോട്ട ഡച്ചുകാര്‍ കെട്ടിയതാണെന്ന് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയപ്പോള്‍ കോലത്തിരി നിര്‍മിച്ചതായിരിക്കാമെന്നാണ് സൗത്ത് കാനറ ഡിസ്ട്രിക്റ്റ് മാന്വല്‍ ഒന്നാം വാല്യത്തിലുള്ളത്.[xvi]

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച വിശ്വവിജ്ഞാന കോശത്തില്‍ അല്‍പം വ്യത്യസ്തമായ കഥയാണുള്ളത്. കോലത്തിരിയുടെ കീഴില്‍ പയ്യന്നൂര്‍ കഴകത്തിലെ കാര്യങ്ങള്‍ നോക്കിയിരുന്ന കാഞ്ഞന്‍ എന്ന ഇടപ്രഭുവാണ് കോട്ട കെട്ടിയതെന്നും കാഞ്ഞന്‍കോട്ടയാണ് പിന്നീട് കാഞ്ഞങ്ങാടായതെന്നുമാണ് അതിലുള്ളത്.[xvii]

ആരിക്കാടി കോട്ട
മംഗലാപുരം ദേശീയപാതയില്‍ കുമ്പളയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. (Fig. 5) കുമ്പള കോട്ട എന്നും അറിയപ്പെടുന്നു. കോട്ടയെ കീറിമുറിച്ചുകൊണ്ടാണ് ദേശീയപാത കടന്നുപോകുന്നത്. ഇതോടെ കോട്ടയുടെ ഒരു ഭാഗം അന്യാധീനപ്പെട്ടു. നാല് ഏക്കറിലായാണ് ഇപ്പോള്‍ കോട്ടയുടെ ഭാഗം നിലനില്‍ക്കുന്നത്.

Aarikkadi Fort, Kasaragod

20 ഏക്കറോളം സ്ഥലത്ത് തലയുയര്‍ത്തിനിന്നിരുന്ന കുമ്പള കോട്ട അതിമനോഹരമാണെന്ന് ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിഞ്ഞ നടപ്പാതയോടു കൂടിയ നിരീക്ഷണ ഗോപുരം, കൊത്തളങ്ങള്‍, വലിയൊരു കിണര്‍ എന്നിവയാണ് ഇപ്പോള്‍ കാണാനാകുക. ആരിക്കാടി കോട്ട കെട്ടിയതാരെന്നും വ്യക്തമല്ല. കുമ്പളരാജവംശത്തിന് വേണ്ടി പണിത ഒരു കോട്ട കഞ്ചിക്കട്ട എന്ന സ്ഥലത്തുണ്ട്. കോട്ടെക്കര്‍ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് ഇതിന്‍റെ അവശിഷ്ടങ്ങള്‍ കാണാം.

പൊവ്വല്‍ കോട്ട
ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ പൊവ്വലില്‍ നിന്ന് അരക്കിലോമീറ്റര്‍ വടക്കോട്ടുമാറിയാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ട കെട്ടിയത് ഇക്കേരി നായ്ക്കന്മാരാണെന്നും അതല്ല ടിപ്പു സുല്‍ത്താനാണെന്നും വാദങ്ങളുണ്ട്. സംസ്ഥാന പുരാവസ്തുവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോട്ട നവീകരിച്ച്  സംരക്ഷിക്കുന്നു.

എട്ടര ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കോട്ടയ്ക്ക് വിശാലമായ ചുറ്റുമതിലാണുള്ളത്. ചുറ്റുമതിലിനോട് ചേര്‍ന്ന് ഒമ്പതും മുന്‍പില്‍ ഒന്നും അടക്കം 10 കൊത്തളങ്ങള്‍ കോട്ടയിലുണ്ട്. ചുറ്റുമതിലിനോട് ചേര്‍ന്ന് നടപ്പാതയും ഒരു കുളവും രണ്ട് കിണറുകളുമാണുള്ളത്.

കാസര്‍കോട് കോട്ട
കാസര്‍കോട് കോട്ട റോഡുണ്ടെങ്കിലും കോട്ടയെവിടെയെന്ന് തൊട്ടടുത്തുള്ളവര്‍ക്കുപോലും അറിയില്ല. കാടുപിടിച്ചുകിടക്കുന്ന നിരീക്ഷണഗോപുരവും ഒന്നോ രണ്ടോ കൊത്തളങ്ങളും കുറച്ചപ്പുറത്ത് കുളവുമാണ് കാണാനാകുക. 1899-ല്‍ ശരണപയ്യന്‍ എന്നയാള്‍ പിതാവ് മഞ്ജുനാഥന്‍റെ സ്മരണയ്ക്കായി കെട്ടിയ ആശ്രമവും കോട്ടക്കകത്തുണ്ടായിരുന്നു. ഇപ്പോഴതിന്‍റെ കവാടം മാത്രമേ കാണാനാകൂ. തൊട്ടടുത്തുള്ള ആഞ്ജനേയ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ കോട്ടയും പരിസരവും വൃത്തിയാക്കുമ്പോഴാണ് നിരീക്ഷണഗോപുരം വ്യക്തമായി കാണാനാകുക.

കാസര്‍കോട് കോട്ട പുരാവസ്തു വകുപ്പ് ഏറ്റെടുത്തെങ്കിലും കോട്ടയും അതിനോടു ചേര്‍ന്ന നാല് ഏക്കര്‍ 80 സെന്‍റ് സ്ഥലവും കൈക്കലാക്കാന്‍ ചിലര്‍ ശ്രമിച്ചത് വലിയ വിവാദമായി. സംസ്ഥാന സര്‍ക്കാരിലെ പ്രമുഖ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ നടത്തിയ ചരടുവലികള്‍ വെളിച്ചത്തുവന്നത് മാധ്യമങ്ങളുടെയും ചരിത്രസ്നേഹികളുടെയും ഇടപെടല്‍ മൂലമാണ്.

മറ്റുകോട്ടകള്‍
ചിത്താരി, പനയാല്‍, കുണ്ടംകുഴി, ബന്തടുക്ക, മഞ്ചേശ്വരം, നീലേശ്വരം, മട്ട്ലായി എന്നിവിടങ്ങളില്‍ കോട്ടകളുണ്ടായിരുന്നു. എന്നാല്‍ കാര്യമായ അവശിഷ്ടങ്ങളൊന്നും പലയിടത്തുമില്ല.

ബന്തടുക്ക കോട്ടയില്‍ 12 കൊത്തളങ്ങളുണ്ടായതായി പറയപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കൊത്തളത്തിന്‍റെ അവശിഷ്ടങ്ങളാണ് കാണാനാകുക. കോട്ടമതിലുകളും അവയോട് ചേര്‍ന്ന കിടങ്ങുകളും ഇപ്പോഴുമുണ്ട്. കോട്ടക്കുള്ളില്‍ ഇപ്പോള്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെയാണ്. സംസ്ഥാനപുരാവസ്തുവകുപ്പ് കോട്ടയുടെ തെക്കുകിഴക്ക് ഭാഗത്തെ 27 സെന്‍റ് ഏറ്റെടുത്തിട്ടുണ്ട്. നീലേശ്വരം, കുണ്ടംകുഴി, മട്ട്ലായി, ചിത്താരി എന്നിവിടങ്ങളിലെ കോട്ടകള്‍ സംബന്ധിച്ച് ചരിത്രരേഖകളില്‍ പരാമര്‍ശമുണ്ടെങ്കിലും പഠനത്തിനാവശ്യമായ രീതിയിലുള്ള അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

ചന്ദ്രഗിരികോട്ട വരുന്നതിന് മുമ്പ് തൊട്ടടുത്തുള്ള കീഴൂരിലൊരു കോട്ടയുണ്ടായിരുന്നു. കര്‍ണാടക സംസ്ഥാനത്തും കാസര്‍കോട്ടുമുണ്ടായിരുന്ന ബല്ലാള്‍ വിഭാഗക്കാരുടെ ചരിത്രത്തെക്കുറിച്ച് എ.ബി. ലക്ഷ്മണ ബല്ലാള്‍ 1990-ല്‍ ലളിതകലാസദനം പ്രസിദ്ധീകരിച്ച ഗഡിനാഡ കിഡി എന്ന സമാഹാരത്തില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. ബല്ലാക്കന്മാരുടെ പ്രദേശങ്ങള്‍ ഇക്കേരി ഭരണാധികാരിയായ ശിവപ്പ നായ്ക്കന്‍ കീഴടക്കിയിരുന്നു. അതോടെ ബല്ലാക്കന്മാര്‍ ചേരൂര്‍കുന്നില്‍ ഒരു കോട്ട നിര്‍മിച്ചുവെന്നും പിന്നീടത് ഇക്കേരി സൈന്യം തകര്‍ത്തുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.[xviii] ഈ കോട്ടയെയാകാം കീഴുരിലെ പഴയ കോട്ടയായി ഇപ്പോഴും പറയുന്നത്.

മായില കോട്ടകള്‍
ഇന്ന് പ്രശസ്തമായവയേക്കാളേറെ പുരാതനമായ പല കോട്ടകളും കാസര്‍കോട്ടുണ്ടായിരുന്നു. മായില കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന ഇവ മണ്ണ് കൊണ്ട് കെട്ടിയ ചെറിയ കോട്ടകളായിരുന്നു. ഇന്നത്തെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ജീവിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് മായിലന്മാര്‍. നേരത്തെ കാസര്‍കോട് ജില്ല മുഴുവന്‍ ഇന്ന് സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന ഇവരുടെ കൈയിലായിരുന്നുവത്രെ. തുളുനാട്ടിലെ രാജാവായിരുന്ന ദേവരായരുടെ സൈനികരായിരുന്നു തങ്ങളെന്നാണ് മായിലന്മാര്‍ വിശ്വസിക്കുന്നത്.

മായില കോട്ടകള്‍ ഏതെങ്കിലും രാജവംശത്തിന്‍റേതായി കരുതാനാകില്ല. അന്നത്തെ ഏതെങ്കിലും പൗരപ്രമാണികളായിരിക്കണം ഓരോന്നും കെട്ടിയത്. ഓരോ പ്രദേശത്തെയും തങ്ങളുടെ ചെറിയ അധികാരം വെളിപ്പെടുത്താനായിരിക്കാം മണ്ണുകൊണ്ടുള്ള കോട്ടകള്‍ കെട്ടിയത്. മധൂര്‍, വജ്ബയല്‍, ആദൂര്‍, ചീമേനി എന്നിവിടങ്ങളില്‍ ഇത്തരം കോട്ടകളുടെ അവശിഷ്ടങ്ങള്‍ കാണാം. മധൂര്‍ കോട്ടയാണ് ഇതിലേറ്റവും വലുത്. മധൂര്‍ ക്ഷേത്രത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയായി ബത്തേരി ഗുഡ്ഡെ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. ഉളിയത്തട്ക്ക കവല വരെ നീണ്ടുകിടന്നിരുന്ന ഇവയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ചിലയിടത്തു കാണാം. ആദൂര്‍ കോട്ട കുണ്ടാറിനടുത്തുള്ള ഒരു കുന്നിന്‍മുകളിലാണുണ്ടായിരുന്നത്. ഇതിന്‍റെ ചില അവശിഷ്ടങ്ങളും ഇവിടെ കാണാം. മജ്ബയല്‍ കോട്ട പട്ടദമൊഗറു എന്ന സ്ഥലത്തും ചീമേനിയിലേത് ഇന്നത്തെ ചീമേനി ഡിസ്റ്റലറിക്ക് സമീപവും കാട്ടുകുക്കെ കോട്ട പെര്‍ള - കാട്ടുകുക്കെ റോഡില്‍ സൂര്‍ഡല്‍ എന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം ദൂരത്തുമാണ് സ്ഥിതിചെയ്യുന്നത്.

ചെറുവത്തൂര്‍, ഷിറിയ, വെസ്റ്റ് എളേരി, വീരാലംകുന്ന്, മടിക്കുന്ന്, കാടങ്കോട്, കൊളങ്ങോട് മല, പിലിക്കോട്, കണ്ണങ്കൈ എന്നിവിടങ്ങളിലും ചില കോട്ടകളുണ്ടായിരുന്നതിന്‍റെ സൂചനകള്‍ പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. എങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

ഇക്കേരി നായ്ക്കന്മാര്‍
വിജയനഗര രാജാക്കന്മാരുടെ സാമന്തന്‍മാരായിരുന്നു ഇക്കേരി നായ്ക്കന്മാര്‍. കേരളത്തിലേക്ക് കടന്ന് സാമ്രാജ്യം വിപുലമാക്കിയ വിജയനഗര രാജാക്കന്മാര്‍ ഓരോ പ്രദേശത്തിന്‍റെയും ചുമതല സാമന്തന്മാരെയാണ് ഏല്‍പ്പിച്ചത്. ചന്ദ്രഗുത്തി, കേളദി, ഇക്കേരി തുടങ്ങിയ എട്ട് പ്രദേശങ്ങളുടെ ചുമതല ഭദ്രപ്പന്‍, ചൗഡപ്പന്‍ എന്നീ രണ്ട് പേരെയാണ് രാജാവ് ഏല്‍പ്പിച്ചത്. നായ്ക്കന്‍ എന്ന പദവിയും ഇവര്‍ക്ക് നല്‍കി. നാട്ടുകാരില്‍ നിന്ന് നികുതി പിരിച്ച് രാജാക്കന്മാര്‍ക്ക് കപ്പം കൊടുക്കുകയെന്നതായിരുന്നു ഇവരുടെ പ്രധാനചുമതല. നാട്ടുരാജാക്കന്മാരെപ്പോലെ തന്നെയായിരുന്നു ഇവര്‍ പെരുമാറിയിരുന്നത്. 1512-ല്‍ തലസ്ഥാനം ഇക്കേരിയിലേക്ക് മാറ്റിയതോടെയാണ് ഇക്കേരി നായ്ക്കന്മാര്‍ എന്നറിയപ്പെട്ടുതുടങ്ങിയത്. കേളദി നായ്ക്കന്മാര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു. 1565-ല്‍ നടന്ന തളിക്കോട്ട യുദ്ധത്തോടെ വിജയനഗരസാമ്രാജ്യം നാമാവശേഷമായി. അതോടെ കപ്പം കൊടുക്കുന്ന പതിവ് ഇക്കേരി നായ്ക്കന്‍മാര്‍ അവസാനിപ്പിച്ചു. അവര്‍ സ്വതന്ത്ര രാജാക്കന്‍മാരായി പെരുമാറുകയും തുളുനാട്ടിലെ നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.[xix]

ഇക്കേരി നായ്ക്കന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ആശ്രയിക്കാവുന്ന ഒരു സാഹിത്യകൃതിയാണ് കേളദി നൃപവിജയം. കൊട്ടാരം കവിയായിരുന്ന കവി ലിങ്കണ്ണ 1763-നും 1804-നും ഇടയില്‍ രചിച്ചതാണിത്. രാജവംശത്തെക്കുറിച്ചുള്ള സ്തുതിഗീതമായി രചിച്ചതാണിതെങ്കിലും വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം ചരിത്ര വസ്തുതകള്‍ക്കാണ് കൃതിയില്‍ പ്രാധാന്യം. സഹായകരമായ അടിക്കുറിപ്പുകളടക്കം കേളദി നൃപവിജയത്തിലുണ്ട്.[xx]

1583-ല്‍ രാജാവായി ചുമതലയേറ്റ വലിയ വെങ്കടപ്പ നായ്ക്കനാണ് തെക്കോട്ട് പടയോട്ടം നടത്തിയത്. കേളദി നൃപവിജയത്തിന്‍റെ അഞ്ചാമധ്യായത്തില്‍ 32-ാം ശ്ലോകത്തിന്‍റെ തുടര്‍ച്ചയായി കൊടുത്ത വചനത്തില്‍ കാസര്‍കോട്ടെ കോട്ടകളെക്കുറിച്ച് പറയുന്നുണ്ട്. അതനുസരിച്ച് കുമ്പളയിലെയും കാസര്‍കോട് പ്രദേശങ്ങളിലെയും രാജാക്കന്‍മാരെ കീഴടക്കുകയും മംഗലാപുരം സംസ്ഥാനം കീഴടക്കുകയും ചെയ്ത വലിയ വെങ്കടപ്പ നായ്ക്കന്‍ കുമ്പള, കാസര്‍കോട്, ബന്തടുക്ക, കുണ്ടംകുഴി, ചന്ദ്രഗിരി തുടങ്ങിയ കോട്ടകളെ ബലപ്പെടുത്തി. സ്വന്തം നാട്ടിലെ രാമരാജ ക്ഷത്രിയ വിഭാഗത്തിലെ സൈനികരെ കോട്ടകളുടെ ചുമതലയേല്‍പ്പിച്ചതായും ഇതില്‍ പറയുന്നു. കോട്ടയാര്‍ വിഭാഗക്കാരെയാണ് രാമരാജ ക്ഷത്രിയരെന്ന് സൂചിപ്പിക്കുന്നത്.[xxi]

കേളദി നൃപവിജയം സപ്തമാശ്വാസത്തില്‍ ഏഴാം അധ്യായത്തില്‍  ഇക്കേരി ശിവപ്പ നായ്ക്കനെക്കുറിച്ച് വര്‍ണിക്കുന്നുണ്ട്. 1646 മുതല്‍ 1661 വരെയായിരുന്നു ശിവപ്പ നായ്ക്കന്‍റെ ഭരണകാലം. അദ്ദേഹം തന്‍റെ സാമ്രാജ്യം തെക്ക് നീലേശ്വരം വരെ നീട്ടി അവിടെ വിജയസ്തംഭം സ്ഥാപിച്ചതായി കേളദി നൃപവിജയത്തില്‍ പറയുന്നു. കീഴൂരിലെ പഴയകോട്ടയും ബേക്കല്‍ കോട്ടയും പിടിച്ചടക്കി ബലപ്പെടുത്തിയെന്നാണ് കാവ്യത്തിലുള്ളത്. ശിവപ്പ നായ്ക്കനാണ് ബേക്കല്‍ കോട്ട പണിതതെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ബേക്കല്‍ കോട്ടയ്ക്കു മുമ്പില്‍ കേന്ദ്ര പുരാവസ്തുവകുപ്പ് സ്ഥാപിച്ച ബോര്‍ഡിലും ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ കോട്ട ബലപ്പെടുത്തിയെന്ന് കേളദി നൃപവിജയത്തില്‍ പറഞ്ഞ സ്ഥിതിക്ക് ഈ വാദത്തിന് ആധികാരികതയില്ല. അദ്ദേഹം സ്ഥാപിച്ച കോട്ടയാണെങ്കില്‍ സ്തുതിഗീതമായ കേളദി നൃപവിജയത്തില്‍ അങ്ങനെതന്നെയത് രേഖപ്പെടുത്തുമായിരുന്നു. കീഴൂരിലൊരു പഴയ കോട്ടയുണ്ടായിരുന്നുവെന്നും പിന്നീടത് പൊളിച്ച് കുറച്ചകലെ ചന്ദ്രഗിരി കോട്ട പുതുതായി പണികഴിപ്പിച്ചതായിരിക്കാമെന്നും കരുതുന്നു. പഴയ കോട്ട കോലത്തിരിയോ ബല്ലാളരോ കെട്ടിയതായിരിക്കണം.[xxii]

ചന്ദ്രഗിരിക്കോട്ട നിരന്തരം ആക്രമണങ്ങള്‍ക്ക് വേദിയായി. ഇക്കേരി നായ്ക്കന്‍മാര്‍ തെക്കോട്ട് നിരന്തരം കടന്നുകയറി കോലത്തിരിയുടെ സാമ്രാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നു. തിരിച്ച് അവസരം കിട്ടുമ്പോഴൊക്കെ കോലത്തിരിയും മറ്റ് നാട്ടുരാജാക്കന്‍മാരുടെ സഹായത്തോടെ വടക്കോട്ടേക്ക് കയറിച്ചെന്നുകൊണ്ടിരുന്നു. 1698 മുതല്‍ 1715  വരെ ഇക്കേരി വംശത്തെ നയിച്ചിരുന്ന ബസവപ്പ നായ്ക്കന്‍ രണ്ടാമന്‍റെ കാലത്ത് കോലത്തിരിയുമായി നിരന്തരം പോരാട്ടമുണ്ടായി. 1742-ല്‍ ഇരുവരും സന്ധിയായെങ്കിലും 1753-ല്‍ സംഘര്‍ഷം വീണ്ടും തുടങ്ങി. ചന്ദ്രഗിരി കോട്ട കൈവശപ്പെടുത്താനായിരുന്നു ഇത്. കേളദി നൃപവിജയം ദശമാശ്വാസത്തില്‍ (പത്താം അധ്യായത്തില്‍) അഞ്ചാം ശ്ലോകത്തിന്‍റെ തുടര്‍ച്ചയായി വരുന്ന ഗദ്യഭാഗത്ത് ഇതിനെക്കുറിച്ച് പറയുന്നുണ്ട്. മലയാളക്കാര്‍ മായാവികളുടെ സഹായത്തോടെ ചന്ദ്രഗിരി കോട്ടയെ ആക്രമിച്ചു. ബസവപ്പ നായ്ക്കന്‍റെ നേതൃത്വത്തിലുള്ള സൈന്യം മായാവികളുടെ സൈന്യത്തെ സംഹരിക്കുകയും മദം പെരുത്തു വന്ന മലയാളക്കാരെ തോല്‍പ്പിച്ച് ചന്ദ്രഗിരി കോട്ട കൈവശപ്പെടുത്തിയെന്നുമാണ് കേളദി നൃപവിജയത്തിലെ പരാമര്‍ശം. ഇവിടെ മലയാളക്കാര്‍ എന്നത് കോലത്തിരിയുടെ സൈന്യത്തെയും മായാവികള്‍ എന്നത് മൈസൂര്‍ സൈന്യത്തെയുമാണ് സൂചിപ്പിച്ചിട്ടുള്ളത്.[xxiii]

കൃഷ്ണരായന്‍ കുമ്പള ഭരിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ശിവപ്പ നായ്ക്കന്‍ അവിടം ആക്രമിക്കുകയും കോട്ടയടക്കം പിടിച്ചടക്കുകയും ചെയ്തിരുന്നു. ഇക്കേരി സോമശേഖരന്‍ നായ്ക്കന്‍റെ കാലത്ത് കുമ്പളയിലെ സാമന്തന്മാരോടൊത്ത് കോലത്തിരി പോരിനിറങ്ങി. പോരില്‍ തോറ്റ കോലത്തിരിയെ സോമശേഖര നായ്ക്കന്‍ കുമ്പള കോട്ടയില്‍ തടവുകാരനായി പാര്‍പ്പിച്ചിരുന്നുവെന്ന് കേളദി നൃപവിജയത്തില്‍ പറയുന്നുണ്ട്.[xxiv]

മൈസൂര്‍ സുല്‍ത്താന്മാര്‍
വൊഡെയാര്‍ രാജാക്കന്മാരുടെ ആരൂഢമായിരുന്ന ശ്രീരംഗപട്ടണം സ്വന്തമാക്കിയെങ്കിലും മറ്റൊരു ആസ്ഥാനം തനിക്കുവേണമെന്ന ആലോചന മൈസൂരിലെ ഹൈദരാലിയ്ക്കുണ്ടായിരുന്നു. അതിനുവേണ്ടി ഹൈദരാലി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പടയോട്ടം തുടങ്ങി. 1763-ലാണ് ഹൈദരാലി ബെദനൂര്‍ കീഴടക്കിയത്.[xxv]

ഇക്കേരി നായ്ക്കന്മാരുടെ ആസ്ഥാനമായിരുന്നു ബെദനൂര്‍. അവിടം തന്‍റെ രാജ്യതലസ്ഥാനമാക്കാന്‍ ഹൈദരാലി ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. ബെദനൂര്‍ കീഴടക്കിയ ശേഷം തുളുനാടും മലബാറും കടന്ന് ഹൈദരാലിയുടെ സൈന്യമെത്തി. മൈസൂര്‍ സുല്‍ത്താന്മാരുടെ വരവോടെ ഇക്കേരി രാജവംശത്തിന്‍റെ ഭരണം മിക്കയിടങ്ങളിലും അവസാനിച്ചു. ഇംഗ്ലീഷുകാരോടേറ്റുമുട്ടുന്നതിനായി നാവികപ്പട ഹൈദരാലിക്ക് ആവശ്യമായിരുന്നു. അതിനായി കടലോരനഗരങ്ങളും കോട്ടകളുമെല്ലാം ഹൈദരാലി പിടിച്ചെടുത്തു. കണ്ണൂരിലെ അറയ്ക്കല്‍ ആലിരാജയെ നാവിക കമാന്‍ഡറാക്കി. ഒന്ന്, രണ്ട് മൈസൂര്‍ യുദ്ധങ്ങളോടെ ഹൈദരാലിയും പിന്നീട് അദ്ദേഹത്തിന്‍റെ മകന്‍ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരുടെ ഏറ്റവും കരുത്തുറ്റ ശത്രുവായി മാറി. ദക്ഷിണേന്ത്യ പിടിച്ചടക്കാന്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായ ഏറ്റവും വലിയ തടസ്സം ടിപ്പുവായിരുന്നു.

മംഗലാപുരത്തിനുവേണ്ടി മൈസൂര്‍ രാജാക്കന്മാരും ബ്രിട്ടീഷ് സേനയും തമ്മില്‍ വലിയ ഏറ്റുമുട്ടലുകളുണ്ടായി. തുറമുഖം കൈക്കലാക്കുക തന്നെയായിരുന്നു ആവശ്യം. കൈവിട്ടുപോയ തുളുനാടും മലബാറും പിന്നീട് ടിപ്പു പിടിച്ചെടുത്തു. ബേക്കല്‍ കോട്ടയായിരുന്നു ഭരണകേന്ദ്രമായി ടിപ്പു തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്ന്. ബേക്കലില്‍ നടത്തിയ ഉത്ഖനനത്തില്‍  ടിപ്പു സുല്‍ത്താന്‍റെ ഭരണകാലത്തെക്കുറിച്ചുള്ള ഒട്ടേറെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.[xxvi] പ്രദേശത്തെ ഒട്ടുമിക്ക കോട്ടകളും ടിപ്പു പിടിച്ചടക്കിയിരുന്നു.

കാസര്‍കോട് മേഖലയെ ഏറ്റവും പ്രധാനമായി ടിപ്പു കണക്കാക്കി. മൂന്നാം ആംഗ്ലോ - മൈസൂര്‍ യുദ്ധത്തില്‍ തിരിച്ചടിയേറ്റ ടിപ്പു ശ്രീരംഗപട്ടണം സന്ധിയ്ക്ക് തയ്യാറായി. മറ്റു പല പ്രദേശങ്ങളും വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും കാസര്‍കോട് അദ്ദേഹം വിട്ടുകൊടുത്തില്ല. ബേക്കല്‍ കോട്ട ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം യുദ്ധതന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചിരുന്നത് എന്നതായിരുന്നു പ്രധാന കാരണം. ബേക്കല്‍ തുറമുഖത്തെയും അദ്ദേഹം ഉപയോഗപ്പെടുത്തി.

മറാത്ത, ഹൈദരാബാദ് സൈന്യങ്ങളും ഇംഗ്ലീഷുകാരും ഒരുമിച്ച് ആക്രമിച്ചപ്പോഴാണ് ടിപ്പു വീണുപോയത്. 1799-ല്‍ ടിപ്പു കൊല്ലപ്പെട്ടതോടെ കാസര്‍കോട്ടെ കോട്ടകളെല്ലാം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍
ടിപ്പുവില്‍ നിന്ന് കാസര്‍കോടുള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിയ്ക്ക് ലഭിച്ചു. ബേക്കല്‍ ആസ്ഥാനമായി ഒരു താലൂക്ക് രൂപവല്‍ക്കരിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ആദ്യം ചെയ്തത്. ബേക്കല്‍ കോട്ട തന്നെയായിരുന്നു ഭരണസിരാകേന്ദ്രം.

ദേശീയപ്രസ്ഥാനം ശക്തിയാര്‍ജിക്കുന്നതിന് മുമ്പുതന്നെ ബേക്കല്‍ താലൂക്കില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വലിയ സമരങ്ങള്‍ നടന്നു. കര്‍ഷകപ്രശ്നങ്ങളും വര്‍ധിച്ച നികുതിനിരക്കുമായിരുന്നു സമരങ്ങള്‍ക്ക് കാരണമായത്. 1810-11 വര്‍ഷങ്ങളില്‍ നടന്ന കര്‍ഷക സമരങ്ങള്‍, 1830-31 കാലഘട്ടത്തില്‍ നടന്ന കൂട്ടക്കലാപം, 1837-ല്‍ കല്ല്യാണിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന സമരം തുടങ്ങിയവ ബ്രിട്ടീഷുകാര്‍ക്ക് വലിയ തലവേദനയായി മാറി.[xxvii]

അതുകൊണ്ടായിരിക്കാം 1862-ല്‍ ദക്ഷിണ കാനറയുടെ തലസ്ഥാനം ബേക്കലില്‍ നിന്ന് മാറ്റി കാസര്‍കോട്ടേക്കാക്കി. ദക്ഷിണ കാനറയെ ബോംബെ പ്രവിശ്യയില്‍ നിന്നും മദ്രാസ് പ്രവിശ്യയുടെ കീഴിലേക്ക് മാറ്റുകയും ചെയ്തു. അതോടെ ബേക്കലിനുള്ള പ്രാധാന്യം നഷ്ടമായി.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളില്‍ തന്നെ കോട്ട കെട്ടി അധികാരം കാക്കേണ്ടതില്ലെന്ന സ്ഥിതിവന്നു. എവിടെയും എത്തിപ്പെടാനുള്ള വാഹനങ്ങളുടെ വരവും ശത്രുക്കളെ എളുപ്പം നേരിടാനുള്ള തോക്കിന്‍റെ കണ്ടുപിടുത്തവും കോട്ടകളുടെ ആവശ്യം കുറച്ചു. ഇന്ത്യയില്‍ ബ്രിട്ടീഷ് സേനയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാന്‍ മാത്രമുള്ള സൈനികശക്തി ആര്‍ക്കുമുണ്ടായിരുന്നില്ല. അതോടെ അധികാരകേന്ദ്രങ്ങളായിരുന്ന കോട്ടകള്‍ കാലക്രമത്തില്‍ തടവറകളായോ ഉല്ലാസകേന്ദ്രങ്ങളായോ സര്‍ക്കാര്‍ ഓഫീസുകളായോ പരിണമിച്ചു. സ്വാതന്ത്ര്യത്തിനുശേഷവും കോട്ടകളെ, പ്രത്യേകിച്ചും കാസര്‍കോട്ടെ കോട്ടകളെ, സംരക്ഷിക്കാന്‍ കാര്യമായ ശ്രമമൊന്നുമുണ്ടായില്ല. അവഗണനയേറ്റ്, കാടുമൂടി അവ പലതും നശിച്ചു. ചില കോട്ടകള്‍ സ്വകാര്യഭൂമിയായി മാറുകയും ചെയ്തു.

ഭാഷയിലെ കോട്ട
പഴയ തുളുനാടും അതിലുള്‍പ്പെടുന്ന ഇന്നത്തെ കാസര്‍കോടും സംരക്ഷിക്കുന്നത് ഇക്കേരി രാജവംശത്തിന് അത്ര എളുപ്പമായിരുന്നില്ല. കോലത്തിരി അടക്കമുള്ള അയല്‍നാട്ടുരാജാക്കന്മാരുടെ ഭീഷണിയും പിന്നീട് മൈസൂര്‍ രാജാക്കന്മാരുടെ പടയോട്ടവുമെല്ലാം ഇക്കേരി വംശത്തിന്‍റെ വാഴ്ചയെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരുന്നു. കോട്ടകള്‍ പിടിച്ചടക്കുന്നതും കൈവിട്ടുപോകുന്നതുമെല്ലാം പതിവായിരുന്നു. ‘ഇക്കേരി നായ്ക്കന്‍ കോട്ട പിടിച്ചതുപോലെ’ എന്ന ഭാഷാപ്രയോഗം ഈ സ്ഥിരതയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. കാസര്‍കോട് ഭാഗത്ത് പ്രചാരത്തിലുള്ളതാണ് ഈ പ്രയോഗം. ഇന്ന് നേടും, നാളെ നഷ്ടപ്പെടുത്തും; ഒരു കാര്യത്തിനും സ്ഥിരതയില്ല തുടങ്ങിയ അര്‍ഥങ്ങളിലാണ് ഈ പ്രയോഗം നടത്താറുള്ളത്.

കോട്ടകളുടെ സാന്നിധ്യം കാസര്‍കോട്ട് പുതിയ ഒരുപാട് സ്ഥലനാമങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. കോട്ടയുടെ അവശിഷ്ടം ഇല്ലാത്തിടത്തുപോലും കോട്ടയെ സൂചിപ്പിക്കുന്ന സ്ഥലനാമങ്ങളുണ്ടെന്നത് കൗതുകകരമായിത്തോന്നാം.

കാഞ്ഞങ്ങാട് നഗരസഭ സ്ഥിതിചെയ്യുന്നത് ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലാണ്. എന്നാല്‍ ഇന്ന് യഥാര്‍ഥത്തില്‍ ഹൊസ്ദുര്‍ഗ്ഗ് എന്നറിയപ്പെടുന്നത് കാഞ്ഞങ്ങാട്ടെ ചെറിയൊരു പ്രദേശം മാത്രമാണ്. കോട്ടയോട് ചേര്‍ന്ന പ്രദേശമാണിത്. ഈ പ്രദേശത്തെ പുതിയോട്ട എന്ന പേരിലാണ് ആളുകള്‍ പറയുക. പുതിയ കോട്ടയാണ് പുതിയോട്ടയായി മാറിയത്. ഹൊസ്ദുര്‍ഗ്ഗ് എന്ന കന്നടപ്പേരിന്‍റെ മലയാളംപതിപ്പാണ് പുതിയ കോട്ട. ഹൊസ എന്നാല്‍ പുതിയത്, ദുര്‍ഗ എന്നാല്‍ കോട്ട.

ഹൊസ്ദുര്‍ഗ്ഗ് കോട്ടയുടെ ഒന്നര - രണ്ട് കിലോമീറ്റര്‍ വടക്കായുള്ള സ്ഥലമറിയപ്പെടുന്നത് കോട്ടച്ചേരി എന്ന പേരിലാണ്. കോട്ട നിര്‍മാണത്തിനായെത്തിയ ജോലിക്കാര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്. അതാണ് പിന്നീട് കോട്ടച്ചേരിയായി മാറിയത്.

കളനാട് റെയില്‍വേ സ്റ്റഷേനുസമീപമുള്ള ഒരു സ്ഥലമാണ് പയോട്ട. ചന്ദ്രഗിരി കോട്ടയ്ക്ക് മുമ്പ് ഇവിടെയൊരു പഴയകോട്ട ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പഴയകോട്ട എന്ന പേര് ലോപിച്ചായിരിക്കാം പയോട്ട എന്നുവന്നത്. ഇതിനടുത്തു തന്നെ ചേരൂര്‍ കോട്ട എന്ന സ്ഥലവുമുണ്ട്.

ചിത്താരിയില്‍ മുന്‍പ് കോട്ട നിന്നിരുന്ന ഭാഗം കോട്ടക്കര എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പനയാല്‍ കോട്ട നിലനിന്നിരുന്ന പ്രദേശത്തെ കോട്ടപ്പാറയെന്നാണ് വിളിക്കുക. നീലേശ്വരത്തെ കോട്ടപ്പുറം എന്ന സ്ഥലനാമം കോട്ടയുടെ പഴയ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ബന്തടുക്കയില്‍ കോട്ട നിന്നിരുന്ന ഭാഗത്തെ കോട്ടക്കല്‍ എന്നാണ് വിളിക്കാറുള്ളത്. വെസ്റ്റ് എളേരിയില്‍ കോട്ടയുണ്ടായിരുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. പാറക്കെട്ടുകള്‍ കൂടിക്കിടക്കുന്ന ഈ പ്രദേശം കോട്ടമലയെന്നാണ് അറിയപ്പെടുന്നത്. കോട്ടയുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായെത്തിയ വിഭാഗങ്ങളിലൊന്ന് കാസര്‍കോടിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസമുറപ്പിച്ചിട്ടുണ്ട്. കോട്ടെയാര്‍മാര്‍ എന്നാണ് ഇവരെ വിളിക്കുക.

കോട്ടയുടെ സുരക്ഷ
കാസര്‍കോട്ടെ കോട്ടകള്‍ ഏതുസമയവും ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചായിരുന്നു നിലകൊണ്ടിരുന്നത്. നാലുഭാഗത്തു നിന്നുമുണ്ടായേക്കാവുന്ന ആക്രമണത്തെ കരുതി കനത്ത സുരക്ഷാസംവിധാനങ്ങളോടെയാണ് കോട്ട പണിതിട്ടുള്ളത്. ഉയര്‍ന്ന സ്ഥാനത്താണ് കോട്ടകള്‍ സ്ഥാപിച്ചത്. അന്നത്തെ സംവിധാനങ്ങളനുസരിച്ച് കനത്ത മതില്‍ക്കെട്ടാണ്  കോട്ടകള്‍ക്കുമുള്ളത്. ചെങ്കല്ലുകൊണ്ടാണ് മിക്കതിന്‍റെയും നിര്‍മാണം. ചന്ദ്രഗിരി കോട്ടയിലെ മതില്‍ കെട്ടിയിരിക്കുന്ന കല്ലുകള്‍ സാധാരണയുള്ളതിനേക്കാള്‍ വലിപ്പം കൂടിയതാണ്. സമീപത്തുതന്നെ പുഴയുള്ളതിനാല്‍ ഈ വലിയ കല്ലുകള്‍ അതുവഴി എത്തിച്ചതാകാം. കോട്ടകള്‍ക്കുള്ളിലെ നിരീക്ഷണഗോപുരം, മതിലുകളുടെ വിവിധ കേന്ദ്രങ്ങളില്‍ യുദ്ധസജ്ജീകരണം നടത്താന്‍ പാകത്തിലുള്ള കൊത്തളങ്ങള്‍ എന്നിവ മിക്കയിടത്തും കാണാം.

കോട്ടമതിലുകളില്‍ പീരങ്കി ക്രമീകരിക്കാന്‍ മൂന്നുതരത്തിലുള്ള തുളകള്‍ കാണാം. ദൂരത്തേക്ക് ഉന്നംവെക്കാനുദ്ദേശിച്ചുള്ളതാണ് ഒന്ന്. രണ്ടാമത്തേത് കുറച്ചുകൂടി അടുത്തെത്തുന്നവര്‍ക്കുനേരെ വെടിയുതിര്‍ക്കാനും മൂന്നാമത്തേത് കോട്ടമതിലിനരികിലെത്തിയവരെ ലക്ഷ്യംവെക്കാനും ഉദ്ദേശിച്ചുള്ളതാണ്. ബേക്കലില്‍ ഇത് വ്യക്തമായി മനസിലാക്കാനാകും.

കോട്ടയ്ക്കുള്ളില്‍ പെട്ടെന്ന് കടക്കുന്നതു തടയാന്‍ വളവും തിരിവുമുള്ള പ്രവേശനപാതയാണ് പലയിടത്തും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പൂര്‍ണമായ ആകൃതിയില്‍ അവശേഷിച്ചിട്ടുള്ള ബേക്കല്‍, ചന്ദ്രഗിരി കോട്ടകളില്‍ ഇത്തരം പ്രവേശനപാതകള്‍ കാണാം. പ്രവേശനകവാടത്തെ ലക്ഷ്യം വെച്ചുവരുന്നവരെ മുകളില്‍ നിന്ന് ആക്രമിക്കാന്‍ പാകത്തിലുള്ള കൊത്തളങ്ങളും ഇവിടെയുണ്ട്.

അപകടത്തില്‍പ്പെട്ടാല്‍ കോട്ടയ്ക്കുള്ളില്‍ നിന്ന് രക്ഷപ്പെടാനായി ഒട്ടേറെ തുരങ്കങ്ങള്‍ മിക്കയിടത്തും തയ്യാറാക്കിയിട്ടുണ്ട്. ബേക്കലിലെ ഒരു തുരങ്കം കടലിലേക്കാണ് തുറക്കുന്നതെന്ന് പറയപ്പെടുന്നു. അതിപ്പോള്‍ മൂടിയിട്ടിരിക്കുകയാണ്. പ്രവേശനമാര്‍ഗത്തിനടുത്തുള്ള മറ്റൊരു തുരങ്കം നേരെ മുന്‍പിലുള്ള കിടങ്ങിലേക്കാണ് തുറക്കുന്നത്. ചന്ദ്രഗിരി കോട്ടയിലും പുറത്തേക്ക് തുറക്കുന്ന രക്ഷാമാര്‍ഗങ്ങള്‍ക്കുപുറമെ അടഞ്ഞുപോയ തുരങ്കങ്ങളുമുണ്ട്. മുന്‍പ് വിസ്തൃതമായിരുന്ന ഹൊസ്ദുര്‍ഗ്ഗ് കോട്ടയുടെ മതിലിന്‍റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ നിത്യാനന്ദാശ്രമത്തിന്‍റെ ഗേറ്റ് നില്‍ക്കുന്നതിന് മുന്‍പിലായി ഒരു തുരങ്കം കാണാം. കാസര്‍കോട് കോട്ടയുടെ വലിയ തുരങ്കം വീരാജ്ഞനേയ സ്വാമി ക്ഷേത്രത്തിന് മുന്‍പിലായാണ് തുറക്കുന്ന്. ആരിക്കാടി കോട്ടയിലെ കിണറിനുള്ളില്‍ അനവധി ഗുഹാമാര്‍ഗങ്ങളുണ്ടെന്ന് പറയപ്പെടുന്നു.[xxviii]

ഹനുമാന്‍ ക്ഷേത്രങ്ങള്‍
കാസര്‍കോട് ജില്ലയിലെ കോട്ടകളില്‍ കാണുന്ന കൗതുകകരമായ സവിശേഷകളിലൊന്ന് ഹനുമാന്‍റെ പ്രതിഷ്ഠയാണ്. കോട്ടയുടെ പ്രവേശനകവാടത്തോടു ചേര്‍ന്നുള്ള പ്രതിഷ്ഠയുടെ സ്ഥാനത്തിന് പോലും സമാനതകളുണ്ട്.

ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്ന മുഖ്യപ്രാണ ക്ഷേത്രം കാസര്‍കോട്ടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. പ്രധാന പൂജാദിവസമായ ശനിയാഴ്ച നൂറുകണക്കിന് ഭക്തരാണെത്തുക. ഉഴുന്നുവടകള്‍ ചേര്‍ത്തുണ്ടാക്കുന്ന മാല ‘വടമാല’യാണ് പ്രധാന വഴിപാടുകളിലൊന്ന്.

കാസര്‍കോട് കോട്ടയിലേക്കുള്ള വഴിയിലും ഹനുമാന്‍ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം കാണാം. കോട്ടെ വീര ആഞ്ജനേയ ക്ഷേത്രമെന്ന് പേരുള്ള ഇവിടെ ഗണപതി, ശാസ്താവ് എന്നിവയുടെ ഉപപ്രതിഷ്ഠകളും ഇതിനോട് ചേര്‍ന്ന് നവഗ്രഹങ്ങള്‍, ധൂമാവതി ഭഗവതി, നാഗങ്ങള്‍ എന്നിവയുടെ പ്രതിഷ്ഠകളും കാണാം. ഇക്കേരി രാജവംശക്കാരനായ സദാശിവ നായ്ക്കന്‍ തുടക്കമിട്ടുവെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാപന ചടങ്ങുകള്‍ വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന ശ്രീകൃഷ്ണദേവരായരുടെ ആസ്ഥാനപുരോഹിതനായിരുന്ന വ്യാസതീര്‍ത്ഥരാണത്രെ നിര്‍വഹിച്ചത്.[xxix]

ബേക്കലിലേതിനോട് സമാനമായ സ്ഥാനത്ത് ചന്ദ്രഗിരി കോട്ടയിലും ഹനുമാന്‍റെ പ്രതിഷ്ഠയുണ്ടായിരുന്നതായി വെളിവായിട്ടുണ്ട്. ഹനുമാന്‍റെ വിഗ്രഹം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഒരു തറ മാത്രമേ കാണുകയുള്ളൂ. പൊവ്വല്‍ കോട്ടയിലെ ഹനുമാന്‍ വിഗ്രഹം പുതുക്കിപ്പണിതിരുന്നു. രണ്ടടിയിലേറെ വലിപ്പത്തില്‍ കരിങ്കല്ലില്‍ കൊത്തിയ ഹനുമാന്‍ വിഗ്രഹമാണ് ഇവിടെയുള്ളത്. കുമ്പള കോട്ടയുടെ തൊട്ടടുത്തായി കോട്ടെ വീരാഞ്ജനേയ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

കോട്ടെയാര്‍ എന്ന സമുദായത്തില്‍പ്പെടുന്നവരുടെ കുലദൈവമാണ് ഹനുമാന്‍. ശക്തിയുടെയും ഭക്തിയുടെയും പ്രതീകം. ഇക്കേരി നായ്ക്കന്‍മാരുടെ കാലത്ത് കര്‍ണാടകയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് കോട്ടെയാര്‍മാര്‍.  കോട്ടയുമായി ബന്ധപ്പെട്ടാണ് അവരുടെ പേര് പോലുമെന്നത് ശ്രദ്ധേയമാണ്. കോട്ട കാത്തുസംരക്ഷിക്കാന്‍ പടയാളികളായി എത്തിയവരാണിവരെന്നാണ് കരുതുന്നത്. ഇവരുടെ താത്പര്യപ്രകാരം സ്ഥാപിച്ചതാകാം കോട്ടകളിലെ ഹനുമാന്‍ പ്രതിഷ്ഠ. കാസര്‍കോടിന്‍റെ പല ഭാഗത്തും കോട്ടെയാര്‍ സമുദായക്കാരുടെ സാന്നിധ്യമുണ്ട്. രാമക്ഷത്രിയര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ കേരളത്തിലെ 'മറ്റ് പിന്നാക്ക വിഭാഗക്കാ'രുടെ പട്ടികയിലാണുള്‍പ്പെടുന്നത്.[xxx]

കാസര്‍കോട്ടെ കോട്ടകളെല്ലാം കൈവശപ്പെടുത്തിയപ്പോഴും അതിനുള്ളിലെ ഹനുമാന്‍ ക്ഷേത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ടിപ്പുവിനെ മതഭ്രാന്തനെന്ന് മുദ്ര കുത്തുന്നതിലെ യുക്തിരാഹിത്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ ഹനുമാന്‍ പ്രതിഷ്ഠയും കോട്ടയ്ക്ക് നേരെ എതിര്‍വശത്ത് പുരാതനമായ മുസ്ലിം പള്ളിയും നിലകൊള്ളുന്നത് കാണാം. ഇത് ബേക്കലില്‍ പണ്ടുമുതലേ നിലനിന്നിരുന്ന മതസൗഹാര്‍ദത്തിനുള്ള തെളിവാണ്.

 


[i] Murthy, ‘Forts in Ancient and Medieval Andhra’, 132.

[ii] Lourduswamy, ‘St. Angelo and Bekal Fortresses’, 16773.

[iii] വെള്ളത്തിന്‍റെയും മലയുടെയും സാന്നിധ്യമാണ് പ്രതിരോധത്തിനുള്ള കോട്ടകള്‍ നിര്‍മിക്കുമ്പോള്‍ ഏറ്റവും ഉത്തമമെന്ന് യുദ്ധതന്ത്രജ്ഞനായ കൗടില്ല്യന്‍ വിവരിച്ചിട്ടുണ്ട്. Murthy, ‘Forts in Ancient and Medieval Andhra’, 89.

[iv] കൂടുതല്‍ വിവരങ്ങള്‍ക്ക്, വില്ല്യം ലോഗന്‍, മലബാറിന്‍റെ ചരിത്രം, വിവ: ടി.വി. കൃഷ്ണന്‍. കോഴിക്കോട്: മാതൃഭൂമി ബുക്സ്, 2008; Buchanan, A Journey from Madras.

[v] Nambirajan, Bekal Excavation, 5.

[vi] Barbosa, A Description of the Coasts of East Africa and Malabar, 83.

[vii] Nambirajan, Bekal Excavation, 56.

[viii] Buchanan, A Journey from Madras, 1213. പരിഭാഷ ലേഖകന്‍റേത്. ബേക്കലിനെയാണ് ബേക്കുള്‍ എന്ന് വിശേഷിപ്പിച്ചത്. കങ്കണര്‍ എന്നത് കൊങ്കിണികളെ ഉദ്ദേശിച്ച് പറഞ്ഞതായിരിക്കാം.

[ix] Nambirajan, Bekal Excavation, 5.

[x] സി. രാഘവന്‍, തുളു: നാടും ഭാഷയും നാട്ടറിവും, 60.

[xi] Buchanan, A Journey from Madras, 1014.

[xii] Nambirajan, Bekal Excavation, 97.

[xiii] Buchanan, A Journey from Madras, 15. പരിഭാഷ ലേഖകന്‍റേത്.

[xiv] സി. രാഘവന്‍, തുളു: നാടും ഭാഷയും നാട്ടറിവും, 5860.

[xv] Buchanan, A Journey from Madras, 10. പരിഭാഷ ലേഖകന്‍റേത്.

[xvi] ബാലന്‍, കാസര്‍കോട്: ചരിത്രവും സമൂഹവും, 151.

[xvii] സര്‍വവിജ്ഞാനകോശം വെബ് എഡിഷന്‍.

[xviii] രാഘവന്‍, ചന്ദ്രഗിരി, 1719.

[xix] രാഘവന്‍, തുളു: നാടും ഭാഷയും നാട്ടറിവും, 57.

[xx] Chitnis, 'Government amd Administration under the Keladi Rulers,' 67.

[xxi] രാഘവന്‍, തുളു: നാടും ഭാഷയും നാട്ടറിവും, 58.

[xxii] Ibid., 5960.

[xxiii] Ibid., 5764.

[xxiv] ബാലന്‍, കാസര്‍കോട്: ചരിത്രവും സമൂഹവും, 310.

[xxv] Chitnis, 'Government amd Administration under the Keladi Rulers,' 42.

[xxvi] Nambirajan, Bekal Excavation, 97.

[xxvii] ബാലന്‍, കാസര്‍കോട്: ചരിത്രവും സമൂഹവും, 32634.

[xxviii] 2018 ഒക്ടോബര്‍ മാസത്തില്‍ ലേഖകന്‍ നടത്തിയ സ്ഥലസന്ദര്‍ശനങ്ങളില്‍ ശേഖരിച്ച വിവരങ്ങള്‍.

[xxix] ബി. നരസിംഗ റാവു, ‘കാസര്‍കോട് കോട്ട ശ്രീ വീരാഞ്ജനെയ സ്വാമി’, 4446.

[xxx] Kerala Public Service Commission, List of Other Backward Classes in Kerala State.

 

സഹായക ഗ്രന്ഥങ്ങള്‍
Barbosa, Duarte. A Description of the Coasts of East Africa and Malabar, Translation: Henry E.J. Stanley. London: The Hakluyt Society, 1865.

Buchanan, Francis. A Journey from Madras through the Countries of Mysore, Canara and Malabar Vol. 3. London: T. Cadell & W. Davis/Black, Parry & Kingsbury, 1807.

Chitnis, K.N. 'Government amd Administration under the Keladi Rulers.' PhD thesis, Karnatak University, 1965.

Kerala Public Service Commission. List of Other Backward Classes in Kerala Statehttps://www.keralapsc.gov.in/list-scheduled-castes-kerala-state (last accessed on July 9, 2019).

Lourduswamy, K. 'St. Angelo and Bekal Fortresses - A Comparitive Study.' PhD Thesis, Kannur University, 2010.

Murthy, N.S. Ramachandra. 'Forts in Ancient and Medieval Andhra - A Study (Up to 1600 A.D.).' PhD Thesis, Karnataka University, 1979.

Nambirajan, M. Bekal Excavation: 19972001. New Delhi: Archaeological Survey of India, 2009.

നരസിംഗ റാവു, ബി. ‘കാസര്‍കോട് കോട്ട ശ്രീ വീരാഞ്ജനെയ സ്വാമി’. സഞ്ജീവനി - സുവനീര്‍, കാസര്‍കോട് കോട്ടെ വീരാഞ്ജനേയ സ്വാമി ദേവസ്ഥാന ബ്രഹ്മകലശോത്സവ, ജനുവരി 2013.

ബാലന്‍, സി. എഡി., കാസര്‍കോട്: ചരിത്രവും സമൂഹവും. കാസര്‍കോട്: കാസര്‍കോട് ജില്ലാപഞ്ചായത്ത്, 2001.

രാഘവന്‍, സി. തുളു: നാടും ഭാഷയും നാട്ടറിവും. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2003.

രാഘവന്‍, സി. ‘ചന്ദ്രഗിരി: അന്വേഷണത്തിന്‍റെ ആരംഭം’, ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവര്‍ത്തമാനങ്ങള്‍, എഡി. ജി.ബി. വത്സന്‍. കോഴിക്കോട്: ഗീതാഞ്ജലി, 2018.