കേരളത്തിന്റെ തനതു പന്തുകളികള്‍

in Article
Published on: 07 October 2020

അനൂപ്‌ കെ. ആര്‍. (Anoop K. R.)

മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കു കീഴില്‍ കോട്ടയം സി. എം. എസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാള ഗവേഷണകേന്ദ്രത്തിലെ ഗവേഷണവിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് സര്‍വ്വകലാശാല സംസ്കൃതവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫസര്‍ പി. സി. വാസുദേവന്‍ ഇളയത് എന്‍ഡോവ്മെന്റ് പുരസ്കാരം 2019 ല്‍ ലഭിച്ചു. 'എസ്. കെ. പൊറ്റക്കാട്ട്: സാഹിത്യലോകത്തെ സഞ്ചാരി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിപി പബ്ലിക്കേഷന്‍, കോഴിക്കോട്, 2018). വിവിധ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്കാരപഠനം, ചലച്ചിത്രം, ഫോക് ലോര്‍ എന്നിവയാണ് പ്രധാന പഠനമേഖലകള്‍.

കളികളും വിനോദങ്ങളുമെല്ലാം തന്നെ അതിജീവനത്തിനായി സമൂഹം ക്രമപ്പെടുത്തിയതും പ്രാദേശിക സവിശേഷതകള്‍ ഉള്‍ച്ചേരുന്നതുമാണ്. അനുദിന ജീവിതസാഹചര്യങ്ങളില്‍ നേരിടേണ്ടതായി വരുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും പ്രതിരോധിക്കുന്നതിനും വ്യക്തിയെ പ്രാപ്തനാക്കുന്നതില്‍ കളിയും വിനോദങ്ങളും മുഖ്യപങ്കുവഹിക്കുന്നു. ശാരീരികമായും മാനസികമായും വ്യക്തിയെ ദൃഢപ്പെടുത്തുന്നതിന് ഇത്തരം വിനോദങ്ങള്‍ ഉപകരിക്കും. കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പുവരെ സ്ഥലകാല ഭേദങ്ങള്‍ക്കനുസരിച്ചുള്ള പ്രാദേശിക വിനോദങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ഭാഷ, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്‍മ്മാണം തുടങ്ങിയവയെപ്പോലെ വൈവിദ്ധ്യം നിറഞ്ഞതായിരുന്നു കളികളും വിനോദങ്ങളും. കോളനിവത്ക്കരണത്തിന്റെ തുടര്‍ച്ചയില്‍ സകല പ്രാദേശിക കലാവിനോദങ്ങള്‍ക്കും മേലേ സിനിമയെന്ന സമ്മിശ്രകലാരൂപം കടന്നുവന്നു. ഇതേ സമയത്ത് തന്നെ കൊളോണിയല്‍ വിനോദങ്ങളായ ക്രിക്കറ്റും ഫുട്‌ബോളും അധിനിവേശിത സമൂഹങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. സാര്‍വ്വലൗകികമായ മുതലാളിത്ത ഉത്പാദന വ്യവസ്ഥ, ദേശ്യഭേദങ്ങളോടുകൂടി കാലാകാലങ്ങളായി നിലനിന്നുപോകുന്ന ഉത്പാദനക്രമത്തെ അട്ടിമറിച്ചു. യൂറോ കേന്ദ്രിതമായ വിശ്വമാനവനെയും വിശ്വസാഹിത്യത്തെയും വിശ്വഭാഷയേയും സൃഷ്ടിക്കാന്‍ ഒരുമ്പെട്ട ബ്രിട്ടന്‍ വിശ്വവിനോദം/കലയായി സിനിമയേയും വിശ്വക്രീഡയായി ക്രിക്കറ്റിനേയും ഫുട്‌ബോളിനേയും അടയാളപ്പെടുത്തുവാന്‍ പരിശ്രമിച്ചു. ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു. 1980കളില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപിച്ചത് ഈ പ്രവണതകളെ ത്വരിതപ്പെടുത്തി. കൂടുതല്‍ പരസ്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതും വിപണിയോട് ചേര്‍ന്നുനില്‍ക്കുന്നവയുമായിരുന്നു ക്രിക്കറ്റും സിനിമയും.

ടെലിവിഷന്റെ വ്യാപനം പ്രാദേശികകൂട്ടായ്മകളെ അസ്ഥിരപ്പെടുത്തി. അധിനിവേശ ചിന്താധാരകള്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലെ കളികളും വിനോദങ്ങളും അധമമാണെന്നും പാശ്ചാത്യ കളികളും വിനോദങ്ങളും ശ്രേഷ്ഠമാണെന്നുമുള്ള ബോധം രൂപപ്പെടുത്തിയെടുത്തു. ഇതിന്റെ തുടര്‍ച്ചയില്‍ കൂട്ടായ്മകള്‍ക്ക് അവസരമൊരുക്കിയിരുന്ന ഗ്രാമ്യവിനോദങ്ങളും, കളികളും ക്രിക്കറ്റിനും ഫുട്‌ബോളിനും വീഡിയോ ഗെയിമിനും മറ്റും വഴിമാറിക്കൊടുത്തു. ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച വിനോദങ്ങള്‍ വളരെ കുറച്ചേയുണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ കൂട്ടുകുടുംബത്തില്‍ നിന്നും അണു      കുടുംബത്തിലേയ്ക്ക്  മലയാളി മാറ്റപ്പെട്ടു. കൂട്ടായ്മയെക്കാള്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന പുതുതലമുറയുടെ ഇടയില്‍ ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും വീഡിയോ ഗെയിമുകളുടെയും സ്വീകാര്യത കുത്തനെ ഉയര്‍ന്നു.

കേരളത്തില്‍ അക്കാലത്ത് ഗ്രാമീണ വായനശാലകള്‍, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ഫിലിം സൊസൈറ്റികള്‍ തുടങ്ങിയവ ഗ്രാമീണകൂട്ടായ്മകളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു. എണ്‍പതുകളില്‍ യുവാക്കള്‍ ജോലി തേടി കൂട്ടത്തോടെ പുറം നാടുകളിലേയ്ക്ക് ചേക്കേറി. ഇതോടെ യുവാക്കളാള്‍ രൂപീകരിച്ച ക്ലബുകളുടെയും മറ്റും പ്രവര്‍ത്തനം മന്ദീഭവിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെ കൗമാരപ്രായക്കാര്‍ ഉപരിപഠനാര്‍ത്ഥം കേരളം വിട്ടതോടെ കളികള്‍ കളിക്കളം വിട്ടു. ഇത്തരത്തില്‍ പ്രവാസജീവിതം നയിച്ചവരുടെ മടക്കയാത്രയിലാണ് പില്‍ക്കാലത്ത് മൈതാനങ്ങള്‍ക്ക് ജീവന്‍ വെച്ചത്. തങ്ങളുടെ ഗൃഹാതുരസ്മരണയില്‍ മൊട്ടിട്ടുനിന്നതിനെയൊക്കെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും ഉണ്ടായി. മറവിയിലേയ്ക്കു പോയ പല വിനോദങ്ങളും കളികളും ആഘോഷങ്ങളും പൊടിതട്ടി ഉണര്‍ന്നെഴുന്നേറ്റു. ഇവയുടെയെല്ലാം മുഖ്യമൂലധനം പ്രവാസജീവിതം നയിച്ച് തിരികെ എത്തിയവരുടെതായിരുന്നു. ക്ലബുകളും മറ്റ് കൂട്ടായ്മകളും സജീവതയിലേയ്ക്ക് നീങ്ങി. ഈ സന്ദര്‍ഭത്തില്‍ ചില നാടന്‍കളികളും വിനോദങ്ങളും ഉണര്‍വിന്റെ പാതയിലെത്തി.

ജനസമൂഹത്തിന്റെ കളിവ്യവഹാരങ്ങളില്‍ പന്തുകളിയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. പല നാടുകളില്‍ പലരീതിയില്‍ പന്തുകളിക്കപ്പെടുന്നു. ഒട്ടുമിക്ക രാജ്യങ്ങളുടേയും ദേശീയവിനോദമായി പരിഗണിച്ചു പോരുന്നത് പന്തുകൊണ്ടുള്ള ഏതെങ്കിലും കളിയായിരിക്കും. മനുഷ്യന്റെ ജന്മവാസനയുമായി പന്തുകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടാണ് നമ്മുടെ കൺമുമ്പില്‍പ്പെടുന്ന ഉരുളിമയുള്ള അചേതന വസ്തുക്കളെ നാം അറിയാതെ കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയോ കൈകൊണ്ട് ഉയര്‍ത്തിയെറിയുകയോ ചെയ്യുന്നത്.

ഒരുകാലത്ത് ഭൂമിയുടെ പല കോണുകളില്‍ പ്രാദേശിക നാടന്‍ വിനോദങ്ങളായിരുന്ന ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ നിരവധി വിനോദങ്ങള്‍ മധ്യവര്‍ഗ്ഗത്തിന്റേതിന്‍റെ നിന്നുയര്‍ന്ന് ഉപരിവര്‍ഗ്ഗത്തിന്റേതായി പരിണമിച്ചു. കാലക്രമത്തില്‍ പരിണമിച്ച് അധികാരത്തിന്റെ ബലത്തില്‍ ദേശീയ-അന്തര്‍ദേശീയ വിനോദങ്ങളും ആയിത്തീര്‍ന്നു.  നാടന്‍കളികളും, വിനോദങ്ങളും സമൂഹത്തിന്റെ സംസ്‌കാരമാപിനിയാണ് എന്ന തിരിച്ചറിവ് രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ തനത് പന്തുകളികളുടെ നാടോടിവഴികള്‍

നാടന്‍ കളികളില്‍ പന്തുപയോഗിച്ചുളള കളികള്‍ കേരളത്തില്‍ ഏറെയുണ്ട്. അവ കുട്ടികളുടെയും, മുതിര്‍ന്നവരുടേയും, സ്ത്രീകളുടേയുമായ വിനോദങ്ങളായി പടര്‍ന്നുകിടക്കുന്നു. കളിക്കുന്നവരില്‍ മാത്രമല്ല, കളിക്കുന്ന രീതികളിലും വൈവിദ്ധ്യം പുലര്‍ത്തുന്നവയാണ് ഇവയോരോന്നും.

കാരകളി (കാരത്തല്ല്)

ഓണാഘോഷത്തോടനുബന്ധിച്ചു നാട്ടിന്‍പുറങ്ങളില്‍ നടക്കാറുള ഒരുതരം പന്തുകളിയാണ് കാരത്തല്ല് (കാരകളി). കാരമണികള്‍ തട്ടിക്കളിക്കുന്നതിനാല്‍ ഈ കളിക്ക് കാരത്തട്ട്, കാരവെട്ട് എന്നീ പേരുകളുമുണ്ട്. പാടശേഖരങ്ങളിലാണ് സാധാരണയായി കളി നടക്കുന്നത്. കല്ലന്‍മുളയുടെ ഉണങ്ങിയ കൂമ്പ് പാറയിലിട്ടുരച്ച് ഉരുട്ടിയെടുത്തതും, മുക്കാല്‍ മീറ്ററോളം നീളമുള്ള അറ്റം വളഞ്ഞതുമായ മുളവടിയുമാണ് കളിയുപകരണങ്ങള്‍.

രണ്ടായി പകുത്ത കളിസ്ഥലത്തിന്റെ ഓരോ പകുതിയിലും ഓരോ ചേരിക്കാര്‍ നില്‍ക്കുന്നു. രണ്ടു ഭാഗത്തുമുള്ള കളിക്കാരുടെ എണ്ണം ഏകദേശം തുല്ല്യമായിരിക്കണമെന്നല്ലാതെ എണ്ണത്തില്‍ നിബന്ധനകളൊന്നുമില്ല. കളിസ്ഥലത്തിനു നടുവില്‍ വച്ചിരിക്കുന്ന കാരമണി കളിയുപകരണമായ മുളവടികൊണ്ടു എതിരാളിയുടെ കളത്തിന്റെ അതിര്‍ത്തി കടത്തിവിടുന്നവര്‍ക്ക് ഒരു പോയിന്റ് ലഭിക്കും. നിശ്ചിത സമയത്തിനുളളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവരാണ് വിജയിക്കുക. ഉത്തരമലബാറിലാണ് ഇതിനു കൂടുതല്‍ പ്രചാരം. കാരത്തല്ലുകളിയില്‍ കുട്ടികളും യുവാക്കളും പങ്കെടുക്കുന്നു. ഹോക്കികളിയോട് സാമ്യം പുലര്‍ത്തുന്ന ഒരു നാടന്‍ വിനോദമാണ് കാരകളി.

കുറ്റിപ്പന്തുകളി

പ്രധാനമായും ആണ്‍കുട്ടികളാണു കുറ്റിപ്പന്ത് കളിക്കുന്നത്. പുല്ല്, വൈക്കോല്‍ മുതലായവകൊണ്ടുണ്ടാക്കുന്ന പന്തുകളാണ് കളിസാമഗ്രികള്‍. ഒരു മരക്കുറ്റി കുഴിച്ചിടും, അതിനു ചുറ്റും പന്തുകള്‍ കൂട്ടിവെയ്ക്കുന്നു. കുറ്റിയില്‍ ഒരു ചരട് കെട്ടിയിടും. ചരടിന്റെ തുമ്പ് പിടിച്ചുകൊണ്ട് ഒരു കുട്ടി വട്ടത്തില്‍ കറങ്ങുന്നു. ആ കുട്ടിയുടെ കൈയിലുള്ള തോര്‍ത്തോ തൂപ്പോ കൊണ്ടു വീശിക്കൊണ്ടായിരിക്കും കറങ്ങുക. മറ്റുളളവര്‍ ചുറ്റും നിന്ന് 'പന്തും വളളിയും കൈയേറ്റോ' എന്നു ചോദിക്കും. കൈയേറ്റു എന്നു പറഞ്ഞാല്‍ കുറ്റിയുടെ അടുത്തുള്ള പന്തെടുക്കാന്‍ മറ്റു കുട്ടികള്‍ ശ്രമിക്കും. കയറിന്റെ അറ്റം പിടിച്ചു കറങ്ങുന്ന കുട്ടിയുടെ വീശല്‍ ഏല്ക്കാതെ പന്തുകള്‍ തട്ടിത്തെറിപ്പിക്കണം. അതിനിടയില്‍ വട്ടത്തിനുളളില്‍ നിന്നും ആര്‍ക്കെങ്കിലും അടിയേറ്റാല്‍ ആ കുട്ടിയാണു പിന്നീട് തൂപ്പും വളളിയും പിടിക്കേണ്ടതും പന്ത് കാക്കേണ്ടതും. കുറ്റിയുടെ ചുവട്ടില്‍ ഒരു പന്തോ അല്ലെങ്കില്‍ പന്തുകളൊന്നും തന്നെ ഇല്ലാതെയോ വന്നാല്‍ കയറുപിടിച്ച് കറങ്ങിയിരുന്ന കുട്ടിയെ അമ്മച്ചിപ്ലാവില്‍ തൊടുന്നതുവരെ മറ്റു കുട്ടികള്‍ പന്തുമായി പിന്തുടര്‍ന്ന് എറിയും.

ചെണ്ടടിച്ചു കളി

ചെറിയ പന്ത് തുടര്‍ച്ചയായി അടിച്ച് കളിക്കുന്ന ഒരു വിനോദമാണ് ചെണ്ടടിച്ചുകളി. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും വിനോദമാണിത്. അടിക്കുന്ന പന്തിന്റെ ചലനഗതി അനുസരിച്ചു കളിക്കുന്ന ആളും നീങ്ങുന്നു. ചെണ്ട് തുടര്‍ച്ചയായി അടിക്കാതെ വന്നാല്‍ കളി തോല്‍ക്കും. പന്തടിക്കുമ്പോള്‍ 'ഒരു കുട്ടി രണ്ടു കുട്ടി' എന്നിങ്ങനെ എണ്ണണം. നിശ്ചിത പ്രാവശ്യം പന്തടിച്ചുകഴിഞ്ഞാല്‍ കളിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ പെട്ടെന്നു വട്ടം കറങ്ങും. പത്തോ ഇരുപതോ പ്രാവശ്യം അടിച്ചതിനുശേഷമാണു വട്ടം കറങ്ങുന്നത്. പന്തടിച്ചു കളിക്കുമ്പോള്‍ സ്ത്രീകള്‍ ചിന്തുപാട്ടുകളും പാടാറുണ്ട്.

പന്തുതട്ടിക്കളി

സ്ത്രീ-പുരുഷഭേദമെന്യേ എല്ലാവരും കളിക്കുന്ന ഒരു കളിയാണ് പന്തുതട്ടുകളി. രണ്ടു സംഘമായി തിരിഞ്ഞാണ് ഇതു കളിക്കുക. ഓലകൊണ്ട് പന്തുണ്ടാക്കി നേര്‍ക്കുനേര്‍ നിന്ന് തട്ടിക്കളിക്കും. ആരുടെ കൈയില്‍ നിന്നാണോ പന്ത് താഴെവീഴുന്നത് ആ ആള്‍ കളിയില്‍ നിന്നും പുറത്താവും. കളിയില്‍ തോല്‍ക്കുന്ന കൂട്ടര്‍ ജയിച്ചവര്‍ പറയുന്ന ശിക്ഷാവിധി അനുസരിക്കണം.

അപ്പച്ചെണ്ടുകളി/ഏറുപന്തുകളി/പുറത്തേറുകളി

കുട്ടികളുടെ വിനോദമാണ് അപ്പച്ചെണ്ടുകളി. കുറെ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ ഒരാള്‍ പന്തുവെച്ച് അവരെ എറിയും. ആര്‍ക്കാണോ ഏറുകിട്ടുന്നത് അവര്‍ മറ്റുളളവരെ എറിയണം. ഏറുകൊളളാതിരിക്കാന്‍ എല്ലാവരും ഓടിമാറുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അപ്പച്ചെണ്ടുകളിയോട് സാമ്യമുള്ള കളിയാണ് പുറത്തേറുകളി. ഉത്തര കേരളത്തിലാണ് ഈ കളി സാധാരണയായി കണ്ടുവരുന്നത്. ഇതിന് സാധാരണ ഉപയോഗിക്കുന്നത് ഓലപ്പന്താണ്.

മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്തെ കുട്ടികളുടെ ഒരു വിനോദമാണ് ഏറുപന്തുകളി. പുറത്തേറു കളിയോടും അപ്പച്ചെണ്ടുകളിയോടും അടുത്ത സാമ്യം പുലര്‍ത്തുന്നുണ്ട് ഈ കളി. തുണികൊണ്ടുണ്ടാക്കിയ പന്താണ് ഉപയോഗിക്കുന്നത്. തുണിപ്പന്ത് മേല്‍പ്പോട്ട് ഉയര്‍ത്തിയെറിയുന്നു. ഈ പന്തിനെ കൈയ്യിലാക്കുന്നവര്‍ അവിടെ നിന്നുകൊണ്ട് മറ്റുളളവരെ എറിയുന്നു. ഏറുകൊളളുന്ന ആള്‍ പന്തിനെ പിടിച്ചെടുത്ത് തിരിച്ചെറിയും. ഇങ്ങനെ കളി തുടര്‍ന്നു പോകുന്നു. സമസംഘങ്ങളാണ് സാധാരണ ഈ കളിയില്‍ ഏര്‍പ്പെടുന്നത്. ഗ്രൂപ്പ് തിരിഞ്ഞും ഒറ്റതിരിഞ്ഞും ഏറുപന്ത് കളിക്കാറുണ്ട്. ചേരി തിരിഞ്ഞ് കളിക്കുമ്പോള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പന്ത് കൈമാറി എതരാളിയെ ഏറ് കൊളളിക്കും. ഇത് കുഴിപ്പന്തുകളിയുടെ ഒരു കളിഭേദമാണ് (Fig. 1).

Fig. 1. ഏറുപന്തുകളി : മധ്യതിരുവിതാംകൂറിലെ കുട്ടികളുടെ പഴയകാല വിനോദമാണ് ഏറുപന്തുകളി.( ചിത്രീകരണം : വിദു മോൻ )
Fig. 1. ഏറുപന്തുകളി: മധ്യതിരുവിതാംകൂറിലെ കുട്ടികളുടെ പഴയകാല വിനോദമാണ് ഏറുപന്തുകളി.( ചിത്രീകരണം : വിദു മോന്‍ )

കുഴിപ്പന്തുകളി

പന്തെറിഞ്ഞുള്ള കളിയാണ് കുഴിപ്പന്തുകളി. കുഴിപ്പന്തുകളിക്കാര്‍ ഓലയോ, വാഴനാരോ വൈക്കോലോ കൊണ്ടുണ്ടാക്കുന്ന പന്ത്' ആണ് ഉപയോഗിക്കുന്നത്. കളിക്കാനുള്ള കുട്ടികള്‍ കളിസ്ഥലത്ത് ഓരോ ചെറിയ കുഴി കുഴിക്കുന്നു. ഓരോ കുഴിയും കുഴിച്ചവര്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു കുട്ടി കുറച്ചകലെ മാറി നിന്ന് പന്ത് കുഴിയിലേയ്ക്ക് എറിയുന്നു. ആ പന്ത് ഏതു കുട്ടിക്ക് അവകാശപ്പെട്ട കുഴിയിലാണോ വീഴുന്നത് അവര്‍ ആ പന്തെടുത്ത് അവിടെ നിന്നുകൊണ്ട് മറ്റുളളവരെ എറിയണം. ഏറ് ദേഹത്തുകൊണ്ടയാള്‍ ഏറ് കൊണ്ടവന് അവകാശപ്പെട്ട കുഴിയില്‍ ഒരു കല്ലിടും. ഇങ്ങനെ കൂടുതല്‍ കല്ലുകള്‍ ആരുടെ കുഴിയിലാണോ കിടക്കുന്നത് ആ കുട്ടി കളിയില്‍ തോല്‍ക്കും. മറ്റു കളിക്കാര്‍ അവരുടെ കുഴിക്കു സമീപം നിന്നുകൊണ്ട് തോറ്റകുട്ടിയെ പന്തുകൊണ്ട് എറിയുന്നു. പന്ത് കാല്‍മുട്ടിനു താഴെ മാത്രമേ എറിയാന്‍ പാടുളളൂവെന്ന നിയമവുമുണ്ട് ഈ കളിയില്‍.

കൊതിയന്‍കളി

ഒരുതരം പന്തെറിഞ്ഞുകളിയാണ് കൊതിയന്‍കളി. കളിസ്ഥലത്തു നടുക്ക് ഒരു വട്ടം വരയ്ക്കും. അതിനുളളില്‍ ഒരു കളിക്കാരn നില്‍ക്കണം. കൊതിയന്‍ എന്നാണ് വട്ടത്തിനുളളില്‍ നില്‍ക്കുന്ന കളിക്കാരനു പറയുന്ന പേര്. മറ്റു കുട്ടികള്‍ അവന്റെ അടുത്തുകൂടെ പന്ത് പലവിധത്തില്‍ എറിയുകയും ഉരുട്ടുകയും ചെയ്യും. കൊതിയന്‍ തന്റെ വട്ടത്തില്‍ നിന്നും പുറത്തു കടക്കാതെ പന്ത് പിടിച്ചെടുക്കണം. പന്ത് പിടിച്ചാല്‍ ആ പന്ത് എറിഞ്ഞ കുട്ടി അടുത്ത കളിയില്‍ കൊതിയനായി നില്‍ക്കേണ്ടിവരും. ഇതാണ് കൊതിയന്‍കളി. തുണിപ്പന്തും റബര്‍പ്പന്തും ഉപയോഗിച്ചാണ് കൊതിയന്‍ കളിക്കുന്നത്.

തട്ടുപന്തുകളി

ഒരു അതിര്‍ത്തി നിശ്ചയിച്ച് അതിന് ഇരുപുറവും നിശ്ചിത അകലങ്ങളില്‍ അതിര്‍ത്തി രേഖപ്പെടുത്തിയ കളിക്കളത്തിലാണ് തട്ടുപന്ത് കളിക്കുന്നത്. തട്ടുപന്തുകളി തലപ്പന്തുകളിയുടെ വകഭേദമാണ്. മറുപക്ഷത്തിനു പിടിക്കാന്‍ കഴിയാതെ അടിക്കുന്ന പന്ത് താഴെ വീണശേഷം അനക്കം നിലയ്ക്കുന്നതിനു മുമ്പ് തട്ടി അതിര്‍ത്തിക്കുളളിലൂടെ തിരിച്ചുപായിച്ചാല്‍ ആദ്യപക്ഷക്കാരന്റെ കളി തീരും. ഇങ്ങനെ തട്ടുമ്പോല്‍ ആദ്യപക്ഷത്തിനു തിരിച്ചുതട്ടാം. പന്തിന്റെ അനക്കം നില്‍ക്കുംമുമ്പ് തട്ടണമെന്നുമാത്രം. തട്ടുമ്പോള്‍ ഉയര്‍ന്നുവരുന്ന പന്തുപിടിച്ചാലും ആദ്യം പന്തടിച്ചയാള്‍ പുറത്താകും.

ലതികളി/ചട്ടികളി/ഡപ്പകളി

കുട്ടികളുടെ ഒരു വിനോദമാണു ലതികളി. കാസര്‍ഗോഡ് ജില്ലയിലാണ് ഈ കളി പ്രധാനമായും കാണുന്നത്. രണ്ടുചേരിയായിട്ടാണ് കളിക്കുന്നത്. ഒരു ചിരട്ടയുടെ മുകളില്‍ പത്ത് പന്ത്രണ്ട് ചിരട്ട അട്ടിയായി വയ്ക്കും. ആദ്യത്തെ ചേരിയിലെ ആരെങ്കിലും ഓലപ്പന്തുകൊണ്ട് ഈ അട്ടിയെറിഞ്ഞു വീഴ്ത്തുന്നു. അട്ടിയെ ലഷ്യമാക്കി എറിഞ്ഞ പന്ത് അട്ടിയില്‍ കൊള്ളാതെ പിറകോട്ട് പോകുമ്പോല്‍ അട്ടിയുടെ പിറകില്‍ നില്‍ക്കുന്ന എതിര്‍പക്ഷക്കാര്‍ പന്ത് പിടിക്കുന്നതോടെ പന്ത് എറിഞ്ഞ ആളുടെ അവസരം നഷ്ടമാകും. എന്നാല്‍ ഒരാള്‍ക്ക് മൂന്ന് തവണ എറിയാനുള്ള അവസരമുണ്ട്. താഴെ വീണ ചിരട്ടകള്‍ എതിര്‍ചേരി പൂര്‍വ്വസ്ഥിതിയില്‍ വയ്ക്കുന്നതിനു മുമ്പേ തന്നെ കക്ഷികള്‍ വീണ്ടും എറിയും. ഏറുകൊണ്ടാല്‍ ആ ചേരിക്കു വീണ്ടും കടമായി. ഏതു ചേരിയാണോ ജയിച്ചത് അവര്‍ വീണ്ടും ചിരട്ട പൂര്‍വ്വസ്ഥിതിയിലാക്കുന്നു. എതിര്‍കക്ഷികള്‍ വീണ്ടും എറിഞ്ഞുകൊള്ളിച്ചാല്‍ കടം വീട്ടാം. ഈ രീതിയില്‍ കളി ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

ലതികളിക്കു സമാനമായ ഒരു ഗ്രാമീണ വിനോദമാണ് ചട്ടികളി. ചിലയിടങ്ങളില്‍ ഡപ്പ എന്ന പേരിലാണ് ഈ കളി അറിയപ്പെടുന്നത്. എണ്ണം തുല്യമായ രണ്ടു വിഭാഗമായിട്ടാണ് കളിയില്‍ ഏര്‍പ്പെടുന്നത്. ലതികളിയില്‍ അട്ടിയിട്ടുവയ്ക്കുന്നത് ചിരട്ടയാണെങ്കില്‍ ചട്ടികളിയിലും ഡപ്പകളിയിലും അട്ടിയിടുന്നത് വൃത്താകൃതിയിലുള്ള ഏഴ് ഓടിന്‍ക്കഷ്ണങ്ങളാണ്. കളിക്കുന്ന സംഘത്തിലെ ഒരാള്‍ നിശ്ചിത അകലത്തില്‍ നിന്ന് അവയെ പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നു. ഡപ്പകളിയും ചട്ടികളിയും പ്രധാനമായും കാണുന്നത് വടക്കന്‍കേരളത്തിലെ ഗ്രാമങ്ങളിലാണ് (Fig.2).

Fig. 2. ലതികളി : കാസർഗോഡ് ജില്ലയിലെ കുട്ടികളുടെ  നാടൻ വിനോദമാണ് ലതികളി. (ചിത്രീകരണം : വിദു മോൻ )
Fig. 2. ലതികളി: കാസര്‍ഗോഡ് ജില്ലയിലെ കുട്ടികളുടെ നാടന്‍ വിനോദമാണ് ലതികളി. (ചിത്രീകരണം: വിദു മോന്‍ )

ആട്ടകളി

ആണ്‍കുട്ടികളുടെ കളിയാണ് ആട്ടകളി. കുട്ടികള്‍ രണ്ടു സംഘമായി നിന്നാണ് ഇത് കളിക്കുന്നത്. രണ്ടു സംഘത്തിലും കുട്ടികളുടെ എണ്ണം തുല്യമായിരിക്കും. കളിസ്ഥലത്തിന്റെ ഒരറ്റത്ത് നാട്ടിയിരിക്കുന്ന മരക്കുറ്റിയുടേയോ കല്ലിന്റെയോ മുന്നില്‍ നിന്നാണ് ആട്ടകളിക്കുന്നത്. ഓരോരുത്തരായി പന്തുത്തട്ടിയാണ് കളിക്കേണ്ടത്. തെങ്ങിന്റെ പച്ചോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പന്താണ് ഉപയോഗിക്കുന്നത്. എതിര്‍ഭാഗത്തു നിന്ന് എറിയുന്ന പന്ത് പിടിക്കുകയോ അല്ലെങ്കില്‍ പന്ത് വീണിടത്തുനിന്നെടുത്തു മരക്കുറ്റിയിലോ കല്ലിലോ തൊടുവിക്കുകയോ ചെയ്താല്‍ കളിക്കുന്നയാള്‍ പുറത്താകും. പന്തുതട്ടികളിക്കുമ്പോള്‍ (സെര്‍വ് ചെയ്യുമ്പോള്‍) ഉയര്‍ന്നു വരുന്ന പന്ത് എതിര്‍ ടീമിന് കൈയില്‍ ഒതുക്കാന്‍ കഴിയാതിരിക്കുകയും, പന്ത് കളിക്കാരെ കബളിപ്പിച്ച് കളിക്കളത്തിന്റെ മറ്റേ അറ്റത്തിന് പുറത്തേക്ക് പോയാല്‍ ഒരു എണ്ണം കിട്ടും. അതേ സമയം തട്ടിക്കളിക്കുന്ന പന്ത് കളിക്കളം കവിഞ്ഞ് പോകാതെയിരുന്നാല്‍ എതിര്‍ ടീമിന് പന്ത് നാട്ടിയിരിക്കുന്ന കുറ്റിയിലോ കല്ലിലോ നേരിട്ട് എറിഞ്ഞ് കൊള്ളിച്ചാല്‍ സെര്‍വ് ചെയ്ത ആളുടെ അവസരം നഷ്ടമാകും . ഇങ്ങനെ എറിയുന്ന പന്ത് കുറ്റിയില്‍ കൊള്ളാത്ത പക്ഷം സെര്‍വ് ചെയ്ത ടീമിന് ഒരു എണ്ണം കൂടി കിട്ടും. ഒരു ടീമിലെ മുഴുവന്‍ കളിച്ചശേഷമാണ് അടുത്ത ടീം കളിക്കുക. ഇരുകൂട്ടരുടേയും കളി ഒരു വട്ടം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ എണ്ണം കിട്ടിയ ടീം വിജയിക്കും.

തലപ്പന്തുകളി

ആണ്‍കുട്ടികളുടെ ഒരു വിനോദമാണു തലപ്പന്തുകളി. ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പന്താണ് തലപ്പന്തുകളിയില്‍ ഉപയോഗിക്കുന്നത്. ഒരു മരത്തിന്റെ കുറ്റിയോ കല്ലോ നിലത്ത് ഉറപ്പിച്ചിരിക്കും. കളിയില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ചേരിയായി തിരിഞ്ഞാണ് കളിക്കുന്നത്. കളി തുടങ്ങേണ്ടത് ആരെന്ന് നാണയം കറക്കിയോ നറുക്കെടുത്തോ തീരുമാനിക്കുന്നു. കളി തുടങ്ങുന്നവര്‍ കുറ്റിയുടെ അടുത്തും മറ്റുകൂട്ടര്‍ കുറച്ചകലെയായി എതിര്‍ഭാഗത്തും നില്‍ക്കുന്നു. പന്ത് വെറുതേ എറിഞ്ഞാല്‍പ്പോരാ തലമ, ഒറ്റ, ഇരട്ട, തുടമ, കിളി, അച്ച്, മുറുക്കി, കാമ എന്നിങ്ങനെ വൈവിധ്യവും വൈചിത്ര്യവുമാര്‍ന്ന വിശേഷരീതികളുണ്ട് പന്തടിക്കുവാന്‍. കാമ എന്ന കളി നാലു തവണവീതവും കാമയൊഴികെയുള്ളവ മൂന്നു തവണ വീതവും കളിക്കും. ഇങ്ങനെ അടിക്കുന്ന പന്ത് എതിര്‍ചേരിയില്‍പ്പെട്ടവര്‍ പിടിച്ചാല്‍ അടിക്കുന്ന ആളുടെ കളി (അവസരം) നഷ്ടപ്പെടും. അടിക്കുന്ന പന്ത് നിലത്തുവീണശേഷം അവര്‍ക്ക് ആ പന്തെടുത്തു കല്ലിനെ നോക്കിയെറിഞ്ഞു കൊളളിക്കാനായാലും പന്തടികാരന്റെ കളി പോകും. കളിക്കാരന്റെ (പന്തടികാരന്റെ) ഒപ്പം നില്‍ക്കുന്ന കുട്ടികള്‍ക്ക് എറിഞ്ഞുകൊളളിക്കുന്നത് തടുക്കാനുള്ള അവകാശമുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണം എടുക്കുന്നവര്‍ വിജയിക്കും.

മുറുക്കിക്കഴിഞ്ഞാല്‍ കൈകൊണ്ടു കുറ്റിതൊട്ട് മറുചേരിയിലുള്ളവരോട് അഞ്ചോ, മൂന്നോ, രണ്ടോ, ഒന്നോ എന്ന് ചോദിക്കുന്നു. അടുത്ത കളിയായ കാമ (കാല്പന്ത്) കഴിഞ്ഞാല്‍ എത്ര അടി അടിക്കണമെന്ന കണക്കാണിത്. കാല്പന്ത് ജയിച്ചാല്‍ എതിര്‍ കളിക്കാരന്‍ പറഞ്ഞ അത്രയും തവണ പന്ത് അടിക്കുന്നു. ആദ്യ കല്ലിനരികേ നിന്ന് അടിക്കുകയും തുടര്‍ന്ന് പന്ത് വീണ സ്ഥലത്തുനിന്നു വീണ്ടും അടിക്കുകയും ചെയ്യുന്നതാണിതിന്റെ രീതി. ഒടുവില്‍ പന്ത് വീണ സ്ഥാനത്തു നിന്ന് എതിര്‍പക്ഷത്തുള്ള ഒരാള്‍ പന്തെടുത്ത് കൈയില്‍ വെച്ച് ശ്വാസം വിടാതെ കളിയിലെ വാക്യം പറഞ്ഞുകൊണ്ട് ഓടിച്ചെന്നു കല്ലിന്റെ അരികിലെത്തണം. ഇതോടെ തലപ്പന്തുകളി അവസാനിക്കുന്നു. (Fig. 3)

Fig. 3. തലപ്പന്തുകളി : കേരളത്തിൽ ആകമാനം പ്രചാരത്തിലുണ്ടായിരുന്ന പഴയകാല വിനോദമാണ് തലപ്പന്തുകളി. ( ചിത്രീകരണം : വിദു മോൻ)
Fig. 3. തലപ്പന്തുകളി: കേരളത്തില്‍ ആകമാനം പ്രചാരത്തിലുണ്ടായിരുന്ന പഴയകാല വിനോദമാണ് തലപ്പന്തുകളി. (ചിത്രീകരണം: വിദു മോന്‍)

ഇവയെല്ലാമാണ് കേരളത്തില്‍ പന്തുപയോഗിച്ച് കളിക്കുന്ന നാടന്‍ വിനോദങ്ങള്‍. ഈ കളികളിലെയെല്ലാം കളിയുപകരണമായ പന്ത്, കേരളത്തില്‍ സമൃദ്ധമായി ലഭിക്കുന്ന ഓല കൊണ്ട് മെടഞ്ഞെടുക്കുന്നതാണ്. വാഴയില ഉപയോഗിച്ചും തുണി ഉപയോഗിച്ചുമുള്ള പന്തുകളും ഇത്തരം കളികളില്‍ ഉപയോഗിക്കാറുണ്ട്. ഇരുചേരിയായി തിരിഞ്ഞാണ് നാടന്‍കളികള്‍ മിക്കവയും കളിക്കാറുള്ളത്.

കാലത്തിനൊത്ത പരിണാമം നാടന്‍കളിയിലും സംഭവിച്ചിട്ടുണ്ട്. ഓലപ്പന്ത്, ഇലപ്പന്ത് എന്നിവയില്‍ നിന്നു തുണിപ്പന്തിലേയ്ക്കും അതില്‍നിന്നും മറ്റ് പന്തിനങ്ങളിലേയ്ക്കും കളിപ്പന്തുകള്‍ മാറി വന്നു. അമ്പലമുറ്റങ്ങളിലും പളളിപ്പറമ്പുകളിലും വീടിനോടുചേര്‍ന്നുള്ള തൊടികളിലും കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലുമാണ് ആദ്യകാലത്ത് കളികള്‍ അരങ്ങേറിയിരുന്നെങ്കില്‍ അത് പിന്നീട് സ്‌കൂള്‍ മൈതാനങ്ങള്‍ അടക്കമുള്ള ഇടങ്ങളിലേയ്ക്കു മാറ്റപ്പെട്ടു. മുന്‍കാലത്ത് സ്ഥല ലഭ്യതയാണ് അതിര്‍ത്തികളെയും ഘടനയേയും നിശ്ചയിച്ചിരുന്നത് എങ്കിലിന്ന് അല്‍പംകൂടി കൃത്യമായ ചട്ടക്കൂടുകള്‍ ഉളളവയാണ് നാടന്‍കളികള്‍. ലാളിത്യം നാടന്‍കളിയുടെ മുഖമുദ്ര തന്നെയാണ്. ഒരു പന്തും അല്പം സ്ഥലവും ഉണ്ടെങ്കില്‍ പന്തുകളി തുടങ്ങാം.

നാടന്‍കളികള്‍ക്കും വിനോദങ്ങള്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ അനിവാര്യം തന്നെ. സ്ഥലം, കാലം, വര്‍ഗ്ഗം, ലിംഗം  എന്നിവകൊണ്ടൊക്കെ നാടന്‍കളികള്‍ക്ക് വ്യത്യസ്ത പാഠങ്ങള്‍ ഉണ്ടാകുന്നു. പാഠഭേദങ്ങളുടെ രീതിഭേദങ്ങളും മറ്റും ഒഴിവാക്കി കണിശതയുടെ മൂശയില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ നാടന്‍കളികളുടെ ഫോക് അംശം നഷ്ടമാകും. ഇത്തരത്തില്‍ ഫോക് അംശം നഷ്ടമാവുന്നത് വഴി നാടന്‍കളികളില്‍ നിന്നും വിനോദങ്ങളില്‍ നിന്നും സമൂഹമനസ്സ് ഒഴിഞ്ഞുപോകും. കളിഭേദം (പാഠഭേദം) മാണ് നാടന്‍കളിയുടെ പ്രധാന സവിശേഷത. സ്ഥലകാലങ്ങള്‍ മാറുന്നതിനനുസരിച്ച് നാടന്‍കളികളുടെ കളിഭേദങ്ങള്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നമുക്ക് കാണാനാവും. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങളെ സംസ്‌കാരപഠനത്തിന്റെയും ഫോക് ലോര്‍ പഠനത്തിന്റെയും വിശകലനോപാധികള്‍ ഉപയോഗിച്ച് പഠനവിധേയമാക്കുകവഴി സംഘബോധത്തിന്റെയും സാമൂഹികജീവിതത്തിന്റെയും  ഇന്നലെകളിലേക്ക് വെട്ടം വീഴ്ത്താനാകും.