നാടന്‍ പന്തുകളി: ഒരു കേരളീയ ജനപ്രിയ കായികവിനോദം

in Overview
Published on: 07 October 2020

അനൂപ്‌ കെ. ആര്‍. (Anoop K. R.)

മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കു കീഴില്‍ കോട്ടയം സി. എം. എസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാള ഗവേഷണകേന്ദ്രത്തിലെ ഗവേഷണവിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് സര്‍വ്വകലാശാല സംസ്കൃതവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫസര്‍ പി. സി. വാസുദേവന്‍ ഇളയത് എന്‍ഡോവ്മെന്റ് പുരസ്കാരം 2019 ല്‍ ലഭിച്ചു. 'എസ്. കെ. പൊറ്റക്കാട്ട്: സാഹിത്യലോകത്തെ സഞ്ചാരി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിപി പബ്ലിക്കേഷന്‍, കോഴിക്കോട്, 2018). വിവിധ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്കാരപഠനം, ചലച്ചിത്രം, ഫോക് ലോര്‍ എന്നിവയാണ് പ്രധാന പഠനമേഖലകള്‍.

നൂറ്റാണ്ടുകള്‍ക്കു മുമ്പേ തനതായ കായികസംസ്‌കാരം വളര്‍ത്തിയെടുത്തിരുന്നു കേരളം. നാടന്‍കളികളും, ആയോധനകലകളും ചേര്‍ന്നതാണ് കേരളത്തിന്റെ തനത് കായികരംഗം. അത്‌ കേരളീയരെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ തന്നെ താളമാണ്. നാടന്‍കളികളും വിനോദങ്ങളും അത് ഉരുവം കൊണ്ട പ്രദേശവുമായി ജൈവപരമായ ബന്ധം പുലര്‍ത്തിയിരുന്നു. ത്തരത്തിലൊരു കളിയാണ് നാടന്‍ പന്തുകളി. പാശ്ചാത്യമായ വിനോദങ്ങള്‍ കടന്നുവരുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടും നാടന്‍ പന്തുകളി ഇന്നും ജനപ്രിയമായി ഗ്രാമങ്ങളില്‍ നിലകൊള്ളുന്നു. ജാതി, മത, രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് നാടന്‍ പന്തുകളി മുഖ്യപങ്ക് വഹിച്ചിരുന്നു.

സംസ്ഥാനപുഷ്പം (കണിക്കൊന്ന), വൃക്ഷം (തെങ്ങ്), പക്ഷി (വേഴാമ്പല്‍ ), മൃഗം (ആന) എന്ന പോലെ കേരളത്തിന് ഒരു തനത് ക്രീഡാവിനോദമുണ്ടോ എന്ന അന്വേഷണമാണ് ഈ പ്രബന്ധം പരിശോധിക്കുന്നത്.പ്രബന്ധത്തെ മൂന്ന് അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. കേരളത്തിലെ ഗ്രാമീണ കളികളും വിനോദങ്ങളും എന്ന ഒന്നാം അധ്യായത്തില്‍ കളികളെ എങ്ങനെ വര്‍ഗ്ഗീകരിക്കാമെന്നും കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രധാന പന്തുകളികള്‍ ഏതെല്ലാമെന്ന് കണ്ടെത്തി ക്രമീകരിക്കുകയും, അവയെ പ്രാക്തന സാഹിത്യത്തില്‍ എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു എന്ന് അന്വേഷിക്കുകയുമാണ് ചെയ്തിരിക്കുന്നത്. നാടന്‍ പന്തുകളി: സ്വരൂപം, ധര്‍മ്മം, ശൈലീഭേദങ്ങള്‍ എന്ന രണ്ടാം അധ്യായത്തിന്‍ നാടന്‍ പന്തുകളിയുടെ ചരിത്രവും  പരിണാമ കാരണങ്ങളും വിശദമാക്കുന്നു. നാടന്‍ പന്തുകളിയും സമാനക്രീഡാ വിനോദങ്ങളും എന്ന മൂന്നാം അധ്യായത്തില്‍ നാടന്‍ പന്തുകളിയുടെ പൂര്‍വ്വരൂപം കണ്ടെത്താന്‍ ശ്രമിക്കയാണ്‌. തുടര്‍ന്ന് നാടന്‍ പന്തുകളിയുടെ ജനപ്രിയതയുടെ കാരണങ്ങള്‍, ഒരു ഫോക് വിനോദം എന്ന നിലയില്‍ നാടന്‍ പന്തുകളിയുടെ പ്രസക്തി എന്നിവ പഠനവിധേയമാക്കിയിരിക്കുന്നു.

കേരളത്തിലെ ഗ്രാമീണ കളികളും വിനോദങ്ങളും

ഗ്രാമീണജീവിതത്തിന്റ അവിഭാജ്യ ഘടകമാണ് കളിയും വിനോദങ്ങളും. പ്രാക്തന വിനോദങ്ങളും കളികളും ദേശകാലാദികള്‍ക്കും ശീതോഷ്ണങ്ങള്‍ക്കും ആരോഗ്യനിലയ്ക്കും അനുഗുണമായിട്ടുള്ളവയാണ്. സമൂഹജീവി എന്ന നിലയില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗമാണ് നാടന്‍ കളികളും വിനോദങ്ങളും. പരസ്പരം കീഴ്പ്പെടുത്താനുള്ള വാസനയുടെ സഫലീകരണമാണ് ഇത്തരം കളികളില്‍ നിഴലിക്കുന്നത്. ഇതിനുപുറമേ ജീവിതായോധനത്തിനു വേണ്ടതായ മാര്‍ഗ്ഗങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കുന്നതും കളികളിലൂടെയാണ്. അതുകൊണ്ട് തന്നെ പലകളികളിലും ജീവിതത്തിന്റെ പ്രതിഫലനം നമുക്ക് ദര്‍ശിക്കാം. ഇത്തരത്തിലുള്ള നിരവധി നാടന്‍ വിനോദങ്ങളാല്‍ സമ്പന്നമാണ് കേരളം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം വിനോദങ്ങളും ഉണ്ടായിരുന്നു. സമൂഹജീവി എന്ന നിലയില്‍ സ്വന്തം നിലനില്‍പ്പിനു വേണ്ടി ഒരു കുട്ടി നേടിയെടുക്കേണ്ടതായ കഴിവുകളെ വളര്‍ത്താന്‍ പോന്നതാണ് മിക്ക ബാലക്രീഡകളും, `സാറ്റുകളി'ക്കുമ്പോഴും `കാക്കത്തൊട്ടുകളി'ക്കു മ്പോഴും മറ്റും കുട്ടിയെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒറ്റപ്പെട്ട കുട്ടി അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും വ്യക്തി വിധേയനാകേണ്ടി വരും. അപ്പോള്‍ ഭീരുവാകാതിരിക്കാനും, അതിനെതിരെ പ്രതിരോധം തീര്‍ക്കാനും ഇത്തരം കളികളില്‍ നിന്നുള്ള പരിശീലനം അവനെ സഹായിക്കും. യുവാക്കളുടെ കളികള്‍ മിക്കവയും കായിക പ്രധാനമാണ്. മെയ് വഴക്കത്തിനും ആരോഗ്യപരിപാലനത്തിനും ഇത്തരം കളികള്‍ അവസരം ഒരുക്കുന്നു. ഉദാ: കുടുകുടു (കബഡി), കിളിത്തട്ടുകളി. സ്ത്രീകളുടെ വിനോദങ്ങള്‍ എല്ലാം തന്നെ ആയാസരഹിതമായവയാണ് അക്ഷരക്കളി, കല്ലുകളി എന്നിവയാണ് ഇവയിലധികവും (ഉദാ. അക്ക്കളി, കല്ലുകൊത്തിക്കളി). ആയാസരഹിതവും ഇരിക്കുന്നിടത്തിരുന്ന് കളിക്കാന്‍ സാധിക്കുന്നവയുമാണ് വൃദ്ധരുടെ വിനോദങ്ങള്‍ (ഉദാ: ചതുരംഗം, എട്ടുംകുറ്റികളി, പകിടകളി).

കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ നിരവധി ഗ്രാമീണ വിനോദങ്ങളും കളികളും നിലവിലുണ്ടായിരുന്നു. അവയില്‍ മിക്കവയും ഇന്ന് പ്രചാരത്തിലില്ല. നാടന്‍ കളികളുടെ ഇടങ്ങള്‍ മറ്റു പല വിനോദങ്ങളും കൈയ്യേറി. കാലത്തിന്റെ കുത്തൊഴുക്കിനേയും പാശ്ചാത്യ പരിഷ്‌കാരഭ്രമത്തേയും അതിജീവിച്ച് നാട്ടിന്‍പുറങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ചില പ്രധാന നാടന്‍ കളികളും വിനോദങ്ങളും ഏതൊക്കെയെന്നു നോക്കാം.

കാരകളി, കുറ്റിപ്പന്തുകളി, അച്ചും തലയും കളി, പൂപറിക്കാന്‍ പോരുന്നോ, വട്ടം വട്ടം നാരങ്ങാ, ഉറിയടി, കട്ടയടി, ചെണ്ടടിച്ചുകളി, പറ പറ, പെണ്ണിനെ തരുമോ, ചമ്പഴുക്കാക്കളി, കണ്ണാരം പൊത്തി, കണ്ണുപൊത്തിക്കളി, സാറ്റുകളി, ചീട്ടുകളി, അമ്പെയ്ത്ത്, അപ്പച്ചെണ്ടുകളി, ആന-മയില്‍-ഒട്ടകം കളി, അമ്മാനക്കളി, ആട്ടക്കളി, കുട്ടീം കോലും, ഉണ്ടയും കോലും കളി, ഉപ്പു സോഡി, തട്ടുപന്തുകളി, കൊത്തന്‍കളി, കൊതിയന്‍ കളി, കുഴിപ്പന്തുകളി, കൊരട്ടകളി/കശുവണ്ടികളി, തലപ്പന്തുകളി, അക്കുകളി, ലതികളി, നായും പുലിം കളി, എട്ടും കുറ്റീം കളി, ഏണീം പാമ്പും കളി, കുടു കുടു (കബഡികളി), കണ്ണുകെട്ടിക്കളി, വട്ടുകളി, ചതുരംഗം, ചൂതുകളി, തൂപ്പുകളി, ഓണത്തല്ല്, തീപ്പെട്ടിക്കളി, പട്ടംപറത്തല്‍, വാഴേക്കേറ്റം, മുളകയറ്റം, വള്ളംകളി എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര കളികളും വിനോദങ്ങള്‍ കൊണ്ടും സമ്പന്നമാണ് നമ്മുടെ നാട്. ഈ കളികളുടെ വകഭേദങ്ങള്‍ മറ്റു ചില നാടുകളിലും കണ്ടെന്നു വരാം. ഇത്തരത്തില്‍ അനന്തമായിക്കിടക്കുന്ന കളികളേയും വിനോദങ്ങളേയും ചില സവിശേഷതകളുടെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കാം.

പന്തുകളികളും പ്രാക്തനസാഹിത്യവും

കളിക്കളം വിട്ടതും കളിക്കളം നിറഞ്ഞാടുന്നതുമായ കളികളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ പലപ്പോഴും എത്തി നില്‍ക്കുന്നത് പ്രാക്തനസാഹിത്യങ്ങളിലായിരിക്കും. എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും സവിശേഷമായ പന്തുകളികള്‍ നമുക്കു കാണാം. ചൈനയിലെ പ്രാചീന വിനോദമായ സു ചു (tsuchu), ജപ്പാനിലെ കൊമാരി (kemari), ഗ്രീക്കിലെ എപിസ്‌കിറോസ്, റോമന്‍ കളിയായ ഹാര്‍പസ്റ്റം, ഇറ്റലിയിലെ കാല്‍മിയോ തുടങ്ങിയ വിനോദങ്ങളെ സംബന്ധിക്കുന്ന രേഖകള്‍ അതാതു രാജ്യങ്ങളിലെ പ്രാക്തന സാഹിത്യങ്ങളില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. അതിപ്രാചീനകാലത്തെ വിനോദങ്ങളെ സംബന്ധിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. ഇതിഹാസ-പുരാണ കാലം മുതല്‍ക്കുള്ള കളികളേയും വിനോദങ്ങളേയും സംബന്ധിക്കുന്ന സൂചനകള്‍ ആ കൃതികളുടെ വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്.

കേരളത്തിലെ പന്തുകളികളെ സംബന്ധിക്കുന്ന ആദ്യകാല പരാമര്‍ശങ്ങള്‍ പലതും നമ്മുടെ പ്രാക്തനസാഹിത്യങ്ങളിലാണുള്ളത്. ചതുരംഗം, വള്ളംകളി, മല്ലയുദ്ധം, അമ്പെയ്ത്ത്, ജലക്രീഡകള്‍, ചൂതാട്ടം, കൈകൊട്ടിക്കളി, ചീട്ടുകളി തുടങ്ങിയ വിനോദങ്ങളെ സംബന്ധിക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ പ്രാക്തനസാഹിത്യങ്ങളിലുണ്ട്. സംഘകാലസാഹിത്യകൃതികള്‍, നാടന്‍പാട്ടുകള്‍, തുള്ളല്‍ പാട്ടുകള്‍ എന്നിവയില്‍ എല്ലാം ഗ്രാമീണ കളികളെയും വിനോദങ്ങളേയും സംബന്ധിക്കുന്ന പരാമര്‍ശങ്ങളുണ്ട്.

ഒരിക്കല്‍ കൗരവരും പാണ്ഡവരും പന്തുകളിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പന്ത് കിണറ്റില്‍ വീണുപോയി. ഇതെടുക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും അവര്‍ക്ക് സാധിച്ചില്ല. ഇതിനിടയിലാണ് ദ്രോണാചാര്യരുടെ കടന്ന് വരവ്.

കുമാരന്മാരൊരുദിനം

പുരംവിട്ടു പുറത്തുപോയി

കാരോട്ടും കളിയായിട്ടും

വീരന്‍ നന്ദിച്ചുകൂടിനാര്‍

അവര്‍ തട്ടിക്കളിക്കുമ്പോല്‍

കിണറ്റില്‍ കാര വീണുപോയ്

(കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 1965:887)

മന്ത്രം ജപിച്ച് അമ്പ് തൊടുത്ത് ദ്രോണാചാര്യര്‍ കാരപ്പന്ത് പുറത്തെടുത്തു. മഹാഭാരത വിവര്‍ത്തനത്തില്‍ നിന്ന് പന്തുകളിയെ സംബന്ധിച്ച് ലഭിക്കുന്ന സൂചനയാണിത്.

ഇന്നത്തെ തലമുറയ്ക്ക് അന്യമായ പല നാടന്‍ കളികളേയും വിനോദങ്ങളേയും സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ പഴയ നാടന്‍ പാട്ടുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ആരോമുണ്ണീ തന്റെ ചങ്ങാതിയായ അടിയോടിയേയും കൂട്ടി കാറകളി കാണാന്‍ പോകുന്നതായ് വടക്കന്‍പാട്ടില്‍ പരാമര്‍ശമുണ്ട്.

കാറപ്പറമ്പിലും ചെന്നിതല്ലോ

കാറവിളി മൂന്ന് വിളിവിളിച്ചു

വിളിച്ചവിളി കേട്ടു കാറപ്പിള്ളേര്‍

അഞ്ഞൂറും മുന്നൂറും പിള്ളേരെത്തി

രണ്ടായി പകുത്തു കളി തുടങ്ങി

ഉയര്‍ന്ന പുറം നോക്കി ആരോമുണ്ണി

കാറമണി കൊട്ടി കളി തുടങ്ങി.

(എം.വി. വിഷ്ണുനമ്പൂതിരി 1981:145).

തച്ചോളിച്ചന്തുവും കേളുവും കാറകളിക്കാന്‍ പോയിരുന്നതായി ചില വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശമുണ്ട്.

കാറവടികളെടുത്തു വേഗം

കാറപ്പറമ്പിലേക്കങ്ങുപോയി

വന്നു പിള്ളേരോടൊത്തുകൂടി

പേരതു ചൊല്ലീട്ടു മണിയടിച്ചു

ചെറ്റു കളിച്ചു കളി നിറുത്തി.

(എം.വി. വിഷ്ണുനമ്പൂതിരി 2000:27).

പൊന്നിറഞ്ഞാള്‍കഥ എന്ന തെക്കന്‍ പാട്ട്കഥയില്‍ പൊന്നിറഞ്ഞാല്‍ തോഴിമാരോടൊപ്പം പന്തടിച്ചു കളിക്കുന്നതായി പരാമര്‍ശമുണ്ട്.

പൊന്നും പന്തും തങ്കപ്പന്തും

പൊന്നിറഞ്ഞാള്‍ കൈലെടുത്താള്‍

തോഴിയാള്‍കള്‍ ഓലപ്പന്തും

ചീലപ്പന്തും നീലപ്പന്തും

ഈയപ്പന്തും  ഇതരപ്പന്തും

ഏന്തിഴമാര്‍ കൈയിലെടുത്താള്‍

(എം.വി. വിഷ്ണുനമ്പൂതിരി 2000:39).

ഇതുകൂടാതെ കതിവനൂര്‍വീരന്‍ തോറ്റത്തിലും, ഊര്‍പ്പഴച്ചിതോറ്റത്തിലും, സംഘകാലകൃതിയായ മണിമേഖല, ഗുണ്ടര്‍ട്ടിന്റെ മലയാളം-മലയാളം നിഘണ്ടു, ‘മലയാളം ഇംഗ്ലീഷ് നിഘണ്ടു, റവ.റിച്ചാര്‍ഡ്കോളിന്‍സിന്റെ മലയാള നിഘണ്ടു ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി തുടങ്ങിയവയിലെല്ലാം പന്തുകളികളെ സംബന്ധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ഇവയെല്ലാം വ്യക്തമാക്കുന്നത് കേരളത്തിന്റെ സമൃദ്ധമായ പന്തുകളി പാരമ്പര്യത്തിന്റെ ഇന്നലെകളെയാണ്.      

നാടന്‍ പന്തുകളി: സ്വരൂപം, ധര്‍മ്മം, ശൈലീഭേദങ്ങള്‍

ലോകത്താകമാനം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ പന്തുകൊണ്ടുള്ള കളികള്‍ കാണുവാന്‍ കഴിയും. കളിക്കുന്ന രീതിയില്‍ മാത്രമല്ല പന്തിന്റെ രൂപത്തിലുമുണ്ട് വൈവിദ്ധ്യങ്ങള്‍. ഫുട്ബോളിനു വളരെ വലിപ്പമുള്ള പന്താണെങ്കില്‍ ബാഡ്മിറ്റന്റെ പന്ത് വലിപ്പം കുറഞ്ഞതും പഞ്ഞിക്കെട്ടുപോലുള്ളതുമാണ്. അതുപോലെതന്നെ ക്രിക്കറ്റ്, ടെന്നീസ്ബോള്‍, ബേസ്ബോള്‍, ഹോക്കി, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ഗോള്‍ഫ്, ടേബിള്‍ടെന്നീസ് തുടങ്ങിയ കളികള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. ഇതിലുപയോഗിക്കുന്ന പന്തിനുമുണ്ട് വൈവിദ്ധ്യം.

ഓരോ ദേശത്തിനും അതിന്റേതായ തനിമ വെളിപ്പെടുത്തുന്ന ചില വിനോദങ്ങള്‍ കാണുവാന്‍ കഴിയും. കുട്ടനാട്ടുകാര്‍ക്ക് വള്ളംകളിപോലെ, തൃശ്ശൂരുകാര്‍ക്ക് പുലികളിപോലെ കോട്ടയക്കാര്‍ക്ക് ആവേശം പകരുന്ന ഒരുവിനോദമാണ് തോല്‍പ്പന്തുകളിയെന്നും വെട്ടുപന്തുകളിയെന്നുമെല്ലാം അറിയപ്പെടുന്ന നാടന്‍ പന്തുകളി.കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശങ്ങളായ പാമ്പാടി, പുതുപ്പള്ളി, മീനടം, പാത്താമുട്ടം, തോട്ടയ്ക്കാട്, വാകത്താനം, അഞ്ചേരി, പയ്യപ്പാടി, ഐങ്കൊമ്പ്, കുഴിമറ്റം, മണര്‍കാട്, പേരൂര്‍, മാങ്ങാനം, നെല്ലിക്കല്‍, മുട്ടമ്പലം, പാറമ്പുഴ, തൃക്കൊടിത്താനം, കുറിച്ചി, കൂരോപ്പട, ഇല്ലിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതിറ്റാണ്ടുകളായി നാടന്‍ പന്തുകളി വളരെ ആവേശത്തോടെ നടത്തിപ്പോരുന്നു.

പണ്ടുകാലത്ത് വാശിയേറിയ മത്സരങ്ങള്‍ എവിടെയും ദൃശ്യമായിരുന്നു. ക്രിക്കറ്റ് ഭ്രാന്ത് നാട്ടിന്‍പുറത്തേക്ക് കടന്നു വന്നതും ടെലിവിഷന്റെ 24 ഇഞ്ചില്‍ ആസ്വാദനലോകം ചുരുങ്ങിയതും നാടന്‍ പന്തുകളിയില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയെങ്കിലും അതിന്റെ ആവേശത്തെ പൂര്‍ണ്ണമായി തല്ലിക്കെടുത്താന്‍ പോന്നതായിരുന്നില്ല അവയൊന്നും. നാടന്‍ പന്തുകളി അതിന്റെ സുവര്‍ണ്ണകാലത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന കാഴ്ചയാണ് ഗ്രാമങ്ങളില്‍ ഇന്ന് ദൃശ്യമാകുന്നത്.

കളിപ്പന്തും കളിക്കളവും

കുട്ടികളേയും മുതിര്‍ന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്ന നാടന്‍ പന്തുകളിയിലെ പന്ത് മറ്റ് പന്തുകളില്‍ നിന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. മുതിര്‍ന്നവര്‍ തുകലുകൊണ്ടുണ്ടാക്കിയ പന്താണ് ഉപയോഗിക്കുന്നതെങ്കില്‍ കുട്ടികള്‍ തെങ്ങോലകൊണ്ടോ പനയോലകൊണ്ടോ മെടഞ്ഞെടുക്കുന്ന ഓലപ്പന്താണ് ഉപയോഗിക്കുന്നത്. അത് കാലക്രമത്തില്‍ തുണിപ്പന്തിലേയ്ക്കും റബര്‍പ്പന്തിലേയ്ക്കും വഴിമാറി. കളിക്കുപയോഗിക്കുന്ന തോല്‍പ്പന്ത് ഇളംകന്നിന്റെ (പോത്തിന്റെ) തുകല്‍ പാകപ്പെടുത്തി 3 മുതല്‍ 6 ഇഞ്ച് വരെ വ്യാസമുള്ള പരന്നുരുണ്ട പന്താണ് ഉപയോഗിക്കുന്നത്. തുകലുകൊണ്ടുണ്ടാക്കുന്ന ഉറയ്ക്കകത്ത് നാടന്‍പഞ്ഞി/ചകിരിയോ നിറച്ച് തുന്നിക്കെട്ടിയാണ് പന്ത് രൂപപ്പെടുത്തുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ച തോല്‍പ്പന്തിന്റെ ഇരുവശങ്ങളിലും ചെമ്പരത്തിപ്പൂവ് തേച്ച്പിടിപ്പിച്ച് പന്ത് മയക്കിയെടുക്കുന്നു. 1970 കള്‍ക്ക് ശേഷമാണ് തുകല്‍പ്പന്ത് വ്യാപകമാകുന്നത്. അതുവരെ സാധാരണ മത്സരങ്ങളില്‍ തുണിപ്പന്താണ് ഉപയോഗിച്ചിരുന്നത്. നാടന്‍പന്ത് നിര്‍മ്മിക്കുന്നവര്‍ (പന്ത് കുത്തുന്നവര്‍) ധാരാളമുണ്ടായിരുന്നുവെങ്കിലും പുതുതലമുറ തോല്‍പ്പന്ത് നിര്‍മ്മാണത്തെ പാടെ തഴഞ്ഞിരിക്കുകയാണ്. വാകത്താനം സ്വദേശിയായ കരിപ്പാല്‍ കുഞ്ഞുമോന്‍ മാത്രമാണ് ഇപ്പോള്‍ നാടന്‍പന്ത് നിര്‍മ്മിക്കുന്ന ഏക വ്യക്തി. ഓരോ സീസണിലും ആയിരത്തോളം പന്തുകളാണ് ഇദ്ദേഹം നിര്‍മ്മിക്കുന്നത്. തോല്‍പ്പന്ത് നിര്‍മ്മിക്കാന്‍ അറിയാവുന്നവര്‍ ഇല്ലായെന്നാണ് നാടന്‍ പന്തുകളി നേരിടുന്ന പ്രധാന വെല്ലുവിളി.

കൊച്ചുകുട്ടികള്‍ നാടന്‍ പന്തുകളിയ്ക്ക് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത് ഓലക്കാലുകൊണ്ടു മെടഞ്ഞെടുത്ത ഓലപ്പന്തുകളാണ്. ചിലയിടങ്ങളില്‍ വാഴയിലയും വാഴനാരും കൊണ്ടുണ്ടാക്കുന്ന ഇലപ്പന്തുകളും ഉപയോഗിച്ചിരുന്നു. പിന്നീട് കുട്ടികള്‍ തുണിപ്പന്ത് ഉപയോഗിച്ച് തുടങ്ങി. കോട്ടന്‍തുണിയും റബര്‍പാലും ഉപയോഗിച്ചാണ് പന്ത് നിര്‍മ്മിക്കുന്നത്. മുതിര്‍ന്നവര്‍ മൈതാനങ്ങള്‍ കൈയടക്കുമ്പോള്‍ കുട്ടികളുടെ കളി ഇടവഴികളിലും തൊണ്ടുകളിലുമായിരുന്നു. കുട്ടികള്‍ക്കായി നാടന്‍ പന്തുകളിയുടെ ടൂര്‍ണമെന്റുകള്‍ പോലും പല ക്ലബ്ബുകളും നടത്തിയിരുന്നു. കോട്ടയത്തെ പ്രധാന ഹൈസ്‌കൂളുകള്‍ക്കെല്ലാം നാടന്‍ പന്തുകളി ടീമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുക പതിവായിരുന്നു. എന്നാല്‍ ഇന്ന് മുതിര്‍ന്നവരുടെ മാത്രം കളിയായി നാടന്‍ പന്തുകളി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍/വീഡിയോ ഗെയിംസ്, ക്രിക്കറ്റ് തുടങ്ങിയവ നാടന്‍ പന്തുകളിയുടെ ഇടങ്ങളിലേയ്ക്ക് കടന്നുവരുകയും കുട്ടികളുടെ ഇടയില്‍ സ്വീകാര്യത രൂപപ്പെടുത്തുകയും ചെയ്തു.

കളിക്കളത്തിന്റെ കാര്യത്തിലുമുണ്ട് വൈവിദ്ധ്യം. 55 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘചതുരാകൃതിയാണ് കളിക്കളത്തിന്. (Fig.1)  വെട്ടുകള(ക്രീസ്)ത്തിന്റെ നീളം 2 മീറ്ററായിരിക്കും. അതിര്‍ത്തികള്‍ കുമ്മായം കൊണ്ട് അടയാളപ്പെടുത്തുന്ന കളിക്കളത്തിന്റെ നാലുമൂലകളിലും കൊടിക്കാലുകള്‍ ഉയര്‍ത്തുന്ന പതിവുണ്ട്. മൈതാനത്തിന്റെ വലിപ്പവ്യത്യാസമനുസരിച്ച് കളിക്കളത്തിന് വ്യത്യാസമുണ്ടാകും. ആദ്യകാലത്ത് വീടിന്റെ തൊടിയിലോ, അമ്പലമുറ്റത്തോ പളളിമുറ്റത്തോ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലോ ആണ് നാടന്‍ പന്തുകളി അരങ്ങേറിയിരുന്നത്. അമ്പലമുറ്റങ്ങളും പളളിമുറ്റങ്ങളും അടച്ചുകെട്ടുകയും വീടിന് തൊടികള്‍ ഇല്ലാതാകുകയും, വയലേലകള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ പണിയുകയും ചെയ്യുന്നതോടെ കളിയിടങ്ങള്‍ അന്യമായി. ഇതേ തുടര്‍ന്ന് കളികള്‍ സ്‌കൂള്‍ മൈതാനങ്ങളില്‍ മാത്രമായി ഒതുങ്ങി.

Fig. 1. പന്തുകളം : നാടന്‍ പന്തുകളി നടക്കുന്ന മൈതാനം 'പന്തുകളം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 55 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള ദീർഘ ചതുരാകൃതിയാണ് കളിക്കളത്തിനുള്ളത്. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 1. പന്തുകളം: നാടന്‍ പന്തുകളി നടക്കുന്ന മൈതാനം 'പന്തുകളം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 55 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘ ചതുരാകൃതിയാണ് കളിക്കളത്തിനുള്ളത്. കടപ്പാട് ജിബി ഫുള്‍ഫ്രയിം

നാടന്‍ പന്തുകളി: ഇന്നലെ ഇന്ന്

ഓരോ കര/പ്രദേശത്തിന്റെ പേരിലാണ് ടീമുകള്‍ മത്സരിച്ചിരുന്നത് (ഇപ്പോഴും ഇത് തുടരുന്നു). പുതുപ്പള്ളി, പാമ്പാടി, പയ്യപ്പാടി, വാകത്താനം, അഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ പ്രശസ്തമായ ടീമുകളുണ്ടായിരുന്നു. പ്രശസ്തരും പ്രഗല്‍ഭരായ നിരവധി കളിക്കാരെ വാര്‍ത്തെടുക്കാന്‍ പ്രാദേശിക ടീമുകള്‍ക്ക് കഴിഞ്ഞിരുന്നു. ഈരാച്ചേരികൊച്ച്, കാരാപ്പുഴ ബാബു, കുറിച്ചിഷാജി, നാട്ടകം ഷാജി, ഗരുഡന്‍ സണ്ണി, അമ്പാട്ട് അപ്പച്ചന്‍, കുഞ്ഞൂഞ്ഞ് വലിയവീട്ടില്‍, മിന്നല്‍ തമ്പി, മഠത്തില്‍ അച്ചന്‍, മണര്‍കാട് ഇരവി തുടങ്ങിയവര്‍ നാടന്‍ പന്തുകളിയില്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ചവരാണ്.

1970 കളില്‍ കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്‌ ഒരു നാടന്‍ പന്തുകളി ടീം ഉണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ആ ടീമും ഇല്ലാതായി. നാടന്‍ പന്തുകളിയില്‍ തനതായശൈലികള്‍ രൂപപ്പെട്ടിട്ടുണ്ട്, ഇരവിക്കളി എന്നാണ് ഈ ശൈലിയുടെ പേര്. മണര്‍കാട് സ്വദേശിയായ ഇരവിയുടെ കേളിശൈലിയാണ് ഇരവിശൈലിയായി രൂപപ്പെട്ടത്. ഇണ്ടന്‍ കളിക്കുമ്പോള്‍ വെട്ടുകളത്തില്‍ നിന്നും ഉയര്‍ത്തിയടിക്കുന്ന പന്ത് വെട്ടുകളത്തിന്റെ പത്തടി ഇപ്പുറം നിന്ന് കൈയിലൊതുക്കുകയും ഉരുണ്ടാണ് വരുന്നതെങ്കില്‍ തൊഴിച്ച് അതിര്‍ത്തി കടത്തുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആക്രമണോത്സുകമായ ഈ ശൈലിയാണ് ഇരവിശൈലി എന്നറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി കോട്ടയം ജില്ലയിലെ ഗ്രാമങ്ങളില്‍ നാടന്‍ പന്തുകളി ടൂര്‍ണമെന്റുകള്‍ നടന്നുവരുന്നു. സുരഭി റിക്രിയേഷന്‍ ക്ലബ്, പുതുപ്പള്ളി യംങ്സ്റ്റേഴ്സ് ക്ലബ്, കീര്‍ത്തി ക്ലബ്ബ്, കോട്ടയം-മണര്‍കാട്-വെള്ളൂര്‍- വൈ.എം.സി.എ. കള്‍ പ്രാദേശികമായ ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബുകള്‍, പബ്ലിക് ലൈബ്രറികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പ്രധാനമായും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കപ്പെട്ടത്. ഇതില്‍ പല ക്ലബ്ബുകളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. 1960 ല്‍ കോട്ടയം തിരുനക്കര മൈതാനത്ത് (കമ്പിക്കളം) വിപുലമായ രീതിയില്‍ നാടന്‍ പന്തുകളി മത്സരം സങ്കടിപ്പിക്കപ്പെട്ടു. നാടന്‍ പന്തുകളി പ്രേമികളും, പ്രാദേശിക ക്ലബ്ബുകളും ഒത്തുചേര്‍ന്നാണ് ഇത്തരമൊരു ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയത്. 1963 ല്‍ അഖിലകേരള ബാലജനസഖ്യം പുതുപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തില്‍ ചീരക്കുളം ഗവ. എല്‍.പി.സ്‌കൂളിന്റെ മുറ്റത്ത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി നാടന്‍ പന്തുകളി (ജൂനിയര്‍ ടൂര്‍ണമെന്റ്) സംഘടിപ്പിച്ചു. ബാബുരാജ് (കോട്ടയം ബാബുരാജ്) ക്യാപ്റ്റനായുള്ള മീനടം ലൗലി ബാലജനസഖ്യത്തിന്റെ ടീമാണ് ഈ ടൂര്‍ണമെന്റില്‍ വിജയിച്ചത്. കരിപ്പാന്‍ കുഞ്ഞുമോന്‍, കോട്ടയം ബാബുരാജ് തുടങ്ങിയവര്‍ ഈ ടൂര്‍ണമെന്റിലൂടെയാണ് നാടന്‍ പന്തുകളിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെടുത്തത്.

1978 ല്‍ കോട്ടയം വൈ.എം.സി.എ. നാഗമ്പടം മൈതാനത്ത് അഖില കേരള നാടന്‍ പന്തുകളി മത്സരം സംഘടിപ്പിച്ചു. ഇ.വി.ജേക്കബ് ട്രോഫിയ്ക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട ഈ ടൂര്‍ണമെന്റില്‍ ഓരോ കര/പ്രവേശത്തെ പ്രതിനിധീകരിച്ച് 9 ടീമുകളാണ് പങ്കെടുക്കുന്നത്. വെള്ളൂര്‍, കോട്ടയം ടീമുകള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഇതില്‍ വെള്ളൂര്‍ വിജയിച്ചു. 1982 ല്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ അഞ്ചേരി പന്തുകളി ടീമും കോട്ടയം പോലീസ് പന്തുകളി ടീമും തമ്മില്‍ ഒരു പ്രദര്‍ശനമത്സരം നടന്നിരുന്നു. ഇതില്‍ മിന്നല്‍ തമ്പിയുടെ നേതൃത്വത്തലുള്ള അഞ്ചേരി ടീം വിജയിച്ചു. കോട്ടയം വൈ.എം.സി.എ. യുടെ നേതൃത്വത്തില്‍ത്തന്നെ 2002 ഏപ്രില്‍ 15 മുതല്‍ 23 വരെ നാഗമ്പടം മൈതാനിയില്‍ നാടന്‍ പന്തുകളി ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പാമ്പാടി, പുതുപ്പള്ളി, ചമ്പക്കര, പേരൂര്‍, കുഴിമറ്റം, തോട്ടയ്ക്കാട്, മണര്‍കാട്, വാകത്താനം എന്നീ കരക്കാരുടെ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പുതുപ്പള്ളിയും പാമ്പാടിയും തമ്മില്‍ നടന്ന ഫൈനലില്‍ പുതുപ്പള്ളി വിജയിച്ചു. 1963 ല്‍ നടന്ന കുട്ടികള്‍ക്കായുള്ള നാടന്‍ പന്തുകളിയ്ക്ക് തുടര്‍ച്ചയൊന്നുമുണ്ടായില്ല. നീണ്ട 48 വര്‍ഷങ്ങള്‍ക്ക് ശേഷം കേരള നേറ്റീവ്ബോള്‍ അസോസിയേഷന്റെ ശ്രമഫലമായി 2011 ല്‍ ജൂനിയര്‍ വിഭാഗത്തിനായി നാടന്‍ പന്തുകളി മത്സരം സംഘടിപ്പിക്കപ്പെട്ടു. വിവിധ കരകളെ പ്രതിനിധീകരിച്ച് 12 ടീമുകള്‍ പങ്കെടുത്തു.

നേറ്റീവ്ബോള്‍ അസോസ്സിയേഷന്‍ പ്രാദേശിക ക്ലബ്ബുകള്‍, യുവജന പ്രസ്ഥാനങ്ങള്‍, പബ്ലിക് ലൈബ്രറികള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്താല്‍ ഗ്രാമങ്ങളില്‍ സജീവമായ നാടന്‍ പന്തുകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പുതുപ്പള്ളി ഹൈസ്‌കൂള്‍ മൈതാനം (പ്രധാന നാടന്‍ പന്തുകളി മത്സരങ്ങള്‍ നടത്തപ്പെടുന്നത് ഈ മൈതാനത്താണ്). മണര്‍കാട് സ്‌കൂള്‍ മൈതാനം, വെള്ളൂര്‍ പി.റ്റി.എം.സ്‌കൂള്‍ മൈതാനം തുടങ്ങിയ കളിയിടങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. നാടന്‍ പന്തുകളി സ്ഥിരമായി അരങ്ങേറുന്ന മൈതാനങ്ങള്‍ പന്തുകളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓണക്കാലവും മധ്യവേനല്‍ അവധിക്കാലവുമാണ് പ്രധാന മത്സരക്കാലം. അല്ലാത്ത സമയം വിനോദത്തിനായി പ്രാദേശിക കൂട്ടായ്മയ്ക്കുള്ളിലാണ് മത്സരം നടത്തപ്പെടുന്നത്.

ഒരു ദേശത്തിന്റെ മുഴുവന്‍ ആവേശമായ നാടന്‍ പന്തുകളിയ്ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണയോ സഹായമോ ലഭിക്കുന്നില്ല. ഏഴു ജില്ലകളില്‍ പ്രചാരമുള്ള കളികള്‍ക്കു മാത്രമേ സ്പോട്സ് വിഭാഗത്തിന്റെ പരിഗണന ലഭിക്കൂ എന്ന നിബന്ധനയാണ് മുഖ്യതടസ്സം. കേരളാ നേറ്റീവ്ബോള്‍ ഫെഡറേഷന്‍, കോട്ടയം ജില്ലാ നേറ്റീവ്ബോള്‍ അസോസിയേഷന്‍, പുതുപ്പള്ളി നേറ്റീവ്ബോള്‍ ഫെഡറേഷന്‍, പുതുപ്പള്ളി നേറ്റീവ്ബോള്‍ അസോസിയേഷന്‍ തുടങ്ങി മറ്റ് പ്രാദേശിക ക്ലബ്ബുകളുടേയും നാടന്‍ പന്തുകളി പ്രേമികളുടേയും ശ്രമഫലമായി നാടന്‍ പന്തുകളിയുടെ നിയമങ്ങള്‍ ഏകീകരിക്കുന്നതിനും മറ്റ് ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇത്തരം പരിശ്രമങ്ങളുടെ ഫലമായി അഖിലകേരളാ അടിസ്ഥാനത്തില്‍ നടത്തുന്ന നാടന്‍ പന്തുകളി മത്സരത്തില്‍ കോട്ടയം ജില്ലയ്ക്ക് പുറത്തുള്ള കമ്പംമേട് (ഇടുക്കി), അടൂര്‍ (പത്തനംതിട്ട) പന്തുകളി ടീമുകള്‍ എത്തിത്തുടങ്ങി. കോട്ടയം ജില്ലയില്‍ നിന്നും തൊഴില്‍ തേടി വിദേശരാജ്യങ്ങളിലെത്തിയവര്‍ അതാത് രാജ്യങ്ങളില്‍ കഴിഞ്ഞ കുറേ കാലങ്ങളായി 'നാടന്‍ പന്തുകളി' സംഘടിപ്പിക്കുന്നുണ്ട്.

കളികളുടേയും വിനോദങ്ങളുടേയും ധര്‍മ്മങ്ങള്‍

മാനുഷികമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഏതെങ്കിലും തരത്തിലുള്ള ധര്‍മ്മം നിര്‍വ്വഹിക്കുവാനുണ്ടാകും. മനസ്സിന് ഉന്മേഷവും ആഹ്ലാദവും പ്രദാനം ചെയ്യുകയെന്നതാണ് നാടന്‍ കളികളുടേയും വിനോദങ്ങളുടേയും പ്രധാന ധര്‍മ്മം. ചില കളികളും വിനോദങ്ങളുമെല്ലാം ബുദ്ധിപരമായ വികാസത്തിന് ഉതകുന്നതാണ്. ചതുരംഗം, ചീട്ടുകളി തുടങ്ങിയ കളികളെല്ലാം ഇത്തരം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്.

അനുഭവജ്ഞാനം, കര്‍മനിര്‍വ്വഹണസാമര്‍ഥ്യം, പ്രതിപക്ഷ ബഹുമാനം, നിയമവിധേയത്വം, ക്രിയാത്മകമായ അഭിരുചി എന്നിവ വ്യക്തികളില്‍ ഉണര്‍ത്തുന്നതിന് ക്രീഡാ വിനോദങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സമൂഹക്രീഡയില്‍ ഏര്‍പ്പെടുകവഴി മാനസിക ഐക്യമുള്ളവരായി വ്യക്തികള്‍ മാറുന്നു. പരസ്പരം കീഴ്പ്പെടുത്താനുള്ള വാസനയുടെ സഫലീകരണവും സമൂഹത്തിന്റെ വൈരുദ്ധ്യങ്ങളുടെ അബോധതലത്തിലുള്ള സമതുലനവും നാടന്‍ കളികളുടെ ധര്‍മ്മമാണ്. വിഭിന്ന കൂട്ടായ്മകള്‍ക്കിടയിലുള്ള അധിനിവേശവാഞ്ഛ ഉള്‍പ്പടെ മനസ്സില്‍ അടക്കിയ വികാരങ്ങളെ കളിയിലൂടെ ഉണര്‍ത്തിയവസാനിപ്പിക്കുന്നു. ഇതിലൂടെ വികാരവിരേചനം സംഭവിക്കുന്നു.

സമഭാവന, നിസ്വാര്‍ത്ഥത, സംഘബോധം, അന്വേഷണശീലം, നിര്‍മ്മാണ കൗശലം, സഹകരണം, ആത്മത്യാഗം, വിശ്വസ്തത, ചുമതലാ ബോധം, ജാഗരൂകത, ധൈര്യം തുടങ്ങിയ ശീലങ്ങളും ഗുണങ്ങളും പരിശീലിക്കാനുള്ള ഇടമായി കളിയും കളിയിടങ്ങളും മാറുന്നു.

നിര്‍മ്മാണ വാസനയ്ക്കൊപ്പം നശീകരണവാസനയും മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ്. ഇതിന്റെ സഫലീകരണവും നാടന്‍ കളികളിലൂടെ സാധ്യമാകുന്നു. മനുഷ്യനില്‍ അധികമായുണ്ടാകുന്ന ഊര്‍ജ്ജത്തെ ചോര്‍ത്തിക്കളയുന്നതിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ നിഷ്പ്രയാസം ചലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വ്യക്തിക്ക് അനുകൂലമായ സാഹചര്യം നാടന്‍കളികള്‍ രൂപപ്പെടുത്തുന്നു. ഇത്തരത്തില്‍ വ്യക്തിയെ സമൂഹജീവിയാക്കുന്നതില്‍ നാടന്‍ കളികള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

കളിമ്പത്തിന്റെ ശൈലീഭേദങ്ങള്‍

രണ്ട് ടീമുകളിലായാണ് മത്സരം ഓരോ ടീമിലും ഏഴുപേരു വീതം ഉണ്ടായിരിക്കും. വെറും കൈയ്യും കാലുമുപയോഗിച്ചാണ് കളിക്കുന്നത്; ഗ്ലൗസോ ഷൂസോ ഉപയോഗിക്കുന്നില്ല. തികച്ചും ഗ്രാമ്യമായ പദങ്ങളാണ് കളിയുടെ ഓരോ ഘട്ടത്തിലും പണ്ടുമുതല്‍ക്കേ ഉപയോഗിക്കുന്നത്. ഒറ്റ, പെട്ട, പിടിയൻ, താളം,കീഴ്, ഇട്ടടി അഥവാ ഇണ്ടന്‍ എന്നീ പേരുകളിലാണ് കൈവെട്ടുകള്‍ (Fig. 2).

ഒറ്റ: ഒരു കൈകൊണ്ട് പന്ത് പൊക്കിയിട്ട് അതേ കൈകൊണ്ട് വെട്ടുന്നതാണ് ഒറ്റ.

Fig. 2  പന്തുകളത്തിലെ വെട്ടുകളത്തിൽ (ക്രീസ്) നിന്ന് പന്തടികാരൻ ഒന്നാമത്തെ എണ്ണമായ ഒറ്റ വെട്ടിക്കളിക്കുന്ന ദൃശ്യം. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 2. പന്തുകളത്തിലെ വെട്ടുകളത്തില്‍ (ക്രീസ്) നിന്ന് പന്തടികാരന്‍ ഒന്നാമത്തെ എണ്ണമായ ഒറ്റ വെട്ടിക്കളിക്കുന്ന ദൃശ്യം. കടപ്പാട് ജിബി ഫുള്‍ഫ്രയിം

പെട്ട: ഒരു കൈകൊണ്ട് പന്ത് പൊക്കി ഇട്ടതിനുശേഷം മറു കൈകൊണ്ട് വെട്ടുന്നതാണ് പെട്ട.

പിടിയന്‍: വെട്ടാത്ത കൈ പിറകില്‍ തിരുകി മറുകൈകൊണ്ട് വെട്ടുന്നതാണ് പിടിയന്‍.

താളം: ഒരു കൈകൊണ്ട് പുറം തുടയില്‍ തല്ലിയതിനുശേഷം അതേ കൈകൊണ്ട് വെട്ടുന്നതാണ് താളം.

കീഴ് : ഒരു കാല്‍ ഉയര്‍ത്തി അതിനടിയില്‍ കൂടി പന്തിട്ട് അതേ കൈ കൊണ്ട് പന്ത് വെട്ടുന്നതാണ് കീഴ്.

ഇണ്ടന്‍ (ഇട്ടടി): പന്ത് കൈകൊണ്ട് താഴേയ്ക്കിട്ട് നിലത്തു സ്പർശിക്കുന്നതിനു മുമ്പ് കാലിന്റെ പത്തികൊണ്ട് അടിക്കുന്നതാണ് ഇണ്ടന്‍.

കൈവെട്ടുന്ന/അടിക്കുന്ന പന്ത് വെട്ടുകളത്തിലോ വെട്ടുലൈനിലോ കുത്താന്‍ പാടില്ല. ഓരോ വെട്ടിനും മൂന്ന് എണ്ണമാണുള്ളത്. (ഒറ്റ ഒന്ന്, ഒറ്റ രണ്ട്, ഒറ്റ മൂന്ന്). മൂന്ന് എണ്ണം വീതം വെട്ടി 18 പോയിന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ചക്കര ഒന്നിലെത്തും. ചക്കരയ്ക്ക് പ്രത്യേകം കൈവെട്ടില്ല. പിന്നെ ഒരു ചക്കരയ്ക്ക് ശേഷം ഒറ്റ ഒന്ന് എന്ന് എണ്ണം പിടിച്ചാണ് കളിക്കുന്നത്. തുടര്‍ന്ന് വെട്ടുന്ന മറ്റെല്ലാ എണ്ണത്തിനു മുന്നിലും ഒരു ചക്കരയ്ക്ക് ശേഷം എന്ന നിലയ്ക്കാണ് എണ്ണം പിടിക്കുന്നത്. ഇത് ഇണ്ടന്‍ മൂന്നിലെത്തിയാല്‍ ചക്കര രണ്ടിലെത്തും. തുടര്‍ന്ന് എണ്ണം പിടിക്കുന്നത് രണ്ട് ചക്കരയ്ക്ക് ശേഷം ഒറ്റ ഒന്ന് എന്ന് എണ്ണം പിടിച്ച് കളി മുന്നേറുന്നു.

5 വരകള്‍ (5 ഇന്നിംഗ്സ്) ആണ് ഇരുടീമുകളും കളിക്കേണ്ടത്. ഓരോടീമിലേയും അംഗങ്ങള്‍ക്ക് ഓരോ വരയിലും കൈവെട്ട് (സെര്‍വ് ചെയ്യുക) അനുവദിക്കും. പന്തു വെട്ടുന്നയാളിന് എണ്ണം (സ്‌കോര്‍) ലഭിച്ചാല്‍ തുടര്‍ന്ന് എണ്ണം വെട്ടാം. (സ്‌കോര്‍) ലഭിച്ചില്ലെങ്കില്‍ ആ വ്യക്തിക്ക് വെട്ട് നഷ്ടമാകും. അടുത്ത ആള്‍ വെട്ടുതുടങ്ങും. ഇങ്ങനെ ഏഴ് അംഗങ്ങളും കൈവെട്ടുന്നു. ഇതേസമയം രണ്ടാമത്തെ ടീം ഒന്നാമത്തെ ടീമിന്റെ കൈവെട്ട് (സെര്‍വ് ചെയ്യുക) കാലുകൊണ്ട് തൊഴിച്ചും കൈകൊണ്ട് പിടിച്ചും അടിച്ചും പ്രതിരോധിക്കും. ഇത് പൂര്‍ത്തിയായാല്‍ 1 വര (ഇന്നിംഗ്സ്) പൂര്‍ത്തിയായി. ഇതേത്തുടര്‍ന്ന് ഇവര്‍ കാലടിച്ച് പ്രതിരോധിക്കാനായി ഇറങ്ങുന്നു (Fig. 3). എതിര്‍ ടീം അവരുടെ വര (ഇന്നിംഗ്സ്) വെട്ടുന്നതിനായി വെട്ടുകളത്തിലേയ്ക്ക് (ക്രീസ്) കയറുന്നു. ഒറ്റ ഒന്നില്‍ തുടങ്ങി കളി ക്രമമായി മുന്നേറുന്നു. 5 വരകള്‍ പൂര്‍ത്തിയാകുമ്പോള്‍ എണ്ണം (സ്‌കോര്‍) കൂടുതലുള്ള ടീം വിജയിക്കുന്നു. കൈവെട്ടുന്നത് ഉയര്‍ത്തി അടിക്കുകയാണെങ്കില്‍ എതിര്‍ടീമിന് പന്ത് കൈയ്യിലൊതുക്കിയും ഉരുണ്ടാണെങ്കില്‍ തൊഴിച്ചിട്ട് അതിര്‍ത്തി കടത്തിയും കൈവെട്ടു ടീമിന്റെ അവസരം നഷ്ടപ്പെടുത്താവുന്നതാണ്. ഫൗളുകളിലൂടെയും കൈവെട്ടു ടീമിന് അവസരം നഷ്ടമാകുന്നതാണ് (ഉയര്‍ത്തി വെട്ടുമ്പോള്‍ വശങ്ങളിലുള്ള അതിര്‍ത്തി കടന്നുപോവുക, വെട്ടുന്നതിനു മുമ്പ് പന്ത് താഴെ വീഴുക, വെട്ടുന്ന പന്ത് വെട്ട്കളത്തിലോ വരയിലോ സ്പര്‍ശിക്കുക എന്നിവയെല്ലാം ഫൗളാണ്).

Fig.3. നാടൻ പന്തുകളിയിലെ മൂന്നാമത്തെ എണ്ണമായ പിടിയൻ കളിക്കുന്ന ദൃശ്യം  ( വെട്ടാത്ത കൈ പിറകിൽ തിരുകി മറുകൈകൊണ്ട് വെട്ടുന്നതാണ് പിടിയൻ). കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 3. നാടന്‍ പന്തുകളിയിലെ മൂന്നാമത്തെ എണ്ണമായ പിടിയന്‍ കളിക്കുന്ന ദൃശ്യം. വെട്ടാത്ത കൈ പിറകില്‍ തിരുകി മറുകൈകൊണ്ട് വെട്ടുന്നതാണ് പിടിയന്‍. കടപ്പാട് ജിബി ഫുള്‍ഫ്രയിം

കളിക്കളത്തിലെ പ്രതിരോധനിരയില്‍ നിലയുറപ്പിക്കുന്ന ഓരോ കളിക്കാരനും ഓരോ പേരിലാണ് അറിയപ്പെടുന്നത്. പ്രതിരോധനിരയെ മുഴുവനായും കാക്കുന്നവര്‍ എന്നും പറയും. വെട്ടുകളത്തിന്റെ നേരെ മുന്നില്‍ നിലയുര്‍പ്പിക്കുന്ന കളിക്കാരെ പിടുത്തക്കാരന്‍ എന്നാണ് പറയുന്നത് (Fig. 4). ഓരോ ടീമിലും പിടുത്തക്കാര്‍ മൂന്ന് പേരുണ്ടാകും. ഏറ്റവും ആദ്യം നില്‍ക്കുന്ന കളിക്കാരനെ തലപ്പിടുത്തം എന്നും, തലപ്പിടുത്തക്കാരനു പിന്നിലായി നിലകൊളളുന്ന പന്തുപിടുത്തക്കാരെ ഇടപ്പിടുത്തം എന്നുമാണ് പറയുന്നത്. വെട്ടുകളത്തില്‍ നിന്ന് വെട്ടുന്നതോ അടിക്കുന്നതോ ആയ പന്ത് ഉയര്‍ന്നാണ് വരുന്നതെങ്കില്‍ ശരവേഗത്തില്‍ പന്ത് കൈയിലൊതുക്കുകയാണ് തലപ്പിടുത്തക്കാരന്റെ ചുമതല. കൈവെട്ടിവരുന്ന പന്ത് തലപ്പിടുത്തക്കാരനെ കവിഞ്ഞാണ് വരുന്നതെങ്കില്‍ പന്ത് പിടിക്കാന്‍ നിലയുറപ്പിച്ചിട്ടുളളവരാണ് ഇടപിടുത്തക്കാര്‍.

Fig.4. വെട്ടിക്കളിക്കുന്ന പന്ത് ഉയർന്നപ്പോൾ, എതിർ ടീമിന്റെ പ്രതിരോധനിരയിൽ മുന്നിൽ നിൽക്കുന്ന കളിക്കാരൻ (പിടുത്തക്കാരൻ) പന്ത് കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നു. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 4. വെട്ടിക്കളിക്കുന്ന പന്ത് ഉയര്‍ന്നപ്പോള്‍, എതിര്‍ ടീമിന്റെ പ്രതിരോധനിരയില്‍ മുന്നില്‍ നില്‍ക്കുന്ന കളിക്കാരന്‍ (പിടുത്തക്കാരന്‍) പന്ത് കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നു. കടപ്പാട് ജിബി ഫുള്‍ഫ്രയിം

കൈവെട്ടുന്ന രീതിക്കനുസരിച്ച് ഒറ്റ, പെട്ട എന്നിങ്ങനെയുള്ള സവിശേഷ സംജ്ഞകള്‍ ഉപയോഗിക്കുന്നതുപോലെ കളിക്കിടയില്‍ ഉയര്‍ന്നുവരുന്ന പന്തിനെ കൈയ്യിലൊതുക്കി തിരിച്ചടിക്കുന്ന രീതി അനുസരിച്ച് പ്രത്യേക സംജ്ഞകളുപയോഗിക്കുന്നു. തലയ്ക്കു മുകളിലേയ്ക്ക് പന്തിട്ട് തോളിന് മേലെ കൈ ഉയര്‍ത്തി പന്ത് അടിക്കുന്നതിനെ മേക്കൈ എന്നും, ഒറ്റ വെട്ടുന്നതിന് സമാനമായ രീതിയില്‍ ഉയര്‍ത്തിയടിക്കുന്നതിനെ കാജാ വെട്ട് എന്നും പറയുന്നു. മേക്കൈ ഇപ്പോള്‍ നാടന്‍ പന്തില്‍ ഉപയോഗിക്കുന്നില്ല.

കൈവെട്ടുന്ന പന്ത് വണ്ടിപ്പരുവത്തില്‍ ഉരുണ്ടാണ് വരുന്നതെങ്കില്‍ കാലടിക്കാരന്‍ കാലുകൊണ്ട് അടിക്കുന്നതിന്റെ രീതിക്കനുസരിച്ച് ഓരോരോ പേരുകളിലാണ് അറിയപ്പെടുന്നത്.

തട്ട് : ഉരുണ്ടുവരുന്ന പന്തിനെ കാലിന്റെ പത്തി മലര്‍ത്തി തട്ടുന്നത് തട്ട്.

മടക്കിയടി: ഉരുണ്ടുവരുന്ന പന്തിനെ കാലടികാരന്‍ തന്റെ കാല്‍പ്പത്തി പിന്നോട്ടു ആഞ്ഞ് മുന്നോട്ട് അടിക്കുന്നത് മടക്കിയടി.

കൊത്ത് : ഉരുണ്ടു വരുന്ന പന്തിനെ കാലിലെ വിരലുകൊണ്ട് ഉയര്‍ത്തിയടിക്കുന്നത് കൊത്ത്.

എറ്റ് : കൈ വെട്ടി വരുന്ന പന്ത് അനക്കമറ്റ് പോകുന്നതിന് മുമ്പ് പന്തിനെ കാലിന്റെ തളളവിരലിന്റെ വശം ഉപയോഗിച്ച് തെറ്റിച്ച് വിടുന്നത് എറ്റ്. ഇത്തരത്തില്‍ അടിക്കുമ്പോള്‍ അരിവാള്‍ ആകൃതിയിലാകും പന്ത് സഞ്ചരിക്കുന്നത്.

വെയ്ക്കുക: കൈവെട്ടി (service) ക്കളിക്കുന്ന പന്ത് കാലുകൊണ്ട് പൊക്കിയടിക്കാന്‍ പാകത്തിനാണ് വരുന്നതെങ്കില്‍ കാലടികാരന്‍ കാലുകൊണ്ട് പന്ത് പൊക്കി (ഉയര്‍ത്തി)യടിച്ചു കളിക്കളത്തിന് പുറത്തേക്ക് പായിക്കും (Fig. 5). ഇതിനെ വെയ്ക്കുക എന്നാണ് പറയുന്നത്.

കൈവെട്ട് വണ്ടിപ്പരുവത്തില്‍ ഉരുണ്ടാണ് വരുന്നതെങ്കിl ആ പന്തിനെ മടക്കി അടിക്കുന്നതിനായി നിലയുറപ്പിച്ചിട്ടുള്ള കളിക്കാരെ കാലടികാരന്‍ എന്നാണ് പറയുന്നത്  (Fig. 6 ). കാലടികാരനെ കബളിപ്പിച്ച് പിറകോട്ട് വരുന്ന ഉരുട്ടിവെട്ടിനേയും ഉയrത്തിവെട്ടിനേയും നേരിടുകയെന്നതാണ് കാലടിക്കാരുടെ രണ്ടാം നിരക്കാരുടെ ചുമതല. (ഉരുണ്ടാണ് വരുന്നതെങ്കില്‍ തൊഴിച്ചും, ഉയര്‍ന്നുവരുന്നതിനെ കൈയ്യിലൊതുക്കാനും മിടുക്കുള്ളവരായിരിക്കണം കാലടികാരുടെ രണ്ടാം നിര) മൂന്ന് പിടുത്തക്കാരും നാല് കാലടിക്കാരും എന്നതാണ് നാടന്‍ പന്തുകളി ടീമിന്റെ ആന്തരിക ഘടന. ഇവര്‍ ഏഴുപേരും കൈവെട്ടു (സെര്‍വ് ചെയ്യുന്ന)ന്നതില്‍ മിടുക്കുള്ളവരായിരിക്കണം.

Fig.5. കൈവെട്ടിയ പന്ത് എതിർ ടീമിലെ കാലടികാരൻ കാലുയർത്തി അടിച്ച് കളിക്കളത്തിനു പുറത്തേക്ക് കളയുന്നു. കടപ്പാട് ഫുള്‍ഫ്രയിം
Fig. 5. കൈവെട്ടിയ പന്ത് എതിര്‍ ടീമിലെ കാലടികാരന്‍ കാലുയര്‍ത്തി അടിച്ച് കളിക്കളത്തിനു പുറത്തേക്ക് കളയുന്നു. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig.6.കൈവെട്ടിയപ്പോൾ ഉരുണ്ടു വരുന്ന പന്തിനെ മടക്കി അടിക്കാൻ ശ്രമിക്കുന്ന എതിർ ടീമിൻറെ കാലടികാരൻ. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 6. കൈവെട്ടിയപ്പോള്‍ ഉരുണ്ടു വരുന്ന പന്തിനെ മടക്കി അടിക്കാന്‍ ശ്രമിക്കുന്ന എതിര്‍ ടീമിന്‍റെ കാലടികാരന്‍. കടപ്പാട് ജിബി ഫുള്‍ഫ്രയിം

നാടന്‍ പന്തുകളിയും കളിഭേദങ്ങളും

വൈരുദ്ധ്യങ്ങളുടെ സങ്കലനമാണ് സമൂഹം എന്നതുകൊണ്ട് തന്നെ ഇതിന്റെ പ്രതിഫലനം നാടന്‍ കളികളിലും വിനോദങ്ങളിലും നമുക്ക് ദര്‍ശിക്കാം. മുന്‍കൂട്ടി നിശ്ചയിച്ച നിയമങ്ങളുള്ള ഒരു കളിയില്‍ ഏര്‍പ്പെടുന്ന ഓരോ അംഗവും മറ്റംഗങ്ങളില്‍ നിന്നോ ഒരു സംഘം മറ്റു സംഘങ്ങളില്‍ നിന്നോ വ്യത്യസ്ഥ സ്വഭാവങ്ങളുളളവരായിരിക്കും. വ്യത്യസ്ഥ സ്വഭാവങ്ങളോ ഏറ്റുമുട്ടലോ പരസ്പരബന്ധമോ ആണ് ഏത് കളിയും. വ്യക്തിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കളി. നാടന്‍ പന്തുകളി (തോല്‍പ്പന്ത്/വെട്ടുപന്തുകളി) യില്‍ തുല്ല്യങ്ങളായ രണ്ട് സംഘങ്ങളാണ് പങ്കെടുക്കുന്നത്. ഫുട്‌ബോള്‍ ഹോക്കി എന്നീ കളികളെപോല ഇരു ടീമിലേയും മുഴുവന്‍ കളിക്കാരും കളിയുടെ ആദ്യാവസാനം നാടന്‍ പന്തുകളിയില്‍ പങ്കുകൊള്ളുന്നു (ഓരോ ചേരിയിലും ഏഴ് അംഗങ്ങള്‍ വീതം). ഇതിലെ ഓരോ അംഗത്തിനും അവനവന്റേതായ പ്രവര്‍ത്തനപരിധിയും പ്രവര്‍ത്തന നിയമങ്ങളുമുണ്ട്. സംഘത്തിലെ മറ്റംഗങ്ങളോട് ഓരോ അംഗത്തിനും നിയതമായ പരസ്പര ബന്ധമുണ്ട്. എതിര്‍ സംഘത്തിലെ അംഗങ്ങളോട് നിഷേധരൂപത്തിലുള്ള ബന്ധമാണ് പുലര്‍ത്തുന്നത്. നാടന്‍ പന്തുകളി (വെട്ടുപന്തുകളി/തോല്‍പ്പന്തുകളി) യിലെ അംഗങ്ങളെ ഒരു സമൂഹമായി കണക്കാക്കാമെങ്കില്‍ അതിലെ ഓരോ അംഗവും സമൂഹത്തിനു വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. ആ നിയമങ്ങളെ അനുസരിച്ചുകൊണ്ട് എതിര്‍ സംഘത്തെ കീഴ്പ്പെടുത്താനാണ് ശ്രമം. ക്ലബ്ബുകളോ മറ്റ് കൂട്ടായ്മകളോ നടത്തുന്ന നാടന്‍ പന്തുകളി മത്സരത്തില്‍ ഓരോ കര/പ്രദേശത്തിന്റെ പ്രതിനിധിയായിട്ടാണ് ടീമുകള്‍ പങ്കെടുക്കുന്നത്. ഒരു ഗോത്രം മറ്റൊരു ഗോത്രത്തോട് ഏറ്റുമുട്ടുന്നതുപോലെ ഒരു കര/പ്രദേശം മറ്റൊരു കര/പ്രദേശത്തോട് ഏറ്റുമുട്ടുന്നു. ഇത് ഓരോ കര/പ്രദേശത്തിന്റെ അഭിമാനപോരാട്ടമാണ്.

കൂട്ടായ പ്രവര്‍ത്തനം എന്ന നിലയ്ക്ക് ഒരംഗത്തിനും സ്വന്തമായ നിലനില്‍പ്പില്ല. നാടന്‍ പന്തുകളി (തോല്‍പ്പന്ത്/വെട്ടുപന്ത്)യില്‍ ഒരു വശത്തെ ഏഴുപേരും കൂട്ടായ ശ്രമം നടത്തുന്നതോടൊപ്പം എതിര്‍വശത്തുളളവരും ഇതിനെതിരായ കൂട്ടായശ്രമം നടത്തുന്നു. അല്ലെങ്കില്‍ ഇത് കളിയാവില്ല. ഒന്നിലധികം പേരുണ്ടാകുകയും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടി വരുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് വിലങ്ങ് വേണ്ടിവരും. സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന് ഇത്തരം എത്രയോ വിലങ്ങുകളുണ്ട്. ഈ വിലങ്ങുകള്‍ എന്ന യാഥാര്‍ത്ഥ്യത്തെ മിഥ്യയിലൂടെ ബോധ്യപ്പെടുത്തുകയാണ് ഇത്തരം കളികള്‍. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കളികളില്‍ ഏതെങ്കിലും ഒരു സംഘം വിജയിക്കുന്നു. ഈ രീതിയിലുള്ള കളികളാണ് ധാരാളമുളളത്. അത്തരത്തിലുള്ള വിനോദമാണ് നാടന്‍പന്തും. ജീവിതത്തിലും ജയപരാജയങ്ങള്‍ സംഭവ്യമാണെന്ന് ഇത് ഓര്‍മ്മപ്പെടുത്തുന്നു.

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട നിയമങ്ങളോടുകൂടിയതാണ് നാടന്‍ കളികളും വിനോദങ്ങളും. എന്നാല്‍ ഈ നിയമങ്ങള്‍ മാറ്റത്തിന് വിധേയമാണ്. കളിയില്‍ പങ്കെടുക്കുന്നവര്‍ ഒരുമിച്ച് ഏതു നിയമത്തിനേയും മാറ്റിമറിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്. ചില കൂട്ടായ്മ ചിലതിനെ കൊളളുകയും മറ്റുചിലതിനെ തളളുകയും ചെയ്യും. സ്ഥലകാലങ്ങള്‍ക്കനുസരിച്ച് കൊളളലും തളളലും വേറിട്ടുനില്‍ക്കും. ഇത് നാടന്‍ കളികളുടെ കളിഭേദത്തിന് കാരണമാകുന്നു.

നാടന്‍ പന്തുകളിയുടെ കളിഭേദങ്ങള്‍

കോട്ടയത്തിന്റെ എലുകകള്‍ക്കുളളില്‍ പ്രചുര പ്രചാരത്തിലിരിക്കുന്ന ഒരു ഗ്രാമീണ വിനോദമാണ് നാടന്‍ പന്തുകളി. വെട്ടുപന്തുകളി, തോല്‍പന്തുകളി എന്നീ പേരുകളിലും നാടന്‍ പന്തുകളി അറിയപ്പെടുന്നു. പന്തിനെ കൈകൊണ്ട് വെട്ടി (സെര്‍വ് ചെയ്യുക) കളിക്കുന്നതുകൊണ്ടാണ് വെട്ടുപന്ത് എന്ന പേര് നാടന്‍ പന്തുകളിക്ക് ലഭിച്ചത്. തോലുകൊണ്ട് നിര്‍മ്മിച്ച പന്ത് ഉപയോഗിക്കുന്നതിനാല്‍ തോല്‍പ്പന്തുകളി എന്നു കൂടി ഈ പന്തുകളി അറിയപ്പെടുന്നു. നാടന്‍ പന്തുകളിക്ക് തുല്യമായതോ പൂര്‍വ്വരൂപമോ ആയ വിനോദങ്ങള്‍ ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും നിലവിലുളളതായി ദത്തശേഖരണത്തിലും അപഗ്രഥനത്തിലും ബോധ്യമായി. ആട്ടക്കളി, തലമകളി, ഓലപ്പന്തുകളി, തട്ടുപന്ത്, തലേമ കളി, ഒറ്റയും പെട്ടയും കളി, ഒറ്റകളി എന്നീ പേരുകളില്‍ വ്യവഹരിക്കപ്പെടുന്ന കളികളുടേയും വിനോദങ്ങളുടെ എല്ലാം ആന്തരിക ഘടന ഒന്നുപോലെയുളളതാണ്. സ്ഥലകാലഭേദമനുസരിച്ച് ഓരോ കൂട്ടായ്മകള്‍ ചില കളിവഴക്കങ്ങളെ കൂട്ടിച്ചേര്‍ക്കുകയും ചില കളിവഴക്കങ്ങളെ വേര്‍പെടുത്തുകയും ചെയ്തിട്ടുളളതുകൊണ്ട് തന്നെ കളിയേത് കളിഭേദമേത് എന്നത് നിശ്ചിതപ്പെടുത്തുക സാധ്യമല്ല. എന്നിരുന്നാലും ആന്തരികപാഠവും ഭാഷാപരമായ സവിശേഷതകളും പരിശോധിച്ച് വിലയിരുത്താവുന്നതാണ്.

തലപ്പന്തുകളി

ഓലക്കാല്‍ക്കൊണ്ട് മെടഞ്ഞെടുക്കുന്ന ഓലപ്പന്തുപയോഗിച്ചാണ് തലപ്പന്ത് കളിക്കുന്നത്. ഓരോ സംഘത്തിലും തുല്യമായ കളിക്കാര്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്. നാല് അടിയോളം ഉയരമുള്ള കമ്പോ കല്‍ക്കുറ്റിയോ കുത്തിനിറുത്തുന്നു. ഇത്തരത്തില്‍ നാട്ടുന്ന കമ്പ്/കല്ലിന് നാട്ടയെന്നാണ് പറയുന്നത്. ചിലയിടങ്ങളില്‍ ചൊട്ട എന്നും. കളിക്കാരന്‍ നാട്ടയ്ക്കു മുന്നില്‍ നിന്ന് തലമ, ഒറ്റ, ഇരട്ട, അഴമ, തൊടമ, പിടിച്ചുകെട്ടി, തപ്പം, തൊവ്വല്‍, കുണ്ടീകീരി, മന്ത്രം, ചക്കര, ഇട്ടടി എന്നീ രീതികളില്‍ പന്തടിച്ചാണ് കളി മുന്നോട്ടു പോകുന്നത്. ഇതില്‍ ഓരോന്നും മൂന്ന് തവണ വെട്ടിക്കളിച്ച് എണ്ണം നേടണം.

തലമ

നാട്ടയ്ക്ക്/കുറ്റിയ്ക്ക് അഭിമുഖമായി നിന്ന് തിരിഞ്ഞുനോക്കാതെ പന്ത് മുകളിലേക്കെറിഞ്ഞ് ഒരു കൈകൊണ്ട് പിറകോട്ട് അടിച്ചു തെറിപ്പിക്കുന്നു കളിവഴക്കമാണ് തലമ. മറ്റേ ചേരിക്കാരില്‍ ആരെങ്കിലും ആ പന്ത് നിലത്തു വീഴുന്നതിനു മുമ്പ് പിടിച്ചാല്‍ അയാളുടെ അവസരം നഷ്ടപ്പെട്ടു. ഏറ്റുപിടിക്കാന്‍ എതിര്‍കക്ഷിക്കാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ ആ നിലത്തു വീണ പന്തെടുത്ത് എറിഞ്ഞ് കുറ്റിക്ക് കൊളളിക്കണം. പന്ത് കുറ്റിയെ കൊണ്ടാല്‍ പന്ത് വെട്ടിയ ആള്‍ക്ക് അവസരം നഷ്ടമാകും. കൊളളാത്ത പക്ഷം വെട്ടിയ കൂട്ടര്‍ക്ക് ഒരു എണ്ണം ലഭിക്കും.

ഒറ്റ: എതിര്‍കക്ഷിക്കഭിമുഖമായി നിന്ന് ഒരു കൈകൊണ്ട് പൊക്കിയിട്ട് അതേ കൈകൊണ്ട് അടിക്കുന്നു. ഇത് മറുപക്ഷക്കാര്‍ പിടിച്ചാല്‍ പന്തുവെട്ടുന്ന ആള്‍ പുറത്താകും. അല്ലാത്തപക്ഷം നിലത്തുവീണ പന്ത് നാട്ടയെ എറിഞ്ഞ് കൊളളിക്കാന്‍ പന്തടിച്ച ആള്‍ക്ക് അവസരം നഷ്ടമാകും. അതിനു സാധിക്കാതെ വരുമ്പോള്‍ പന്തുവെട്ടിയ ടീമിന് എണ്ണം ലഭിക്കുന്നു. ഈ പ്രക്രിയ എല്ലാ കളിവഴക്കത്തിനും ബാധകമാണ്.

ഇരട്ട: ഒരു കൈകൊണ്ട് ഇട്ട് മറു കൈകൊണ്ട് അടിക്കുന്നതാണ് ഇരട്ട.

അഴമ: ഒരു കൈകൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് മറ്റേ കൈ മൂക്കുപിടിച്ചിരിക്കുന്ന കൈയുടെ ഇടയിലൂടെ ഇട്ട് പന്ത് മുകളിലേയ്ക്കെറിഞ്ഞ് അതേ കൈകൊണ്ട് പന്തടിക്കുന്നതാണ് അഴമ.

തൊടമ: പന്ത് മുകളിലേയ്ക്കെറിഞ്ഞ് അതേ കൈകൊണ്ട് തുടയ്ക്കടിച്ചശേഷം പന്തടിക്കുന്ന രീതിയാണ് തൊടമ. ഇത് മൂന്ന് പ്രാവശ്യം കളിക്കുമ്പോള്‍ രണ്ടാമത് രണ്ടുതവണയും മൂന്നാമത് മൂന്ന് തവണയും തുടക്കടിച്ചതിനുശേഷമാണ് പന്തടിക്കേണ്ടത്.

പിടിച്ചുകെട്ടി: ഒരു കൈ പിറകുഭാഗത്തുകൂടി എടുത്ത് മറ്റേ കൈയുടെ മുട്ടിനു മുകളില്‍ പിടിച്ചശേഷം പന്ത് മുകളിലേയ്ക്കെറിഞ്ഞ് അടിച്ചുതെറിപ്പിക്കുന്നരീതിയെ പിടിച്ചുകെട്ടി എന്നു പറയുന്നു.

തപ്പം: പന്ത് മുകളിലോട്ടെറിഞ്ഞ് കൈയ്യടിച്ചതിനു ശേഷം പന്ത് അടിക്കുന്നതാണു തപ്പം.

തൊവ്വല്‍: പന്ത് മേല്‍പ്പോട്ടെറിഞ്ഞ് കൈകള്‍ കൂട്ടിത്തൊഴുതതിനുശേഷം പന്തടിക്കുന്നത് തൊവ്വല്‍. കൈകൂട്ടിതൊഴുമ്പോള്‍ ശബ്ദം ഉണ്ടാക്കരുത്.

മന്ത്രം: പന്ത് തലയ്ക്കു മുകളില്‍ ചുറ്റി മേലോട്ടെറിഞ്ഞ് അതേ കൈകൊണ്ടു പന്തടിക്കുന്ന രീതിയാണ് മന്ത്രം.

കുണ്ടീകീരി: കാലുയര്‍ത്തി കാലിനടിയിലൂടെ പന്ത് മുകളിലേക്കെറിഞ്ഞ് ആ കൈകൊണ്ട് തന്നെ പന്ത് അടിക്കുന്നതാണ് കുണ്ടീകീരി അഥവാ കിളി.

ഇട്ടടി: മേല്‍പ്പോട്ട് അല്‍പ്പം ഉയര്‍ത്തി ഇടുന്ന പന്ത് നിലം പതിക്കുന്നതിനു മുമ്പേ കാലുമടക്കി കാല്പാദം കൊണ്ട് അടിക്കുന്നതാണ് ഇട്ടടി.

ഈ കളിവഴക്കങ്ങളിലെല്ലാം പന്ത് വെട്ടുമ്പോള്‍/അടിക്കുമ്പോള്‍ എതിര്‍ പക്ഷക്കാര്‍ പിടിച്ചാല്‍ പന്തു വെട്ടുന്ന ആള്‍ക്ക് അവസരം നഷ്ടമാകും. പന്ത് പിടിക്കാതെ പോയാല്‍ നിലത്തു വീണ പന്ത് നാട്ടയെ എറിഞ്ഞ് കൊളളിച്ചാല്‍ പന്തടിച്ച ആളുടെ അവസരം നഷ്ടമാകും. പന്ത് നാട്ടയ്ക്കിട്ട് കൊളളാത്ത പക്ഷം പന്തടിച്ച ടീമിന് ഒരു എണ്ണം ലഭിക്കും. അങ്ങനെ മൂന്ന് എണ്ണം വീതം ഓരോന്നിലും ആദ്യം പൂര്‍ത്തിയാക്കുന്നവര്‍ വിജയിക്കും.

മുറുക്കി/കെട്ടി കഴിഞ്ഞാല്‍ കൈകൊണ്ട് കുറ്റിതൊട്ട്, മറുചേരിയിലുള്ളവരോട് അഞ്ചോ, മൂന്നോ, രണ്ടോ, ഒന്നോ എന്നു ചോദിക്കുന്നു. അടുത്ത കളിയായ കാല്പന്ത്/ഇട്ടടി കഴിഞ്ഞാല്‍ എത്ര അടി അടിക്കണം എന്നാണ് ഈ ചോദ്യം. കാല്പന്ത് ജയിച്ചാല്‍ എതിര്‍കളിക്കാര്‍ പറഞ്ഞ അത്രയും തവണ പന്ത് അടിക്കുന്നു. അഞ്ചടി രണ്ടേറ്, മൂന്നടി രണ്ടേറ് ഇതിലേതുമാകാം, ആദ്യത്തേതില്‍ അഞ്ചടി അടിക്കുന്നതിനിടയില്‍ എതിര്‍കക്ഷിക്ക് രണ്ടേറ് തിരിച്ചെറിയാം. ഓരോ തവണയും പന്ത് വീണിടത്തുനിന്നാണ് അടുത്ത അടി. ആദ്യം കല്ലിനരികെ നിന്ന് അടിക്കുകയും തുടര്‍ന്ന് ഒടുവില്‍ പന്തു വീണ സ്ഥലത്തു നിന്ന് എതിര്‍പക്ഷത്തുള്ള ഒരാള്‍ പന്തെടുത്ത് കൈയില്‍വെച്ച് ശ്വാസം വിടാതെ കളിയിലെ വാക്യം പറഞ്ഞുകൊണ്ട് ഓടി, നാട്ട/കുറ്റിയുടെ അടുത്തെത്തണം. ഇടയ്ക്കു ശ്വാസം വിട്ടാല്‍, അവിടെ നിന്ന് വീണ്ടും പന്തടിക്കും. വീണ്ടും ശ്വാസം വിടാതെ ഓടേണ്ടതായി വരും. ഒരാള്‍ മാത്രം ഓടുന്നതിനു പകരം റിലേ രീതിയിലും ഓടാറുണ്ട്.

ചിലയിടങ്ങളില്‍ മറ്റ് ചില പ്രത്യേകതകള്‍ കൂടി കാണുന്നുണ്ട്. കാല്പന്തു/ഇട്ടടി മൂന്നടിച്ചാല്‍ പോരാ നാലടിക്കണം. കാല്പന്ത്/ ഇട്ടടിയ്ക്ക് കാമ എന്നു പേരുണ്ട്. കളിയിലെ അവസാന ഇനമായ കാമ എന്നത് കളിപ്പേരായിത്തന്നെ ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമേ ചക്കര എന്നൊരു കളിവഴക്കം കൂടി പലേടത്തും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ചക്കര: പന്ത് മേലോട്ടെറിഞ്ഞു ചക്കര പറ്റിയ കൈ നക്കുന്നതുപോലെ ആംഗ്യംകാട്ടി പന്തടിക്കുന്നതാണ് ചക്കരയുടെ രീതി.

ഈ കളികളിലെല്ലാം ഓല കൊണ്ട് നിര്‍മ്മിച്ച പന്ത് ഉപയോഗിക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ ഓലപ്പന്തുകളി എന്ന് ഈ കളിയെ വിളിക്കാറുണ്ട്. തലമ, ഒറ്റ, ഇരട്ട, തടമ, തപ്പം, തൊവ്വല്‍, കുണ്ടീകീരി, അയക്കി, മുറുക്കി, മന്ത്രം, കാല്പന്ത്, ചക്കര എന്നിവയില്‍ ചിലതിനെ ഒക്കെ ഒഴിവാക്കിയാണ് ഓലപ്പന്തുകളിക്കുന്നത്. തെങ്ങോല കൊണ്ടോ പനയോലകൊണ്ടോ ചതുരാകൃതിയില്‍ മെടഞ്ഞെടുക്കുന്ന പന്തിനെ ഉത്തര കേരളത്തില്‍ ആട്ട എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ഈ കളിയെ ആട്ടകളി എന്നും വ്യവഹരിക്കുന്നു.

തലമകളി/തലേമകളി

ഉത്തരകേരളത്തിലെ ഗ്രാമീണ വിനോദമാണു തലമകളി. ആദ്യയെണ്ണം നേടുന്നതു തലയ്ക്കുമുകളിലൂടെ പന്ത് തട്ടിയാണ് എന്നതിനാലാണ്‌ തലമ എന്ന പേര് ഈ കളിക്ക് ലഭിച്ചത്. പ്രാദേശിക ഭേദമനുസരിച്ച് തലേമ എന്ന് അറിയപ്പെടുന്ന ഈ വിനോദം ഓലപ്പന്ത് ഉപയോഗിച്ചാണ് കളിക്കുന്നത്. തലപ്പന്തുകളിയിലെ പോലെ നാട്ട/ചൊട്ട നാട്ടിത്തന്നെയാണ് തലമകളിയും. തലപ്പന്തുകളിയിലെ എണ്ണം കളിവഴക്കം ഒഴിവാക്കിയാണ് തലമ/തലേമ കളിക്കുന്നത്. പ്രാദേശിക ഭേദമനുസരിച്ച് കൂട്ടിക്കുറയ്ക്കലുകള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. ചില എണ്ണങ്ങള്‍ പേരുമാറ്റിയും ചിലതിനെ രൂപമാറ്റത്തോടെയും തലമകളികള്‍ നമുക്ക് കാണാം. തപ്പം, തൊവ്വല്‍ കുണ്ടീകീരി, മന്ത്രം എന്നീ തലപ്പന്തുകളിയുടെ കളിവഴക്കങ്ങള്‍ തലമകളി ഒഴിവാക്കി. ഇരട്ടയെ ഈറ്റയെന്നും, തുടമയെ തൊടുമ എന്നും, അഴക്കിയെ അഴമ എന്നും പേരുമാറ്റിക്കൊണ്ട് തലമകളിയില്‍ ഉപയോഗിക്കുന്നത്.

തെക്കന്‍കേരളത്തിലെ ചില കൂട്ടായ്മകള്‍ ഈ കളിയിലെ ചില കളിവഴക്കങ്ങളെ തഴഞ്ഞാണ് കളിക്കുന്നത്. അത്തരത്തില്‍ തലമ എന്ന കളിയുടെ തുടക്കത്തെ മാറ്റി ഒറ്റ തൊട്ട് എണ്ണം പിടിക്കുന്നു. ഇതുകൊണ്ടാണ് ചില കൂട്ടായ്മകളില്‍ ഒറ്റകളിയെന്നും ഒറ്റയും പെട്ടയും, കാമകളി (അവസാനം എണ്ണം കാലുമടക്കി അടിച്ചുകളിക്കുന്നതുകൊണ്ടാണ് കാമകളി എന്ന പേരുവന്നത്.) എന്നിങ്ങനെയാണ് ഈ ഗ്രാമീണ വിനോദം അറിയപ്പെടുന്നത്.

തലപ്പന്തില്‍നിന്നും നാടല്‍പന്തിലേയ്ക്ക്

മേല്‍പ്പറഞ്ഞ പന്തുകളിയുടെ വകഭേദങ്ങളില്‍ നിന്ന് കൊള്ളകൊടുക്കലിലൂടെ ഉരുവം കൊണ്ടതാണ് നാടന്‍ പന്തുകളി (തോല്പന്തുകളി/വെട്ടുപന്തുകളി). തലപ്പന്തുകളിയിലും തലമകളിയിലും മറ്റും കാണുന്ന നാട്ട/ചൊട്ട (സ്റ്റംബ്) യെ ഒഴിവാക്കി എന്നതാണ് നാടന്‍ പന്തുകളിയുടെ പ്രധാന പരിഷ്‌ക്കാരം. തലമ/തലേമ കളി, തലപ്പന്തുകളി അടക്കമുള്ള പന്തുകളിയിലെ തലമ എന്ന കളിയാരംഭത്തിലെ വഴി കളിവഴക്കം നാടന്‍ പന്തുകളി ഉപേക്ഷിച്ചു ഒറ്റയിലാണ് കളി ആരംഭിക്കുന്നത്. ഇരട്ടയെ പെട്ട, തുടുമ/തൊടുമയെ താളം, കിളി/കുണ്ടീകീരിയെ കീഴ്, കാല്പന്ത്/ഇട്ടടിയെ ഇണ്ടനുമായാണ് നാടന്‍ പന്തുകളിയില്‍ വ്യവഹരിക്കപ്പെടുന്നത്. തപ്പം, തൊവ്വന്‍, അയക്കി എന്നിവയെ ഒഴിവാക്കി കെട്ടി/മുറുക്കി, ചക്കര എന്നിവയെ കളിവഴക്കമാറ്റത്തോടെയാണ് നാടന്‍ പന്തുകളിയില്‍ ഉപയോഗിക്കുന്നത്. ഒരു കൈ പിറകുഭാഗത്തുകൂടി എടുത്ത് മറ്റേ കൈയുടെ മുട്ടിനു മുകളില്‍ പിടിച്ച് പന്ത് മുകളിലേയ്ക്കെറിഞ്ഞ് അടിച്ചുതെറിപ്പിക്കുന്നതാണ് തലപ്പന്തിലെ കെട്ടി/മുറുക്കി എന്നാല്‍ നാടന്‍ പന്തുകളിയില്‍ കൈ പിറകോട്ട് പിണച്ച് വച്ച് പന്തടിക്കാം. ഇതിനെ പിടിയന്‍ എന്നാണ് പറയുന്നത്.

തലപ്പന്തുകളിയില്‍ തുടമ കളിക്കുമ്പോള്‍ ഓരോ പ്രാവശ്യവും (താളം ഒന്ന്, താളം രണ്ട്, താളം മൂന്ന്) എണ്ണത്തിനനുസരിച്ച് തുടയ്ക്കിട്ടടിക്കണം എന്നത് നാടന്‍ പന്തുകളിയില്‍ ഓരോ എണ്ണത്തിനും ഒറ്റത്തവണ തുടയ്ക്കടിച്ചാല്‍ മതി. തലപ്പന്തുകളിയിലെ കാല് പന്ത്/കാമകളിക്ക് മുമ്പായാണ് ചക്കര കളിക്കുന്നത്. പന്ത് മേല്‍പ്പോട്ട് എറിഞ്ഞിട്ട് ചക്കര പറ്റിയ കൈ നക്കുന്നതുപോലെ ആംഗ്യം കാട്ടി പന്തടിക്കുന്നതാണ് തലപ്പന്തിലെ ചക്കരയെങ്കില്‍ നാടന്‍ പന്തുകളിയിലെ അവസാന എണ്ണമായ ഇണ്ടന് (ഇട്ടടി/കാല്പന്ത്) ശേഷമാണ് ചക്കര. ഒറ്റ, പെട്ട, പിടി, താളം, കീഴ്, ഇണ്ടന്‍ എന്നിവ ക്രമത്തിന് ഒരുവട്ടം പൂര്‍ത്തിയാക്കുമ്പോഴാണ് ചക്കര ഒന്നിലെത്തും. ചക്കരയ്ക്ക് പ്രത്യേക കൈവെട്ടൊന്നുമില്ല. ഒറ്റ, പെട്ട മുതലായവ രണ്ടാം തവണയും പൂര്‍ത്തിയാക്കുമ്പോള്‍ ചക്കര രണ്ടിലെത്തും. ഇത്തരത്തിലാണ് നാടന്‍ പന്തുകളി മുന്നേറുന്നത്.

നാടന്‍ പന്തുകളിയുടെ ജനപ്രിയത

നാടന്‍ പന്തുകളി അരങ്ങേറുന്നത് ഗ്രാമീണ മൈതാനങ്ങളിലാണ്. തുണികൊണ്ടോ, തുകലുകൊണ്ടു നിര്‍മ്മിച്ച ഒരു പന്തും കുമ്മായത്താല്‍ അതിര്‍ത്തി തിരിഞ്ഞ കളിയിടവും രണ്ട് ചേരിയായി അണിനിരക്കാന്‍ കളിക്കാരുമായാല്‍ കളിതുടങ്ങം. ലാളിത്യമാണ് നാടന്‍ പന്തുകളിയെ ജനഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന പ്രധാന ഘടകം.

മറ്റു വിനോദങ്ങളില്‍ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നാടന്‍ പന്തുകളി കരക്കാര്‍ തമ്മിലുള്ള അങ്കമാണ്. കരക്കാര്‍ക്ക് നാടന്‍ പന്തുകളി വെറും കളിയല്ല, കരയുടെ പെരുമയും കായികബലവും പരീക്ഷിക്കപ്പെടുന്ന കായിക മാമാങ്കമാണ്. മത്സരം നടക്കുന്ന കളിയിടങ്ങളിലേയ്ക്ക് അതതു കരയിലെ പന്തുകളി പ്രേമികള്‍ കൂട്ടമായാണ് എത്തുന്നത്. തങ്ങളുടെ കരയുടെ വിജയത്തിനായി ആവേശപൂര്‍വ്വം നിലകൊള്ളുന്നു. കളിയുടെ ഗതിവിഗതികള്‍ മാറുന്നതിനനുസരിച്ച് കരക്കാരുടെ ആവേശവും വാശിയും അതിന്റെ പാരമ്യത്തിലെത്തും. കളി മോശമാണെങ്കില്‍ കരക്കാരുടെ രോഷം അണപൊട്ടും. വീറും വാശിയും വര്‍ദ്ധിപ്പിച്ച് കളിക്കളങ്ങളെ സജീവമാക്കുന്നതില്‍ കരക്കാരുടെ സാന്നിദ്ധ്യം പ്രധാന പങ്കുവഹിക്കുന്നുണ്ട് (Fig.7). സഹകളിക്കാരുമായി ഒരേ തരംഗദൈര്‍ഘ്യത്തില്‍ മനസ്സും ശരീരവും ക്രമപ്പെടുത്തി എണ്ണയിട്ട യന്ത്രം കണക്കെ താളാത്മകമായി മുന്നേറുന്നത് കായികപ്രേമികളെ ആവേശത്തിരയിലാഴ്ത്തും. നാടന്‍ പന്തുകളി കൂട്ടായ്മയുടെ വിനോദമാണെങ്കിലും ശാരീരിക തികവും മെയ് വഴക്കവും ഒത്തിണങ്ങിയ കളിക്കാര്‍ പന്തുകളം നിറഞ്ഞാടി ജനഹൃദയങ്ങളില്‍ ചേക്കേറാറുണ്ട്. കളിക്കളത്തില്‍ ഉജ്ജ്വല പ്രകടനങ്ങള്‍ കാഴ്ചവെച്ചവര്‍ക്ക് ജനങ്ങള്‍ ഇരട്ടപേരുകള്‍ നല്‍കുക നാടന്‍ പന്തുകളിയില്‍ പതിവാണ്. ഒരു തരത്തിലുള്ള ആരാധനയോ സ്നേഹമോ ആണ് ഇത്തരം പേര് ഇടുന്നതിന് പിന്നിലുള്ളത്. ഗരുഡന്‍ റാഞ്ചുന്നതു പോലെ പാഞ്ഞുവന്ന് പന്തിടുന്നതും പിടിക്കുന്നതും പതിവാക്കിയ മീനടം സണ്ണിയെ കളിപ്രേമികള്‍ ഗരുഡന്‍ സണ്ണി എന്നാണ് വിളിച്ചിരുന്നത്. വെട്ടുകളത്തിന്റെ വളരെ അടുത്തു നിന്ന് എതിരാളികള്‍ വെട്ടുന്ന പന്തിനെ മിന്നല്‍ വേഗത്തില്‍ കൈയ്യിലൊത്തുക്കുന്ന തമ്പി, മിന്നല്‍തമ്പിയെന്നാണ് അറിയപ്പെട്ടിരുന്നത്. മണര്‍കാട് ടീമിന്റെ ഇരവിയും ഇതേ ശൈലിയിലാണ് പന്ത് കൈക്കലാക്കിയിരുന്നത്. ഉരുണ്ടു വരുന്ന പന്തിനെ കൊത്തിയെടുത്ത് അതിര്‍ത്തി കടത്തുന്ന കുഞ്ഞപ്പി അറിയപ്പെട്ടിരുന്നത് കൊത്ത് കുഞ്ഞപ്പി എന്നായിരുന്നു. നാടന്‍ പന്തുകളിയിലെ പുതിയ താരോദയങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു. കളിയുടെ എല്ലാമേഖലയിലും മികവു പുലര്‍ത്തുന്ന കമ്പംമേടിന്റെ ബിജോമോന്‍ നാടന്‍പന്തിലെ മെസ്സി എന്നാണ് അറിയപ്പെടുന്നത് (Fig. 8). ഇതെല്ലാം വെളിവാക്കുന്നത് നാടന്‍ പന്തുകളിക്ക് ജനമനസ്സുകളില്‍ വൈകാരികമായൊരു ഇടമുണ്ടെന്നാണ്.

Fig.7. കളിക്കളത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ടീമുകളെ പ്രോത്സാഹിപ്പിക്കുന്ന  പന്തുകളി പ്രേമികൾ. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 7. കളിക്കളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന ടീമുകളെ പ്രോത്സാഹിപ്പിക്കുന്ന പന്തുകളി പ്രേമികള്‍. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig.8. സമകാലിക നാടൻ പന്തുകളിയിലെ ജനപ്രിയ താരമായ കമ്പംമെട്ടിന്റെ ബിജോമോൻ കാലുകൊണ്ട് പന്ത് പൊക്കി അടിക്കുന്ന ദൃശ്യം. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 8. സമകാലിക നാടന്‍ പന്തുകളിയിലെ ജനപ്രിയ താരമായ കമ്പംമെട്ടിന്റെ ബിജോമോന്‍ കാലുകൊണ്ട് പന്ത് പൊക്കി അടിക്കുന്ന ദൃശ്യം. കടപ്പാട് ജിബി ഫുള്‍ഫ്രയിം

നാടന്‍ പന്തുകളിയില്‍ സാമൂഹിക ബോധത്തിന്റെയും മൂല്യങ്ങളുടെയും കൂട്ടായ്മയുടെയും അടയാളമുണ്ട്. സാങ്കേതികതയും സ്ഥിതിവിവരണക്കണക്കുകളുമാണ്. ക്രിക്കറ്റ് അടക്കമുള്ള കളികളുടെ ജീവന്‍ നിലനിര്‍ത്തുന്നതെങ്കില്‍ ലാളിത്യമാണ് നാടന്‍ പന്തുകളിയുടെ ജീവന്‍. ബ്രോഡ്കാസ്റ്റിംഗ് തന്ത്രങ്ങളിലൂടേയും കുതന്ത്രങ്ങളിലൂടെയുമാണ് ക്രിക്കറ്റിനും ഫുട്ബോളിനും മറ്റും ആളെ കൂട്ടുന്നത്. ഇത്തരം വിനോദങ്ങള്‍ തങ്ങളുടെ ആരാധകരെ ഉപഭോക്താവായാണ് (customer) കാണുന്നത്. ആധുനിക കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളും തന്ത്രങ്ങളുമാണ് മുഖ്യധാരാകളികളുടെ (popular games) ജനപ്രിയതയ്ക്ക് മുഖ്യകാരണം. ഇതിന് നേര്‍ വിപരീത ദിശയിലാണ് നാടന്‍ പന്തുകളിയുടെ ജനപ്രിയത നിലകൊള്ളുന്നത്. പാശ്ചാത്യ വിനോദങ്ങള്‍ക്ക് മുന്നില്‍ പല നാടന്‍ കളികള്‍ക്കും ചുവട് പിഴച്ചപ്പോഴും അടിപതറാതെ നിലകൊള്ളാന്‍ നാടന്‍ പന്തുകളിയെ സഹായിച്ചതും ഈ ജനപ്രിയത തന്നെയാണ് (Fig. 9).

Fig.9. നാടൻ പന്തുകളിയിൽ വിജയികളായ ടീമിനെ പന്തുകളി പ്രേമികൾ ഹർഷാരവത്തോടെ എതിരേൽക്കുന്നു. കടപ്പാട് ജിബി ഫുള്‍ഫ്രയിം
Fig. 9. നാടന്‍ പന്തുകളിയില്‍ വിജയികളായ ടീമിനെ പന്തുകളി പ്രേമികള്‍ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുന്നു. കടപ്പാട് ജിബി ഫുള്‍ഫ്രയിം

പ്രാദേശികവും ഭാഷാപരവുമായ വകഭേദങ്ങളോട് കൂടിയതും ഗ്രാമീണ ജീവിതരീതികളുമായി ജൈവബന്ധം പുലര്‍ത്തുന്നതുമായ നാടന്‍ കളികളും വിനോദങ്ങളും, മുഖ്യധാരാകളികളെ (popular games) പ്പോലെ കണിശതയില്‍ കുരുങ്ങിക്കിടക്കുന്നവയല്ല. അതാത് ദേശത്തിനും ഭാഷയ്ക്കും ലിംഗത്തിനും അനുസരിച്ച് അവ മാറിക്കൊണ്ടിരിക്കുന്നു. ഒപ്പം കാലാനുസൃതമായി പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കാലാനുസൃതമായ കൊളളക്കൊടുക്കലിലൂടെ നാടന്‍ പന്തുകളിയും പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇത് തനിമയ്ക്കൊപ്പം പുതുമയും നിലനിര്‍ത്താന്‍ നാടന്‍ പന്തുകളിയെ പ്രാപ്തമാക്കുന്നു.

ഉപസംഹാരം

കളികളും വിനോദങ്ങളുമെല്ലാം തന്നെ അതിജീവനത്തിനായി അതതു സമൂഹം ക്രമപ്പെടുത്തിയതും പ്രാദേശിക സവിശേഷതകള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതുമാണ്. അനുദിന ജീവിത സാഹചര്യങ്ങളില്‍ നേരിടേണ്ടതായി വരുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും പ്രതിരോധിക്കുന്നതിനും വ്യക്തിയെ പ്രാപ്തനാക്കുന്നതില്‍ കളിയും വിനോദങ്ങളും മുഖ്യപങ്കുവഹിക്കുന്നു. ശാരീരികമായും മാനസികമായും വ്യക്തിയെ ദൃഢപ്പെടുത്തുന്നതിന് ഇത്തരം വിനോദങ്ങള്‍ ഉപകരിക്കുന്നുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പുവരെ സ്ഥലകാല ഭേദങ്ങള്‍ക്കനുസരിച്ചുള്ള പ്രാദേശിക വിനോദങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ഭാഷ, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്‍മ്മാണം തുടങ്ങിയവയെപ്പോലെ വൈവിദ്ധ്യം നിറഞ്ഞതായിരുന്നു കളികളും വിനോദങ്ങളും. കോളനിവത്ക്കരണത്തിന്റെ തുടര്‍ച്ചയില്‍ സകല പ്രാദേശിക കലാവിനോദങ്ങള്‍ക്കും മേലേ സിനിമയെന്ന സമ്മിശ്രകലാരൂപം കടന്നുവരുന്നു. ഇതേ സമയത്ത് തന്നെ കൊളോണിയല്‍ വിനോദങ്ങളായ ക്രിക്കറ്റും ഫുട്ബോളും അധിനിവേശിത സമൂഹങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. സാര്‍വ്വലൗകികമായ മുതലാളിത്ത ഉത്പാദന വ്യവസ്ഥ, ദേശ്യഭേദങ്ങളോടുകൂടി കാലാകാലങ്ങളായി നിലനിന്നുപോകുന്ന ഉത്പാദനക്രമത്തെ അട്ടിമറിച്ചു. യൂറോ കേന്ദ്രിതമായ വിശ്വമാനവനെയും വിശ്വസാഹിത്യത്തെയും വിശ്വഭാഷയേയും സൃഷ്ടിക്കാന്‍ ഒരുമ്പെട്ട ബ്രിട്ടന്‍ വിശ്വവിനോദം/കലയായി സിനിമയേയും വിശ്വക്രീഡയായി ക്രിക്കറ്റിനേയും ഫുട്ബോളിനേയും അടയാളപ്പെടുത്തുവാന്‍ പരിശ്രമിച്ചു. ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു. 1980 ലെ ഇന്ത്യയിലെ ടെലിവിഷന്റെ വ്യാപനം ഈ പ്രവണതകളെ ത്വരിതപ്പെടുത്തി. കൂടുതല്‍ പരസ്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതും വിപണിയോട് ചേര്‍ന്നു നില്‍ക്കുന്നവയുമായിരുന്നു ക്രിക്കറ്റും സിനിമയും. ഓരോ ഓവറിനുശേഷവും ഓരോ വിക്കറ്റിനുശേഷവും പിന്നെ മറ്റ് ഇടവേളകളിലും ധാരാളം പരസ്യം കാണിക്കാം എന്നത് ക്രിക്കറ്റിന്റെ മേന്മയായിരുന്നു. മറ്റ് കളികള്‍ക്ക് ഇത്തരം സാധ്യത പരിമിതമായിരുന്നതിനാല്‍ ക്രിക്കറ്റിനെ ടെലിവിഷന്‍ കുത്തകകളുടെ ഇഷ്ടക്രീഡയാക്കിത്തീര്‍ത്തു. സിനിമയെ വൈവിദ്ധ്യമുള്ള ഉത്പന്നങ്ങളാക്കി തീര്‍ത്തു (സിനിമാഗാനം, കോമഡി, ഇന്റര്‍വ്യൂ). ടെലിവിഷന്റെ വ്യാപനം പ്രാദേശികകൂട്ടായ്മകളെ അസ്ഥിരപ്പെടുത്തി. അധിനിവേശ ചിന്താധാരകള്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലെ കളികളും വിനോദങ്ങളും അധമമാണെന്നും പാശ്ചാത്യ കളികളും വിനോദങ്ങളും ശ്രേഷ്ഠമാണെന്നും ഉള്ള ബോധം രൂപപ്പെടുത്തിയെടുത്തു. ഇതിന്റെ തുടര്‍ച്ചയില്‍ കൂട്ടായ്മകള്‍ ആവിഷ്‌ക്കരിച്ച ഗ്രാമ്യവിനോദങ്ങളും, കളികളും ക്രിക്കറ്റിനും ഫുട്ബോളിനും വീഡിയോ ഗെയിമിനും മറ്റും വഴിമാറിക്കൊടുത്തു. ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച വിനോദങ്ങള്‍ വളരെ കുറച്ചേയുണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേയ്ക്ക് മലയാളി മാറ്റപ്പെട്ടു. കൂട്ടായ്മയെക്കാള്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന പുതുതലമുറയുടെ ഇടയില്‍ ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും വീഡിയോ ഗെയിമുകളുടെയും സ്വീകാര്യത കുത്തനെ ഉയര്‍ന്നു.

കേരളത്തില്‍ അക്കാലത്ത് ഗ്രാമീണ വായനശാലകള്‍, ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്, ഫിലിം സൊസൈറ്റികള്‍ തുടങ്ങിയവ ഗ്രാമീണകൂട്ടായ്മകളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു. എണ്‍പതുകളില്‍ യുവാക്കള്‍ ജോലി തേടി കൂട്ടത്തോടെ പുറം നാടുകളിലേയ്ക്ക് ചേക്കേറി. ഇതോടെ യുവാക്കളാല്‍ രൂപീകരിച്ച ക്ലബുകളുടെയും മറ്റും പ്രവര്‍ത്തനം മന്ദീഭവിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെ കൗമാരപ്രായക്കാര്‍ ഉപരിപഠനാര്‍ത്ഥം കേരളം വിട്ടതോടെ കളികള്‍ കളിക്കളം വിട്ടു. ഇത്തരത്തില്‍ പ്രവാസജീവിതം നയിച്ചവരുടെ മടക്കയാത്രയിലാണ് പില്‍ക്കാലത്ത്‌ മൈതാനങ്ങള്‍ക്ക് ജീവന്‍ വച്ചത്. തങ്ങളുടെ ഗൃഹാതുരസ്മരണയില്‍ മൊട്ടിട്ടുനിന്നതിനെയൊക്കെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും ഉണ്ടായി. മറവിയിലേയ്ക്കു പോയ പല വിനോദങ്ങളും കളികളും ആഘോഷങ്ങളും പൊടിതട്ടി ഉണര്‍ന്നെഴുന്നേറ്റു. ഇവയുടെയെല്ലാം മുഖ്യമൂലധനം പ്രവാസജീവിതം നയിച്ച് തിരികെ എത്തിയവരുടെതായിരുന്നു. ക്ലബുകളും മറ്റ് കൂട്ടായ്മകളും സജീവതയിലേയ്ക്ക് നീങ്ങി. ഈ സന്ദര്‍ഭത്തില്‍ ചില നാടന്‍കളികളും വിനോദങ്ങളും ഉണര്‍വിന്റെ പാതയിലെത്തി.

ജനസമൂഹത്തിന്റെ കളിവ്യവഹാരങ്ങളില്‍ പന്തുകളിയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. പല നാടുകളില്‍ പലരീതിയില്‍ പന്തുകളിക്കപ്പെടുന്നു. ഒട്ടുമിക്ക രാജ്യങ്ങളുടേയും ദേശീയവിനോദമായി പരിഗണിച്ചു പോരുന്നത് പന്തുകൊണ്ടുള്ള ഏതെങ്കിലും കളിയായിരിക്കും. മനുഷ്യന്റെ ജന്മവാസനയുമായി പന്തുകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടാണ് നമ്മുടെ കണ്‍മുമ്പില്‍പെടുന്ന ഉരുളിമയുള്ള അചേതന വസ്തുക്കളെ നാം അറിയാതെ കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയോ കൈകൊണ്ട് ഉയര്‍ത്തിയെറിയുകയോ ചെയ്യുന്നത്.

ഒരുകാലത്ത് ഭൂമിയുടെ പല കോണുകളില്‍ പ്രാദേശിക നാടന്‍വിനോദങ്ങളായിരുന്ന ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയുള്ള നിരവധി വിനോദങ്ങള്‍ മധ്യവര്‍ഗ്ഗത്തിന്റേതില്‍ നിന്നുയര്‍ന്ന് ഉപരിവര്‍ഗ്ഗത്തിന്റേതായി പരിണമിച്ചു. കാലക്രമത്തില്‍ പരിണമിച്ച് അധികാരത്തിന്റെ ബലത്തില്‍ ദേശീയ-അന്തര്‍ദേശീയ വിനോദങ്ങളും ആയിത്തീര്‍ന്ന ഇത്തരം വിനോദങ്ങളെ മാത്രമാണ് ഒറ്റയ്ക്കെടുത്ത് പഠനവിധേയമാക്കിയിട്ടുള്ളത്. പ്രാദേശിക വിനോദങ്ങളുടെ കൂട്ടായ രേഖപ്പെടുത്തല്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. നാടന്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമായ നാടന്‍കളികളും വിനോദങ്ങളും കാര്യമായി പഠനവിധേയമായിട്ടില്ലാത്ത ഒരു വിഷയമാണ്. കഥകള്‍, ഐതിഹ്യങ്ങള്‍, നാടന്‍പാട്ടുകള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഭിചാരക്രിയകള്‍, തുടങ്ങിയവയ്ക്ക് പ്രാധാന്യം കല്‍പ്പിച്ചുകൊണ്ടുള്ള പഠനങ്ങളാണ് ഫോക് ലോര്‍/സംസ്‌കാര പഠന മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. നാടന്‍കളികളും, വിനോദങ്ങളും സമൂഹത്തിന്റെ സംസ്‌കാരമാപിനിയാണ്. കോട്ടയം ജില്ലയുടെ എലുകകള്‍ക്കുള്ളില്‍ ഇന്നും ജനകീയവും ജനപ്രിയവുമായി നിലകൊള്ളുന്ന വിനോദമാണ്‌ വെട്ടുപന്ത്/തോല്‍പ്പന്ത് കളിയെന്നും അറിയപ്പെടുന്ന നാടന്‍ പന്തുകളി.

 

സഹായഗ്രന്ഥങ്ങള്‍

അജിത്ത് കുമാര്‍ എന്‍. 2005. ഫോക് ലോറും സാഹിത്യ നിരൂപണവും തത്വവും പ്രയോഗവും, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

അജു കെ. നാരായണന്‍. 2012. പലവക: സംസ്‌കാരപഠനങ്ങള്‍, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.

അജു കെ. നാരായണന്‍. 2011. ഫോക് ലോര്‍: പാഠങ്ങള്‍ പഠനങ്ങള്‍, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം.

കോളിന്‍സ്, റവ.റിച്ചാർഡ്, 1988. മലയാളം നിഘണ്ടു, ചെന്നൈ: മദ്രാസ് ഏഷ്യന്‍ എഡ്യൂക്കേഷന്‍ സര്‍വ്വീസ്.

ഗുണ്ടര്‍ട്ട് ഹെര്‍മ്മന്‍, 1991. മലയാളം ആന്റ് ഇംഗ്ലീഷ് ഡിക്ഷ്ണറി, കോട്ടയം: ഡി.സി. ബുക്സ്.

തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍. 1965. ശ്രീമഹാഭാരതം, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം.

മാത്തുക്കുട്ടി, ജെ. കുന്നപ്പള്ളി. 1987. കളികള്‍, കോട്ടയം: ഡി.സി. ബുക്സ്.

രാജശേഖരന്‍, പി.കെ. 1991. ക്രിക്കറ്റ് കളിയും പൊരുളും, കോട്ടയം: ഡി.സി. ബുക്സ്.

രവീന്ദ്രന്‍, പി.വി., 2002. സംസ്‌കാര പഠനം: ഒരു ആമുഖം, കോട്ടയം: ഡി.സി. ബുക്സ്.

രാജഗോപാല്‍, സി.ആര്‍. 2007. ഫോക് ലോര്‍ സിദ്ധാന്തങ്ങള്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

രാഘവന്‍ പയ്യനാട്, 1986. ഫോക് ലോര്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

വിദ്യാസാഗര്‍, കെ. (ജന.എഡിറ്റർ) 2011. നമ്മുടെ സംസ്‌കാരം, കോട്ടയം: ഡി.സി.ബുക്സ്.

വിഷ്ണുനമ്പൂതിരി, എം.വി. 2000. നാടന്‍ കളികളും വിനോദങ്ങളും, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

വിഷ്ണുനമ്പൂതിരി, എം.വി. 1996. നാടോടി വിജ്ഞാനീയം, കോട്ടയം: ഡി.സി.ബുക്സ്.

വിഷ്ണുനമ്പൂതിരി എം.വി. ഉത്തരകേരളത്തിലെ തോറ്റം പാട്ടുകള്‍, തൃശൂര്‍: കേരള സാഹിത്യ അക്കാദമി.

സനല്‍ പി.തോമസ് 2001. കായിക കേരളചരിത്രം, കോട്ടയം: കറന്റ് ബുക്സ്.

സുരേന്ദ്രന്‍, എം.പി. 2006. റെഡ്സോണ്‍, കോട്ടയം: ഡി.സി. ബുക്സ്.

സോമന്‍ പി. 2004. ഫോക് ലോര്‍ സംസ്‌കാരം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

ജി. പത്മനാഭപിള്ള ശ്രീകണ്ഠേശ്വരം, 2010. ശബ്ദതാരാവലി, കോട്ടയം: ഡി.സി.ബുക്സ്.