കേരളത്തിലെ പ്രാദേശിക പന്തുകളി രീതികളും നാടന്‍ പന്തുകളിയും: ഒരു പഠനം

in Module
Published on:

അനൂപ്‌ കെ. ആര്‍. (Anoop K. R.)

മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കു കീഴില്‍ കോട്ടയം സി. എം. എസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാള ഗവേഷണകേന്ദ്രത്തിലെ ഗവേഷണവിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് സര്‍വ്വകലാശാല സംസ്കൃതവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫസര്‍ പി. സി. വാസുദേവന്‍‌ ഇളയത് എന്‍ഡോവ്മെന്‍റ് പുരസ്‌കാരം 2019 ല്‍ ലഭിച്ചു. 'എസ്. കെ. പൊറ്റക്കാട്ട്: സാഹിത്യലോകത്തെ സഞ്ചാരി എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിപി പബ്ലിക്കേഷന്‍, കോഴിക്കോട്, 2018). വിവിധ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്കാരപഠനം, ചലച്ചിത്രം, ഫോക് ലോര്‍ എന്നിവയാണ് പ്രധാന പഠനമേഖലകള്‍.

നൂറ്റാണ്ടുകള്‍ക്കു മുമ്പേ തനതായ കായിക സംസ്‌കാരം വളര്‍ത്തിയെടുത്ത നാടാണ്‌ കേരളം. നാടന്‍ കളികളും വിനോദങ്ങളും അത് ഉരുവം കൊണ്ട പ്രദേശവുമായി ജൈവബന്ധം പുലര്‍ത്തിയിരുന്നു. അത്തരത്തിലുള്ള കളിയാണ് തലമകളി, തലപ്പന്തുകളി, ആട്ടകളി, വെട്ടുപന്തുകളി, തുകല്‍ പന്തുകളി, കുറ്റിപന്തുകളി, കൊള്ളികളി എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളിലറിയപ്പെടുന്ന നാടന്‍ പന്തുകളി (native ball games). പാശ്ചാത്യമായ വിനോദങ്ങള്‍ കടന്നുവരികയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടും നാടന്‍ പന്തുകളി ഇന്നും ജനപ്രിയ കായികവിനോദമായി ഗ്രാമങ്ങളില്‍ നിലകൊള്ളുന്നുണ്ട്.  നാടന്‍ പന്തുകളിയുടെ സവിശേഷത, പന്തുകളുടെ വൈവിധ്യം, കളിക്കളങ്ങളുടെ വ്യതിരിക്തത, കളിയില്‍ കാലാകാലങ്ങളായി സംഭവിച്ച മാറ്റങ്ങള്‍ എന്നിവയോടൊപ്പം ഒരു സാംസ്‌കാരിക വിഭവം എന്ന നിലയിലുള്ള നാടന്‍ പന്തുകളിയുടെ പ്രാധാന്യം, ജനപ്രിയത എന്നിവയും പഠന വിധേയമാക്കുന്നു. കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ നിരവധി ഗ്രാമീണ വിനോദങ്ങളും കളികളും നിലവിലുണ്ടായിരുന്നു. അവയില്‍ മിക്കവയും ഇന്നു പ്രചാരത്തിലില്ല. വര്‍ത്തമാനകാലത്ത് തദ്ദേശീയമായ വിനോദങ്ങളുടെ ഇടങ്ങളെ ആധുനിക സൗകര്യങ്ങളും വിനോദങ്ങളും അനുനിമിഷം അപഹരിച്ചുകൊണ്ടിരിക്കുന്നു. നാടന്‍ പന്തുകളിയും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. കേരളത്തിന്റെ തനത് കായികവിനോദം എന്ന് വിശേഷിപ്പിക്കാവുന്ന  നാടന്‍ പന്തുകളിയുടെ കഴിഞ്ഞ കാലഘട്ടത്തെ മനസ്സിലാക്കുന്നതിനോടൊപ്പം സമകാലികമായ ഉള്‍ക്കാഴ്ച രൂപപ്പെടുത്തുകയുമാണ് ഈ പഠനത്തിന്റെ ലക്ഷ്യം.