പതിനേഴാം നൂറ്റാണ്ടില്‍ കോട്ടയത്ത് ഒരു ഡച്ചുസ്കൂള്‍ നിലവിലുണ്ടായിരുന്നു എന്ന അവ്യക്തമായ ധാരണ നേരത്തെയുള്ളതാണെങ്കിലും അതിനെക്കുറിച്ച് കൂടുതലൊന്നും തന്നെ അന്വേഷിച്ചറിയാനാവാത്ത വിധം കോട്ടയത്തിന്‍റെ ചരിത്രം തന്നെ ശുഷ്കമായിരുന്നു. ലേഖകന്‍റെ നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഡച്ച് കമാന്‍ഡറും ഗവര്‍ണറുമായിരുന്ന ഹെന്‍റിക് ആഡ്രിയന്‍ വാന്‍റീഡിന്‍റെ ഹോര്‍ത്തുസ് മലബാറിക്കുസ് ഇന്‍ഡിക്കുസിന്‍റെ രചനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെന്നിഗര്‍ എഴുതിയ ഹെന്‍റിക് ആഡ്രിയന്‍ വാന്‍റീഡ് ടോട് ഡ്രാക്കസ്റ്റൈന്‍ 1636-1691 ആന്‍ഡ് ഹോര്‍ത്തുസ് മലബാറിക്കുസ് ഇന്‍ഡിക്കുസ് (Hendrik Adriaan Van Reed Tot Drakestein 1636-1691 and Hortus, Malabaricus) എന്ന ഗ്രന്ഥത്തില്‍ പേജ് 34 മുതലുള്ള 4 പുറങ്ങളിലായി സ്കൂളിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. കൂടാതെ എഴുതിയ എന്ന പുസ്തകത്തിലും പ്രസ്തുത സ്കൂളിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
ഏ.ഡി. 1668 ല്‍ സ്ഥാപിക്കപ്പെട്ട ഡച്ചുസ്കൂളിനെക്കുറിച്ച് ആകെ ലഭ്യമായ കുറച്ചു വിവരങ്ങളും സ്കൂള്‍ നിലവിലിരുന്ന കാലത്തെ കോട്ടയത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളും ബന്ധപ്പെടുത്തി കണ്ടെത്തിയ വിവരങ്ങളാണ് ഈ ലേഖനത്തിന് ഉള്ളടക്കമായിരിക്കുന്നത്. ഈ കണ്ടെത്തല്‍ സ്കൂള്‍ നിലവിലിരുന്നതിന്‍റെ ചരിത്രപരമായ യാതൊരു സൂചനകളും ഇതുവരെ ലഭ്യമല്ലാതിരിക്കുന്ന കേരള ചരിത്രപഠനശാഖയില്‍ ഒരു കൂട്ടിച്ചേര്‍ക്കലായിരിക്കും. ഒരുപക്ഷേ, ഇതിത്തെുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗവേഷണപഠനങ്ങളില്‍നിന്ന് സ്കൂളിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തെളിവുകളോടെ കോട്ടയത്തുനിന്നുതന്നെ ലഭ്യമാകാനും സാധിച്ചേക്കാം.
വിദ്യാഭ്യാസസമ്പ്രദായം: ഡച്ച് സ്കൂളിന് മുമ്പ്
ഇംഗ്ലീഷുകാര്‍ തുടങ്ങിവച്ച ആധുനിക വിദ്യാഭ്യാസസമ്പ്രദായം കേരളത്തില്‍ വേരുപിടിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെയാണ്. പ്രാഥമികവിദ്യാഭ്യാസത്തിനുള്ള കുടിപ്പളളിക്കൂടങ്ങള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള സര്‍വ്വകലാശാലകള്‍ വരെ എന്ന നിലയിലേക്ക് വിദ്യാഭ്യാസരംഗം വളര്‍ന്നുതുടങ്ങുന്നത് അന്നാണ്. അതിനുമുമ്പ് വിജ്ഞാനകൈമാറ്റം നടന്നിരുന്നത് നിയതമായ രീതികളിലായിരുന്നില്ല. പാരമ്പര്യവിജ്ഞാനശാഖകള്‍ അതതു മേഖലയിലുള്ളവര്‍ പരാമ്പരാഗതമായോ ഗുരുകുലസമ്പ്രദായത്തിലൂടെയോ ആര്‍ജ്ജിച്ചുപോന്നു. ആഗ്രഹിക്കുന്ന മേഖലയില്‍ അറിവു നേടുന്നതിന് വിഘാതമായി ജാതിയും മതവും നിര്‍ണ്ണയിക്കുന്ന സാമൂഹികമായ വിലക്കുകള്‍ ശക്തമായി നിലനിന്നിരുന്നു. ഭാഷാപഠനത്തിന്‍റെ മേഖലയില്‍ ഇതു വളരെ ശക്തമായിരുന്നുതാനും. എങ്കിലും സമൂഹത്തിന്‍റെ അടിത്തട്ടില്‍ നിന്നുപോലും ഭാഷയിലും സാഹിത്യത്തിലും മികച്ച സ്വാധീനം നേടിയവര്‍ നവോത്ഥാനകാലത്ത് ഉയര്‍ന്നുവന്നത് ഭാഷാപഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എഴുത്തച്ഛന്‍ മുതലുള്ളവര്‍ ഈ സാമൂഹികവിപ്ലവത്തിന്‍റെ തൂലിക ചലിപ്പിച്ച അതേ കാലയളവില്‍ തന്നെയാണ് കോട്ടയത്ത് രണ്ടു വിദേശഭാഷകളും രണ്ടു പ്രാദേശികഭാഷകളും പഠിക്കുന്നതിന് അവസരമൊരുക്കിയ ഡച്ച് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്.
പ്രൊട്ടസ്റ്റന്‍റ് പുരോഹിതരുടെ സന്ദര്‍ശനവും സ്കൂളിന്‍റെ സ്ഥാപനവും
ഡച്ചുകാര്‍ക്ക് വ്യാപാരത്തിലുപരിയായി മതരംഗത്തും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലും പ്രത്യേക താല്പര്യമുണ്ടായിരുന്നു. അവയൊക്കെയും തങ്ങളുടെ വ്യാപാരവികസനത്തിന് അനുഗുണമായി മാറുമെന്ന മുന്‍കാഴ്ചയില്‍ നിന്നാണ് ഉളവായതെന്നതില്‍ സംശയമില്ല. പോര്‍ച്ചുഗീസുകാരുണ്ടാക്കിയ മതപരവും സാംസ്കാരികവുമായ എല്ലാ അടയാളങ്ങളെയും അവശേഷിപ്പുകളെയും തുടച്ചുനീക്കുക എന്ന ലക്ഷ്യം ഡച്ചുകാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. നിരവധി ഡച്ച് ചാപ്ലയിനുകള്‍ കൊച്ചിയില്‍ മതനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇക്കാലയളവില്‍ എത്തിച്ചേര്‍ന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച നിലയില്‍ ഫലമുണ്ടായില്ല. കൊച്ചിയില്‍ കത്തോലിക്കാസ്വാധീനം ശക്തമായിരുന്നതിനാല്‍ പുതുതായി ബന്ധങ്ങള്‍ സ്ഥാപിച്ച മറ്റു നാട്ടുരാജ്യങ്ങളില്‍ മതപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. വ്യാപാരരംഗത്തും കാര്‍ഷികരംഗത്തും പ്രബലരായിരുന്ന സുറിയാനി ക്രൈസ്തവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക എന്ന തന്ത്രപരമായ നയവും ഇതിന് പിന്നിലുണ്ടായിരുന്നു. കത്തോലിക്ക മതവീക്ഷണങ്ങള്‍ക്ക് കാര്യമായി വേരോട്ടമില്ലാതിരുന്ന തെക്കുംകൂറിലേയ്ക്കാണ് കൊച്ചിയിലെ പ്രൊട്ടസ്റ്റന്‍റ് മതപ്രചാരകരായിരുന്ന പുരോഹിതരുടെ നോട്ടമെത്തുന്നത്. അത്തരത്തിലുള്ള ലക്ഷ്യവുമായാണ് കൊച്ചിയില്‍നിന്ന് ജൊഹന്നാസ് കസേറിയസ് (Johannas Caserias) മാര്‍ക്കസ് മാഷ്യസ് (Marcus Mashius) എന്നീ പുരോഹിതര്‍ ഏ.ഡി. 1668 ല്‍ കോട്ടയത്തെത്തുന്നത്[i].
പ്രദേശത്തെ ക്രിസ്ത്യാനികളില്‍ തങ്ങളുടെ വിശ്വാസസമ്പ്രദായത്തെ പ്രചരിപ്പിക്കാനുള്ള ശ്രമം അവര്‍ നടത്തി. നവീകരണ ആശയങ്ങള്‍ പരമ്പരാഗത നസ്രാണിസമൂഹത്തിന് ഉള്‍ക്കൊള്ളാനാവാത്തതിനാലോ ഭാഷാവിനിമയത്തിനുള്ള പരിമിതി ഏറെയുണ്ടായിരുന്നതിനാലോ ഈ പുരോഹിതര്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരാനായില്ല. എങ്കിലും പരാജിതരാകാത്ത അവര്‍, നാട്ടുകാരായ ക്രിസ്ത്യാനികളില്‍ ലത്തീന്‍ ഭാഷാപഠനത്തിന്‍റെ ആവശ്യകത അനിവാര്യമാണെന്നു വിലയിരുത്തി. തിരിച്ചുപോകുന്നതിനു മുമ്പായി കോട്ടയത്തെ ക്രിസ്ത്യാനികളില്‍ ലത്തീന്‍ പഠിപ്പിക്കുന്നതിനുള്ള അനുവാദം രാജാവിനോട് ചോദിച്ചു; കോതവര്‍മ്മ രാജാവ് സന്തോഷത്തോടെ അനുമതിയും നല്‍കി[ii]. വ്യാപാരരംഗത്ത് ഭാഷാവിനിമയത്തിനായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വിവിധ ഭാഷകള്‍ പഠിക്കുന്നതിന്‍റെ ആവശ്യകത രാജാവിനും തോന്നിയിട്ടുണ്ടാവാം. എന്തായാലും പുരോഹിതരുടെ മതപരമായ ലക്ഷ്യങ്ങളും രാജാവിന്‍റെ ഭാഷാപഠനത്തിലുള്ള താല്പര്യവുമെല്ലാം ഒരുമിച്ചുചേര്‍ന്നപ്പോള്‍ അതൊരു വിദ്യാലയത്തിന്‍റെ സ്ഥാപനത്തിന് കാരണമായിത്തീര്‍ന്നു.
മലബാറിലെത്തിയ കാലം മുതല്‍ ഈ നാട്ടിലെ സസ്യജാലങ്ങളും അവയുടെ വൈവിദ്ധ്യവും വാന്‍ റീഡിനെ ഭ്രമിപ്പിച്ചിരുന്നു. സസ്യശാസ്ത്രത്തില്‍ പ്രത്യേക താല്പര്യം വച്ചു പുലര്‍ത്തിയിരുന്ന വാന്‍ റീഡ് മറ്റേതു വിദേശിയെയും പോലെ ആരോഗ്യസംരക്ഷണത്തിനും രോഗശാന്തിക്കുമായി അമൂല്യമായ ഈ സസ്യങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആയൂര്‍വേദ വൈദ്യസമ്പ്രദായത്തെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അതുകൊണ്ടുതന്നെയാണ് ഈ സസ്യജാലങ്ങളെയെല്ലാം ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ബൃഹത്തായ ഗ്രന്ഥം രചിക്കണമെന്നു തീരുമാനിച്ചതും.
കൊച്ചിയിലുണ്ടായിരുന്ന ഹെര്‍മന്‍ ഹാസെന്‍കാംപ് എന്ന വിരമിച്ച ഡച്ചുസൈനികന്‍ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ ഒരു വന്ദ്യവയോധികനായിരുന്നു. ഹാസന്‍കാംപിനെ സംസ്കൃതം പഠിപ്പിക്കണമെന്ന ആഗ്രഹവും വാന്‍റീഡിന് ഉണ്ടായിരുന്നു. ആയുര്‍വേദഗ്രന്ഥങ്ങള്‍ സംസ്കൃതത്തിലായിരുന്നതിനാലാവാം അത്തരമൊരു നീക്കം വാന്‍റീഡിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഈ സന്ദര്‍ഭത്തിലാണ് കോട്ടയത്തെ പുതിയ ദൗത്യവുമായി പുരോഹിതര്‍ കൊച്ചിയിലെത്തുന്നതും വിവരങ്ങള്‍ വാന്‍റീഡിനെ ധരിപ്പിക്കുന്നതും. തന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കോട്ടയത്ത് ഒരു സ്കൂള്‍ തുടങ്ങിയാല്‍ സാധിക്കുമെന്നു കരുതിയ വാന്‍റീഡിന് ഇത് നല്ലൊരു അവസരം കൂടിയായി. വാന്‍റീഡിന്‍റെ നിര്‍ദ്ദേശപ്രകാരം ഹാസന്‍കാംപ് കോട്ടയത്തെത്തി തെക്കുംകൂര്‍ രാജാവിനെ സന്ദര്‍ശിച്ചു[iii]. ഹാസന്‍കാംപിന് വേണ്ടി സംസ്കൃതപഠനത്തിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതു കൂടാതെ രാജാവ് നാട്ടുകാരായ ക്രിസ്ത്യാനികളെ ലത്തീന്‍ പഠിപ്പിക്കുന്നതിന് ഹാസന്‍കാംപിനെ ചുമതലപ്പെടുത്തുകയും ചെയ്തു. വൈകാതെ പട്ടണത്തിനുള്ളില്‍ തന്നെ സ്കൂള്‍ ആരംഭിക്കുകയും ചെയ്തു. സ്കൂളിന്‍റെ ആദ്യത്തെ അവബോധകന്‍ (Perceptor) ഹാസന്‍കാംപ് തന്നെയായിരുന്നു.
ഡച്ചു സ്കൂളിന്‍റെ പ്രവര്‍ത്തനകാലഘട്ടവും സംഭാവനകളും
ലത്തീന്‍ കൂടാതെ ഡച്ച്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലാണ് പരിഭാഷകരുടെ സ്കൂള്‍ (Tolken School) എന്നുകൂടി അറിയപ്പെട്ട ഈ വിദ്യാലയത്തില്‍ അദ്ധ്യയനം നടന്നിരുന്നത്. പരിഭാഷപ്പെടുത്തലിന് ആവശ്യമായ ഭാഷാജ്ഞാനം എന്നുള്ളിടത്ത് ഈ അദ്ധ്യയനരീതി പരിമിതപ്പെട്ടു. നാട്ടുകാരില്‍ ക്രിസ്ത്യാനികളും ബ്രാഹ്മണരും ഡച്ചും ലത്തീനും അഭ്യസിച്ചിരുന്നു എന്നാണ് ഹെന്നിഗറുടെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്[iv]. വ്യാപാരരംഗത്ത് സജീവമായിരുന്ന ഗൗഡസാരസ്വതരെയാകാം ബ്രാഹ്മണര്‍ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. അതേസമയം ചേറ്റുവാ, കൊടുങ്ങല്ലൂര്‍, കൊച്ചി, പുറക്കാട്, കായംകുളം, കൊല്ലം എന്നിവിടങ്ങളിലെ ഡച്ചുപണ്ടികശാലകളിലെ ഉദ്യോഗസ്ഥരായിരുന്ന നിരവധി ഡച്ചുയുവാക്കള്‍ മലയാളവും സംസ്കൃതവും പഠിക്കാനെത്തിയിരുന്നു. വിദ്യാലയം രാജാവിന്‍റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കുവാന്‍ തളീക്കോട്ടയുടെ സമീപം തന്നെയാകാം സ്ഥാപിക്കപ്പെട്ടിരുന്നത്.
ഏ.ഡി. 1670 നവംബര്‍ 2ന് സ്കൂളിന്‍റെ ആദ്യത്തെ അവബോധകനായ ഹെര്‍മന്‍ ഹാസന്‍കാംപ് കോട്ടയത്തു വച്ചു അന്തരിച്ചു[v]. വിസ്ഡോര്‍പയസ് (Wisdorpius) എന്ന മറ്റൊരു ഭാഷാവിദഗ്ധനാണ് ഹാസന്‍കാംപിന്‍റെ പിന്‍ഗാമിയായി വന്നത്. മലയാളം, സംസ്കൃതം എന്നീ ഭാഷകള്‍ പഠിപ്പിക്കുന്നതിന് ബ്രാഹ്മണരായ അദ്ധ്യാപകരെ രാജാവ് നിയമിച്ചിരുന്നു. കൂടാതെ കോതവര്‍മ്മ രാജാവ് ഈ സ്കൂളില്‍ സംസ്കൃതത്തില്‍ ക്ലാസുകള്‍ എടുത്തിരുന്നതായും ഹെനിഗര്‍ രേഖപ്പെടുത്തുന്നു!
ഏ.ഡി. 1674 ല്‍ കോതവര്‍മ്മ രാജാവ് നാടുനീങ്ങിയതായി സൂചനയുണ്ട്. ഇതേ വര്‍ഷം തന്നെയാണ് ഡച്ചുകാരുമായുണ്ടായ കരാര്‍ പുതുക്കുന്നതും[vi]. ഏ.ഡി. 1674 ആഗസ്റ്റ് 14 ന് (ചിങ്ങം 3, 850) കോട്ടയത്തെ ഒളശ്ശയിലെ പൈങ്ങുളത്ത് കൊട്ടാരത്തില്‍വച്ച് ഹെന്‍റിക് വാന്‍ റീഡ് നിയോഗിച്ച ബര്‍ഘാര്‍ട്ട് ഉയ്റ്റേര്‍ (Burghart Uytter) തെക്കുംകൂറുമായുള്ള രണ്ടാമത്തെ ഉടമ്പടിയില്‍ ഒപ്പുവച്ചു[vii].
കുടവെച്ചൂരില്‍നിന്ന് തെക്കുംകൂറിലയ്ക്ക് എത്താനുള്ള എളുപ്പമാര്‍ഗ്ഗമെന്ന നിലയ്ക്കും ജലയാത്രയ്ക്ക് സൗകര്യപ്രദമെന്ന നിലയ്ക്കും തൊള്ളായിരം പറ പാടശേഖരങ്ങളുടെ സമീപം സ്ഥാപിക്കപ്പെട്ട വിശാലമായ കൊട്ടാരമായിരുന്നു പൈങ്ങുളത്ത് കൊട്ടാരം. ജലയാനങ്ങള്‍ക്ക് അടുക്കാവുന്ന വിശാലമായ ചിറയും തോടുകളും ഇതോടു ചേര്‍ന്നുണ്ടായിരുന്നു. ഈ കൊട്ടാരം കെട്ടിമേയുന്നതിന് 2000 മടല്‍ തെങ്ങോല വേണ്ടിവന്നിരുന്നു എന്ന് അയര്‍കാട്ടുവയല്‍ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പഴയ ഒരു രേഖയില്‍ കാണുന്നു. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ആക്രമണകാലത്ത് ഈ കൊട്ടാരം തകര്‍ക്കപ്പെടുകയാണുണ്ടായത്.
ഏ.ഡി. 1674 ലെ കരാറില്‍ ഡച്ചുകാര്‍ മുന്നോട്ടുവച്ച ഉപാധി എന്തെന്നാല്‍ കൊച്ചി ക്കോട്ടയില്‍ അതിക്രമിച്ച് കയറി ഡച്ചുകാരെ വധിച്ച ഒരു തസ്കരസംഘം കുമാരനല്ലൂര്‍ സങ്കേതത്തില്‍ ഒളിച്ചുപാര്‍ക്കുന്നുണ്ടെന്നും അവരെ പിടിച്ച് തങ്ങള്‍ക്ക് കൈമാറണമെന്നുമായിരുന്നു[viii]. സാധ്യമാകുമെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണെന്ന് രാജാവ് ഉറപ്പുനല്കുകയും ചെയ്തു. കോതവര്‍മ്മ രാജാവിന്‍റെ മരണത്തിന് മുമ്പാണോ ശേഷമാണോ കരാര്‍ ഉണ്ടായത് എന്ന് വ്യക്തമല്ല. അതിനാല്‍ തന്നെ ഒപ്പിട്ടത് അദ്ദേഹമാണോ പിന്‍ഗാമിയാണോ എന്ന് തിരിച്ചറിയാനാകുന്നില്ല.
ഏ.ഡി. 1674 ല്‍ തന്നെയാണ് സ്കൂളില്‍നിന്ന് ആദ്യത്തെ ഡച്ച് വിദ്യാര്‍ത്ഥി ഡിസ്റ്റിംഗ്ഷനോടെ പഠനം പൂര്‍ത്തിയാക്കുന്നത്[ix]. ഹോര്‍ത്തുസ് മലബാറിക്കുസ് ഇന്‍ഡിക്കസിന് വേണ്ടി ലത്തീന്‍ പരിഭാഷ നിര്‍വഹിച്ച ഹെര്‍മന്‍ വാന്‍ ഡൊണെപ് (Herman Van Donep) ആയിരിക്കാം ആ വിദ്യാര്‍ത്ഥി എന്ന് ഹെന്നിഗര്‍ രേഖപ്പെടുത്തുന്നു. ഡൊണേപ്പിനെ വാന്‍റീഡ് താമസിയാതെ തന്‍റെ സെക്രട്ടറിയായി നിയമിച്ചു. ഡൊണേപ്പിന്‍റെ സേവനം ഗ്രന്ഥരചനയുടെ കാര്യത്തിലും ഔദ്യോഗികരംഗത്തും വാന്‍റീഡിന് വലിയ സഹായമായി മാറി.
നിരവധി ഡച്ചുവിദ്യാര്‍ത്ഥികള്‍ സ്കൂളില്‍നിന്ന് ഭാഷാജ്ഞാനം നേടി പുറത്തുവന്നു. ഭരണാധികാരികളുമായും വ്യാപാരികളുമായും സംവദിക്കുന്നതിന് ഈ പരിജ്ഞാനം പ്രയോജനപ്പെട്ടിരിക്കാം. അതേസമയം സ്കൂളില്‍നിന്ന് ലത്തീന്‍, ഡച്ച് ഭാഷകളില്‍ പരിജ്ഞാനം നേടിയ നാട്ടുകാരായ വിദ്യാര്‍ത്ഥികളെ പറ്റിയോ തുടര്‍വിദ്യാഭ്യാസം അവരില്‍നിന്ന് പിന്നീടുണ്ടായിരുന്നതായോ ഒരു സൂചനയും കാണുന്നില്ല. സ്കൂള്‍ സ്ഥാപിക്കപ്പെട്ട് പിന്നെയും ഒരു നൂറ്റാണ്ടു കാലത്തോളം ഡച്ചുകാരുമായുള്ള വ്യാപാരസമ്പര്‍ക്കം പ്രദേശത്തിനുണ്ടായിരുന്നു എങ്കിലും ഡച്ചുകാരുടെ പില്‍ക്കാല രേഖകളില്‍ ഒന്നുംതന്നെ സ്കൂളിനെപ്പറ്റി പരാമര്‍ശിച്ചു കാണുന്നുമില്ല. ഹെന്നിഗറുടെ പുസ്തകത്തിലെ സൂചനപ്രകാരം രണ്ടു പതിറ്റാണ്ടോളം സ്കൂള്‍ നിലനിന്നിരുന്നു എന്നാണ് കാണുന്നത്. എന്നാല്‍ Education and church under the Seventeenth Century VOC എന്ന ഡച്ച് ഗ്രന്ഥത്തില്‍ ടോല്‍ക്കണ്‍ സ്കൂളിനെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് ഏ.ഡി. 1681 ല്‍ ക്രിസ്റ്റഫല്‍ കിര്‍ഗ്ബര്‍ഗ് (Chrystoffel Kirghberg) എന്ന ഡച്ച് പ്രതിനിധി ഈ സ്കൂള്‍ കൊച്ചിയിലേക്ക് മാറ്റി സ്ഥാപിച്ചു എന്ന് രേഖപ്പെടുത്തിക്കാണുന്നു[x]. അങ്ങനെയെങ്കില്‍ കേവലം പതിമൂന്നു വര്‍ഷക്കാലമേ സ്കൂള്‍ നിലനിന്നിരുന്നുള്ളൂ എന്നു കരുതാവുന്നതാണ്.
ഹോര്‍ത്തുസ് മലബാറിക്കുസിന്‍റെ പ്രവര്‍ത്തനങ്ങള്‍
മലയാളക്കരയിലെ 700 സസ്യങ്ങളുടെ സചിത്രവിവരണം ഉള്‍പ്പെടുത്തി 12 വാല്യങ്ങളിലായി ഏ.ഡി. 1678 നോട് കൂടി ആസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കുസ് ഇന്‍ഡിക്കസ് എന്ന സസ്യശാസ്ത്രഗ്രന്ഥ ത്തിന്‍റെ രചനയ്ക്കായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലത്താണ് കോട്ടയത്തെ സ്കൂളും ആരംഭിക്കുന്നത്[xi]. സ്കൂളിന്‍റെ ചുമതല വാന്‍റീഡ് ഹാസന്‍കാംപിനെ ഏല്‍പിച്ചതുതന്നെ അദ്ദേഹത്തിന് സംസ്കൃതത്തില്‍ പരിജ്ഞാനമുണ്ടാകുന്നതിന് ഇടയാകട്ടെ എന്നു കരുതിയാകണം. ആയുര്‍വേദ വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ ഹൃദ്വിസ്ഥമാക്കുന്നതിന് സംസ്കൃതപഠനം അനിവാര്യമാണെന്നത് വാന്‍റീഡ് മനസിലാക്കിയിരുന്നു.
സ്കൂളിന്‍റെ നടത്തിപ്പില്‍ ചുമതലക്കാരനായിരുന്ന ജൊഹന്നാസ് കസേറിയസ് തന്നെയായിരുന്നു ഹോര്‍ത്തുസ് മലബാറിക്കൂസിന്‍റെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ചത്. ലത്തീന്‍ ദ്വിഭാഷിയായ ഇമ്മാനുവേല്‍ കര്‍ണീരിയോ കസേറിയസിന്‍റെ ഒപ്പം സഹായിയായി പ്രവര്‍ത്തിച്ചു.
ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ച സസ്യലതാദികളുടെ രേഖാചിത്രം രചിക്കുന്നതിന് വാന്‍റീഡ് നിയോഗിച്ചത് ഇറ്റലിക്കാരനായ കര്‍മ്മലീത്താ പുരോഹിതന്‍ മത്തേവൂസ് പാതിരിയെ (Mathews of St. Joseph) ആയിരുന്നു. വാരാപ്പുഴയിലെ സെന്‍റ് ജോസഫ് സെമിനാരിയുടെ പ്രധാന ചുമതലക്കാരനായിരുന്ന മത്തേവൂസ് പാതിരി ഒരു സസ്യശാസ്ത്രജ്ഞനും (Viridarium Orientale) എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമായിരുന്നു. കണ്ടനാട്ടുനിന്നും കോട്ടയത്തുനിന്നുമാണ് വരയ്ക്കുന്നതിനായി മിക്ക സസ്യങ്ങളും ശേഖരിച്ചത്. മത്തേവുസ് പാതിരി ആദ്യത്തെ തദ്ദേശീയ കത്തോലിക്ക ബിഷപ്പായിരുന്ന പറമ്പില്‍ ചാണ്ടി മെത്രാന്‍റെ (Alexander De Campo) ഒപ്പം കുറവിലങ്ങാട്ട് പള്ളിയില്‍ കുറച്ചുനാള്‍ വൈദികനായിരുന്നു എന്നതു കൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.
സ്കൂളില്‍ ഏ.ഡി. 1674ല്‍ ഡിസ്റ്റിംഗ്ഷനോടെ പഠിച്ചിറങ്ങി എന്ന് മുമ്പ് സൂചിപ്പിച്ച ഹെര്‍മന്‍ വാന്‍ ഡൊണേപ്പ് തന്നെയാണ് ലത്തീനില്‍ പരിഭാഷ നിര്‍വഹിച്ചത്. ഹോര്‍ത്തുസ് മലബാറിക്കസില്‍ ചിത്രങ്ങളോടൊപ്പം ചെടിയുടെ പേര് ലത്തീന്‍, മലയാളം, സംസ്കൃതം, അറബി എന്നീ ഭാഷകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ലത്തീന്‍, മലയാളം, സംസ്കൃതം എന്നീ ഭാഷകള്‍ ഈ സ്കൂളിലെ വിഷയങ്ങളായിരുന്നു എന്നതുകൊണ്ടുതന്നെ സ്കൂളിന്‍റെ പശ്ചാത്തലം ഗ്രന്ഥരചനയ്ക്ക് സാഹചര്യമൊരുക്കിയിരിക്കാം. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം കൊച്ചി കേന്ദ്രീകരിച്ചാണ് നടന്നതെന്നാണ് ചരിത്രരേഖകളില്‍നിന്ന് കാണാന്‍ കഴിയുന്നത്. എന്നാല്‍ കോട്ടയത്തെ ഡച്ചുസ്കൂള്‍ വാന്‍റീഡിന്‍റെ സ്വകാര്യതാല്‍പര്യത്തിന്‍റെ ഭാഗമായി മാത്രം ഡച്ചു ഈസ്റ്റിന്ത്യാ കമ്പനി കരുതിയിരുന്നതിനാലാവാം പില്‍ക്കാലരേഖകളില്‍ സ്കൂളിന്‍റെ സംഭാവനകള്‍ വിസ്മരിക്കാന്‍ ഇടയായത്. ഈ ഗ്രന്ഥത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മലീത്തക്കാരനായ മത്തേവുസ് പാതിരിയുമായുള്ള സഹകരണം വാന്‍റീഡിനെ ഡച്ചു ഈസ്റ്റിന്ത്യാ കമ്പനിയുടെ വിമര്‍ശനത്തിന് ഇടയാക്കി. ഏ.ഡി. 1681 ല്‍ ഈ സ്കൂള്‍ കൊച്ചിയിലേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് കമ്പനിയുടെ ഇത്തരത്തിലുള്ള താല്‍പര്യമാകാം[xii].
പരിഭാഷകരുടെ സ്കൂള്‍ എന്ന നിലയില്‍ പ്രവര്‍ത്തനം പരിമിതപ്പെട്ടതും തുടര്‍വിദ്യാഭ്യാസത്തിനുള്ള സാധ്യതകള്‍ ഇല്ലാതിരുന്നതും സ്കൂളിന് പ്രസക്തി ഇല്ലാതാക്കിയിരിക്കാം. കൂടാതെ ഏ.ഡി. 1674ല്‍ നാടുനീങ്ങിയ കോതവര്‍മ്മയ്ക്ക് ശേഷം അധികാരത്തിലെത്തിയ ഉണ്ണികേരളവര്‍മ്മയ്ക്ക് സ്കൂളിന്‍റെ കാര്യത്തില്‍ ശുഷ്കാന്തി ഉണ്ടാകാതെ പോയിരിക്കാം. ഏതായാലും പ്രദേശത്ത് വിദ്യാഭ്യാസരംഗത്ത് വലിയ സ്വാധീനമൊന്നും ചെലുത്താനാകാതെയാണ് ഈ ബഹുഭാഷാവിദ്യാലയം ചരിത്രത്തില്‍നിന്ന് അന്തര്‍ധാനം ചെയ്തത് എന്നു കരുതാം. എങ്കിലും കോട്ടയത്തിന്‍റെ വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ കൊളോണിയല്‍ അടയാളപ്പെടുത്തലായി ഈ സ്കൂളിനെ കരുതേണ്ടതുതന്നെയാണ്.
തെക്കുംകൂര്‍ ഡച്ചുബന്ധങ്ങളുടെ ചരിത്രപരമായ പ്രസക്തി
ഡച്ചുകാര്‍ തിരുവിതാംകൂറിനും കൊച്ചിയ്ക്കുമിടയിലുള്ള ചെറിയ നാട്ടുരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ ആരംഭിച്ചതോടെ ഈ പ്രദേശങ്ങളെല്ലാം കാര്‍ഷികപരവും വാണിജ്യപരവുമായ അഭിവൃദ്ധിയിലേയ്ക്ക് കുതിച്ചു. പോര്‍ച്ചുഗീസുകാര്‍ നല്കിയതിനേക്കാള്‍ മികച്ച വില നാണ്യവിളകള്‍ക്ക് കിട്ടിത്തുടങ്ങിയതും നാട്ടുരാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന സ്പര്‍ദ്ധകള്‍ ഡച്ചുകാരുടെ സാന്നിദ്ധ്യത്തില്‍ ഒത്തുതീര്‍പ്പായിരുന്നതും നാട്ടില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കി. മലയോരമേഖലകളിലെ അങ്ങാടികള്‍ കൂടുതല്‍ സജീവമായി. ഇടനാട്ടിലെ കുടിയേറ്റങ്ങള്‍ വര്‍ദ്ധിച്ചു. കാടുവെട്ടിത്തെളിച്ച് ഇഞ്ചി, ഏലം, കുരുമുളക് ഇവയുടെ കൃഷി വിപുലപ്പെടുത്തുന്നതിനായി നാടുവാഴികള്‍ നസ്രാണികളടക്കം വിവിധ ജനവിഭാഗങ്ങളെ കിഴക്കന്‍ മലയോരമേഖലകളില്‍ കുടിപാര്‍പ്പിച്ചു.
ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനി പത്തുവര്‍ഷം കൂടുമ്പോള്‍ പുതുക്കിക്കൊണ്ടിരുന്ന കരാറുകള്‍ പ്രകാരം കൂടുതല്‍ മലഞ്ചരക്കുകള്‍ കാലാകാലം എത്തിച്ചുകൊടുക്കേണ്ടിവന്നു. അതിനായി കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് ബാധ്യത കൂടിയായി. അത് നാടിന്‍റെ സമഗ്രവികസനത്തിന് കാരണമായി. ചെറിയ ചെറിയ ഗ്രാമങ്ങളും ജനപഥങ്ങളും അതോടെ രൂപപ്പെട്ടുവന്നു. അങ്ങാടികളെ ആശ്രയിച്ചു ജീവിച്ചിരുന്ന നസ്രാണികളില്‍ നല്ലൊരു വിഭാഗം കാര്‍ഷികവൃത്തിയിലേക്ക് കടന്നു. മുന്‍കാലത്ത് നദികളിലൂടെയും തോടുകളിലൂടെയും മാത്രമാണ് ഗതാഗതവും ചരക്കുനീക്കവും ഉണ്ടായതെങ്കില്‍ കരമാര്‍ഗ്ഗം ഗതാഗതം സാധ്യമാക്കുന്നതിന് കാളവണ്ടികള്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ നാട്ടുവഴികള്‍ പ്രത്യക്ഷപ്പെട്ടു. ഇടനാട്ടിലെ മറ്റങ്ങളില്‍ നെല്‍കൃഷിയും മലഞ്ചെരുവുകളില്‍ നാണ്യവിളകളും സമൃദ്ധമായി വിളഞ്ഞു. ഈ സമ്പന്നതയാണ് ഏ.ഡി. 1750 ല്‍ ഉണ്ടായ തിരുവിതാംകൂറിന്‍റെ ആക്രമണകാലം വരെ തെക്കുകൂറിനെ ലോക വാണിജ്യഭൂപടത്തില്‍ ശ്രദ്ധേയമാക്കുന്നത്. ഡച്ചുകാര്‍ ഏറ്റവുമധികം കറുവാപ്പട്ട (Cinnamon) വാങ്ങിയിരുന്നത് തെക്കുംകൂറില്‍നിന്നും വടക്കുംകൂറില്‍ നിന്നുമായിരുന്നു[xiii]. ഏറ്റവും മികച്ച കുരുമുളക് ലഭ്യമായിരുന്നത് ഈ നാട്ടുരാജ്യങ്ങളില്‍ നിന്നുമാണെന്ന് പുരാതനകാലം മുതലുള്ള വിദേശവ്യാപാരികളും ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്[xiv].
പത്തു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പുതുക്കിക്കൊണ്ടിരുന്ന കരാറുകളില്‍ ഏ.ഡി. 1694 ലെ കരാറും ശ്രദ്ധേയമാണ്. ഉദയമാര്‍ത്താണ്ഡവര്‍മയുടെ (ഭരണകാലം ഏ.ഡി. 1691-1717) ഭരണകാലത്ത് തളിക്കോട്ടയില്‍ വച്ചാണ് ഈ കരാറും ഒപ്പുവയ്ക്കപ്പെടുന്നത്. അവസാനത്തെ രാജാവായ ആദിത്യവര്‍മ്മയുടെ ഭരണകാലത്താണ് ഡച്ച് ചാപ്ലയിനും സഞ്ചാരസാഹിത്യകാരനുമായ ജേക്കബ്സ് കാന്‍റര്‍ വിഷര്‍ (Jacobs Canter Visscher) കോട്ടയം സന്ദര്‍ശിക്കുന്നത്. കോട്ടയം ചെറിയപള്ളിയില്‍ മേല്‍പ്പട്ടക്കാരനായ മാര്‍ ഗബ്രിയേല്‍ എന്ന നെസ്തോറിയന്‍ മെത്രാനെ സന്ദര്‍ശിച്ചതായി വിഷര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷര്‍ വന്നതറിഞ്ഞ് ഒളശ്ശ പൈങ്ങുളത്തു കൊട്ടാരത്തിലായിരുന്ന ആദിത്യവര്‍മ്മ രാജാവ് വിഷറെ സന്ദര്‍ശിക്കുകയും ഒരു വീരശൃംഖല സമ്മാനിക്കുകയും ചെയ്തതായി The Letter from Malabar എന്ന കൃതിയില്‍ വിഷര്‍ രേഖപ്പെടുത്തുന്നു[xv].
തെക്കുംകൂറിന്‍റെ ഡച്ചുബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും സാംസ്കാരികമായി സഹകരിക്കുന്നതിനുമൊക്കെ ഈ സ്കൂളിന്‍റെ സ്വാധീനം ഉണ്ടായിരുന്നതായി കരുതാവുന്നതാണ്. ഏതൊരു ജനസമൂഹത്തെയും തമ്മില്‍ അപരിചിതത്വത്തോടെ അകറ്റിനിര്‍ത്തുന്നത് ഭാഷകള്‍ ആണെങ്കില്‍ പരസ്പരം തിരിച്ചറിയുന്നതിനും സഹകരിക്കുന്നതിനും ഭാഷാപഠനത്തിന്‍റെ സാധ്യതകള്‍ സഹായിച്ചിരിക്കാം.
ഭാഷാപഠനം ഡച്ചുസ്കൂളിനുശേഷം കോട്ടയത്ത്
കോട്ടയത്തെ ഇംഗ്ലീഷ് കോളജ്
തെക്കൂംകൂറുമായുള്ള ഡച്ചുകാരുടെ വ്യാപാരബന്ധം പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരേയും നിലനിന്നുവെങ്കിലും നിലച്ചുപോയ ഡച്ചുസ്കൂളിനെ പിന്തുടര്‍ന്ന് ഭാഷാപഠനത്തിനായുള്ള സംവിധാനങ്ങള്‍ ഡച്ചുകാര്‍ തുടര്‍ന്നതായി അറിവില്ല. അതിനാല്‍ തന്നെ യൂറോപ്യന്‍ ഭാഷാപഠനം താല്‍ക്കാലികമായി അവിടെ നിലച്ചുവെന്നു കരുതേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിന്‍റെ ആധിപത്യകാലത്ത് കോട്ടയത്ത് ഇംഗ്ലീഷ് ഭാഷാപഠനത്തിനായി ആംഗ്ലിക്കന്‍ മിഷണറിമാര്‍ കോളജ് സ്ഥാപിക്കുന്നതോടുകൂടിയാണ് കോട്ടയത്തെ വിദ്യാഭ്യാസരംഗത്തിന് പുതിയ മാനങ്ങള്‍ ഉണ്ടാകുന്നത്.
സുറിയാനി ക്രൈസ്തവരില്‍ പ്രോട്ടസ്റ്റന്‍റ് മതദര്‍ശനത്തിന് വേരോട്ടമുണ്ടാക്കുന്നതിനാണ് ഡച്ചുകാര്‍ സ്കൂള്‍ തുടങ്ങിയതെങ്കില്‍ ഇംഗ്ലീഷുകാരും തങ്ങളുടെതായ ലൂഥറന്‍ പ്രൊട്ടസ്റ്റന്‍റ് വീക്ഷണം തദ്ദേശിയരില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശമുള്ളവരായിരുന്നു. തിരുവിതാംകൂറില്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ ഏ.ഡി. 1816-ല്‍ സുറിയാനിക്രൈസ്തവരുടേയും പുരോഹിതന്മാരുടെയുമിടയില്‍ സുറിയാനിയും ഇംഗ്ലീഷും പഠിപ്പിക്കുന്നതിന് മികച്ച നിലയില്‍ ഒരു വിദ്യാലയം ആരംഭിക്കുന്നതിനായി നീക്കമാരംഭിച്ചു. കോട്ടയത്തെ സുറിയാനി ക്രൈസ്തവ വൈദിക സെമിനാരിയില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് അന്നത്തെ മെത്രാപ്പോലീത്തയായ പുലിക്കോട്ടില്‍ ദിവന്ന്യാസ്യോസ് തിരുമേനിയുടെ അനുമതിയോടെ തീരുമാനമായി[xvi].
ഏ.ഡി. 1816-ല്‍ റവ. തോമസ് നോര്‍ട്ടണ്‍ എന്ന ആംഗ്ലിക്കന്‍ പാതിരി ബ്രിട്ടനില്‍നിന്ന് എത്തിച്ചേര്‍ന്നു[xvii]. തുടര്‍ന്ന് ഏ.ഡി. 1817-ല്‍ റവ. ബെഞ്ചമിന്‍ ബെയിലിയും എത്തിച്ചേര്‍ന്നു[xviii]. കോട്ടയത്തെ സുറിയാനി വൈദിക സെമിനാരിയില്‍ ഇംഗ്ലീഷ് പഠനത്തിനായി കോളജ് ആരംഭിച്ചു. റവ. ജോസഫ് ഫെന്‍, റവ. ഹെന്‍റി ബേക്കര്‍ എന്നീ മിഷണറിമാരും പിന്നാലെയെത്തി. പഠിത്തവീട് എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന കോട്ടയം കോളജില്‍ ഇംഗ്ലീഷ്, സംസ്കൃതം, ലാറ്റിന്‍, ഗ്രീക്ക്, സുറിയാനി, ഗണിതം, ചരിത്രം, ശാസ്ത്രവിഷയങ്ങള്‍ ഒക്കെയും പഠിപ്പിക്കണമെന്നാണ് കേണല്‍ മണ്‍റോ നിര്‍ദ്ദേശിച്ചിരുന്നത്. ഏ.ഡി. 1818-ല്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു[xix]. അതില്‍ പകുതി പേര്‍ മാത്രമായിരുന്നു വൈദികവിദ്യാര്‍ത്ഥികള്‍. ഏ.ഡി. 1821-ല്‍ ജോസഫ് ഫെന്‍ പണികഴിപ്പിച്ച അണ്ണാന്‍കുന്നിലെ ബംഗ്ലാവിന് സമീപത്തായി ഇംഗ്ലീഷ് വ്യാകരണം അഭ്യസിപ്പിക്കുന്നതിനായി ഒരു ഗ്രാമര്‍ സ്കൂളും തുടങ്ങുകയുണ്ടായി[xx].
ഇംഗ്ലീഷ് മിഷണറിമാര്‍ തദ്ദേശീയരില്‍ നവീകരണ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതോടെ സുറിയാനി സഭയുടെ മതമേലദ്ധ്യക്ഷന്മാര്‍ മിഷണറിമാരെ സംശയത്തോടെ വീക്ഷിക്കുകയും പിന്നീട് അവരുമായി അകലാന്‍ ഇടയാകുകയും ചെയ്തു. ഇതിന്‍റെ ഫലമായി പഴയ സെമിനാരിയില്‍ തുടര്‍ന്നുവന്ന "കോട്ടയം കോളജ്" മിഷണറിമാര്‍ ഗ്രാമര്‍ സ്കൂളിനോടനുബന്ധിച്ച് കെട്ടിടം പണിത് അങ്ങോട്ടു മാറ്റി. അതോടെ കോട്ടയം കോളജ്, സി.എം.എസ്. കോളജ് എന്ന് അറിയപ്പെട്ടുതുടങ്ങി. തുടര്‍ന്ന് കേരളത്തില്‍ മികച്ച അക്കാദമിക് വിദ്യാഭ്യാസസ്ഥാപനമായി വളര്‍ന്ന സി.എം.എസ്. കോളജ് കോട്ടയത്ത് വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കി.
മലയാളഭാഷ ആദ്യമായി വിദേശത്ത് കല്ലച്ചില്‍ അച്ചടിക്കുന്നത് ആംസ്റ്റര്‍ഡാമില്‍ വച്ച് ഹോര്‍ത്തൂസ് മലബാറിക്കുസിലെ പേജുകള്‍ ആയിരുന്നു. എന്നാല്‍ പരിഷ്കരിച്ച മലയാളലിപി അച്ചുകൂടത്തില്‍ അച്ചുകള്‍ നിരത്തിയുള്ള അച്ചടി ആദ്യമായി ആരംഭിച്ചത് റവ. ബെഞ്ചമിന്‍ ബെയിലി ആണ്. അതിനായി കോട്ടയത്ത് ഒരു പ്രസ് ഏ.ഡി. 1821-ല്‍ അദ്ദേഹം ആരംഭിച്ചു[xxi]. മലയാളം ബൈബിളും മറ്റു ചില ഗ്രന്ഥങ്ങളും പ്രസ്സില്‍ നിന്ന് അച്ചടിച്ച് പുറത്തിറക്കി. റവ. ബെയിലി ഒരു മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും തയ്യാറാക്കി. ഏ.ഡി. 1848-ല്‍ മലയാളത്തിലെ ആദ്യത്തെ ആനുകാലികപ്രസിദ്ധീകരണമായ ജ്ഞാനനിക്ഷേപം അച്ചടിച്ചതും സി.എം.എസ്. പ്രസ്സില്‍ നിന്നാണ്[xxii]. മഹാരാജാ സ്വാതിതിരുനാളിന്‍റെ ആവശ്യപ്രകാരം തിരുവിതാംകൂര്‍ സര്‍ക്കാര്‍ അച്ചുകൂടത്തിലേക്ക് അച്ചുകളും അനുബന്ധ സാമഗ്രികളും ഏ.ഡി. 1839-ല്‍ അയച്ചുകൊടുത്തത് സി.എം.എസ്. പ്രസ്സില്‍ നിന്നായിരുന്നു[xxiii].
സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്ന റവ. ജോസഫ് പീറ്റ് മലയാഭാഷയ്ക്ക് മികച്ച വ്യാകരണഗ്രന്ഥം രചിക്കുകയുണ്ടായി. ഏ.ഡി. 1849-ല്‍ റവ. ബെഞ്ചമിന്‍ ബെയിലി തന്നെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും തയ്യാറാക്കി പ്രസിദ്ധീകരിച്ചു. റവ. റിച്ചാര്‍ഡ് കോളിന്‍സ് രചിച്ച നിഘണ്ടുവും പ്രചുരപ്രചാരം നേടിയതാണ്.
തുടര്‍ന്നു കേരളക്കരയിലെത്തിയ റവ. ജോണ്‍ ഹോക്സ്വര്‍ത്ത്, റവ. ജെ.എം. സ്പീച്ച്ലി, റവ. എ.ഫ്.എന്‍. ആസ്ക്വിത്ത്, റവ. ഫ്രെഞ്ച് ആഡംസ്, റവ. ഇ.എ.എല്‍. മൂര്‍ തുടങ്ങിയ നിരവധി ഇംഗ്ലീഷ് മിഷണറിമാര്‍ ഇവിടുത്തെ ഭാഷയും സംസ്കാരവും താല്‍പര്യത്തോടെ പഠിച്ച് ഭാഷാധ്യാപനരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഏ.ഡി. 1864-ല്‍ കോളജില്‍ നിന്ന് വിദ്യാസംഗ്രഹം എന്ന ഭാഷാമാസിക അച്ചടിച്ചു പുറത്തുവരാന്‍ തുടങ്ങിയതും ഭാഷാപോഷണ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു[xxiv]. സി.എം.എസ്. കോളജിനോട് ചേര്‍ന്ന് സി.എം.എസ്. ഹൈസ്കൂള്‍ ആരംഭിച്ചതും സ്ത്രീകളുടെ പഠനത്തിനായി ബേക്കര്‍ സ്കൂള്‍ ആരംഭിച്ചതും എടുത്തു പറയേണ്ടതാണ്.
സംസ്കൃതഭാഷാപഠനവും സാഹിത്യപോഷണവും കോട്ടയത്ത്
സംസ്കൃതഭാഷാപഠനം ബ്രാഹ്മണരുടെയിടയില്‍ വേദ അധ്യയനത്തിന്‍റെ ഭാഗമായാണ് കേരളത്തില്‍ തുടങ്ങിയത്. സംസ്കൃതകാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമാണ് പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി പൊതുവില്‍ അംഗീകരിച്ചുവന്നിരുന്നത്. ക്ലാസ്സിക്കല്‍ സംസ്കൃതകൃതികള്‍, സംസ്കൃത നാടകങ്ങള്‍ എന്നിവ മദ്ധ്യകാലഘട്ടം മുതല്‍ക്കുതന്നെ വരേണ്യജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിച്ചുതുടങ്ങിയിരുന്നു.
വേദപഠനശാലകള്‍, സഭാമഠങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പഠനരീതികള്‍ കൂടാതെ ഗുരുകുലരീതിയിലും അഭ്യസനം നടന്നിരുന്നു. ബ്രാഹ്മണര്‍ക്ക് പുറമേ ഇതര ജനവിഭാഗങ്ങളും സംസ്കൃതഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന് മുന്നോട്ടുവന്നത് ഭരണാധികാരികളുടെ പ്രോത്സാഹനം കൊണ്ടുകൂടിയാകണം. പാരമ്പര്യശാസ്ത്രശാഖകള്‍ വിവിധ ജനസമൂഹങ്ങളിലുള്ളവര്‍ കൈകാര്യം ചെയ്തിരുന്നതുകൊണ്ടും സംസ്കൃതപരിജ്ഞാനം അതിന് ആവശ്യമായിരുന്നതിനാലുമാകാം സംസ്കൃതഭാഷാപഠനം പരിപോഷിപ്പിക്കപ്പെട്ടത്.
കോട്ടയത്ത് വയസ്കരയ്ക്ക് സമീപം ഒരു സംസ്കൃതപാഠശാല രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവിലിരുന്നതായി യൂറോപ്യന്‍ മിഷണറിമാര്‍ നിരീക്ഷിക്കുന്നു[xxv]. ഒളശ്ശ കണ്ണമ്പള്ളി മാത്തു ആശാന്‍, താഴത്തങ്ങാടി പരീത് ആശാന്‍ എന്നീ സംസ്കൃതപണ്ഡിതര്‍ ഗുരുകുലരീതിയില്‍ പാഠശാലകള്‍ നടത്തിയിരുന്നു. മാന്നാനത്ത് ചാവറ ഫാ. കുരിയാക്കോസ് ഏലിയാസ് വിദ്യാഭ്യാസപ്രവര്‍ത്തനം ആരംഭിക്കുന്നതു തന്നെ സംസ്കൃതപഠനത്തിന് തുടക്കം കുറിച്ചാണ്. സി.എം.എസ്. കോളജില്‍ തന്നെ ആദ്യകാലത്ത് സംസ്കൃതപഠനത്തിന് പ്രാമുഖ്യം കൊടുത്തിരുന്നു.
തിരുവിതാംകൂര്‍ ഭരണകാലത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ കൂടുതലായി ആരംഭിക്കുന്നതോടെയാണ് മലയാളഭാഷാ പഠനത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ടായിത്തുടങ്ങുന്നത്. കോട്ടയം സ്വദേശി തന്നെയായ റാവു സാഹിബ് ഒ.എം. ചെറിയാന്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഔദ്യോഗികചുമതല വഹിച്ച കാലത്ത് ഭാഷാപഠനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകുന്നത്.
പതിനാലാം നൂറ്റാണ്ടിലെ ഉണ്ണിയാടിചരിതം എന്ന മണിപ്രവാളകാവ്യം രചിച്ച മാങ്ങാനം ദാമോദരചാക്യാര്‍[xxvi], സിദ്ധരൂപം എന്ന സംസ്കൃതപാഠാവലി രചിച്ച പുതുമന നമ്പൂതിരി, വയസ്കര ആര്യ നാരായണന്‍ മൂസ്, കൗണോത്തര, നാട്യസംഗ്രഹം എന്നീ കൃതികള്‍ രചിച്ച അറിയപ്പെടാത്ത ഗ്രന്ഥകാരന്മാര്‍ ഒക്കെയും കോട്ടയത്തേ സംസ്കൃതഭാഷാപഠനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. ദിവാന്‍ പേഷ്കാര്‍ സര്‍ ടി. രാമറാവുവിന്‍റെ ഭരണകാലത്ത് കോട്ടയത്ത് പബ്ലിക് ലൈബ്രറിയും വായനശാലയും ആരംഭിച്ചതും സാഹിത്യസദസ്സുകള്‍ തുടര്‍ച്ചയായി നടത്തിയിരുന്നതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. സി.എം.എസ് കോളജിലെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്ന കാര്യത്തിലും സര്‍ ടി. രാമറാവു പ്രത്യേകം ശ്രദ്ധവച്ചിരുന്നു.
മലയാളഭാഷാ പരിപോഷണത്തിനായി അച്ചടിരംഗത്ത് കോട്ടയം മറ്റേതു പ്രദേശത്തെക്കാളും മുന്നേ സഞ്ചരിച്ചു. ഏ.ഡി. 1887-ല്‍ നസ്രാണി ദീപികയും ഏ.ഡി. 1890-ല്‍ മലയാള മനോരമയും ആരംഭിച്ചത് ഭാഷാ-സാഹിത്യപോഷണത്തിന് വഴിത്തിരിവായി. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ തുടങ്ങിയ ഭാഷാപോഷിണി മാസിക ഈ രംഗത്ത് വലിയ സംഭാവനകളാണ് നല്‍കിയത്. പില്‍ക്കാലത്ത് കോട്ടയത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സ്ഥാപിതമായതോടെ ഗ്രന്ഥങ്ങളുടെ അച്ചടിക്കും അതുവഴി സാഹിത്യപരിപോഷണത്തിനും കോട്ടയം വേദിയായി.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആസ്ഥാനമെന്ന നിലയില്‍ കോട്ടയത്ത് അക്കാദമിക് പഠനരംഗത്ത് ഭാഷാ-സാഹിത്യ പഠനത്തിന് സൗകര്യമൊരുക്കി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് പ്രവര്‍ത്തിക്കുന്നു. വിവിധ ഭാഷാപഠനവിഭാഗങ്ങള്‍ നല്ല നിലവാരം നിലനിര്‍ത്തിവരുന്നു.
350 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡച്ചുസ്കൂളില്‍ തുടങ്ങി വച്ച യൂറോപ്യന്‍ ഭാഷാപഠനവും അതിനായി "സ്കൂള്‍" എന്ന പരിഷ്കൃത സംവിധാനവും തുടക്കം കുറിച്ചിടത്തുനിന്നാണ് ആധുനികകാലത്തെ കോട്ടയത്തെ വിദ്യാഭ്യാസസൗകര്യങ്ങളൊക്കെയും എത്തിനില്‍ക്കുന്നത്. അത്തരത്തില്‍ ഡച്ചുസ്കൂളിന്‍റെ സ്ഥാപനം കോട്ടയത്തിന്‍റെ ഭാഷാവിദ്യാഭ്യാസചരിത്രത്തില്‍ പ്രധാന നാഴികക്കല്ലായിരുന്നുവെന്ന് വിലയിരുത്താവുന്നതാണ്.
[i] Heniger, Hortus Malabaricus, 34.
[ii] അക്കാലത്തെ തെക്കുംകൂര്‍ രാജാവ് കോതവര്‍മ്മയായിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്. കോട്ടയം തളിയില്‍ ഇന്നും സൂക്ഷിച്ചിരിക്കുന്ന മിഴാവില്‍ "1661 ല്‍ കേരളവര്‍മ്മര് കോതവര്‍മ്മര് നടക്കുവച്ചത്" എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പള്ളിക്കോണം, "കോട്ടയത്തിന്‍റെ ചരിത്രം".
[iii] Heniger, Hortus Malabaricus, 34.
[iv] Ibid.
[v] Heniger, Hortus Malabaricus, 3.
[vi] Poonen, A survey of the Rise of Dutch Power in Malabar, 155.
[vii] Ibid.
[viii] Ibid.
[ix] Heniger, Hortus Malabaricus, 42.
[x] Koolen, Een seer bequacm middle: onderwijs en kerk onder de zeventiende – eeuwse VOC (Education and Church under the 17th century VOC), 192.
[xi] Heniger, Hortus Malabaricus.
[xii] Koolen, Een seer bequacm middle: onderwijs en kerk onder de zeventiende – eeuwse VOC (Education and Church under the 17th century VOC), 192.
[xiii] Weinmann, Johann Wilhelm, Phytanthoza- iconographia, sive conspectus aliquot millium, tam Indigenarum (Latin).
[xiv] De Romanis, Across the Ocean, 129.
[xv] Visscher, Letters from Malabar, 59. Letter IX.
[xvi] നെല്ലിമുകൾ, സി. എം. എസ് കോളജിന്റെ ചരിത്രം, 77.
[xvii] Ibid., 79.
[xviii] Ibid., 84.
[xix] Ibid., 86.
[xx] Ibid., 117.
[xxi] ഇടമറുക്, കേരളസംസ്കാരം, 553
[xxii] നെല്ലിമുകൾ, സി. എം. എസ് കോളജിന്റെ ചരിത്രം, 197.
[xxiii] Ibid., 179.
[xxiv] Ibid.
[xxv] Ibid., 93.
[xxvi] മലയാളഭാഷയോളം തന്നെ പാരമ്പര്യമുള്ള കോട്ടയത്തെ സാഹിത്യപോഷണം (ലേഖനം) -മാടശ്ശേരി, മലയാളമനോരമ ദിനപ്പത്രം.
അവലംബം
De Romanis, Federico and Marco Maiuro. Across the Ocean: Nine essays on Indo-Meditarranian Trade. Leiden: BRILL, 2015.
Heniger, J. Hendrik Adriaan Van Reed Tot Drakestein 1636-1691 and Hortus, Malabaricus. Florida: CRC Press, 1986.
Koolen, G.M.J.M. Een seer bequacm middle: onderwijs en kerk onder de zeventiende – eeuwse VOC (Education and Church under the 17th century VOC). Kampen: JH Kok, 1993.
Poonen, T.I. A Survey of the Rise of the Dutch Power in Malabar (1603–78). Trichinopol: St. Joseph’s Indrustial School Press, 1948.
Visscher, Jacob Canter. Letters from Malabar. Madras: Gantz Brothers Adkipeet Press, 1862.
Weinmann, Johann Wilhelm. Phytanthoza-iconographia, sive conspectus aliquot millium, tam Indigenarum (Latin). Sumptibus imprimebatur Ratisbonae [Regensburg] :Per Hieronymum Lentzium,1737–45.
ഇടമറുക്, ജോസഫ്. കേരളസംസ്കാരം. കോട്ടയം: വിദ്യാര്‍ഥി മിത്രം, 1971.
പള്ളിക്കോണം, രാജീവ്. “കോട്ടയത്തിന്‍റെ ചരിത്രം”. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍: കേരള ഹിസ്റ്ററി കോണ്‍ഗ്രസ്. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 2016.
നെല്ലിമുകൾ, സാമുവൽ . സി. എം. എസ് കോളജിന്റെ ചരിത്രം. കോട്ടയം: ദി ഫെലോഷിപ്പ് ഓഫ് റിട്ടയർഡ് ടീച്ചേഴ്സ്, സിഎംഎസ് കോളജ്, 2017.