തെക്കുംകൂറിന്‍റെ ഡച്ചു ബന്ധങ്ങൾ

in Overview
Published on: 17 July 2019

പള്ളിക്കോണം രാജീവ് (Pallikkonam Rajeev)

പള്ളിക്കോണം രാജീവ് ചിത്രകാരന്‍, എഴുത്തുകാരന്‍, ചരിത്രകാരന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. നിലവില്‍ മലയാള മനോരമ പബ്ലിക്കേഷനില്‍ ഡിസൈനറായി ജോലി ചെയ്യുന്നു. നിരവധി പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക ചരിത്രത്തിലും പൈതൃകപഠനങ്ങളിലുമുള്ള സംഭാവനകള്‍ക്കു പുറമേ മീനച്ചില്‍ റിവര്‍ റിജൂവനേഷന്‍ ക്യാമ്പെയിന്‍ പോലെയുള്ള പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യരംഗങ്ങളിലും ലേഖകന്‍ മുന്നിലുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളില്‍ ലേഖകന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പുരാതനകാലം മുതൽ തുടരുന്ന കേരളത്തിന്‍റെ സമുദ്രാന്തരവാണിജ്യത്തിന്‍റെ പ്രത്യേക കാലഘട്ടമാണ് യൂറോപ്യൻ ശക്തികൾ മലബാർ തീരത്ത് സാന്നിധ്യമറിയിച്ച അഞ്ചു നൂറ്റാണ്ടുകൾ. കൊളോണിയൽ അധീശ ശക്തികൾ എന്ന നിലയിൽ നാട്ടുരാജ്യങ്ങളിൽ രാഷ്ട്രീയമായി ഇടപെട്ടു തുടങ്ങുകയും, മേൽക്കോയ്മയും തുടർന്ന് സമ്പൂർണ്ണ ആധിപത്യവും നേടിയെടുക്കുകയും ചെയ്ത അവർ പാരതന്ത്ര്യത്തിന്‍റെ ദുരനുഭവങ്ങളാണ് ഇന്നാട്ടുകാർക്ക് സമ്മാനിച്ചത്. എന്നാൽ വളരുന്ന ലോകത്തിനൊപ്പം എത്തിച്ചേരാൻ ഈ നാടിനെ പ്രാപ്തമാക്കിയ വിദേശീയരുടെ സംഭാവനകൾ ഏറെയും ലഭ്യമായതും അക്കാലത്താണ്. വാണിജ്യബന്ധങ്ങൾക്കും ഉപരിയായി കടന്നുകയറ്റത്തിന്‍റെയും അക്രമത്തിന്‍റെയും മാർഗ്ഗമാണ്  പോർച്ചുഗീസുകാർ സ്വീകരിച്ചതെന്നാൽ, പിന്നാലെ എത്തിയ ഡച്ചുകാർ താരതമ്യേന സഹവർത്തിത്വത്തിന്‍റെ മാർഗ്ഗമാണ് സ്വീകരിച്ചത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന വമ്പൻ സമുദ്രാന്തരവ്യാപാര സ്ഥാപനത്തിന്‍റെ അധികാരികൾ വാണിജ്യത്തിനായാണ്  ഇന്ത്യയിലെത്തുന്നത്. ലോകത്തെ മോഹിപ്പിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ അവർ വൈകാതെ വ്യാപാര ബന്ധങ്ങളും സ്ഥാപിച്ചു. ഇംഗ്ലീഷുകാർ സ്വാധീനമുറപ്പിക്കും മുമ്പ്  ഒന്നര നൂറ്റാണ്ടോളം നീണ്ട ഡച്ച് വാണിജ്യബന്ധങ്ങളുടെ കാലത്ത് വിദ്യാഭ്യാസരംഗത്തും സസ്യശാസ്ത്ര ഗവേഷണരംഗത്തും മറ്റിതര മേഖലകളിലും ഗുണകരമായ ഇടപെടലുകളും നല്ല ഫലങ്ങളും ഉളവായിട്ടുണ്ട്. അതിൽ ഏറെ പ്രസക്തമായ ഹോർത്തുസ് മലബാറിക്കൂസ് ഇൻഡിക്കസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഗ്രന്ഥം  രചിക്കപ്പെടാനിടയായ കാലഘട്ടത്തിൽ തന്നെ ഡച്ചുകാരുടെ രാഷ്ട്രീയ സ്വാധീനം തുലോം കുറഞ്ഞിരുന്ന 'തെക്കുംകൂർ' എന്ന നാട്ടുരാജ്യത്ത് അതിന്‍റെ തലസ്ഥാനമായിരുന്ന കോട്ടയത്ത്, ഒരു ബഹുഭാഷാവിദ്യാലയം ഡച്ചുകാരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്നു എന്നത് ചരിത്രത്തിൽ തികച്ചും അവഗണിക്കപ്പെട്ട വിവരമായി അവശേഷിച്ചിരുന്നു. തെക്കുംകൂർ നാട്ടുരാജ്യവുമായി ഡച്ചു ഈസ്റ്റിന്ത്യാ കമ്പനി തുടങ്ങിവച്ച വ്യാപാരബന്ധങ്ങളുടെ നല്ല ഫലങ്ങളിലൊന്നായിരുന്നു പ്രസ്തുത ഭാഷാവിദ്യാലയം. ഇത് സ്ഥാപിക്കപ്പെടുന്നതിനിടയാക്കിയ സാഹചര്യങ്ങളിലേയ്ക്കുള്ള എത്തിനോട്ടമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഡച്ചു സ്കൂളിന്‍റെ സ്ഥാപനചരിത്രം; ഒറ്റനോട്ടത്തില്‍
ഡച്ച് കമാന്‍ഡറായ ഹെന്‍റിക് വാന്‍റീഡിന്‍റെ താല്പര്യപ്രകാരം കോട്ടയത്ത് എത്തിച്ചേര്‍ന്ന ഹെന്‍മന്‍ ഹാസന്‍കാംപ് എന്ന വിരമിച്ച ഡച്ച് സൈനിക ഉദ്യോഗസ്ഥനാണ് ഏ.ഡി. 1668 ല്‍ തളിക്കോട്ടയുടെ സമീപം സ്കൂള്‍ ആരംഭിക്കുന്നത്. അന്ന് കോട്ടയം ആസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂര്‍ രാജവംശത്തിലെ കോതവര്‍മ്മയുടെ അനുമതിയോടെ സ്ഥാപിച്ച സ്കൂളില്‍ നാട്ടുകാര്‍ ഡച്ചും ലാറ്റിനും പഠിക്കുകയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥരായ യുവാക്കള്‍ മലയാളവും സംസ്കൃതവും പഠിക്കുകയും ചെയ്തു. 13 വര്‍ഷങ്ങള്‍ക്കുശേഷം ഈ സ്കൂള്‍ നിലച്ചുപോയി. കൊളോണിയല്‍ കാലഘട്ടത്തിന്‍റെ ഗുണകരമായ സംഭാവനകളിലൊന്നായി ഈ സ്കൂളിനെ വിലയിരുത്താമെങ്കിലും സ്കൂളിനെക്കുറിച്ചുള്ള യാതൊരു തെളിവും പ്രദേശത്ത് അവശേഷിക്കാതിരുന്നതിനാലാണ് കേരളസംസ്കാരികചരിത്രത്തില്‍  ഡച്ച് സ്കൂളിന് ഇടമില്ലാതിരുന്നത് എന്നു മനസിലാക്കാവുന്നതാണ്. എന്നാല്‍ ഈ സ്കൂളിന്‍റെ സ്ഥാപനകാരണങ്ങളില്‍ ഒന്നായ, ഡച്ചുകാര്‍ തുടങ്ങിവച്ച പ്രൊട്ടസ്റ്റന്‍റ്വല്‍ക്കരണം[i]ഇംഗ്ലീഷുകാരുടെ വരവോടെ സജീവമായതിനാലും ഇംഗ്ലീഷ് വിദ്യാഭ്യാസചരിത്രത്തിന് മുന്നോടിയായി ഇതുവരെ അറിയപ്പെടാത്ത ഈ ചരിത്രം ചര്‍ച്ച ചെയ്യപ്പെടുന്നതിന് പ്രസക്തിയുണ്ട്

സ്കൂള്‍ സ്ഥാപിതമാകുന്ന കാലത്തെ കോട്ടയം
ഡച്ച് ബഹുഭാഷാവിദ്യാലയം സ്ഥാപിതമാകുന്ന കാലത്ത് കോട്ടയം, തെക്കുകൂര്‍ എന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു. മലനാടിന് അതിരു തീര്‍ക്കുന്ന ചോറ്റി മുതല്‍ വേമ്പനാട്ടുകായല്‍ വരെ കിഴക്കുപടിഞ്ഞാറായും ആറന്മുള മുതല്‍ കാണക്കാരി വരെ തെക്കുവടക്കായും പരന്നുകിടന്ന ചെറിയ നാട്ടുരാജ്യമായിരുന്നു തെക്കുംകൂര്‍. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ[ii] ആരംഭത്തോടെ മുന്‍ തലസ്ഥാനമായ മണികണ്ഠപുരം വിട്ട് തളിയില്‍കോട്ട ആസ്ഥാനമാക്കിയ തെക്കുംകൂര്‍ രാജാക്കന്മാര്‍ പ്രദേശത്തിന്‍റെ കാര്‍ഷിക-വാണിജ്യമേഖലയിലെ സാദ്ധ്യതകള്‍ വികസിപ്പിക്കുന്നതിന് കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രദേശവാസികളുടെ സാമൂഹികവും സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്കായുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. നാടുവാഴിയും ഇടപ്രഭുക്കന്മാരും ജന്മികളും കുടിയാന്മാരും അടങ്ങുന്ന നാടുവാഴിത്തപരികല്പനകളെ അടിസ്ഥാനമാക്കിയ  നാടുവാഴിത്ത ഭരണസംവിധാനമായിരുന്നുവെങ്കിലും നാട്ടുകൂട്ടം, തറ തുടങ്ങിയ ജനാധിപത്യവേദികളും അതിന്‍റെ ഭാഗമായിരുന്നു.

തെക്കുംകൂറില്‍ അക്കാലത്ത് വ്യാപാരത്തിനായി നിരവധി അങ്ങാടികള്‍ ഉയര്‍ന്നുവന്നു. മീനച്ചിലാര്‍, മണിമലയാര്‍, പമ്പ എന്നീ നദികളെ ആശ്രയിച്ചുള്ള ചരക്കുനീക്കവും വാണിജ്യവും തെക്കുംകൂറിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഇടയാക്കി. വിദേശശക്തികളുമായി നൂറ്റാണ്ടുകളായി  തുടര്‍ന്നുവന്ന സുഗന്ധവ്യജ്ഞനവ്യാപാരം വികസിച്ചതോടെ നാണ്യവിളകളുടെ കൃഷി വിപുലമാക്കേണ്ടതായിവന്നു. മലനാട്ടിലേയ്ക്കും ഇടനാട്ടിലെ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്കും ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ കുടിയേറ്റമാരംഭിക്കുന്നത് അതോടെയാണ്.

കോട്ടയത്തെ പുരാതനമായ താഴത്തങ്ങാടിയെ കൂടാതെ ഏ.ഡി. 1547 ല്‍[iii] തെക്കുഭാഗം ക്രിസ്ത്യാനികള്‍ക്ക് പ്രാമുഖ്യമുള്ള വലിയങ്ങാടിയും പതിനേഴാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ആരംഭിച്ച പുത്തനങ്ങാടി[iv]എന്ന വ്യാപാരകേന്ദ്രവും സ്ഥാപിതമായി. ഈ മൂന്ന് അങ്ങാടികളുടെയും സാന്നിധ്യമായിരുന്നു തികച്ചും ഒരു ചെറുപട്ടണമായിരുന്ന കോട്ടയത്തിന്‍റെ വാണിജ്യപ്രാധാന്യത്തെ വെളിവാക്കിയത്. തളിയില്‍കുന്നിന് മുകളിലെ കോട്ടയ്ക്കുള്ളിലായിരുന്നു ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. കുന്നിന്‍റെ പടിഞ്ഞാറെ ചെരുവിലൂടെ വടക്കു-തെക്കു ദിശയിലാണ് മീനച്ചിലാര്‍ ഒഴുകുന്നത്. അതിന്‍റെ ഇരുകരകളിലായി താഴത്തങ്ങാടി; താഴത്തങ്ങാടിയുടെ വടക്കുഭാഗത്തായി വലിയങ്ങാടി; പട്ടണത്തിന്‍റെ തെക്കുകിഴക്കുഭാഗത്തായി പുത്തനങ്ങാടിയും.

കോട്ടയുടെ പുറത്ത് താഴത്തങ്ങാടി ജുമാ മസ്ജിദ്, വലിയപള്ളി, ചെറിയപള്ളി, കുരിശുപള്ളി  തുടങ്ങിയ ദേവാലയങ്ങളും ഒപ്പം മറ്റു ചില ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. കിഴക്കോട്ടു നീളുന്ന രാജവീഥിയുടെ തുടക്കത്തില്‍ കോട്ടയുടെ പുറത്ത് പട്ടാളക്കാരുടെ താവളമായ പാളയം, വീഥിയുടെ ഇരുവശത്തും വര്‍ത്തകപ്രമാണികളും ഭരണരംഗത്ത് പ്രധാനികളുമായവരുടെ വസതികള്‍. കോട്ടയുടെ നാലുചുറ്റും ചെരുവുകളിലായി വിവിധ ജനവിഭാഗങ്ങള്‍ വാസമുറപ്പിച്ചിരിക്കുന്നു. രാജവീഥി കടന്നുപോരുന്ന മുറയ്ക്ക് ഠാണാവ്, രാജാവിന്‍റെ സായാഹ്ന വിശ്രമകേന്ദ്രമായ മഠം, പ്രാദേശികകമ്പോളമായ തളിയന്താനപുരം ചന്ത, നെയ്ത്തുകാരായ ചാലിയര്‍ വസിക്കുന്ന ചാലിയക്കുന്ന്, വ്യാപാരികളായ ചെട്ടികള്‍ വസിക്കുന്ന ചെട്ടിത്തെരുവ് എന്നിവ നീണ്ടുകിടക്കുന്നു. അതിനും തെക്കുഭാഗത്ത് പരശുരാമന്‍ചിറയും പുതുതായി ജനവാസമേഖലയായി വികാസം പ്രാപിച്ചു വരുന്ന തിരുനക്കരയും. കാര്‍ഷികമേഖലയായ വേളൂരും, കാരാപ്പുഴയും, ഗോവിന്ദപുരവും കുമ്മനവും കടത്തുചുങ്കം പിരിക്കുന്ന ചുങ്കവും കൂടി ചേര്‍ത്താല്‍ പഴയ കോട്ടയം പട്ടണത്തിന്‍റെ ചിത്രം പൂര്‍ത്തിയായി.[v]

തെക്കുംകൂര്‍ രാജ്യത്തിന്‍റെ ആസ്ഥാനവും വാണിജ്യകേന്ദ്രവുമെന്ന നിലയില്‍ ചരിത്രത്തില്‍ വളരെ പ്രത്യേകതകളോടു കൂടിയ പ്രദേശമെന്ന വിശേഷണം കോട്ടയത്തിന് തികച്ചും യുക്തമാണ്. 

തെക്കുംകൂറിന്‍റെ വൈദേശികവ്യാപാരബന്ധങ്ങള്‍: ഡച്ചുകാര്‍ക്ക് മുമ്പ്
പുരാതനകാലത്തു തന്നെ കേരളത്തിന്‍റെ തീരദേശ തുറമുഖപട്ടണങ്ങളായ മുസിരിസിലും പുറക്കാട്ടും കയറ്റുമതി ചെയ്തിരുന്ന കുരുമുളക് അടക്കമുള്ള സുഗന്ധവ്യജ്ഞനങ്ങളില്‍ ഏറിയ പങ്കും കോട്ടയത്തിന് കിഴക്കുള്ള പ്രദേശങ്ങളില്‍ വിളയുന്നതായിരുന്നു. ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടുകളില്‍ പോലും ഈ പ്രദേശത്തിന് വൈദേശികവ്യാപാരബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ് പൂഞ്ഞാറില്‍ നിന്ന് കണ്ടെടുത്ത റോമന്‍ ചക്രവര്‍ത്തിയുടെ മുദ്ര പതിപ്പിച്ച നാണയങ്ങള്‍[vi] പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് തെക്കുകൂര്‍ രാജവാഴ്ച തുടങ്ങുന്നതിന് മുമ്പുതന്നെ താഴത്തങ്ങാടി കേന്ദ്രീകരിച്ച് വൈദേശികവ്യാപാരം വികാസം പ്രാപിച്ചുതുടങ്ങിയിരുന്നു.

തെക്കുംകൂര്‍ രാജ്യത്ത് കാഞ്ഞിരപ്പള്ളി, റാന്നി, എരുമേലി, അതിരമ്പുഴ തുടങ്ങിയ അങ്ങാടികളും മദ്ധ്യകാലത്തു സജീവമായി. കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന വാണിജ്യവിഭവങ്ങള്‍ ജലമാര്‍ഗ്ഗം അങ്ങാടികളില്‍ താല്‍ക്കാലികമായി സംഭരിച്ച് വിദേശകപ്പലുകള്‍ വരുന്ന മുറയ്ക്ക് അവ തുറമുഖങ്ങളില്‍ എത്തിക്കുകയായിരുന്നു പതിവ്. അങ്ങാടികളിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി കടത്തുചുങ്കം, വ്യാപാരചുങ്കം എന്നിവ പിരിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. കച്ചവടത്തിന് മേല്‍നോട്ടത്തിന് തരകന്‍മാര്‍ എന്ന പദവിയോടു കൂടിയ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. കച്ചവടവുമായി ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഉദാരമായ നിലപാടുകള്‍ സ്വീകരിച്ചു. പുറക്കാട് തുറമുഖത്ത് നടന്ന കയറ്റുമതിയുടെ ഉപകേന്ദ്രമായാണ് കോട്ടയത്തെ താഴത്തങ്ങാടി പ്രവര്‍ത്തിച്ചിരുന്നത്. ഈ വ്യാപാരത്തില്‍ വിദേശക്കച്ചവടക്കാരുമായി തെക്കുംകൂറിന് ഏതെങ്കിലും തരത്തിലുള്ള കരാറുകള്‍ ഉണ്ടായിരുന്നതായി അറിയാന്‍ കഴിയുന്നില്ല.

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ പോര്‍ച്ചുഗീസുകാര്‍ സമുദ്രാന്തരവാണിജ്യത്തിന്‍റെ കുത്തക കയ്യാളിത്തുടങ്ങിയതിന്‍റെ പ്രത്യാഘാതങ്ങള്‍ നാട്ടുരാജ്യങ്ങളിലെ അങ്ങാടികളിലുമുണ്ടായി. പോര്‍ച്ചുഗീസുകാര്‍ നാട്ടുരാജ്യങ്ങളുടെ ഭരണകാര്യങ്ങളില്‍ കൈകടത്തുന്നതും വ്യാപാരരംഗത്ത് ഏകാധിപത്യപ്രവണത പുലര്‍ത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടാവണം തെക്കുകൂര്‍ പോര്‍ച്ചുഗീസുകാരുമായി നേരിട്ട് കച്ചവടക്കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നില്ല.[vii] തൊട്ടടുത്ത രാജ്യമായ വടക്കുംകൂറുമായി പോര്‍ച്ചുഗീസുകാര്‍ നേരിട്ട് വ്യാപാരബന്ധമുണ്ടാക്കുകയും കുടവെച്ചൂര്‍ ആസ്ഥാനമായി ഒരു പണ്ടികശാല സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ആവശ്യമായ കുരുമുളക് തുറമുഖത്തെ പണ്ടികശാലകളില്‍ എത്തിച്ചുകൊടുക്കുന്നതിന് തെക്കുംകൂര്‍ ശ്രദ്ധ വച്ചിരുന്നു. പോര്‍ച്ചുഗീസ് കപ്പലുകള്‍ പുറക്കാട് തുറമുഖത്ത് എത്തുമ്പോള്‍ താഴത്തങ്ങാടിയില്‍ നിന്ന് വാണിജ്യവിഭവങ്ങള്‍ എത്തിക്കുന്നതിന് ഇടനിലക്കാരായി ഗൗഡസാരസ്വതര്‍ നിയോഗിക്കപ്പെടുന്നത് അതോടെയാണ്.  രാജ്യത്തെ സാമ്പത്തികവളര്‍ച്ച ഈ കച്ചവടത്തിലൂടെ മെച്ചപ്പെട്ടുതുടങ്ങിയിരുന്നു.

ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനി കേരളത്തില്‍
വിദേശിയരായ കച്ചവടക്കാര്‍ക്ക് പുരാതനകാലം മുതല്‍തന്നെ പ്രിയങ്കരമായിരുന്നത് പമ്പയുടെയും പെരിയാറിന്‍റെയും ഇടയിലുള്ള ഭൂപ്രദേശത്ത് വിളയുന്ന ഏറ്റവും ഗുണമേന്മയുള്ള കുരുമുളക് ആയിരുന്നു. മുസിരിസില്‍നിന്നും ബറാക്കേയില്‍നിന്നും ലഭിക്കുന്ന കുരുമുളകിന്‍റെ മേന്മയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചരിത്രത്തില്‍ കാണാവുന്നതാണ്.[viii] വിദേശവണിക്കുകളുടെ ആ താല്‍പര്യം കൊളോണിയല്‍ കാലഘട്ടത്തിലും തുടര്‍ന്നു. ഉദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കൃഷി വിപുലപ്പെടുത്തിയതിന്‍റെ ഫലമായി ഇടനാട്ടിലെ വനഭൂമി കുറയുകയും ചെറിയ ചെറിയ ജനപദങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.

പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് മലബാര്‍ തീരത്തെത്തിയ ഡച്ചുകാര്‍ തെക്കുംകൂറുമായി വ്യാപാരബന്ധം തുടങ്ങുന്നതിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. പോര്‍ച്ചുഗീസുകാരെ അകറ്റിനിര്‍ത്തിയിരുന്നതുപോലെ തന്നെ ഡച്ചുകാരെയും തെക്കുംകൂര്‍ അകറ്റിനിര്‍ത്തിയിരുന്നു എന്നു വേണം കരുതാന്‍. യൂറോപ്യന്‍ വൈദേശികശക്തികളെ തികഞ്ഞ സംശയത്തോടെയാണ് തെക്കുംകൂര്‍ കണ്ടിരുന്നത് എന്ന് ചരിത്രത്തില്‍നിന്ന് വെളിവാകുന്നതാണ്.[ix]
പോര്‍ച്ചുഗീസ്കാര്‍ക്ക് ശേഷം വ്യാപാരത്തിനായി ഏ.ഡി. 1604 ല്‍ മലബാര്‍തീരത്തെത്തിയ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഡ്മിറല്‍ വാന്‍ഡര്‍ ഹേഗനും സംഘവും അറബിക്കടലില്‍ പോര്‍ച്ചുഗീസുകാര്‍ ഉയര്‍ത്തിയ പ്രതിരോധത്തെ മറികടന്ന് ചേറ്റുവയില്‍ വച്ച് സാമൂതിരിയെ സന്ദര്‍ശിക്കുന്നതോടെയാണ് ഡച്ചുകാര്‍ക്ക് കേരളതീരത്തുള്ള വ്യാപാരത്തിനും അധികാരസ്വാധീനത്തിനും വഴി തുറന്നുകിട്ടുന്നത്.[x] ഏ.ഡി. 1604 നവംബര്‍ 11 ന് സാമൂതിരിയും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് അത്തരത്തില്‍ ആദ്യത്തേത്. പോര്‍ച്ചുഗീസുകാരെ ഇന്ത്യയില്‍നിന്നു തന്നെ പുറത്താക്കുന്നതിനുളള സഹായമാണ് സാമൂതിരി ഉടമ്പടിയില്‍ മുന്നോട്ടുവച്ചത്.[xi] തുടര്‍ന്ന് കൊല്ലത്തും കായകുളത്തും ചേറ്റുവയിലും സ്വാധീനമുറപ്പിച്ചുകൊണ്ട്
  പോര്‍ച്ചുഗീസുകാരുമായി ഏറ്റുമുട്ടി വ്യാപാരരംഗത്ത് ഡച്ചുകാര്‍ പിടിച്ചുനിന്നു. ഇന്നത്തെ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത അന്ന് ബറ്റേവിയ എന്നാണ് അറിയപ്പെട്ടിരുന്നത്. ബറ്റേവിയ ആസ്ഥാനമാക്കിയാണ് ഡച്ച് ഈസ്റ്റ്ഇന്ത്യാ കമ്പനി മലബാറിലെ വ്യാപാരത്തെ നിയന്ത്രിക്കുകയും നാട്ടുരാജ്യങ്ങളിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നത്.

പോര്‍ച്ചുഗീസുകാരെ പിന്‍തള്ളി തങ്ങളുടെ വ്യാപാരശൃംഖല മലബാര്‍ തീരത്ത് ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ഡച്ചുകാര്‍ ആരംഭിച്ചു. ഏ.ഡി. 1658 ഡിസംബര്‍ 29 ന് പോര്‍ച്ചുഗീസ്കാരുടെ അധീനതയിലുണ്ടായിരുന്ന കൊല്ലത്തെ കോട്ട ഡച്ചുകാര്‍ ആക്രമിച്ച് കീഴ്പ്പെടുത്തി.[xii] സാമൂതിരിയുമായി ഉണ്ടായ രാഷ്ട്രീയസഖ്യത്തിന്‍റെ ഭാഗമായി കൊച്ചി കീഴ്പ്പെടുത്തുക എന്നതാണ് പിന്നീട് ലക്ഷ്യം വച്ചത്.

കൊച്ചിയില്‍ പോര്‍ച്ചുഗീസുകാരുടെ താല്‍പര്യപ്രകാരം രാജവാഴ്ചയിലുണ്ടായ അധികാരക്കൈമാറ്റം വിവാദമായ സാഹചര്യമായിരുന്നു അത്. കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍റെ ക്ഷണപ്രകാരം എത്തിച്ചേര്‍ന്ന ഡച്ചുസൈന്യം ആദ്യം ആയക്കോട്ടയും പിന്നീട് കൊടുങ്ങല്ലൂര്‍ കോട്ടയും, തുടര്‍ന്ന് ഏ.ഡി. 1662 ഫെബ്രുവരി 5ന് കൊച്ചിക്കോട്ടയും ആക്രമിച്ച് പോര്‍ച്ചുഗീസുകാരെ തുരത്തുകയും കൊച്ചിയില്‍ യഥാര്‍ത്ഥ രാജാവകാശി എന്ന വാദമുന്നയിച്ച വീരകേരളവര്‍മ്മയെ അധികാരത്തിലേറ്റുകയും ചെയ്തു.[xiii] തുടര്‍ന്ന് കേരളക്കരയിലാകെ പോര്‍ച്ചുഗീസുകാര്‍ക്കുള്ള അധികാരമേല്‍ക്കോയ്മ നഷ്ടപ്പെടുകയും തല്‍സ്ഥാനത്ത് ഡച്ചുശക്തി അവരോധിക്കപ്പെടുകയുമാണുണ്ടായത്. 

വ്യാപാരരംഗത്തെ വൈദേശികശക്തി എന്നതിലുപരി പോര്‍ച്ചുഗീസുകാര്‍ തുടങ്ങിവച്ച നാട്ടുരാജ്യങ്ങളുടെ മേലുള്ള രാഷ്ട്രീയസാധീനം ഡച്ചുകാരും തുടര്‍ന്നു. പക്ഷേ, അതിനായി പോര്‍ച്ചുഗീസുകാര്‍ തുടര്‍ന്ന നയമല്ല മറിച്ച് തന്ത്രപരമായ സഹകരണത്തിലാണ് അവര്‍ ശ്രദ്ധ വച്ചത്. വാണിജ്യരംഗത്തെ വിപുലമായ സാധ്യതകള്‍ ഗുണകരമായി ഉപയോഗിക്കുക എന്ന പ്രഥമലക്ഷ്യത്തെപ്പോലെ തന്നെ തങ്ങള്‍ കടന്നുചെല്ലുന്ന പ്രദേശങ്ങളിലെ പ്രകൃതിവിഭവങ്ങളും സാംസ്കാരികതയും പഠനവിധേയമാക്കുവാനും അതിനായി അതതു മേഖലയിലെ വിദഗ്ദ്ധരുടെ സഹായം തേടാനും ഡച്ചുകാര്‍ മടിച്ചില്ല.
കൊച്ചിക്കോട്ടയില്‍ അധികാരം സ്ഥാപിച്ച വാന്‍ ഗോണ്‍സിനെ തുടര്‍ന്ന് കമാന്‍ഡറായ ഹെന്‍റിക് വാന്‍റീഡ് കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനത്തിനും രേഖപ്പെടുത്തലിനും ലക്ഷ്യമിട്ടു. ഇരുപതുവര്‍ഷക്കാലത്തോളം തുടര്‍ന്ന ശ്രമത്തിന്‍റെ ഫലമായി ഹോര്‍ത്തുസ് മലബാറിക്കുസ് ഇന്‍ഡിക്കൂസ് എന്ന ബൃഹദ്ഗ്രന്ഥത്തിന്‍റെ രചനയും അച്ചടിയും സാധ്യമായി. ഇതിന്‍റെ രചനയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടുകാരായ വൈദ്യന്മാരെയും ഡച്ചുവിദഗദ്ധരെയും ഏകോപിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇതോടെ ആശയവിനിമയത്തിനായി ഭാഷാരംഗത്ത് പുതിയ ചുവടുവയ്പുകള്‍ ആവശ്യമായി വന്നു. തദ്ദേശജനതയോട് സംവദിക്കുന്നതിന് ഭാഷാപഠനം ഇരുകൂട്ടര്‍ക്കും ആവശ്യമാണ് എന്ന ബോധ്യം ഡച്ചുകാരില്‍ ഉളവാക്കി. ഇത്തരം സാഹചര്യങ്ങളില്‍നിന്നാണ് കോട്ടയത്ത് ഒരു ബഹുഭാഷാവിദ്യാലയം[xiv] ആരംഭിക്കുന്നതിനുള്ള പശ്ചാത്തലമൊരുങ്ങുന്നതെന്ന് കരുതാം.

തെക്കുംകൂറിന്‍റെ ഡച്ച് ബന്ധങ്ങള്‍ക്ക് തുടക്കം
ഡച്ച്  ഈസ്റ്റ് ഇന്ത്യാ കമ്പനിയും തെക്കുംകൂറും തമ്മില്‍ ഏ.ഡി. 1664ല്‍ തുടങ്ങി ഏ.ഡി. 1774 വരെയെങ്കിലും, ഒരു നൂറ്റാണ്ടിനുമേല്‍ നിലനിന്ന വാണിജ്യബന്ധം ഡച്ചുകാര്‍ക്ക് മാത്രമല്ല, തെക്കുംകൂര്‍ രാജ്യത്തിന്‍റെ വികസനത്തിനും ഗുണകരമായിട്ടുണ്ട്. പ്രദേശത്തെ നാണ്യവിളകളുടെ ഉത്പാദനരംഗത്ത് ഉണ്ടായ കുതിച്ചുചാട്ടവും പുരോഗതിയും പോലെതന്നെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ രംഗത്തും വളര്‍ച്ചയുണ്ടായിട്ടുണ്ട് അതിന്‍റെ ഉത്തമദൃഷ്ടാന്തമാണ് കോട്ടയത്ത് സ്ഥാപിതമായ ഡച്ച് ബഹുഭാഷാവിദ്യാലയവും. 

ഏ.ഡി. 1663ല്‍ കൊച്ചിയില്‍ ഡച്ചുശക്തി പ്രബലമാകുന്നതിന് മുമ്പുതന്നെ തെക്കുംകൂറുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിന് ഡച്ചുകാര്‍ നിരന്തരം ശ്രമം തുടര്‍ന്നിരുന്നെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. തെക്കുംകൂറിന്‍റെ ഉറ്റ മിത്രമായിരുന്ന ചെമ്പകശ്ശേരി രാജ്യമാകട്ടെ ഏ.ഡി. 1663ല്‍[xv] തന്നെ ഡച്ചുകാരുമായി വിപുലമായ വ്യാപാരത്തിന് തുടക്കമിട്ടുകഴിഞ്ഞിരുന്നു. പറങ്കികളെ പിന്തള്ളി ഡച്ചുകാര്‍ മലബാര്‍ തീരമാകെ പ്രബലരായപ്പോള്‍ തെക്കുംകൂര്‍, ഡച്ചുകാരുമായുള്ള വ്യാപാരത്തിന് നിര്‍ബന്ധിതരായിത്തീര്‍ന്നു. കൊച്ചിയിലെ അധികാരക്കൈമാറ്റത്തിനായുള്ള സൈനിക ഇടപെടലില്‍ ഡച്ചുകാര്‍ക്കൊപ്പം സഹകരിച്ചതുകൊണ്ടും ഡച്ചുകാരോടുള്ള അസ്പൃശ്യത മാറുന്നതിന് ഇടയായി. 

അങ്ങനെ ഏ.ഡി. 1664 ജൂണ്‍ 16ന് (8, മിഥുനം 890) ഡച്ചു ഗവര്‍ണ്ണറായിരുന്ന ജേക്കബ് ഹ്യൂസ്റ്റയേര്‍ട്ടിന്‍റെ (Jocobs Huestaert) പ്രതിനിധിയായി ലുഡോള്‍ഫ് വാന്‍ കൂള്‍സ്റ്ററും (Ludolf Van Coulster)  തെക്കുംകൂര്‍ രാജാവും കോട്ടയത്തെ തളിക്കോട്ടയില്‍ വച്ച് ആദ്യത്തെ വ്യാപാരക്കരാറില്‍[xvi] ഒപ്പുവച്ചു. കരാര്‍ പ്രകാരം തെക്കുംകൂര്‍ രാജ്യത്ത് വിളയുന്ന മുഴുവന്‍ കുരുമുളകും ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി വാങ്ങിക്കൊള്ളാമെന്ന് ഉറപ്പു നല്‍കി. ഓരോ പത്തുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന തരത്തിലാണ് ഈ വ്യാപാരകരാര്‍ നിലവില്‍ വന്നത്. 

ഈ കരാറിന് അനുബന്ധമെന്ന നിലയില്‍ തെക്കുംകൂറിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ കത്തോലിക്ക പുരോഹിതരെ ആരാധന നടത്താന്‍ അനുവദിക്കരുത് എന്ന നിബന്ധന ഡച്ചുകാര്‍ മുന്നോട്ടുവച്ചു. തെക്കുംകൂര്‍ രാജാവ് സ്വന്തം തട്ടകത്തില്‍ ഈ ഉറപ്പ് ഒരു പരിധി വരെ പാലിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭ്യമാണ്. പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെ സുറിയാനി ക്രൈസ്തവരെ പോപ്പിന്‍റെ അധീശത്വത്തില്‍ വരുത്തുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകാതിരിക്കുന്നതിനും തങ്ങളുടെ മതദര്‍ശനമായ കാല്‍വിയന്‍ പ്രൊട്ടസ്റ്റന്‍റിസം[xvii] പ്രചരിപ്പിക്കുന്നതിനും ഡച്ചുകാര്‍ തുടക്കം മുതല്‍ ലക്ഷ്യമിട്ടിരുന്നു.

കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, എരുമേലി, റാന്നി എന്നീ മലയോരവാണിജ്യകേന്ദ്രങ്ങളില്‍ നിന്ന് താഴത്തങ്ങാടി, അതിരമ്പുഴ തുടങ്ങിയ അങ്ങാടികളിലേയ്ക്ക് കുരുമുളക്, കറുവപ്പട്ട, ചുക്ക്, ഏലം തുടങ്ങിയ വാണിജ്യവിഭവങ്ങള്‍ കൂടുതലായി എത്തിക്കേണ്ടിവന്നു. പുറക്കാട്ടും കൊച്ചിയിലും നങ്കൂരമിടുന്ന ഡച്ചുകപ്പലുകളിലേയ്ക്ക് വാണിജ്യവിഭവങ്ങള്‍ എത്തിക്കുന്നതിനായി ഇടനിലക്കാരായി കൊങ്ങിണിവ്യാപാരികള്‍ സജീവമായി.

മുന്‍കാലത്ത് സുറിയാനികളും പേര്‍ഷ്യക്കാരും അറബികളുമായിരുന്നു വ്യാപാരരംഗത്ത് ഉണ്ടായിരുന്നത്. നാട്ടുകാരായ വ്യാപാരികള്‍ നസ്രാണികളും മുഹമ്മദീയരും ആയിരുന്നതിനാല്‍ അക്കാലത്ത് ഭാഷാവിനിമയത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഡച്ചുകാരുമായി വ്യാപാരം ആരംഭിച്ചതോടെ ഇടയ്ക്കിടെ എത്തുന്ന ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധികളോട് സംവദിക്കുക എന്നത് പ്രയാസമേറിയ കാര്യമായിത്തീര്‍ന്നു. യൂറോപ്യന്‍ ഭാഷകളിലുള്ള അജ്ഞത വ്യാപാരരംഗത്ത് ബുദ്ധിമുട്ടായി. 

പോര്‍ച്ചുഗീസ്കാര്‍ക്ക് കൊച്ചിയിലെ നാട്ടുകാരുമായുള്ള വിവാഹബന്ധത്തിലൂടെ ജനിച്ച സങ്കരജനത തുപ്പായികള്‍ (Tupasse) എന്ന് അറിയപ്പെട്ടിരുന്നു. ലാറ്റിന്‍, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ ധാരണയുള്ള അവര്‍ വൈകാതെ ഡച്ചുഭാഷയിലും ഭാഷാവിനിമയം നടത്താന്‍ കെല്പുള്ളവരായിത്തീര്‍ന്നു. ഡച്ചു കമാന്‍ഡര്‍മാരും മറ്റു ഉദ്യോഗസ്ഥന്മാരും നാട്ടുരാജാക്കന്മാരെ സന്ദര്‍ശിക്കുമ്പോള്‍ ദ്വിഭാഷികളായി തുപ്പായികളെ കൂടെ കൂട്ടിയിരുന്നു. പരിഭാഷകരായി ദ്വിഭാഷികള്‍ വേണ്ടിവന്നത് ഒരു പരിമിതിയായി തന്നെ അവശേഷിച്ചു.

 

[i]തങ്ങളുടെ മുൻഗാമികളും രാഷ്ട്രീയ എതിരാളികളും ആയിരുന്ന പോർച്ചുഗീസുകാർ കേരളത്തിലെ നസ്രാണി സമൂഹത്തിൽ പ്രചരിപ്പിച്ചിരുന്ന കത്തോലിക്കാ മത നിലപാടുകളെ മാറ്റി തങ്ങളുടെ ആശയമായ കാൽവിയൻ നവോത്ഥാന കാഴ്ചപ്പാടുകളെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി പ്രൊട്ടസ്റ്റന്റ് പുരോഹിതരെ വിവിധ പ്രദേശങ്ങളിൽ മിഷനറി പ്രവർത്തനത്തിനായി നിയോഗിച്ചിരുന്നു. അത്തരം നിയോഗത്തിൻ്റെ  ഭാഗമായാണ് മാർക്കസ് മാഷ്യസ് , ജോഹന്നാസ് കസേറിയസ് എന്നിവർ കോട്ടയത്തു എത്തിയത്. 

[ii]പള്ളിക്കോണം, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ: കോട്ടയത്തിന്റെ ചരിത്രം.

[iii]കെ.ജെ ലൂക്കോസ് കുരിശുമ്മൂട്ടിൽ രചിച്ച കുരിശുപള്ളിയും പുത്തനങ്ങാടിയും എന്ന ഗ്രന്ഥത്തിൽ 24 -25 പേജുകളിലായി ക്നാനായ ക്രൈസ്തവസമൂഹത്തിന്റെ കുടിയേറ്റവും. ഏഡി 1550 ലെ വലിയപള്ളിയുടെ സ്ഥാപനവും സൂചിപ്പിക്കുന്നു. പള്ളി സ്ഥാപനത്തിനും മുമ്പേ അങ്ങാടി സജീവമായി എന്നതും ഇതിൽ നിന്ന് വ്യക്തമാകുന്നു. ക്നാനായക്കാർ എത്തിച്ചേർന്നതോടെ അന്നത്തെ രാജാവായ ആദിത്യ വർമ്മ സ്ഥലം കൊടുത്തു പാർപ്പിക്കുകയും വലിയ പള്ളിയ്ക്കായി ഏഡി 1550 ൽ സ്ഥലം അനുവദിക്കുകയും ചെയ്തു. വലിയപള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖയിൽ സ്ഥാപന വർഷം സൂചിപ്പിച്ചിട്ടുണ്ട്. അങ്ങാടി ഏഡി 1547 ൽ തന്നെ ആരംഭിച്ചതായി കാണാം. ലൂക്കോസ്,കുരിശുപള്ളിയും പുത്തനങ്ങാടിയും,1983.

[iv]കുരിശുപള്ളിയും പുത്തനങ്ങാടിയും, ലൂക്കോസ്, 1983.

[v]പള്ളിക്കോണം, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ: കോട്ടയത്തിന്റെ ചരിത്രം.

[vi] Turner, Roman Coins from India.

[vii] പോർച്ചുഗീസുകാരുടെ മലബാറിലെ വ്യാപാരവുമായി ബന്ധപ്പെട്ട രേഖകളിലും ഗ്രന്ഥങ്ങളിലുമൊന്നും നേരിട്ടുള്ള രേഖാമൂലമുള്ള കരാറുകൾ അവർക്ക് തെക്കുംകൂറുമായി ഉണ്ടായിരുന്നതായി തെളിവുകളില്ല. തെക്കുംകൂറിന് കടൽതീര തുറമുഖങ്ങളില്ലാതിരുന്നതിനാൽ ഉൾനാടൻ അങ്ങാടികളിൽ നിന്നുള്ള വാണിജ്യവിഭവങ്ങൾ പുറക്കാട്, കൊച്ചി തുടങ്ങിയ തുറമുഖങ്ങളിലെത്തിച്ചാണ് വ്യാപാരം ചെയ്തിരുന്നത്; വാങ്ങിയിരുന്നവർ പോർച്ചുഗീസുകാരും. ഇടനിലക്കാരായ തരകൻമാരും കൊങ്കണി വ്യാപാരികളുമാണ് ഇതിനായി ഉണ്ടായിരുന്നത്. എങ്കിലും വ്യാപാരരംഗത്ത് രേഖാമൂലമല്ലാത്ത ധാരണകൾ ഉണ്ടായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. പോർച്ചുഗീസുകാർക്ക് തെക്കുംകൂറിൽ വ്യാപാരകുത്തക അനുവദിക്കാതിരുന്നത് കൊച്ചിയിലെ പോലെ അധികാരത്തിലെ അമിതമായ കൈകടത്തലുകൾ ഉണ്ടാകുമെന്ന ആശങ്ക കൊണ്ടായിരിക്കാം എന്ന് അനുമാനിക്കാവുന്നതാണ്.

പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ വണ്ടിപ്പെരിയാറ്റിലെ പോർച്ചുഗീസ് ആയുധപ്പുര റാവുത്തർ വ്യാപാരികളുടെ ആവശ്യപ്രകാരം പൊളിച്ചുനീക്കാൻ തെക്കുംകൂർ ആവശ്യപ്പെട്ടതിൽനിന്നു തന്നെ പോർച്ചുഗീസുകാരോടുള്ള ഇക്കാര്യത്തിലുള്ള അതൃപ്തി മനസിലാക്കാവുന്നതാണ്. എന്നാൽ  പയസ് മലേക്കണ്ടത്തില്‍ കോട്ടയത്തെയും കാഞ്ഞിരപ്പള്ളിയിലെയും തെക്കുംകൂർ രാജാക്കൻമാർക്കായി പോർച്ചുഗീസുകാർ വാർഷികകരം നൽകുന്നതായി കാണുന്നുണ്ട്. കൊച്ചിയിലെ വ്യാപാരത്തിൽ ചരക്കെത്തിച്ചു കൊടുക്കുന്നതിനുള്ള ഉറപ്പും പ്രതിഫലവുമായി അതിനെ കരുതാം. Malekandathil, The Indian Ocean in the Making of Early Modern India, 480.

[viii] ഒന്നാം നൂറ്റാണ്ടിലെ റോമൻ പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ പ്ലിനി തന്റെ Natural History എന്ന ഗ്രന്ഥത്തിലും രണ്ടാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപണ്ഡിതനായ ടോളമിയുടെ പഠനങ്ങളിലും ഒന്നാം നൂറ്റാണ്ടിൽ അജ്ഞാതകർത്താവിനാൽ വിരചിതമായ Periplus of the Erithrian Sea എന്ന ഗ്രന്ഥത്തിലും പെരിയാറിന്റെ തുറമുഖമായ മുസിരിസിലും പമ്പയുടെ തുറമുഖങ്ങളായ  ബറാക്കെയിലെയും നെൽക്കിണ്ടയിലെയും വിപുലമായ കുരുമുളക് വ്യാപാരത്തെ കുറിച്ച് സൂചനയുണ്ട്. നദികൾക്കിടയിലുള്ള "കൊട്ടനറ"യിലാണ് നല്ല കുരുമുളക് വിളയുന്നതെന്ന് കൂട്ടിച്ചേർക്കുന്നു. കൊട്ടനറ എന്ന പ്രാചീന കുട്ടനാട് ഇന്നത്തെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി എറണാകുളം എന്നീ ജില്ലകൾ ഉൾപ്പെടുന്ന ഭൂഭാഗമാണ്. അതായത് പിൽക്കാലത്തെ തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങൾ.പ്രശസ്ത ചരിത്രകാരനായ വി.കനകസഭയും മേൽപറഞ്ഞ പ്രാചീനഗ്രന്ഥങ്ങളെ ഉദ്ധരിച്ച് പ്രദേശത്തെ കുരുമുളകിന്റെ മേന്മയെ കുറിച്ചും വിപുലമായ വിപണനത്തെ കുറിച്ചും സൂചന തരുന്നു. Kanakasabhai, The Tamils Eighteen Hundred Years Ago, 20.

[ix] തെക്കുംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുണ്ടായ വ്യാപാരക്കരാറുകളുടെ ഉള്ളടക്കം  ടി. . പുന്നൻ വിശദമാക്കിയിരിക്കുന്നു. ഏഡി 1664ൽ കോട്ടയത്ത് തളിക്കോട്ടയിൽ വച്ചും ഏഡി 1674ൽ ഒളശ്ശയിൽ വച്ചു മുണ്ടായ കരാറുകളും അവയ്ക്കൊപ്പമുണ്ടായ നിബന്ധനകളും വായിച്ചെടുത്താം. ഏഡി 1664 ന് മുമ്പ് ഡച്ചുകാർ പലപ്പോഴായി ശ്രമിച്ചിട്ടും തെക്കുംകൂറുമായി വ്യാപാരക്കരാർ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് ഇതിൽ സൂചിപ്പിക്കുന്നുണ്ട്. ഡച്ചുകാർക്ക് മുമ്പ് പോർച്ചുഗീസുകാരുമായി നിബന്ധനകളോടെ വ്യാപാരക്കരാർ ഉണ്ടായിട്ടില്ല എങ്കിലും നിശ്ചിത അളവിൽ വാണിജ്യവിഭവങ്ങൾ എത്തിച്ചുകൊടുത്ത് നല്ലൊരു തുക വാർഷിക കരം കൈപ്പറ്റുന്നുണ്ട് എന്ന് മുൻകുറിപ്പിൽ സൂചിപ്പിച്ചിരുന്നല്ലോ. കൊച്ചിയിലും പുറക്കാടുമായാണ് ഈ വ്യാപാരം നടക്കുന്നത് എന്നതുകൊണ്ട് യൂറോപ്യൻ വിദേശശക്തികൾക്ക് രാജ്യത്തിനുള്ളിൽ പണ്ടികശാലകളായോ കോട്ടകളായോ സ്ഥാനമുറപ്പിക്കാൻ സാഹചര്യമുണ്ടായില്ല. അതുകൊണ്ടു തന്നെ ഏഡി 1664ൽ  ഡച്ചുകാരുമായുണ്ടായ വിപുലമായ കരാറിന് മുമ്പ് തെക്കുംകൂറിന് വ്യാപാരരംഗത്ത് ഔദ്യോഗികവും ആധികാരികവുമായ യൂറോപ്യൻ ബന്ധങ്ങൾ ഉണ്ടായിട്ടില്ല എന്ന് വെളിവാക്കപ്പെടുന്നു. Poonen, A Survey of the Rise of the Dutch Power in Malabar, 14956.

[x] Poonen, A Survey of the Rise of the Dutch Power in Malabar, 46.

[xi] Alexander, The Dutch in Malabar, 9.

[xii] Ibid., 11.

[xiii] Ibid., 18.

[xiv] Heniger, Hortus Malabaricus Indicus, 3437.

[xv] Poonen, A Survey of the Rise of Dutch Power in Malabar, 140.

[xvi] Poonen, A Survey of the Rise of Dutch Power in Malabar, 154. 

[xvii] Koshy, Dutch Power in Kerala.

 

സഹായക ഗ്രന്ഥങ്ങൾ
Alexander, P.C. The Dutch in Malabar. Chidambaram: Annamalai University, 1946.

Heniger, J. Hendrik Adriaan Van Reed Tot Drakestein 163691 and Hortus, Malabaricus. Florida: CRC Press, 1986.

Kanakasabhai, V. The Tamils Eighteen Hundred Years Ago. Madras and Bangalore: Higginbotham & Co., 1904.

Koolen, G.M.J.M. Een seer bequacm middle: onderwijs en kerk onder de zeventiende – eeuwse VOC (Education and Church under the 17th century VOC). Kampen: JH Kok, 1993.  

Koshy, MO. The Dutch Power in Kerala (17291758). New Delhi: Mittal Publications,1989.

Malekandathil, Pius. The Indian Ocean in the Making of Early Modern India. New Delhi: Manohar Publishers, 2016.

Huntingford, GWB, trans. and ed. Periplus of the Erythraean Sea. London: The Hakluyt Society, 1980.

Poonen, T.I. A Survey of the Rise of the Dutch Power in Malabar (160378). Trichinopol: St. Joseph's Industrial School Press, 1948.

Turner, Paula J. Roman Coins from India. London: Royal Numismatic Society/Institute of Archaeology, 1989.

പള്ളിക്കോണം, രാജീവ്. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ: കോട്ടയത്തിന്റെ ചരിത്രം. കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം, 2016.

ലൂക്കോസ്കെ.ജെ കുരിശുമൂട്ടിൽ. കുരിശുപള്ളിയും പുത്തനങ്ങാടിയും.  കോട്ടയം: അഞ്ചേരിൽ പ്രിൻറേഴ്സ്, 1983.