കേരളത്തിന്റെ സാമൂഹ്യസാംസ്കാരികമേഖലകളില്‍ ചരിത്രപരമായി പ്രധാന പങ്ക് അടയാളപ്പെടുത്തിയ പ്രദേശമാണ് കോട്ടയം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ പ്രദേശത്തിന് പ്രാദേശികചരിത്ര പഠനങ്ങളില്‍ അത് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ഈ പ്രദേശത്തിന്റെ പ്രാചീനകാലം മുതല്‍ ആധുനികകാലം വരെയുള്ള ഭരണവര്‍ഗ്ഗചരിത്രം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം, കൃഷി, വാണിജ്യം, കല, ആചാരാനുഷ്ഠാനങ്ങള്‍, ഭാഷ, വിദ്യാഭ്യാസം, നാടോടിവിജ്ഞാനീയം എന്നിവയില്‍ ലേഖകൻ നടത്തിക്കൊണ്ടിരിക്കുന്ന പഠനങ്ങളുടെ ഭാഗമാണ് ഈ ഗവേഷണ പദ്ധതി.
ഇന്ത്യയിലെ തന്നെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ നഗരമായ കോട്ടയത്തിന്റെ വിദ്യാഭ്യാസചരിത്രം അതിന്റേതായ പ്രാധാന്യത്തോടെ പഠിക്കേണ്ട ഒന്നാണ്. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സ്ഥലം കൂടിയാണ് കോട്ടയം. പാരമ്പര്യവിജ്ഞാനത്തിലും ക്ലാസിക്കല്‍ സാഹിത്യത്തിലും ഒരുപോലെ ഗ്രാഹ്യമുണ്ടായിരുന്ന പണ്ഡിഡിതന്മാരുടെ ഒരു ശ്രേണി കോട്ടയത്തുണ്ടായിരുന്നു. പാരമ്പര്യവിദ്യാഭ്യാസരീതികളില്
ഈ സ്കൂളിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവില്‍നിന്നും തുടങ്ങി വിശദമായ അന്വേഷണങ്ങളിലേക്കാണ് ലേഖകന്റെ പഠനം നീളുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വൈദേശിക ബഹുഭാഷാ വിദ്യാലയമാണ് ഇതെന്ന് കരുതാം. പക്ഷേ നിലവിലുള്ള പ്രാദേശികചരിത്രത്തില്‍ ഒരടയാളപ്പെടുത്തലുകളും ഈ സ്കൂളിനെപ്പറ്റി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഡച്ചു ചരിത്രരേഖകളില്‍നിന്നും ലഭ്യമായ തെളിവുകളും അക്കാലത്തെ തെക്കുംകൂര്‍ ചരിത്രവും താരതമ്യം ചെയ്തും വിശകലനം ചെയ്തുമുള്ള വസ്തുതകളാണ് ഈ ലേഖനത്തിന് ആധാരം. മൂന്നര നൂറ്റാണ്ടുകൾക്കു മുമ്പ് കോട്ടയത്ത് സ്ഥാപിക്കപ്പെട്ട ഡച്ചു സ്കൂളിന്റെ അധികമാരും അറിയാത്ത ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ ഗവേഷണ പദ്ധതിയുടെ ഉദ്ദേശം.
മൂന്നു ഭാഗങ്ങളിലായാണ് ഡച്ചുകാരാൽ സ്ഥാപിതമായ ഈ ബഹുഭാഷാ വിദ്യാലയത്തിന്റെ ചരിത്രം അവതരിപ്പിക്കുന്നത്. തെക്കുംകൂർ ആസ്ഥാനമായ കോട്ടയത്തിന്റെ പതിനേഴാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരമായ സ്ഥാനവും സാമൂഹികവും രാഷ്ട്രീയപരവുമായ സ്ഥിതിഗതികളും തുടക്കത്തിൽ പരാമർശിക്കുന്നു. തുടർന്ന് ഡച്ചുകാരുടെ മലബാറിലെ വ്യാപാരബന്ധങ്ങളും തെക്കുംകൂർ നാട്ടുരാജ്യത്തിന് ഡച്ചുകാരുമായി വ്യാപാരബന്ധം സ്ഥാപിക്കാനിടയായ സാഹചര്യങ്ങളും വിശദീകരിക്കുന്നു.
രണ്ടാം ഭാഗത്ത് ഡച്ചു സ്കൂളിന്റെ സ്ഥാപനത്തിന് കാരണമായ സാഹചര്യങ്ങളും തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങളും സംഭാവനകളും പ്രമേയമാകുന്നു. ഡച്ചു സ്കൂളിന്റെ പ്രവർത്തനങ്ങൾ ഹോർത്തുസ് മലബാറിക്കൂസ് ഇൻഡിക്കൂസ് എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചനയിൽ എങ്ങനെ സ്വാധീനം ചെലുത്തിയിരിക്കാം എന്ന് തുടർന്ന് പരിശോധിക്കുന്നു. ഡച്ചുബന്ധങ്ങൾ തെക്കുംകൂറിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹ്യഘടനയിൽ ചെലുത്തിയ സ്വാധീനവും വിവിധ രംഗത്തെ പുരോഗതിയും വിലയിരുത്തുന്നു. പിൽക്കാലത്ത് കോട്ടയത്തെ മാത്രമല്ല കേരളത്തെയാകെ ത്തന്നെയും വിദ്യാഭ്യാസരംഗത്ത് മുന്നോട്ടു നയിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ തുടക്കവും ഭാഷാപഠനരംഗത്തും സാഹിത്യ പോഷണത്തിലും പ്രസാധനരംഗത്തും ആധുനികകാലം വരെയുണ്ടായ പുരോഗതിയും ചുരുക്കിപ്പറഞ്ഞിരിക്കുന്നു.
മൂന്നാം ഭാഗം ഒരു ചിത്ര ശേഖരം ആണ്. ലേഖനങ്ങളിൽ പരാമർശിക്കുന്ന സുപ്രധാന സംഭവങ്ങൾ, ഗ്രന്ഥങ്ങൾ, സ്ഥലങ്ങൾ എന്നിവയെ കുറിക്കുന്ന നിലവിൽ ലഭ്യമായ രേഖാചിത്രങ്ങളും, ദക്ഷിണ കേരളത്തിന്റെ മധ്യകാലത്തെ ഭൂപടവും ചില ചരിത്ര ലിഖിതങ്ങളും ആണ് ശേഖരത്തിൽ ഉള്ളത്.