ചേന്ദമംഗലം സിനഗോഗും മലബാർ യഹൂദരുടെ വാസ്തുകലയും

in Module
Published on: 24 June 2019

റിസൺ കെ പ്രസാദ് (Rison K Prasad)

തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ പഠനത്തിന് (2007 -2012) ശേഷം പലയിടങ്ങളിൽ ആർക്കിടെക്ട് ആയി ജോലി നോക്കി. ഇപ്പോൾ സ്വന്തമായി പ്രാക്ടിസ് ചെയ്യുന്നു.താമസവും പ്രവർത്തനവും തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ. ഇപ്പോൾ ചരിത്രാന്വേഷണങ്ങൾക്കൊപ്പം, ബിരുദാനന്തര പഠനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്.

യഹൂദ മതം ഭാരതത്തിൽ എത്തിയ വൈദേശിക മതങ്ങളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ്. സോളമൻ രാജാവിന്റെ രണ്ടാം ദേവാലയത്തിന്റെ തകർച്ചക്കും തുടർന്നുണ്ടായ യഹൂദരുടെ കൂട്ട പാലായനത്തിനും ശേഷം ഒന്നാം നൂറ്റാണ്ടിൽ അവർ കേരളത്തിൽ എത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ജൂത സമുദായത്തിന്റെ വിശ്വാസപ്രകാരം, മുസിരിസുമായി(ആധുനിക കാലഘട്ടത്തിലെ കൊടുങ്ങല്ലൂർ) വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ജൂത വ്യാപാരികളാണ് അവരെ മുസിരിസിലേക്കുള്ള കുടിയേറ്റത്തിനു സഹായിച്ചത്. മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി യഹൂദ മതം ഇവിടത്തെ പ്രദേശവാസികൾക്കും ഭരണാധികാരികൾക്കും ഇടയിൽ സർവ സമ്മതമായിരുന്നു. പുരാതന ചേര രാജാക്കന്മാരായ പെരുമാക്കന്മാരുടെ തലസ്ഥാനം കൂടിയായ തുറമുഖ പട്ടണം(കൊടുങ്ങല്ലൂർ) അതിന്റെ ഉച്ചസ്ഥായിയിൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ലോക തലസ്ഥാനമായി അറിയപ്പെട്ടിരുന്നു. കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളായ മാള,ചേന്ദമംഗലം എന്നിവിടങ്ങളിലും സ്ഥിരതാമസമാക്കിയ ശേഷം യഹൂദർ നിരവധി ആരാധനാലയങ്ങൾ പണി കഴിപ്പിച്ചു. നിർഭാഗ്യവശാൽ 13 മുതൽ 16 വരെയുള്ളനിർമ്മിച്ച കെട്ടിടങ്ങൾ ഇന്ന് നിലവിലില്ല. സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ ജൂത ആധിപത്യത്തെ എതിർത്തിരുന്ന അറബികളുടെയും പോർച്ചുഗീസുകാരുടെയും ആക്രമണത്തിൽ അവ നശിച്ചു  എന്ന് വിശ്വസിക്കപ്പെടുന്നു.
 ലോകത്തിലെ ഏറ്റവും മഹത്തരമായ ജൂത നിർമ്മിതികൾ എന്ന് പറയാവുന്നത് ജെറുസലേമിൽ സോളമൻ രാജാവ് നിർമിച്ച ദേവാലയവും ഹെറോഡ് നിർമിച്ച ദേവാലയവുമാണ്. ഇവ ഏറ്റവും ലളിതവും, (അധികവും) അലങ്കാരങ്ങൾ ഇല്ലാത്തവയുമായ നിർമ്മിതികളാണ്.എന്നിരുന്നാലും സമാന കാലഘട്ടത്തിലെ വാസ്തു വിദ്യയോട് കിടപിടിക്കത്തക്ക രീതിയിലുള്ള മറ്റ് ജൂത നിർമ്മിതികൾ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.കൂട്ട പാലായനത്തിനു ശേഷം ലോകത്തിന്റെ പല ഭാഗത്തായി ചിതറി പോയ ന്യൂന പക്ഷ സമുദായം നിർമിച്ചതിൽ  വിരലിലെണ്ണാവുന്ന ആരാധനാലയങ്ങൾ മാത്രമേ കേരളത്തിൽ അവശേഷിക്കുന്നുള്ളു. മറ്റെല്ലാ യഹൂദ ആരാധനാലയങ്ങളെയും പോലെ, കേരളത്തിലെ സിനഗോഗുകളും പ്രദേശത്തെ പരമ്പരാഗത വസ്തു വിദ്യയുടെ ശക്തമായ സ്വാധീനത്തിൽ നിർമ്മിക്കപെട്ടവയാണ്. ലളിതവും രമണീയവുമായ അടിസ്ഥാന നിർമ്മിതികൾ യഹൂദ മതത്തിന്റെ സാരവത്തായ ആരാധനാക്രമങ്ങൾക്ക് അനുസൃതമായി നിർമ്മിച്ചവയാണ്. ബൃഹത്തായ ഒരു നിർമ്മിതിയുടെ നിർമാണത്തിന് സഹായിക്കത്തക്ക വണ്ണമുള്ള ഒരു അഭ്യുദയകാംക്ഷിയുടെ അഭാവവും സമുദായത്തിന്റെ അംഗസംഖ്യയിലുള്ള പരിമിതികളും കേരളത്തിൽ, സിനഗോഗുകളുടെ ചെറുതും ലളിതവുമായ രൂപഘടനക്കു കാരണമായി എന്ന് വേണമെങ്കിൽ പറയാം.മുൻപ് സൂചിപ്പിച്ച പോലെ ചേന്ദമംഗലം സിനഗോഗ് അവിടത്തെ ഭരണാധികാരിയുടെയും തദ്ദേശനിവാസികളുടെയും സഹായം കൊണ്ടും സഹകരണം കൊണ്ടും നിർമിച്ച ഒന്നാണ്.അത് കൊണ്ട് തന്നെ പരമ്പരാഗത വാസ്തുകലയുടെ സ്വാധീനവും പിന്നീട് വന്ന വൈദേശിക വാസ്തുകലയുടെ സ്വാധീനവും ഇവിടെ കാണാവുന്നതാണ്. പ്രത്യക്ഷത്തിൽ സിനഗോഗിൽ കാണാവുന്ന കമാനാകൃതിയിലുള്ള ജനാലകളും, ചില്ലു കൊണ്ടുള്ള ജനൽപാളികളും, ചൂളയിൽ നിർമിച്ച ഓടുകളുടെ ഉപയോഗവും ഇത് ശരി വക്കുന്നു.ചേന്ദമംഗലം സിനഗോഗിനെ അടിസ്ഥാനമാക്കി യഹൂദരുടെ വാസ്തുകലയെ അടുത്തറിയാനാണ് ലേഖനങ്ങളുടെ ശ്രമം.