ചേന്ദമംഗലം സിനഗോഗ്: വാസ്തുകലയും ആസൂത്രണവും

in Overview
Published on: 24 June 2019

റിസൺ കെ പ്രസാദ് (Rison K Prasad)

തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ പഠനത്തിന് (2007 -2012) ശേഷം പലയിടങ്ങളിൽ ആർക്കിടെക്ട് ആയി ജോലി നോക്കി. ഇപ്പോൾ സ്വന്തമായി പ്രാക്ടിസ് ചെയ്യുന്നു.താമസവും പ്രവർത്തനവും തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ. ഇപ്പോൾ ചരിത്രാന്വേഷണങ്ങൾക്കൊപ്പം, ബിരുദാനന്തര പഠനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്.

മലബാറിലെ യഹൂദ സമുദായത്തിന്റെ ഇന്ന് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയ ആരാധനാലയങ്ങളിൽ ഒന്നാണ് ചേന്ദമംഗലം സിനഗോഗ്.പുരാതനമായ നിർമിതി ചേന്ദമംഗലം എന്ന പുഴയോര ഗ്രാമത്തിൽ പെരിയാറിന്റെ  തെക്കേ കരയിൽ സ്ഥിതി ചെയ്യുന്നു.ചേന്ദമംഗലം നൂറ്റാണ്ടുകൾക്കു മുൻപ് നിലനിന്നിരുന്നതും, റോമാക്കാർ മുസിരിസ് എന്ന് വിളിച്ചിരുന്നതുമായ തുറമുഖ നഗരത്തിന്റെ(ആധുനിക കൊടുങ്ങല്ലൂർ) സമീപ പ്രദേശമാണ്. ഇവിടെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.1951 ലെ സെൻസസ് പ്രകാരം, അന്നിവിടെ മുന്നോറോളം യഹൂദർ അധിവസിച്ചിരുന്നു. എന്നാൽ ഇസ്രയേലിന്റെ രൂപീകരണത്തോടെ എല്ലാവരുംആലിയ’ (യഹൂദർ അവരുടെ വാഗ്ദത്ത ഭൂമിയായ ഇസ്രായേലിലേക്ക് കുടിയേറുന്നതിനെ പറയുന്ന പേര്) സ്വീകരിക്കുകയും, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പൂർണമായും കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറുകയും ചെയ്തു.

യഹൂദ മതം ഭാരതത്തിൽ എത്തിയ വൈദേശിക മതങ്ങളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ്.സോളമൻ രാജാവിന്റെ രണ്ടാം ദേവാലയത്തിന്റെ തകർച്ചക്കും തുടർന്നുണ്ടായ യഹൂദരുടെ കൂട്ട പാലായനത്തിനും ശേഷം ഒന്നാം നൂറ്റാണ്ടിൽ അവർ കേരളത്തിൽ എത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ജൂത സമുദായത്തിന്റെ വിശ്വാസപ്രകാരം, മുസിരിസുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ജൂത വ്യാപാരികളാണ് അവരെ മുസിരിസിലേക്കുള്ള കുടിയേറ്റത്തിനു സഹായിച്ചത്.മുസിരിസ് പുരാതന ചേര രാജാക്കന്മാരായ പെരുമാക്കന്മാരുടെ തലസ്ഥാനം കൂടിയാണ്. തുറമുഖ പട്ടണം അതിന്റെ ഉച്ചസ്ഥായിയിൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ലോക തലസ്ഥാനമായി അറിയപ്പെട്ടിരുന്നു.

മലബാറിലെ യഹൂദരെ സംബന്ധിക്കുന്ന ഏറ്റവും പഴക്കമേറിയ രേഖ ചേര രാജാവായിരുന്ന ഭാസ്കരൻ രവി വർമ്മൻ 379BC യിൽ ജൂത പ്രമാണിയായ ജോസഫ് റബ്ബാന് നൽകിയ ചെമ്പോലകളാണ്. എന്നാൽ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ CE 1000 ആണ്ടിലാണ് ചെമ്പോലകളുടെ ഉദ്ഭവം. ഇത് പ്രകാരം ചേര രാജാവ്, ജോസഫ് റബ്ബാനും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അഞ്ചുവണ്ണം എന്ന ഉയർന്ന ബഹുമതിയും, മറ്റ് 72 അവകാശങ്ങളും അനുവദിക്കുന്നു.പകൽ സമയത്ത് വിളക്ക് തെളിയിക്കുക,അലങ്കാര വസ്ത്രങ്ങൾ അണിയുക, പല്ലക്ക് ഉപയോഗിക്കുക, കാഹളം മുഴക്കുക, കരം പിരിക്കുക, കരവ്യവസ്ഥയിൽ നിന്ന് ഒഴിവാക്കപ്പെടുക എന്നിവ അവകാശങ്ങളിൽ ചിലതാണ്. ചോളരാജ്യത്തെ രാജരാജ ചോളനുമായുള്ള യുദ്ധത്തിൽ യഹൂദരുടെ പങ്കിന് പ്രത്യുപകാരമായാണ് ചേര രാജാവ് ബഹുമതികളും അവകാശങ്ങളും ജോസഫ് റബ്ബാന് നൽകിയത് എന്നാണ് കരുതപ്പെടുന്നത്.

മധ്യ കാലഘട്ടത്തിൽ കേരളത്തിൽ നില നിന്നിരുന്ന സിനഗോഗുകളെ പറ്റി ഒരു തരത്തിലുമുള്ള ഭൗതിക തെളിവുകളും ഇന്ന് വരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ജോസഫ് റബ്ബാന്  ജൂത ചെമ്പോലകൾക്കൊപ്പം ആരാധനാലയം പണിയാനുള്ള മരവും മറ്റാവശ്യ വസ്തുക്കളും രാജാവ് അനുവദിച്ചു എന്ന് യഹൂദ സമുദായവും ചരിത്രകാരന്മാരും ഒരുപോലെ വിശ്വസിച്ചു പോരുന്നു. സമുദായത്തിലെ സ്ത്രീകളുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നജൂത പാട്ടുകളിൽപാലയൂരിലെയും കൊടുങ്ങല്ലൂരിലെയും ആരാധനാലയങ്ങളെ പറ്റിയും, ചേന്ദമംഗലത്തെ ഭരണാധികാരി പാലിയത്തച്ചനെ പറ്റിയും പരാമർശങ്ങളുണ്ട്. മറ്റു വൈദേശിക മതങ്ങളുടെ അധിനിവേശത്തെ തുടർന്നോ, CE 1341 പെരിയാറിലുണ്ടായ പ്രളയത്തെ തുടർന്നോ യഹൂദർ ചേന്ദമംഗലത്തേക്കും സമീപ പ്രദേശമായ മാള യിലേക്കും കുടിയേറി പാർത്തു എന്ന് വേണം കരുതാൻ. മറ്റൊരു ശ്രദ്ധേയമായ കാര്യം സിനഗോഗിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സ്മാരക ശിലയാണ്.അതിൽസാറാ ബെത്, ഇസ്രയേലിന്റെ പ്രിയ പുത്രി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ഹീബ്രൂ ഭാഷയിൽ ഭാരതത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതമാണ്.

ചേന്ദമംഗലത്തേക്കും മാളയിലേക്കുമുള്ള കുടിയേറ്റത്തിനു ശേഷം മലബാറിലെ യഹൂദർ പുതിയ ആരാധനാലയങ്ങൾ നിർമിച്ചു. നിർഭാഗ്യവശാൽ 13 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകളിൽ നിർമിച്ച നിർമ്മിതികൾ ഇന്ന് അവശേഷിക്കുന്നില്ല. സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ ജൂത ആധിപത്യത്തോടുള്ള പോർച്ചുഗീസുകാരുടെയും അറബികളുടെയും വെറുപ്പിനെ തുടർന്ന് അവ നശിപ്പിക്കപ്പെട്ടു.
ലോകത്തിലെ ഏറ്റവും മഹത്തരമായ ജൂത നിർമ്മിതികൾ എന്ന് പറയാവുന്നത് ജെറുസലേമിൽ സോളമൻ രാജാവ് നിർമിച്ച ദേവാലയവും ഹെറോഡ് നിർമിച്ച ദേവാലയവുമാണ്. ഇവ ഏറ്റവും ലളിതവും, (അധികവും) അലങ്കാരങ്ങൾ ഇല്ലാത്തവയുമായ നിർമ്മിതികളാണ്.എന്നിരുന്നാലും സമാന കാലഘട്ടത്തിലെ വാസ്തു വിദ്യയോട് കിടപിടിക്കത്തക്ക രീതിയിലുള്ള മറ്റ് ജൂത നിർമ്മിതികൾ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.കൂട്ട പാലായനത്തിനു ശേഷം ലോകത്തിന്റെ പല ഭാഗത്തായി ചിതറി പോയ ന്യൂന പക്ഷ സമുദായം നിർമിച്ചതിൽ  വിരലിലെണ്ണാവുന്ന ആരാധനാലയങ്ങൾ മാത്രമേ കേരളത്തിൽ അവശേഷിക്കുന്നുള്ളു. മറ്റെല്ലാ യഹൂദ ആരാധനാലയങ്ങളെയും പോലെ, കേരളത്തിലെ സിനഗോഗുകളും പ്രദേശത്തെ പരമ്പരാഗത വസ്തു വിദ്യയുടെ ശക്തമായ സ്വാധീനത്തിൽ നിർമ്മിക്കപെട്ടവയാണ്. ലളിതവും രമണീയവുമായ അടിസ്ഥാന നിർമ്മിതികൾ യഹൂദ മതത്തിന്റെ സാരവത്തായ ആരാധനാക്രമങ്ങൾക്ക് അനുസൃതമായി നിർമ്മിച്ചവയാണ്. ബൃഹത്തായ ഒരു നിർമ്മിതിയുടെ നിർമാണത്തിന് സഹായിക്കത്തക്ക വണ്ണമുള്ള ഒരു അഭ്യുദയകാംക്ഷിയുടെ അഭാവവും സമുദായത്തിന്റെ അംഗസംഖ്യയിലുള്ള പരിമിതികളും കേരളത്തിൽ, സിനഗോഗുകളുടെ ചെറുതും ലളിതവുമായ രൂപഘടനക്കു കാരണമായി എന്ന് വേണമെങ്കിൽ പറയാം.മുൻപ് സൂചിപ്പിച്ച പോലെ ചേന്ദമംഗലം സിനഗോഗ് അവിടത്തെ ഭരണാധികാരിയുടെയും തദ്ദേശനിവാസികളുടെയും സഹായം കൊണ്ടും സഹകരണം കൊണ്ടും നിർമിച്ച ഒന്നാണ്.അത് കൊണ്ട് തന്നെ പരമ്പരാഗത വാസ്തുകലയുടെ സ്വാധീനവും പിന്നീട് വന്ന വൈദേശിക വാസ്തുകലയുടെ സ്വാധീനവും ഇവിടെ കാണാവുന്നതാണ്. പ്രത്യക്ഷത്തിൽ സിനഗോഗിൽ കാണാവുന്ന കമാനാകൃതിയിലുള്ള ജനാലകളും, ചില്ലു കൊണ്ടുള്ള ജനൽപാളികളും, ചൂളയിൽ നിർമിച്ച ഓടുകളുടെ ഉപയോഗവും ഇത് ശരി വക്കുന്നു.

കേരളത്തിലെ സിനഗോഗുകളുടെ  വാസ്തുകല ലോകത്തിലെ മറ്റെല്ലാ ജൂത ദേവാലയങ്ങളെയും പോലെ പ്രാദേശികമായ സ്വാധീനങ്ങളാൽ രൂപപ്പെട്ട ഒന്നാണെന്ന് നിസ്സംശയം പറയാവുന്നതാണ്. അവയുടെ പഴമയും പൗരാണികതയും  ലോകവാസ്തുവിദ്യാ ഭൂപടത്തിൽ കേരളത്തിന് പ്രത്യേക സ്ഥാനം നേടി കൊടുക്കുന്നു. ജൂത സമുദായത്തെ സംബന്ധിച്ചു ദേവാലയം പ്രാർത്ഥനാ സമർപ്പണത്തിനും മത ഉദ്ബോധനത്തിനും മറ്റും വേണ്ടിയുള്ള വേദി മാത്രമാണ്. ജൂത സിനഗോഗുകളുടെ ആസൂത്രണത്തിലും രൂപ കൽപ്പനയിലും ഉടനീളം സ്വീകരിച്ചിട്ടുള്ള ലാളിത്യം ഇത്തരം ചിന്തകളുടെ ഫലമാണെന്ന് കരുതാം.
ചേന്ദമംഗലം സിനഗോഗ് പെരിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. (Fig. 1)

 

Synagogue Location
Fig. 1. സിനഗോഗ് പെരിയാർ തീരത്ത് (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

ഇപ്പോഴുള്ള സിനഗോഗ് മൂന്നാമത്തേതാണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. മുൻപ് രണ്ട് ജൂതദേവാലയങ്ങൾ വൈദേശികരുടെ അധിനിവേശം മൂലം നശിച്ചു പോയി എന്നും പറയുന്നു. ചേന്ദമംഗലത്തെ ജൂത സമുദായത്തിന്റെ അംഗബലം  200 താഴെ മാത്രമായിരുന്നു. അത് കൊണ്ട് തന്നെ വലിയൊരു കെട്ടിടം അവർ നിർമിച്ചില്ല.
കേരളത്തിലെ സിനഗോഗുകൾ പൊതുവെ ദീർഘ ചതുരാകൃതിയിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വിന്യസിച്ചിരിക്കുന്നു. പ്രാർത്ഥന എപ്പോഴും ജെറുസലേമിന്റെ ദിശയിൽ വേണെന്നുള്ള വിശ്വാസ പ്രകാരം ആണിത്. പ്രാർത്ഥന കൂടാതെ മത പഠന കേന്ദ്രമായും പുരോഹിതന്റെ പാർപ്പിടമായും സിനഗോഗ് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ  ഇതൊരു ജൂത പൈതൃക മ്യൂസിയം ആയി പ്രവർത്തിക്കുന്നു .ചേന്ദമംഗലം സിനഗോഗ് ഒരു ഇരുനിലക്കെട്ടിടമാണ്. (Figs 2 and 3)

 

 

Synagogue
Fig. 2. താഴത്തെ നില (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Synagogue 1st floor
Fig. 3. ഒന്നാം നില (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

ഭിത്തി, ചുറ്റുമതിൽ 

 

ദേവാലയത്തിന്റെ ഭിത്തി തദ്ദേശീയമായി ലഭ്യമായ വെട്ടു കല്ല് ഉപയോഗിച്ച് നിർമിച്ചവയും, സാധാരണയിൽ നിന്ന് വ്യത്യസ്തമായി വണ്ണം കൂടിയവയുമാണ്. കേരളത്തിലെ കടുത്ത കാലാവസ്ഥയിൽ നിന്നുള്ള രക്ഷക്ക് ചുവരുകൾ കുമ്മായം കൊണ്ടുള്ള പ്രത്യേക കൂട്ട്( വജ്ര ലേപനം) കൊണ്ട് മിനുക്കിയിരിക്കുന്നു. മറ്റു സിനഗോഗുകളിൽ നിന്ന് വിഭിന്നമായി ചേന്ദമംഗലം സിനഗോഗ് ഉയർന്ന ചുറ്റു മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. ഭിത്തി വണ്ണം 72  cm എന്നത് പാരമ്പര്യ വസ്തു വിദ്യ പ്രകാരം ‘1 കോൽഎന്നതിനെ സൂചിപ്പിക്കുന്നു (Figs 4 and 5)

 

Cross Section of Synagogue
Fig. 4. നെടുകെയുള്ള ദൃശ്യം (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Horizontal Cross Section of the Synagogue
Fig. 5. കുറുകെയുള്ള ദൃശ്യം (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

വാതിലുകളും ജനാലകളും 

ജനാലകളും വാതിലുകളും കെട്ടിടത്തിന്റെ വലിപ്പത്തോട് താരതമ്യം ചെയ്യുമ്പോൾ ഇടുങ്ങിയവയും ചെറുതുമാണ്.ഇവയുടെ മേൽപ്പടിയായി വലിയ തടിക്കഷ്ണം ഉപയോഗിച്ചിരിക്കുന്നു.മുൻ വശത്തെ ഭിത്തിയിലെ വാതിലുകളും ജനാലകളും കമാനാകൃതിയിലുള്ളവയായതിനാൽ മേല്പടിക്ക് പകരം വെട്ടു കല്ല് കൊണ്ടുള്ള കമാനങ്ങൾ ഭാരം താങ്ങുന്നു.ഇത്തരം കമാനങ്ങൾ കേരളീയ വാസ്തുകലയിൽ വളരെ വിരളമാണ്.പ്രത്യേകിച്ചും മധ്യ കേരളത്തിൽ.ഇവ പോർച്ചുഗീസ്  സ്വാധീനത്തിൽ നിർമ്മിക്കപെട്ടവയാകാം എന്ന് കരുതുന്നു. ചേന്ദമംഗലം സിനഗോഗിൽ പ്രധാനമായും ചതുരാകൃതിയിലും കമാനാകൃതിയിലും ഉള്ള വാതിലുകളും ജനാലകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
താഴത്തെ നിലയിലെ ചതുരാകൃതിയിലുള്ള ജനാലകൾക്കൊന്നും അഴികൾ ഇല്ല എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്.തിരക്കുള്ള സമയങ്ങളിൽ പ്രാർത്ഥന കർമ്മം  വീക്ഷിക്കുന്നതിനു വേണ്ടിയാകണം ജനാലകളിൽ അഴികൾ ഒഴിവാക്കിയത്. അത് പോലെ,  ജനാലകൾക്ക് പ്രത്യേകം മഴമറകൾ നൽകിയിട്ടില്ല. ഇത് കേരളത്തിലെ  കെട്ടിടങ്ങളെ സംബന്ധിച്ച് അപൂർവമായ കാര്യമാണ്. (Figs 6 and 7)

 

 

Window
Fig. 6. ജനൽ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

 

Window
Fig. 7. ജനൽ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

ബീമാ 

സിനഗോഗിലെ പ്രാർത്ഥന നയിക്കുന്നതിനും തോറ വായിക്കുന്നതിനും വേണ്ടിയുള്ള ഉയർന്ന പ്രതലമാണ് ബീമാ. കേരളത്തിലെ ജൂത ദേവാലയങ്ങളിലെ ബീമാ മരം കൊണ്ട്  വർത്തുള ആകൃതിയിൽ നിർമ്മിച്ചവയാണ്. (Figs 8 and 9) സിനഗോഗിന്റെ താഴത്തെ  പുരുഷന്മാരും മുകളിലത്തെ നിലയിൽ  സ്ത്രീകളും പ്രാർത്ഥന നയിക്കുന്നു. മുകളിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള രണ്ടാം ബീമാ കേരളത്തിലെ മാത്രം  പ്രത്യേകത ആണ്. (Fig. 10) ബീമാ തോറ സൂക്ഷിക്കുന്ന അലമാരയുടെ നേർക്ക് കിഴക്കു പടിഞ്ഞാറ് ദിശയിൽ വിന്യസിച്ചിരുക്കുന്നു (Fig. 11)

 

Bimah
Fig. 8. ബീമാ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Bimah
Fig. 9. ബീമാ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

  

Second Bimah
Fig. 10. സ്ത്രീകൾക്കായുള്ള രണ്ടാം ബീമാ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Details of second Bimah
Fig. 11. രണ്ടാം ബിമയുടെ വിശദാശംസങ്ങൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

മേൽക്കൂര 

മേൽക്കൂര നീളമേറിയ പലകകൾ കൊണ്ട് പരമ്പരാഗത കേരളീയ വസ്തുകലാ രീതിയിൽ നിർമിച്ചവയാണ്.എങ്കിലും മുഖപ്പിന്റെ അഭാവം ശ്രദ്ധേയമാണ്.മേൽക്കൂര ഇരട്ടി ഉയരത്തിൽ ഉയർന്നു നിൽക്കുന്ന മുൻ ഭിത്തിയിൽ ചെന്ന് അവസാനിക്കുന്നു.മേൽക്കൂര സ്ഥിതി ചെയ്യുന്നത്  ഭിത്തിയിലുടനീളം പോകുന്ന ഉത്തരത്തിലാണ്. (Figs 12 ,13, 14 and 15)

 

Roof
Fig. 12. മേൽക്കൂര (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Roof
Fig. 13. മേൽക്കൂര (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Roof
Fig. 14. മേൽക്കൂര (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

 

Roof Details
Fig. 15. മേൽക്കൂരയുടെ വിശദാശംസങ്ങൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

തൂണുകൾ 

സിനഗോഗ് വെട്ടു കല്ലുണ്ടാക്കിയതിനാലും ആസൂത്രണത്തിൽ അസാധാരണത്വം ഒന്നുമില്ലാത്തതിനാലും തൂണുകളുടെ കാര്യമായ ഉപയോഗം ഇവിടെയില്ല.ഉള്ളിൽ രണ്ടാം നിലയിലെ ഭീമ താങ്ങി നിർത്തുന്ന് രണ്ട് മരത്തൂണുകളും  പൂമുഖത്തുള്ള രണ്ട കൽത്തൂണുകളും ഒഴിച്ച് വേറെ തൂണുകൾ ഇവിടെയില്ല. (Figs 16, 17 and 18) ചേന്ദമംഗലത്തെ  ജൂത സമുദായം  ഒരിക്കലും 200 പരം അംഗസംഖ്യ കൈവരിച്ചിരുന്നില്ല.അത് കൊണ്ട് തന്നെ അതി  ബൃഹത്തായ ഒരു ദേവാലയത്തിന്റെ ആവശ്യമില്ലാതിരുന്നതും തൂണുകളുടെ ഉപയോഗം കുറച്ചു.

 

Pillars
Fig. 16. തൂണുകൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

Pillar
Fig. 17. തൂണുകൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Pillar
Fig. 18. തൂണുകൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

അലങ്കാരങ്ങളും കൊത്തുപണികളും 

വാസ്തുവിദ്യാപരമായി നോക്കുകയാണെങ്കിൽ വളരെ ചുരുക്കം അലങ്കാരങ്ങൾ മാത്രമേ സിനഗോഗിന്റെ നിർമ്മിതിയിൽ കാണുകയുള്ളു. വെളുത്ത ചുണ്ണാമ്പു ഭിത്തി മതം അനുശാസിക്കുന്ന ലാളിത്യത്തെ പ്രതീകവത്ക്കരിക്കുന്നു.നേരത്തെ സൂചിപ്പിച്ച പോലെ മുഖപ്പിന്റെ അഭാവം കൊണ്ടുള്ള അസമത്വത്തെ വൃത്താകൃതിയിലുള്ള വായു സുഷിരം കൊണ്ട് മറി കടന്നിരിക്കുന്നു.ഇതിലെ താമരരൂപത്തിലുള്ള അഴികൾ പരമ്പരാഗത വസ്തുകലയിലെ സാധാരണ ചിത്രപ്പണികളിൽ ഒന്നാണ്. (Fig. 19) മറ്റൊരു ശ്രദ്ധേയമായ അലങ്കാരം മരത്തിൻറെ മച്ചിലുള്ള താമര രൂപത്തിലുള്ള തൊങ്ങലുകളാണ്. (Fig. 20) ഇത് സാധാരണ അലങ്കാരം ആണെങ്കിലും നിറങ്ങൾ കൊണ്ട് മോടി  പിടിപ്പിച്ചിട്ടുള്ള വകഭേദം വേറെ കണ്ടിട്ടില്ല. ഇവ കേരളീയ ക്ഷേത്രങ്ങളിലെ നമസ്കാര മണ്ഡപങ്ങളെ അനുസ്മരിപ്പിക്കുന്നു.കമാനാകൃതിയിലുള്ള വാതിലിനും ജനലിനും മുകളിലുള്ള അർദ്ധവൃത്താകൃതിയിലുള്ള തൊങ്ങലുകൾ ആരാധനാലയത്തിനു സവിശേഷ ഭംഗി  നൽകുന്നതോടൊപ്പം കട്ടിളക്കിടയിലൂടെ വെള്ളം അകത്തു കടക്കുന്നത് തടയുന്നു. ചുറ്റുമതിലിന്ററെ ഉയരക്രമീകരണങ്ങളും വാർത്തുളാകൃതിയിലുള്ള തൊങ്ങലുകളും പാലിയം കൊട്ടാരം പോലെ പ്രാദേശികമായ നിർമ്മിതികളിൽ നിന്ന് സ്വീകരിച്ചവയാണ്. (Fig. 21) പുറം ഭിത്തികളിൽ ഉള്ളതിനേക്കാളും അലങ്കാരങ്ങളും ആഡംബരങ്ങളും ഉൾഭാഗത് കാണാൻ കഴിയും.ഇതിൽ ശ്രദ്ധേയം പ്രാർത്ഥനക്കു വേണ്ടിയുള്ള ബീമയും വിശുദ്ധതോറ ചുരുളടങ്ങിയ അലമാരയുമാണ്. ഇവ രണ്ടും തേക്കിൽ  തീർത്തവയാണ്. പ്രവേശന കവാടത്തിനു ചുറ്റുമുള്ള അലങ്കാരപ്പണികൾ ബൈബിൾ വചനങ്ങളെ അനുസ്മരിപ്പിക്കുന്നു. (Fig. 22)

 

Grills
Fig. 19. താമരരൂപത്തിലുള്ള അഴികൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)
Ornamental Features
Fig. 20. മച്ചിലുള്ള താമര രൂപത്തിലുള്ള തൊങ്ങലുകൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്) ​
Ornamental Features
Fig. 21. അർദ്ധവൃത്താകൃതിയിലുള്ള തൊങ്ങലുകൾ (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)

 

Ornamental features
Fig. 22. ബീമയും വിശുദ്ധതോറ ചുരുളടങ്ങിയ അലമാരയും (ചിത്രങ്ങളും വരയും: റിസൺ കെ പ്രസാദ്)