കൊയിലാണ്ടി ഹുക്കയുടെ രൂപവും ഭാവവും: ഒരു നേര്‍ക്കാഴ്ച

in Image Gallery
Published on: 19 August 2020

സോന എസ്. (Sona S.)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠന ഗവേഷക വിദ്യാര്‍ത്ഥിനിയാണ് (എംഫില്‍) സോന എസ്. മലയാള സര്‍വകലാശാലയിലെ സംസ്കാരപൈതൃകപഠന വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. താളിയോല സംരക്ഷണവും പരിപാലനത്തിലും, ഗവേഷണ ശില്പശാലകളിലും പങ്കെടുത്തിട്ടുണ്ട്. കൊയിലാണ്ടി പൈതൃക സര്‍വ്വേയിലും കൊയിലാണ്ടി പൈതൃകമ്യൂസിയം നവീകരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്. പ്രാചീനലിപികളായ വട്ടെഴുത്ത്, ഗ്രന്ഥ എന്നിവയില്‍ പരീശീലനം നേടിയിട്ടുണ്ട്.

പുകവലിക്കാനുള്ള ഒരു പ്രത്യേക ഉപകരണമാണ് ഹുക്ക. ഇതിനുള്ളില്‍‍ വെള്ളം, ജ്യൂസ്, പാല്‍, മദ്യം തുടങ്ങി ഏതെങ്കിലുമൊരു ദ്രാവകം ചേര്‍‍ക്കും. ഹുക്കയ്ക്കുള്ളിലെ ദ്രാവകം ഏതായാലും അതിനു പുകയെ അരിക്കുവാനും തണുപ്പിക്കുവാനും കഴിയുന്നു. ഹുക്കയ്ക്ക്  മുകളിലായി ഒരു പാത്രം അഥവാ ഒരു സോസര്‍‍ ഘടിപ്പിച്ചിരിക്കുന്നു. ഈ പാത്രത്തിലാണ് പുകവലിക്കാനുള്ള മിശ്രിതം ഇടുന്നത്. ഇത് കത്തിക്കുമ്പോള്‍‍ വരുന്ന പുക ഹുക്കയുടെ കുഴലിലൂടെ പുറത്തു വരുന്നു.

മധ്യകാല മലബാറിന് അറബിസമൂഹവുമായിട്ടുണ്ടായിരുന്ന വ്യാപാരമാണ് ഹുക്കയെ കേരളത്തിനു പരിചയപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍‍ മലബാറിലെ സമ്പന്ന മുസ്ലിമുകള്‍‍ അറബിനാട്ടില്‍നിന്നു കൊണ്ടുവന്ന ഹുക്കകള്‍‍ ഉപയോഗിക്കുകയും പിന്നീട് തദ്ദേശീയരായ മൂശാരിമാരെകൊണ്ട് അവ നിര്‍മ്മിക്കുകയും ചെയ്തു. പക്ഷെ ആദ്യകാലത്തെ നിര്‍മ്മാണം മറുനാടന്‍‍ മോള്‍‍ഡുകളില്‍‍ കരവിരുത് പ്രദര്‍ശിപ്പിക്കുന്നതില്‍ ഒതുങ്ങിയിരുന്നു. 1970കളിലാണ് കൊയിലാണ്ടിയില്‍‍ പൂര്‍‍ണ്ണമായും ഹുക്കകള്‍ നിര്‍‍മ്മിച്ചു തുടങ്ങിയത്. മൂശാരിമാര്‍‍ ഹുക്ക നിര്‍‍മ്മാണം ഒരു തൊഴിലായി ഏറ്റെടുത്തുവെങ്കിലും തൊണ്ണൂറുകള്‍‍ക്ക് ശേഷം ഹുക്കവ്യാപാരത്തില്‍‍ വലിയ ഇടിവുണ്ടാകുകയും പലരും ഈ തൊഴില്‍‍ അവസാനിപ്പിക്കുകയും ചെയ്തു.

ഏറെ പ്രയാസമേറിയതും സമയമെടുത്ത് ചെയ്യേണ്ടതുമായ ഒരു ജോലിയാണ് ഹുക്ക നിര്‍‍മ്മാണം. കാലാവസ്ഥയും ഇതിനെ സ്വാധീനിക്കുന്നുണ്ട്‌. കൊയിലാണ്ടിയിലെ പന്തലായനികൊല്ലം ദേശത്തെ കുനിയില്‍‍ തറവാട്ടിലാണ്‌ ഹുക്കയുടെ നിര്‍മ്മാണം ആദ്യകാലത്ത് തുടങ്ങിയത്. അവരെ പിന്‍‍പറ്റി പില്‍ക്കാലത്ത്‌ മറ്റുള്ളവരും ഈ രംഗത്തേക്കു കടന്നു വന്നു. കൊയിലാണ്ടി ഹുക്കകള്‍‍ക്കു തനതായ രൂപവും ഭാവവുമുണ്ട്. ഇവ കൂടുതല്‍‍ കാലം ഈടു നില്ക്കുന്നു. അതിനാല്‍‍ തന്നെ അവയ്ക്ക് മറുനാടുകളില്‍‍ ഏറെ ആവശ്യക്കാരുണ്ട്. പത്തിഞ്ച് 10 മുതല്‍ 24 ഇഞ്ചു വരെ വരെ നീളമുള്ള ഹുക്കകള്‍‍ ഇന്ന് കൊയിലാണ്ടിയില്‍‍ നിര്‍‍മ്മിക്കുന്നുണ്ട്‌. ഈ ചിത്രങ്ങളിലൂടെ ഹുക്ക നിര്‍‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാം .

ചിത്രങ്ങള്‍ക്ക് കടപ്പാട് നന്ദുരാജ്.