കൊയിലാണ്ടി ഹുക്ക: സാംസ്കാരികപൈതൃകവും ചരിത്രവും

in Module
Published on: 19 August 2020

സോന എസ്. (Sona S.)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠന ഗവേഷക വിദ്യാര്‍ത്ഥിനിയാണ് (എംഫില്‍) സോനാ എസ്. മലയാള സര്‍വകലാശാലയിലെ സംസ്കാരപൈതൃകപഠന വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. താളിയോലസംരക്ഷണവും പരിപാലനത്തിലും, ഗവേഷണ ശില്പശാലകളിലും പങ്കെടുത്തിട്ടുണ്ട്. കൊയിലാണ്ടി പൈതൃക സര്‍വ്വേയിലും കൊയിലാണ്ടി പൈതൃകമ്യൂസിയം നവീകരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാചീനലിപികളായ വട്ടെഴുത്ത്, ഗ്രന്ഥ എന്നിവയില്‍ പരീശീലനം നേടിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതിച്ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് കൊയിലാണ്ടി. മധ്യകാല മലബാര്‍ തീരദേശത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായ പന്തലായനികൊല്ലം മലബാര്‍ അതിര്‍ത്തിയില്‍പ്പെട്ട കോവില്‍കണ്ടി അഥവാ ഇന്നത്തെ കൊയിലാണ്ടിയില്‍ നിന്ന് ഒന്നര നാഴിക വടക്കുമാറി സ്ഥിതിചെയ്യുന്നു. ചരിത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു പ്രദേശമാണ് കൊയിലാണ്ടി. അറബികള്‍, ചീനക്കാര്‍, പോര്‍ട്ടുഗീസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്മാര്‍ക്ക് പന്തലായനികൊല്ലവുമായി വാണിജ്യബന്ധം ഉണ്ടായിരുന്നുവെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളില്‍ സമൃദ്ധമായി വാണിജ്യം നടന്നിരുന്ന ഈ പ്രദേശത്തിലെ മറ്റൊരു പ്രധാന കച്ചവടയുല്പന്നമായിരുന്നു ഹുക്ക. ആദ്യകാലങ്ങളില്‍ അറബ് രാജ്യങ്ങളില്‍ മാത്രം നിര്‍മ്മിച്ചുവരുന്ന ഹുക്ക പിന്നീട് അറബി വ്യാപാരത്തിന്‍റെ ഫലമായി മലബാറിലെത്തുകയും അവിടെ നിന്ന് കൊയിലാണ്ടിയിലെ മൂശാരിമാരുടെ പണിശാലകളില്‍ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. ഹുക്ക പീന്നീട് കൊയിലാണ്ടിയില്‍ തന്നെ നിര്‍മ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുവാനും തുടങ്ങി. കൊയിലാണ്ടി ഹുക്കകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. അതിനുകാരണം ഏറെ ഉറപ്പോടുകൂടിയതും കരകൗശലമികവില്‍ നിര്‍മ്മിച്ചതിനാലുമാണ്. ഇതുവഴി പുതിയ വ്യാപാരസാധ്യതകള്‍ തുറന്നിടുകയും കൊയിലാണ്ടി ഹുക്കകള്‍ ഏറെ പ്രശസ്തി ആര്‍ജിക്കുകയുംചെയ്തു. ഹുക്കയുടെ ഉത്പാദനവും വിതരണവും മധ്യകാലഘട്ടത്തില്‍ നിന്ന് കൊണ്ട് നോക്കിക്കാണുകയും, ഹുക്കവ്യാപാരം എന്തുകൊണ്ട് ചരിത്രരേഖകളില്‍ അടയാളപ്പെടുത്താതെ പോയിയെന്ന് പരിശോധിക്കുകയും ഹുക്കയുടെ  നിര്‍മാണവും സമകാലീന അവസ്ഥയും അടയാളപ്പെടുത്തുകയുമാണ് ഈ മോഡൃൂള്‍ ചെയ്യുന്നത്.